വിശുദ്ധ സ്‌കൊളാസ്റ്റിക്ക

By on March 1, 2018
വിശുദ്ധ സ്‌കൊളാസ്റ്റിക്ക

തന്റെ സഹോദരനായ നര്‍സിയായിലെ വിശുദ്ധ ബെനഡിക്ടിനെ പോലെ യുവത്വത്തിന്റെ ആദ്യകാലങ്ങളില്‍ തന്നെ തന്റെ ജീവിതം ദൈവത്തിനു സമര്‍പ്പിച്ച വിശുദ്ധയായിരുന്നു വിശുദ്ധ സ്‌കൊളാസ്റ്റിക്ക. കന്യകയായിരുന്ന സ്‌കൊളാസ്റ്റിക്കയെക്കുറിച്ചുള്ള വിവരങ്ങള്‍ വളരെ പരിമിതമാണ്. ദൈവത്തോടുള്ള സംവാദങ്ങളെക്കുറിച്ചുള്ള തന്റെ രണ്ടാമത്തെ ഗ്രന്ഥത്തില്‍ വിശുദ്ധ ഗ്രിഗറി മാര്‍പാപ്പ വിശുദ്ധരായ ഈ സഹോദരീ സഹോദരന്മാരുടെ അവസാന കൂടിക്കാഴ്ചയെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ”അവന്റെ സഹോദരിയും ചെറുപ്പത്തില്‍ തന്നെ ദൈവത്തിനായി സമര്‍പ്പിക്കപ്പെട്ടവളുമായ സ്‌കൊളാസ്റ്റിക്ക, വര്‍ഷത്തിലൊരിക്കല്‍ അവനെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഈ അവസരങ്ങളില്‍ അവന്‍ അവളെ കാണുന്നതിനായി ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ളതും ആശ്രമത്തിന്റെ പ്രവേശന കവാടത്തില്‍ നിന്നും കുറച്ചകലെയുള്ള ഒരു ഭവനത്തില്‍ പോകുമായിരുന്നു. ഈ സന്ദര്‍ശനത്തിലും അവന്‍ തന്റെ കുറച്ച് ശിഷ്യന്മാരുമായി അവളെ കാണുവാനായി പോയി. പകല്‍ മുഴുവന്‍ അവര്‍ അവിടെ ഗാനങ്ങളും, ദൈവസ്തുതികളും, ആത്മീയ ജീവിതത്തെക്കുറിച്ചുള്ള ചര്‍ച്ചകളുമായി ചെലവഴിച്ചു.
”ഇരുട്ടായി തുടങ്ങിയപ്പോള്‍ അവര്‍ ഒരുമിച്ചു ഭക്ഷണം കഴിച്ചു. പിന്നീട് ഒരുപാട് വൈകുംവരെ അവരുടെ സംഭാഷണം തുടര്‍ന്നു. അതിനുശേഷം വിശുദ്ധയായ ആ കന്യകാസ്ത്രീ തന്റെ സഹോദരനോടു പറഞ്ഞു ഈ രാത്രിയില്‍ ദയവായി എന്നെ ഉപേക്ഷിച്ച് പോകരുത് സഹോദരാ, നമുക്ക് നേരം വെളുക്കും വരെ സ്വര്‍ഗത്തിലെ ആനന്ദത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കാം. നീ എന്താണ് പറയുന്നത് സഹോദരീ’ അദ്ദേഹം പ്രതിവചിച്ചു. ‘നിനക്കറിയാമോ എനിക്ക് ആശ്രമത്തില്‍ നിന്നു അധികനേരം മാറി നില്‍ക്കുവാന്‍ കഴിയുകയില്ല. ആ സമയം ആകാശം വളരെ തെളിഞ്ഞതായിരുന്നു. ഒരു കാര്‍മേഘം പോലും കാണുവാന്‍ കഴിയുകയില്ലായിരുന്നു.
തന്റെ സഹോദരന്റെ നിഷേധാത്മകമായ മറുപടി കേട്ട സഹോദരി തന്റെ കൈകള്‍ മടക്കി മേശയില്‍ വച്ച് അതിന്മേല്‍ തന്റെ തലവെച്ച് കുനിഞ്ഞിരുന്നു തീക്ഷ്ണമായി പ്രാര്‍ഥിക്കുവാനാരംഭിച്ചു. അവള്‍ പിന്നീട് തല ഉയര്‍ത്തി നോക്കിയപ്പോള്‍ പെട്ടെന്നു തന്നെ ശക്തമായ മിന്നലും അതേ തുടര്‍ന്ന് ശക്തമായ ഇടിമുഴക്കവും ഉണ്ടായി. വിശുദ്ധ ബെനഡിക്ടിനും ശിഷ്യന്മാര്‍ക്കും വാതിലിനു പുറത്തേക്ക് ഒരടിപോലും വയ്ക്കുവാന്‍ കഴിയാത്തത്ര ശക്തമായിരുന്നു അത്. തന്റെ പ്രാര്‍ഥനക്കിടക്ക് ധാരധാരയായി കണ്ണുനീര്‍ ഒഴുക്കി ആ വിശുദ്ധയായ കന്യകാസ്ത്രീ തെളിഞ്ഞ ആകാശത്തില്‍ നിന്നു ശക്തിയായി മഴപെയ്യിച്ചു.
അവളുടെ പ്രാര്‍ഥന അവസാനിച്ച ഉടനെ ശക്തമായ കൊടുങ്കാറ്റ് വീശുവാനാരംഭിച്ചു. വാസ്തവത്തില്‍ ഇവ രണ്ടും തികച്ചും ഒരേപോലെയായിരുന്നു. കാരണം അവള്‍ മേശയില്‍ നിന്നു തല ഉയര്‍ത്തിയപ്പോള്‍ ഇതിനകം തന്നെ പുറത്ത് ഇടിമുഴങ്ങുന്നുണ്ടായിരുന്നു, അവള്‍ പ്രാര്‍ഥന അവസാനിപ്പിച്ചപ്പോള്‍ മഴയും ആരംഭിച്ചു. തനിക്ക് ഈ സാഹചര്യത്തില്‍ ആശ്രമത്തിലേക്ക് മടങ്ങുവാന്‍ കഴിയുകയില്ല എന്ന് മനസ്സിലാക്കിയ വിശുദ്ധ ബെനഡിക്ട് വളരെ പരുഷമായി അവളോടു പരാതി പറഞ്ഞു ‘ദൈവം നിന്നോടു ക്ഷമിക്കട്ടെ സഹോദരീ. നീ എന്താണീ ചെയ്തത്?’ ഇത് കേട്ട വിശുദ്ധ സ്‌കൊളാസ്റ്റിക്ക ഇപ്രകാരം മറുപടി പറഞ്ഞു ”ഞാന്‍ നിന്നോട് ആവശ്യപ്പെട്ടപ്പോള്‍ നീ അത് ശ്രവിച്ചില്ല. അതിനാല്‍ ഞാന്‍ ദൈവത്തിങ്കലേക്ക് തിരിയുകയും അവിടുന്നു എന്റെ പ്രാര്‍ഥന കേള്‍ക്കുകയും ചെയ്തു. ഇപ്പോള്‍ നിനക്ക് സാധിക്കുമെങ്കില്‍, എന്നെ ഇവിടെ വിട്ടിട്ട് നിന്റെ ആശ്രമത്തിലേക്ക് തിരികെ പോയ്‌ക്കൊള്ളൂ.”
അത് തീര്‍ച്ചയായും അവന് സാധിക്കുകയില്ലായിരുന്നു. തന്റെ താല്‍പര്യത്തിനു വിപരീതമായി അവിടെ തുടരുകയല്ലാതെ അവന് വേറെ വഴിയില്ലായിരുന്നു. രാത്രി മുഴുവന്‍ അവര്‍ വിശുദ്ധ ചിന്തകളും ആന്തരിക ജീവിത ചിന്തകളും പരസ്പരം പങ്കുവച്ചു. അടുത്ത ദിവസം രാവിലെ വിശുദ്ധ സ്‌കൊളാസ്റ്റിക്ക തന്റെ മഠത്തിലേക്കും വിശുദ്ധ ബെനഡിക്ട് തന്റെ ആശ്രമത്തിലേക്കും തിരിച്ചുപോയി.
മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വിശുദ്ധ ബെനഡിക്ട് തന്റെ മുറിയില്‍ ആകാശത്തേക്ക് നോക്കി നില്‍ക്കുമ്പോള്‍ തന്റെ സഹോദരിയുടെ ആത്മാവ് ശരീരം ഉപേക്ഷിച്ച് ഒരു പ്രാവിന്റെ രൂപത്തില്‍ സ്വര്‍ഗീയ രാജധാനിയിലേക്ക് പ്രവേശിക്കുന്നതായി കണ്ടു. അവളുടെ നിത്യമഹത്വത്തില്‍ ആനന്ദഭരിതനായ സഹോദരന്‍ ഗാനങ്ങളും സ്തുതികളുമായി ദൈവത്തിനു നന്ദി പറഞ്ഞു. തന്റെ സഹോദരിയുടെ മരണത്തെക്കുറിച്ച് തന്റെ ശിഷ്യന്മാരെ അറിയിച്ചതിനുശേഷം വിശുദ്ധ ബെനഡിക്ട് താന്‍ അവള്‍ക്കായി ഒരുക്കിയ കല്ലറയില്‍ അടക്കുവാനായി അവളുടെ മൃതദേഹം കൊണ്ടു വരാന്‍ അവരില്‍ കുറച്ച് പേരെ അയച്ചു.
ജീവിതകാലത്ത് തങ്ങളുടെ ആത്മാക്കള്‍ ദൈവത്തില്‍ ഒന്നായിരുന്നതു പോലെ ഈ വിശുദ്ധരായ സഹോദരീ-സഹോദരന്മാരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ ഒരേ കല്ലറയിലാണ് അടക്കം ചെയ്തിരിക്കുന്നത്. മോണ്ടെ കാസിനോയിലാണ് വിശുദ്ധ സ്‌കൊളാസ്റ്റിക്കയുടെ കബറിടം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>