• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

രക്തസാക്ഷികളുടെ നിണമണിഞ്ഞ നൂറ്റാണ്ടുകള്‍

By on March 1, 2018
120176d1022c7cce95a35341040dd15e

രക്തസാക്ഷികളുടെ നിണമണിഞ്ഞ നൂറ്റാണ്ടുകള്‍

നിണമണിഞ്ഞപാദമുദ്രകള്‍

ലോകത്തില്‍ ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങളും ആക്രമണങ്ങളും മുമ്പെങ്ങുമില്ലാത്തവിധം അനുദിനം വര്‍ധിച്ചു വരുന്നുവെന്ന് വിവിധ സന്നദ്ധസംഘടനകള്‍ നടത്തിയ രാജ്യാന്തര പഠനം. ഓരോ ആറു മിനിറ്റിലും ഒരു ക്രൈസ്തവനെങ്കിലും വിശ്വാസത്തെ പ്രതി രക്തസാക്ഷിയാകുന്നുവെന്ന് അവര്‍ കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയിലെ ‘ഓപ്പണ്‍ഡോഴ്‌സ്’ രാജ്യാന്തര ഗവേഷണ, പഠന സംഘടന ഈ ജനുവരിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം വിവിധ രാജ്യങ്ങളിലായി 3066 ക്രൈസ്തവര്‍ 2017 ല്‍ വിശ്വാസത്തെ പ്രതി രക്തസാക്ഷികളായി; 21.50 കോടി ക്രൈസ്തവര്‍ വിവിധതരത്തിലുളള പീഡനങ്ങള്‍ക്ക് വിധേയരായി.
ഈ റിപ്പോര്‍ട്ടിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗമാണ് ഓരോ വര്‍ഷവും അവര്‍ പ്രസിദ്ധീകരിക്കുന്ന മതപീഡക രാഷ്ട്രങ്ങളുടെ ലിസ്റ്റ്. ക്രൈസ്തവര്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാജ്യങ്ങളുടെ പട്ടികയാണത്.
കഴിഞ്ഞ 16 വര്‍ഷമായി ഈ പട്ടികയില്‍ ആദ്യസ്ഥാനത്തുളള ഉത്തരകൊറിയയാണ് മതപീഡനകാര്യത്തില്‍ 2017 ലും ഒന്നാംസ്ഥാനത്ത്. രണ്ടാം സ്ഥാനത്തുളളത് അഫ്ഗാനിസ്ഥാന്‍. ഇസ്ലാമിക രാജ്യമായ സൊമാലിയ, സുഡാന്‍, പാക്കിസ്ഥാന്‍, എറിത്രിയ, ലിബിയ, ഇറാക്, യെമന്‍, ഇറാന്‍ എന്നിവ തൊട്ടുപിന്നാലെയുണ്ട് . മതപീഡനത്തില്‍ കഴിഞ്ഞ നാലുവര്‍ഷവും ലോകവിമര്‍ശനം നേരിട്ടു കൊണ്ടിരിക്കുന്ന ഇന്ത്യ ഈ കരിമ്പട്ടികയില്‍ 11-ാം സ്ഥാനത്താണ്.
ബിജെപി നേതൃത്വത്തിലുളള നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന 2014 നു ശേഷം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ 700 ആക്രമണങ്ങളുണ്ടായി. 2016 ല്‍ മാത്രം 216. 2017 ല്‍ ഒക്‌ടോബര്‍ വരെ മാത്രം 203 ആക്രമണങ്ങള്‍.
ഇന്ത്യയിലും ലോകമെങ്ങും 2018 ലും ആക്രമണങ്ങള്‍ തുടരുമെന്നു തന്നെയാണ് സൂചന. മെക്‌സികോയില്‍ 2016 ല്‍ മാത്രം 23 ക്രൈസ്തവ നേതാക്കള്‍ വധിക്കപ്പെട്ടു; 2012 മുതലുളള വര്‍ഷങ്ങളില്‍ 15 വൈദികര്‍ രക്തസാക്ഷികളായി. മധ്യപൂര്‍വദേശത്ത് ‘മുല്ലപ്പൂവിപ്ലവം’ ആരംഭിച്ച ടുണീഷ്യയിലും ഈജിപ്തിലും മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളിലും തീവ്രവാദികള്‍ക്ക് ഇരയായ ക്രൈസ്തവര്‍ക്ക് കണക്കില്ല. 2011 നു ശേഷം സിറിയയിലും ഇറാക്കിലും ഇസ്ലാമിക തീവ്രവാദികള്‍ പിടിമുറുക്കിയപ്പോള്‍ ക്രൈസ്തവരെ കൂട്ടത്തോടെ വേട്ടയാടി വധിച്ചതിന്റെ കണക്കുകള്‍ ഭയപ്പെടുത്തുന്നതാണ്. 15 ലക്ഷം ക്രൈസ്തവരുണ്ടായിരുന്ന സിറിയയില്‍ 2017 അവസാനമായപ്പോള്‍ അത് അഞ്ചുലക്ഷമായി ചുരുങ്ങി.
അവസാനിക്കാത്ത പീഡനങ്ങളുടെ വാര്‍ത്തകള്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. എന്തുകൊണ്ട് ക്രൈസ്തവര്‍ വേട്ടയാടപ്പെടുന്നു? ഇതിനുളള ഉത്തരം ഫ്രാന്‍സിസ് പാപ്പ പറയുന്നു: ‘ലോകം ക്രിസ്തുവിനെ വെറുത്തു; അതേ കാരണം തന്നെയാണ് ക്രൈസ്തവരോടുളള വെറുപ്പിന്റെ പിന്നിലും. ക്രിസ്തു ദൈവത്തിന്റെ പ്രകാശമാണ് ലോകത്തിലേക്ക് കൊണ്ടുവന്നത്; എന്നാല്‍ തിന്മ പ്രവര്‍ത്തികള്‍ ഒളിപ്പിച്ചു വയ്ക്കാന്‍ വേണ്ടി ലോകം ഇഷ്ടപ്പെട്ടത് അന്ധകാരത്തെയാണ്.’
ആ ചരിത്രപഥങ്ങളിലേക്ക് ഒരന്വേഷണ സഞ്ചാരം ഇവിടെ ആരംഭിക്കുന്നു : ‘നിണമണിഞ്ഞ പാദമുദ്രകള്‍’
ക്രൈസ്തവര്‍ നേരിട്ട പീഡനങ്ങളുടെ ചരിത്രം ആരംഭിക്കുന്നത് ക്രൈസ്തവ സമൂഹത്തിന്റെ ഉദയരശ്മികള്‍ പരന്ന ഒന്നാം നൂറ്റാണ്ടിലാണ്. യഹൂദ മതത്തിനും സാമൂഹിക വ്യവസ്ഥയ്ക്കും എതിരായി നില്‍ക്കുന്ന ശത്രുക്കളായി ക്രൈസ്തവരെ മുദ്രകുത്തി അവര്‍ക്കെതിരെ ആദ്യം തിരിഞ്ഞത് യഹൂദരാണ്. പിന്നീട് ക്രൈസ്തവ സഭ റോമിലേക്കു കടന്നു ചെന്നപ്പോള്‍ റോമന്‍ ചക്രവര്‍ത്തിമാരുടെ അധികാര ഖഡ്ഗം അവരെ കാത്തിരിക്കുകയായിരുന്നു. റോമാ സാമ്രാജ്യത്തില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആദ്യത്തെ സംഘടിത പീഡനം തുടങ്ങി വച്ചത് എഡി 37 മുതല്‍ 68 വരെ രാജ്യം ഭരിച്ച നീറോ ചക്രവര്‍ത്തിയാണ്. അതിനു തിരികൊളുത്തിയത് എഡി 64 ല്‍ റോമാ നഗരത്തെ ചുട്ടു ചാമ്പലാക്കിയ മഹാ അഗ്നിബാധയായിരുന്നു.
റോമില്‍ അഗ്നിപ്രളയം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ക്രൂരനായ നീറോ ചക്രവര്‍ത്തി ചെറുവിരല്‍ അനക്കിയില്ല. കൊട്ടാരത്തിലെ സംഗീത മണ്ഡപത്തില്‍ കിന്നരം വായിക്കുന്നതിലും മദ്യപിക്കുന്നതിലും മുഴുകിയിരുന്ന അയാള്‍, നഗരം കത്തിച്ചാമ്പലാകുന്നത് കണ്ടു രസിച്ചു. ഇതിനിടെ നഗരത്തെ വിഴുങ്ങിയ അഗ്നിപ്രളയം നഗരവാസികളുടെ വീടുകളും സ്വത്തുക്കളും ചാമ്പലാക്കി.
നീറോയുടെ കഴിവുകെട്ട ഭരണത്തിനെതിരെ പരക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്ന കാലത്തായിരുന്നു അഗ്നിബാധ. കുറ്റാരോപണങ്ങളില്‍ നിന്നു ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടി നീറോ തന്റെ കിങ്കരന്മാരെക്കൊണ്ട് നഗരം കത്തിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.
ജനങ്ങളുടെ പഴിയില്‍ നിന്നു രക്ഷപ്പെടാനായി നീറോ ചക്രവര്‍ത്തി അഗ്നിബാധയുടെ ഉത്തരവാദിത്തം റോമില്‍ ചെറുസമൂഹമായിരുന്ന ക്രൈസ്തവരുടെമേല്‍ കെട്ടിവച്ചു.
ഇതോടെ റോമാ സാമ്രാജ്യത്തില്‍ ക്രൈസ്തവര്‍ അട്ടിമറിക്കാരും സാമൂഹിക ദ്രോഹികളുമായി മുദ്രകുത്തപ്പെട്ടു. തുടര്‍ന്ന് ഭരണകൂടവും നഗരവാസികളും ക്രൈസ്തവരുടെമേല്‍ വേട്ടപ്പട്ടികളെപ്പോലെ ചാടിവീണു.
റോമിലെ രാജവീഥികളില്‍ ക്രൈസ്തവ രക്തസാക്ഷികളുടെ രക്തം തളംകെട്ടി; ടൈബര്‍ നദി രക്തപുഴയായി ഒഴുകി.
കഥ അവിടെ ആരംഭിക്കുകയായിരുന്നു. നിണമണിഞ്ഞ നൂറ്റാണ്ടുകളിലേക്ക് നീണ്ട സഹനങ്ങളുടേയും ചെറുത്തുനില്‍പ്പിന്റേയും ധീരോദാത്തമായ ഇതിഹാസങ്ങള്‍.
കൊടിയ പീഡനങ്ങളിലും തളരാത്ത രക്തസാക്ഷിത്വത്തിന്റെ വിസ്മയ ചരിത്രമാണ് ക്രൈസ്തവ സഭയുടെ ഇന്നലെകളില്‍ നിറം മങ്ങാതെ കിടക്കുന്നത്. ക്രിസ്തുവില്‍ വിശ്വസിച്ചുവെന്ന ഒരേയൊരു കുറ്റത്തിന്റെ പേരില്‍ രക്തസാക്ഷികളായ ലക്ഷക്കണക്കിനു ക്രൈസ്തവരുടെ രക്തം വീണു ചുവന്ന ചരിത്രമാണ് നൂറ്റാണ്ടുകളിലേക്കു നീളുന്ന സഭയുടെ കഴിഞ്ഞ കാലം. രക്തസാക്ഷിത്വത്തിലേക്ക് വലിച്ചിഴക്കപ്പെടുമ്പോഴും ക്രിസ്തുവിന്റെ സഹനത്തിനും സ്‌നേഹത്തിനും ക്ഷമയ്ക്കും കാരുണ്യത്തിനും വേണ്ടി അവര്‍ ശബ്ദമുയര്‍ത്തി സാക്ഷ്യം വഹിക്കുന്നുവെന്നതാണ് ആവേശകരമായ വസ്തുത. അവരുടെ ഓരോ തുള്ളി രക്തത്തില്‍ നിന്നും ആയിരങ്ങളല്ല, പതിനായിരക്കണക്കിന് വിശ്വാസികളാണ് ക്രിസ്തുസന്ദേശത്തിന്റെ വാഹകരായി പിന്നെയും പിന്നെയും മുന്നോട്ടുവന്നത്. അതുകൊണ്ട് വിശുദ്ധ തെര്‍ത്തുല്യന്റെ വിശ്വപ്രസിദ്ധമായ വാക്കുകള്‍ ഇങ്ങനെ: ‘രക്തസാക്ഷികളുടെ രക്തമാണ് ക്രൈസ്തവ സഭയുടെ വിത്ത്’. ചരിത്രം അടിവരയിടുന്ന യാഥാര്‍ഥ്യമാണത്. ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളെപ്പറ്റിയുള്ള ചിന്ത സ്വാഭാവികമായും ചെന്നെത്തുക അതിന്റെ വര്‍ത്തമാന കാലത്തു നിന്നു ഭൂതകാലത്തിലാണ്. ക്രൈസ്തവസഭയുടെ ആദിമ നൂറ്റാണ്ടുകളിലും മധ്യശതകങ്ങളിലും പ്രൊട്ടസ്റ്റന്റ് നവോത്ഥാനകാലത്തും ഇരുപതാം നൂറ്റാണ്ടിലും അവര്‍ നേരിട്ട പീഡനങ്ങളും കൂട്ടക്കുരുതിയും സിരകളെ മരവിപ്പിക്കും വിധം മനുഷ്യത്വരാഹിത്യത്തിന്റെയും കിരാതത്വത്തിന്റെയും ചിത്രങ്ങളാണ് നിവര്‍ത്തിക്കാട്ടുന്നത്. ആ ചരിത്രമാണ് 21- ാം നൂറ്റാണ്ടിലും തുടരുന്നത്.
വടക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 2011 ല്‍ പൊട്ടിപ്പുറപ്പെട്ട ജനാധിപത്യത്തിനു വേണ്ടിയുള്ള ‘മുല്ലപ്പൂ വസന്തം’ എന്ന പ്രക്ഷോഭം ഈജിപ്തും ടുണീഷ്യയും ലിബിയയും കടന്നു ഇറാക്കിലേക്കും സിറിയയിലേക്കും പടര്‍ന്നപ്പോള്‍ ഇസ്ലാമിക തീവ്രവാദികളുടെ തോക്കിനും കൊലക്കത്തിക്കും ഇരയായത് പതിനായിരക്കണക്കിന് ക്രൈസ്തവരായിരുന്നു. ഇന്ത്യയുടെ അയല്‍പക്ക രാജ്യമായ പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമം തന്നെ ക്രൈസ്തവരെ ഉന്‍മൂലനം ചെയ്യാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് വ്യക്തമാണ്. വികാരോജ്ജ്വലമായ ക്രൈസ്തവ രക്തസാക്ഷിത്വത്തിന്റെ നിണമണിഞ്ഞ നൂറ്റാണ്ടുകളുടെ ചരിത്രം ഇനി മുതല്‍ വായിക്കുക.
അടുത്ത ലക്കത്തില്‍ :
കൂട്ടകുരുതിയുടെ തുടക്കം

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>