വന്യമാകുന്ന നിസംഗതയില്‍ അന്യമാകുന്ന മാനവികത

By on March 1, 2018
101217_chains-1-940x705

 

ഫാ. ജോമി തോട്ട്യാന്‍

മൗനം വെടിഞ്ഞ് പ്രതികരണങ്ങളുടെ സാധ്യതകള്‍ തേടണം. കാടുകത്തുമ്പോള്‍ മരക്കൊമ്പിലെ കൂട്ടില്‍ കനലെത്തില്ലല്ലോ എന്നാശ്വസിക്കാതെ തീയണക്കാനുള്ള തന്ത്രങ്ങളൊരുക്കണം. മരവിപ്പുകള്‍ മരണത്തിന്റെ മണിമുഴക്കങ്ങളാണെന്നെ തിരിച്ചറിവില്‍ ജീവന്റെ വിപ്ലവങ്ങള്‍ക്ക് കരുത്ത് പകരാന്‍ ജീവന്‍ പങ്കുവയ്ക്കാന്‍ സന്നദ്ധരായ ഒരു സംരക്ഷണ സേനയൊരുങ്ങണം.

മധുവിന്റെ ദയനീയമായ നോട്ടം കണ്ണുകളില്‍ നിന്നു മായുന്നില്ല. കെട്ടിവലിച്ച്, അടിച്ചൊതുക്കി, വെള്ളം ചോദിച്ചപ്പോള്‍ കൂകി വിളിച്ച്, പേ പിടിച്ച തെരുവുനായയെപ്പോലെ ജനക്കൂട്ടം കൊന്നൊടുക്കിയതാണവനെ. വാര്‍ത്തകേട്ട് ആരോ എടുത്ത വീഡിയോയും ആരോ പോസ്റ്റ് ചെയ്ത ഫോട്ടോയും കണ്ടപ്പോള്‍ മുതല്‍ പറഞ്ഞറിയിക്കാനാകാത്ത ഒരു വിറയലായിരുന്നു. പ്രസ്ഥാവനകളിറക്കാനും പോസ്റ്റുകളിടാനും വെമ്പല്‍കൂട്ടുന്നവരുടെ നിരകണ്ടപ്പോള്‍ അസ്വസ്തത കൂടി. എവിടെയൊക്കെയോ അവന്റെ കണ്ണുകള്‍ ഇപ്പോഴും തെളിയുന്നതുപോലെ… മനുഷ്യനല്ലെ അവനും! പ്രതികരിക്കാനാവാതായപ്പോള്‍ ഒരുതരം മരവിപ്പ്; ഇല്ലാതാകുന്നതുപോലെ… ലോകമെന്തേ ഇങ്ങനെ!?
തുടര്‍ക്കാഴ്ചകള്‍ ഹൃദയഭേദകമായിരുന്നു. മധുവിന്റെ ജീവനുള്ള ചിത്രം ക്രൂശിതന്റെ ചിത്രം ചേര്‍ത്തും സാമ്യ ചിത്രങ്ങള്‍ ചേര്‍ത്തും അടിക്കുറിപ്പുകളും മഹത് വാക്യങ്ങളും അകമ്പടികളാക്കിയും പരസ്യമാക്കാനുള്ള വ്യഗ്രതകള്‍… വാക്കുകളില്‍ അലിവിന്റെ ചാരുത ചേര്‍ത്തും ചിന്തകളുടെ മേമ്പൊടി ചാലിച്ചും വികാരവായ്പുകളുടെ വേലിയേറ്റങ്ങള്‍ ഒരുക്കിയും വിവരങ്ങള്‍ പങ്കുവയ്ക്കാനുള്ള ബദ്ധപ്പാടുകള്‍… വാര്‍ത്തകളുടെ ഹൈപ്പുകള്‍ക്കു പിന്നാലെ ഷെയറുകളും ലൈക്കുകളും തേടുന്നവരുടെ നെട്ടോട്ടം. നിരവധി പേര്‍ പ്രതികരിക്കുന്നുണ്ടായിരുന്നു; സ്വന്തം അക്കൗണ്ടുകളില്‍ നിന്ന് കൂടുതല്‍ റീച്ചുകളിലേക്ക് പുതു വിവരങ്ങള്‍ എത്തിക്കാനുള്ള തത്രപാടില്‍, നവമാധ്യമ ഗാഡ്ജറ്റുകളിലും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലും, ഉറക്കമെത്തും വരെ മാത്രം.
ഒരു നിലയ്ക്ക് മറ്റൊരുവന്റെ മരണം ആഘോഷമാക്കി സ്വന്തം സ്വഛതയിലേക്ക് പുതച്ചുറങ്ങാനുള്ള നിസംഗതയുടെ നേര്‍ക്കാഴ്ചയായിരുന്നു മധുമരണ തുടര്‍ച്ചകള്‍. അടുത്ത വാര്‍ത്ത എത്തുംവരെ മാത്രം നീണ്ടു നില്‍ക്കുന്ന സഹാനുഭൂതിയുടെ വികാര വായ്പുകള്‍. ചരിത്രം അതാണ്. കടല്‍ തീരത്തെ അഭയാര്‍ഥി കുര്‍ദിയുടെ ചേതനയറ്റ ശരീരവും രോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ വിലാപ ചിത്രങ്ങളും അക്രമിക്കപ്പെട്ട നടിയോടുള്ള പക്ഷം ചേരലുകളും സംഘപരിവാര്‍ അജണ്ഡകളുടെ ഇരകളോടുള്ള സഹായാനുഭൂതിയും ഗൗരിലങ്കേഷിന്റെ ഘാതകരോടുള്ള വിരോധവും സുഹൈബിന്റെ കൊലപാതക വാര്‍ത്തയോടുള്ള പ്രതികരണവും ഒന്നുയര്‍ന്ന് കെട്ടടങ്ങിയ ശൗര്യത്തിന്റെ ഉദാഹരണങ്ങള്‍ മാത്രം. പ്രതികരിക്കുന്നുണ്ടെന്ന് മനസിനെ പഠിപ്പിക്കുമ്പോഴും പ്രവര്‍ത്തിക്കാന്‍ മുന്നിട്ടിറങ്ങാതെ സുരക്ഷിതത്വം തേടുന്ന കപട മുഖങ്ങളുടെ ബാഹുല്യമാണ് അസ്വസ്ഥതയാകുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിന്റെ ക്രൂരത കണ്ടïലോകം അന്നുമുതല്‍ 1970 കള്‍ വരെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി ഫലദായകമായ സമര മുറകളിലായിരുന്നു. നിഹനിക്കപ്പെടുന്ന മനുഷ്യാവകാശങ്ങളെ മനുഷ്യത്വത്തിന്റെ പരകോടിയില്‍ പ്രതിഷ്ഠിക്കാന്‍ ജീവന്‍ മരണ പോരാട്ടത്തില്‍ ഇറങ്ങിയവര്‍ ചരിത്രത്തിലേറെ. കുട്ടികളുടേയും സ്ത്രീകളുടേയും അധകൃതരുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും ഇല്ലാതാക്കപ്പെടുന്നവരുടേയും പക്ഷം ചേര്‍ന്ന് അവര്‍ക്കൊപ്പമാകാനും പകരമാകാനും യത്‌നിച്ചവരുടെ എണ്ണമേറെയായിരുന്നു. മനുഷ്യാവകാശ സംരക്ഷകരും ചിന്തകരും എഴുത്തുകാരും പരനന്മ ലക്ഷ്യമാക്കിയ രാഷ്ട്രീയ ആചാര്യന്മാരും ഈ പോരാട്ടങ്ങളുടെ മുന്നണി പോരാളികളായിരുന്നു. യുഎന്‍ മനുഷ്യാവകാശ സമിതിയും വ്യത്യസ്ഥ ഉടമ്പടികളും പുരോഗമന രാഷ്ട്രങ്ങളുടെ ഭരണഘടനകളും മനുഷ്യാവകാശങ്ങള്‍ക്ക് പരമ പ്രാധാന്യം നല്‍കാനുള്ള തീവ്രയജ്ഞത്തിലായിരുന്നു.
തൊണ്ണൂറുകള്‍ക്കു ശേഷം ലോകം ആഗോള വത്കരണത്തിന്റെ വിശാലതയിലേക്ക് വളര്‍ന്നെങ്കിലും സങ്കുചിതമായ ഒരു നിസംഗത ഒരശനിപാതം പോലെ മനുഷ്യവര്‍ഗത്തെ ആവരണം ചെയ്തു. എന്നെ ബാധിക്കാത്തത് എനിക്കു ബാധകമല്ലെന്ന ഒരപൂര്‍വ്വ ന്യായം നിലനില്‍പ്പിന്റെ രീതി ശാസ്ത്രമായി ഉയര്‍ന്നുവന്നു. അപരന്‍ അന്യനാണെന്നും അവന്റെ വേദന അവന്റെ വിധിയാണെന്നും അതിലെനിക്ക് പങ്കാളിത്തമില്ലെന്നുമുള്ള ഒരു ഒഴിഞ്ഞുമാറല്‍ സാര്‍വ്വത്രിക നയമായി രൂപപ്പെട്ടു കഴിഞ്ഞു. അവനവനിസത്തിലേക്ക് ലോകം ചുരുങ്ങിയപ്പോള്‍ മാനവികതയും മനുഷ്യത്വവും ഇതിഹാസങ്ങളായി മാറി.
ഇന്ന് മനുഷ്യരാശിയേയും പ്രത്യേകിച്ച് ഇന്ത്യന്‍ മനസാക്ഷിയേയും കാര്‍ന്നു തിന്നുന്ന ഒരു കാന്‍സറായി ഈ നിസംഗതാ ഭാവം പടരുകയാണ്. രാജ്യത്തിനകത്ത് സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും എതിരെ അക്രമങ്ങള്‍ പടരുമ്പോഴും എതിരാളികളെ പട്ടാപ്പകല്‍ വെട്ടി നുറുക്കുമ്പോഴും അതിര്‍ത്തിയില്‍ പടയാളികള്‍ തീവ്രവാദികളായി കൊന്നൊടുക്കപ്പെടുമ്പോഴും ശതകോടീശ്വരന്മാര്‍ ബാങ്കുകളെ തട്ടിച്ച് വിദേശങ്ങളിലേക്ക് പറക്കുമ്പോഴും ജനം ധാരിദ്രത്താല്‍ വലയുമ്പോഴും തന്‍കാര്യം നോക്കുന്ന ഭരണാധിപന്മാരുടെ നിസംഗത തുടര്‍ക്കാഴ്ചകളാവുകയാണ് ഒരുവശത്ത്. നോട്ടു നിരോധനത്തിലൂടെയും ജിഎസ്ടി നടപ്പാക്കലിലൂടെയും അനുധിനം വിലവര്‍ദ്ധിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന ഇന്ധന വില നിര്‍ണ്ണയ സംവിധാനത്തിന്റെ പ്രായോഗികതയിലൂടെയും ഹിഢന്‍ അജണ്ഡകളിലൂടെയും പൗര അവകാശങ്ങളും ഭരണഘടനാ വാഗ്ദാനങ്ങളും വറുതിയിലാക്കാന്‍ ശ്രമിക്കുന്ന, അധികാര ധാഷ്ഠ്യത്തിനെതിരെ പ്രതികരിക്കാന്‍ കെല്‍പ്പില്ലാത്ത ഒരു ജനതയുടെ വിലാപം മറുവശത്ത്. നേതാക്കളുടെ ഇരട്ടത്താപ്പു നയങ്ങളിലെ വക്രതയറിയാതെ അവരുടെ കല്പനകള്‍ക്ക് ഏറാന്‍ മൂളി സ്വാതന്ത്ര്യം ബലികഴിക്കുന്നവരും, നിവൃത്തിയില്ലാതെ കണ്ണടച്ച് ഇരുട്ടാക്കുന്നവരും, ഉപകാരമില്ലെന്നുറച്ച് ശബ്ദമുയര്‍ത്താന്‍ വിമുഖത കാട്ടുന്നവരും വീടൊളിത്താവളമാക്കി മനസാക്ഷി പണയം വച്ച് മാളത്തിലൊളിക്കുന്നവരും കണ്‍മുന്നില്‍ പിടയുന്നവനെ കണ്ടില്ലെന്ന് നടിക്കുന്നവരും ഇന്നേറെ. സ്വാതന്ത്ര സമരങ്ങളുടെയും തൊഴിലാളി വിപ്ലവങ്ങളുടെയും അവകാശ സംരക്ഷണ പ്രക്ഷോപങ്ങളുടെയും നാടിന്ന് പ്രകടനങ്ങള്‍ പോലും മടുക്കുകയും മറക്കുകയും ചെയ്ത നിഷ്‌കൃയാവസ്ഥയിലാണ്.
ഇവിടെ ഒരു ഉണര്‍ത്തുപാട്ടായി മാര്‍ട്ടിന്‍ നീമുള്ളറുടെ നാസി വിരുദ്ധ കവിത അലയടിക്കുന്നുണ്ട്. ‘അവര്‍ ആദ്യം സോഷ്യലിസ്റ്റുകളെ തേടിവന്നു, ഞാന്‍ മിണ്ടിയില്ല. കാരണം ഞാന്‍ സോഷ്യലിസ്റ്റായിരുന്നില്ല. പിന്നീടവര്‍ ട്രേഡ് യൂണിയനിസ്റ്റുകളെ തേടിവന്നു. ഞാന്‍ മിണ്ടിയില്ല. കാരണം ഞാന്‍ ട്രേഡ് യൂണിയനിസ്റ്റായിരുന്നില്ല. പിന്നീടവര്‍ ജൂതന്മാരെ തേടിവന്നു. ഞാന്‍ മിണ്ടിയില്ല. കാരണം ഞാന്‍ ജൂതനായിരുന്നില്ല. ഒടുവിലവര്‍ എന്നെ തേടിവന്നു. അപ്പോള്‍ എനിക്കുവേണ്ടി സംസാരിക്കാന്‍ ആരും ബാക്കിയുണ്ടായിരുന്നില്ല.’
മൗനം വെടിഞ്ഞ് പ്രതികരണങ്ങളുടെ സാധ്യതകള്‍ തേടണം. കാടുകത്തുമ്പോള്‍ മരക്കൊമ്പിലെ കൂട്ടില്‍ കനലെത്തില്ലല്ലോ എന്നാശ്വസിക്കാതെ തീയണക്കാനുള്ള തന്ത്രങ്ങളൊരുക്കണം. ഇനിയൊരു മൗനം മനുഷ്യത്യത്തിന്റെ ബലിക്കല്ലാകാതിരിക്കാന്‍ ശബ്ദമുയര്‍ത്തി പ്രക്ഷോപങ്ങള്‍ക്ക് മുദ്രാവാക്യങ്ങളൊരുങ്ങണം. മരവിപ്പുകള്‍ മരണത്തിന്റെ മണിമുഴക്കങ്ങളാണെന്നെ തിരിച്ചറിവില്‍ ജീവന്റെ വിപ്ലവങ്ങള്‍ക്ക് കരുത്ത് പകരാന്‍ ജീവന്‍ പങ്കുവയ്ക്കാന്‍ സന്നദ്ധരായ ഒരു സംരക്ഷണ സേനയൊരുങ്ങണം. സംഘടിപ്പിക്കാന്‍ നേതാക്കളില്ലാത്തിടത്ത് സംഘാടകരായി നന്മയുടെയും അവകാശ സംരക്ഷണങ്ങളുടെയും ആയുധങ്ങളെടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>