ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജി

By on February 1, 2018
200px-Anna_chandy_judge

ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജി

ജോസ് തളിയത്ത്

ക്രൈസ്തവ വിശ്വാസത്തിനും മൂല്യങ്ങള്‍ക്കുംവേണ്ടി നിലകൊള്ളുകയും ദൈവത്തിന്റെ മുന്നില്‍ സ്ത്രീയും പുരുഷനും തുല്യരാണെന്നു ഉറക്കെ പ്രഖ്യാപിച്ചു സ്ത്രീസമത്വത്തിനുവേണ്ടി പോരാടുകയും ചെയ്ത അന്ന ചാണ്ടിയെന്ന അഭിഭാഷകയും ജഡ്ജിയും കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്, പ്രത്യേകിച്ച് കത്തോലിക്കാ സമൂഹത്തിന് എക്കാലവും അഭിമാനിക്കാവുന്ന വ്യക്തിത്വമാണ്.

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജി ആരെന്ന ചോദ്യത്തിന് ഒരു ക്രൈസ്തവ വനിതയുടെ പേരാണ് ഉത്തരം – അന്ന ചാണ്ടി. നമ്മുടെ നീതിന്യായപീഠത്തിന്റെ ചരിത്രത്തിലെ അത്യപൂര്‍വമായ ആ നേട്ടത്തിന്റെ ഉടമ കേരളത്തിലെ ഒരു കത്തോലിക്കാ ന്യായാധിപയാണെന്ന കാര്യം പുതിയ തലമുറയില്‍പ്പെട്ട ആരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമോയെന്ന് സംശയിക്കണം.
മുന്‍സിഫ്, ജില്ലാ ജഡ്ജി എന്നീ നിലകളിലൂടെ ഉയര്‍ന്ന അവര്‍ കേരളത്തിന്റെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത് 1959 ഫെബ്രുവരി 2 നാണ്. അതിനുമുമ്പ് 1937 ല്‍ നാഗര്‍കോവില്‍ മുന്‍സിഫ്, 1944 ല്‍ കൊല്ലം അഡീഷണെല്‍ സെഷന്‍സ് ജഡ്ജി, 1949 ല്‍ മാവേലിക്കര ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി എന്നീ പദവികള്‍ പിന്നിട്ടാണ് സ്വാതന്ത്ര്യം കിട്ടി 12 വര്‍ഷത്തിനുശേഷം അവരെത്തേടി ഹൈക്കോടതി ജഡ്ജി പദമെത്തിയത്. ഹൈക്കോടതി ജഡ്ജിയാകുന്നതിനുമുമ്പ് എറണാകുളം, നാഗര്‍കോവില്‍, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലും ജില്ലാ ജഡ്ജി ആയിരുന്നു.
കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായപ്പോള്‍, അതു മറ്റൊരു അംഗീകാരം കൂടിയായി. ആ സ്ഥാനലബ്ധി അവരെ ലോകത്തിലെ തന്നെ പ്രഥമ ഹൈക്കോടതി ജഡ്ജിയെന്ന പദവിക്കും അര്‍ഹയാക്കി. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഭരിക്കുന്ന കാലമായിരുന്നു അത്. അന്ന ചാണ്ടിയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നതിനു പിന്നില്‍ ശക്തമായി നിലകൊണ്ടത് ആ മന്ത്രിസഭയിലെ അംഗമായിരുന്ന കെ.ആര്‍ ഗൗരിയാണെന്ന കാര്യം വിസ്മരിക്കാനാവില്ല.
1959 മുതല്‍ ഹൈക്കോടതിയില്‍ തിളങ്ങുന്ന സേവനം കാഴ്ചവച്ച അന്ന ചാണ്ടി 1967 ല്‍ വിരമിച്ചെങ്കിലും 1968 മുതല്‍ 1971 വരെ ഇന്ത്യയുടെ നിയമ കമ്മിഷനില്‍ പ്രവര്‍ ത്തിച്ചു.
അരനൂറ്റാണ്ടു മുമ്പ് കേരളത്തിന്റെ നീതിന്യായ വകുപ്പില്‍ ശ്രദ്ധേയമായ പദവികളിലെത്തിയ അന്ന ചാണ്ടി യുടെ ജീവിതകഥ സമകാലിക ക്രൈസ്തവ സമൂഹത്തിന് അത്ഭുതാദരവുകളോടെ മാത്രമേ വായിക്കാനാവൂ
ആലപ്പുഴയിലെ ഡോ. എം.ജെ ജേക്കബിന്റെയും സാറയുടേയും മകളായി 1905 ഏപ്രില്‍ അഞ്ചിനു ജനിച്ച അവര്‍ സാമ്പത്തികമായി ഉയര്‍ന്ന കുടുംബാംഗമായിരുന്നെങ്കിലും സാധാരണക്കാരുടെയും താന്‍ ജീവിച്ച മണ്ണി ന്റെയും ഗന്ധമറിഞ്ഞാണ് വളര്‍ന്നത്.
അഞ്ചാമത്തെ വയസില്‍ പിതാവിനെ നഷ്ടപ്പെട്ട അവള്‍ അമ്മ സാറയോടും സഹോദരിയോടുമൊപ്പം തിരുവനന്തപുരത്തേക്ക് പറിച്ചു നടപ്പെട്ടു. പിന്നീട് തിരുവനന്തപുരമായിരുന്നു അവളുടെ പഠനത്തിനും വളര്‍ച്ചയ്ക്കുമുള്ള തട്ടകം. 1924 ല്‍ ബിരുദം നേടിയ അവര്‍ പൊലിസ് ഇന്‍സ്‌പെക്ടറായിരുന്ന പി.സി ചാണ്ടിയെ വിവാഹം ചെയ്തു. അതോടെ അന്ന ചാണ്ടിയായി.
അഭിഭാഷക പ്രമുഖനായിരുന്ന ജോണ്‍ നിധീരിയുടെ കീഴില്‍ കോട്ടയം ജില്ലാ കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ച അന്ന ചാണ്ടി ക്രിമിനല്‍ വക്കീലെന്ന നിലയില്‍ അറിയപ്പെട്ടു. സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അവര്‍ കേരളത്തിലെ ആദ്യ ത്തെ സ്ത്രീപക്ഷ വാദിയായിരുന്നുവെന്നു പറയാം. ഇന്നു കേരളത്തില്‍ നാം കേള്‍ക്കുന്ന ‘സ്ത്രീ സമത്വ’ത്തിനുവേണ്ടി അരനൂറ്റാണ്ടു മുമ്പു മുതലേ ഉയര്‍ന്ന ശബ്ദമായിരുന്നു അന്ന ചാണ്ടിയുടേത്.
അന്ന ചാണ്ടിയും ഭര്‍ത്താവും ആംഗ്ലിക്കന്‍ സഭാംഗങ്ങളായിരുന്നെങ്കിലും 1953 ല്‍ നാഗര്‍ കോവിലില്‍ ജില്ലാ ജഡ്ജി ആയിരിക്കുമ്പോള്‍ അവര്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയായിരുന്നു. കോട്ടാര്‍ ബിഷപ് ഡോ. ആഞ്ഞി സ്വാമിയാണ് അവരെ കത്തോലിക്കാസഭയിലേക്ക് സ്വീകരിച്ചത്. ഈ വിവരം അറിഞ്ഞപ്പോള്‍ ഭര്‍ത്താവ് അവരെ വെടിവച്ചു വധിക്കുവാന്‍ ശ്രമിച്ചെന്ന വാര്‍ത്ത അക്കാലത്ത് വലിയ സംഭവവികാസമായിരുന്നു. 1967 ജൂലൈയില്‍ ചാണ്ടി അന്തരിച്ചു.
പ്രഗല്‍ഭയായ അഭിഭാഷകയും ജഡ്ജിയും ആയിരിക്കുമ്പോഴും അവര്‍ മറ്റു രംഗങ്ങളിലും പ്രവര്‍ത്തിച്ചു. 1931 ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പട്ടം താണുപിള്ളയോട് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ഗവണ്‍മെന്റ് അവരെ നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്തത് അവരുടെ കഴിവുകള്‍ക്കുള്ള അംഗീകാരമായിരുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ അവര്‍ അഖില ഭാരത വനിതാസംഘടനയുടെ പ്രവര്‍ത്തകയായി 1936 ലെ ലക്‌നൗ സമ്മേളനത്തില്‍ പ്രസംഗിച്ചു.
തിരുവനന്തപുരത്ത് ഹോളി എയ്ഞ്ചല്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് അവര്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. അവിടെത്തെ സിസ്റ്റേഴ്‌സിനോടൊപ്പം പ്രാര്‍ഥിക്കുകയും ജപമാല ചൊല്ലുകയും ചെയ്തു തുടങ്ങിയ അനുഭവങ്ങള്‍ പില്‍ക്കാലത്ത് അവരെ സഭാമാതാവിന്റെ മടിത്തട്ടിലേക്ക് ആനയിക്കുകയായിരുന്നു. സ്വകാര്യ ജീവിതത്തില്‍ അവര്‍ സ്വീകരിച്ച വ്യക്തിപരമായ അനുഗ്രഹങ്ങള്‍ ആ വിശ്വാസയാത്രക്ക് ഊര്‍ജം പകരുകയും ചെയ്തു.
ഭര്‍ത്താവ് അനുകൂലമല്ലാതിരുന്നിട്ടും ഒടുവില്‍ അവര്‍ ആംഗ്ലിക്കന്‍സഭ വിട്ട് സത്യവിശ്വാസത്തിന്റെ പാതയിലേക്ക് കടന്നു വന്നു. ഏകമകനും കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും കത്തോലിക്കാ യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു.
ക്രൈസ്തവ വിശ്വാസ ത്തിനും മൂല്യങ്ങള്‍ക്കുംവേണ്ടി നിലകൊള്ളുകയും ദൈവത്തിന്റെ മുന്നില്‍ സ്ത്രീ യും പുരുഷനും തുല്യരാണെന്നു ഉറക്കെ പ്രഖ്യാപിച്ചു സ്ത്രീസമത്വത്തിനുവേണ്ടി പോരാടുകയും ചെയ്ത അന്ന ചാണ്ടി യെന്ന അഭിഭാഷകയും ജഡ്ജിയും കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്, പ്രത്യേകിച്ച് കത്തോലിക്കാ സമൂഹത്തിന് എക്കാലവും അഭിമാനിക്കാവുന്ന വ്യക്തിത്വമാണ്.
ഇന്ന് കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസിലും നീതിന്യായ പീഠങ്ങളിലും ക്രൈസ്തവ സാന്നിധ്യം അടിക്കടി കുറഞ്ഞുകൊണ്ടിരിക്കുമ്പോള്‍, പുതിയ തലമുറയ്ക്ക് നടന്നുകയറാന്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ രാഷ്ട്ര നിര്‍മിതിയുടെ ഉജ്ജ്വല പാതകള്‍ വെട്ടിത്തുറന്ന ജസ്റ്റിസ് അന്ന ചാണ്ടിയെപോലുള്ളവരുടെ മാതൃക ക്രൈസ് തവ യുവജനങ്ങളുടെ മുന്നിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>