അല്ലാ, ചോദിക്കട്ടെ, മന്ത്രിമാരെ നമുക്ക് ശരിക്കും ആവശ്യമുണ്ടോ?

By on March 1, 2018
zcX5a56qi

അല്ലാ, ചോദിക്കട്ടെ, മന്ത്രിമാരെ നമുക്ക് ശരിക്കും ആവശ്യമുണ്ടോ?

സാംസ്‌കാരിക നായകര്‍ ഒടുവില്‍ പ്രതികരിച്ചു !

സാംസ്‌കാരികനായകര്‍’ എന്നൊരു വിഭാഗം ആളുകള്‍ കേരളത്തില്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഇടക്കിടെ ജനങ്ങള്‍ അറിയുന്നത് അവര്‍ ഏതെങ്കിലും കാര്യത്തെപ്പറ്റി പ്രസ്താവന ഇറക്കുകയും പ്രതികരിക്കുകയും ചെയ്യുമ്പോഴാണ്. ഇത് മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കുന്നതുപോലെയാണ്. വല്ലപ്പോഴുമൊക്കെയെ പ്രതികരിക്കൂ. അതിനു പലകാരണങ്ങളുണ്ട്.
അതറിയണമെങ്കില്‍, ഈ സാംസ്‌കാരിക നായകര്‍ എങ്ങനെയുണ്ടാകുന്നു, ആരാണ് യഥാര്‍ഥത്തില്‍ ഇവര്‍ എന്നറിയണം. സാധാരണ ഗതിയില്‍ ചെറുകിട, മധ്യനിര എഴുത്തുകാര്‍, അക്കാദമി അവാര്‍ഡുകള്‍ നേടിയ സാഹിത്യകാരന്‍മാര്‍, അവാര്‍ഡ് സ്വപ്‌നം കാണുന്നവര്‍, സ്വയം പ്രഖ്യാപിത തത്വജ്ഞാനികള്‍, പുരോഗമനവാദികള്‍, സ്ത്രീപക്ഷവാദികള്‍, പരിസ്ഥിതി വാദികള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ സഹയാത്രികരായ സ്വതന്ത്ര ചിന്തകര്‍ തുടങ്ങിയ വിവിധയിനം ആളുകളാണ് പൊതുവില്‍ ഈ സാംസ്‌കാരിക നായകര്‍.
ഇവര്‍ക്കൊക്കെ പൊതുവിലുള്ള ഒരു ലക്ഷണം, ഇടതുപക്ഷ സഹയാത്രികരൊ ചിന്തകരോ പ്രത്യയശാസ്ത്ര വാദികളോ ആണെന്നതാണ്. ഇതില്‍ സ്ത്രീകളും പുരുഷന്‍മാരുമുണ്ട്. ഇവരിലേറെപ്പേരും ഏതെങ്കിലും പത്രത്തിന്റെയും ചാനലുകളുടെയും ഇഷ്ടതോഴരും പ്രിയതാരങ്ങളുമായിരിക്കും. അവരുടെ പ്രസ്താവനകള്‍ ജനങ്ങളിലെത്തുന്നത് അങ്ങനെയാണ്.
എല്ലാകാര്യങ്ങളെപ്പറ്റിയും അവര്‍ പ്രതികരിക്കില്ല. ഉദാഹരണം ഇതു പ്രസ്ഥാനങ്ങള്‍ക്ക് ക്ഷീണം വരുന്ന കാര്യമാണെങ്കില്‍ ഇക്കൂട്ടര്‍ മൗനത്തിലാഴും.
അതേ സമയം, ക്രൈസ്തവ സഭ, ക്രൈസ്തവ സമൂഹം, ക്രൈസ്തവ സ്ഥാപനങ്ങള്‍, അവയെപ്പറ്റി ആരെങ്കിലും വിളിച്ചുപറയുന്ന ജല്‍പ്പനങ്ങള്‍ എന്നിവയൊക്കെ ഏറ്റെടത്തു ശക്തിയായി പ്രതികരിക്കും. സ്വന്തം ആരോഗ്യത്തിന് ഹാനികരമാകുമെന്നതിനാല്‍, മറ്റു ചില സമുദായങ്ങളുടെ കാര്യം വരുമ്പോള്‍ മിണ്ടില്ല.
ഏറ്റവുമൊടുവില്‍ നമ്മുടെ സാംസ്‌കാരിക നായകര്‍ പ്രതികരിച്ചത് ഏറെ നാളത്തെ മൗനത്തിനുശേഷം, മട്ടന്നൂരില്‍ കോണ്‍ഗ്രസുകാരനായ യുവാവിനെ ഇടതുപക്ഷ രാഷ്ട്രീയ എതിരാളികള്‍ വെട്ടിക്കൊന്നപ്പോഴാണ്.
തങ്ങള്‍ പക്ഷം ചേര്‍ന്നു നില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തില്‍പ്പെട്ടവരാണ്, പ്രതികള്‍ എന്നറിയാവുന്നതുകൊണ്ട്, പ്രതികരണം തല്‍ക്കാലം വേണ്ടെന്നു വെച്ചിരിക്കുന്നുവെങ്കിലും, ഒടുവില്‍ വിമര്‍ശനങ്ങള്‍ വന്നു തുടങ്ങിയപ്പോള്‍, പ്രതികരിക്കുകയായിരുന്നു. വളരെ മോശമായിപ്പോയി, ജനാധിപത്യത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒഴിവാക്കണം എന്നൊക്കെയായിരുന്നു പ്രതികരണത്തിലെ ധ്വനി.
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ അരി മോഷ്ടിച്ചെന്നു ആരോപിച്ചു കുറേപ്പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നപ്പോള്‍, ഇടതുപക്ഷ അനുഭാവിയായ നടന്‍ മമ്മുട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ ദുഃഖം പങ്കുവച്ചു.അതും ഒരു തരം പ്രതികരണമായിരുന്നു. മരിച്ചത് എന്റെ അനുജനാണെന്നായിരുന്നു മമ്മുട്ടിയുടെ വാക്കുകള്‍. മമ്മുട്ടിയുടെ പ്രതികരണത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ നിരവധി പേര്‍ വിമര്‍ശിച്ചു.
മട്ടന്നൂരില്‍ ഷുഹൈബിനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടികൊന്നപ്പോഴും കണ്ണൂരില്‍ ഗര്‍ഭിണിയായ സ്ത്രീയെ ചവിട്ടി ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിന് ഇടയാക്കിയപ്പോഴും എന്തുകൊണ്ട് മമ്മുട്ടി പ്രതികരിച്ചില്ലെന്നായിരുന്നു ചോദ്യം.
വലിയ മീനിനെ കാണുമ്പോള്‍ കൊക്ക് കണ്ണടയ്ക്കും എന്നു കേട്ടിട്ടില്ലേ? പ്രതികരണ തൊഴിലാളികളുടെ കാര്യത്തിലും ഇതാണ് സ്ഥിതിയെന്നു ചുരുക്കം.

ആരാണ് ഭരണഘടനയില്‍ ഇന്ത്യയില്‍ സര്‍ക്കാരുകളുടെ ഭരണക്കാലാവധി അഞ്ചുവര്‍ഷമെന്നു എഴുതി വച്ചതെന്ന് അറിയില്ല. ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും കാലാവധി വര്‍ധിപ്പിക്കണമെന്ന് ലളിതമായ ഒരു നിര്‍ദ്ദേശം സാക്ഷി മുന്നോട്ട് വയ്ക്കുന്നു.
മറ്റൊന്നും കൊണ്ടല്ല. അഞ്ചുവര്‍ഷമെന്നത് കണ്ണടച്ചു തുറക്കുമ്പോള്‍ കഴിഞ്ഞുപോകുന്ന കാലമാണ് മന്ത്രിസഭയുണ്ടാക്കുക, ഓരോ മന്ത്രിമാര്‍ക്കും ബംഗ്ലാവും പേഴ്‌സണല്‍ സ്റ്റാഫും സംഘടിപ്പിക്കുക തുടങ്ങിയവയൊക്കെ ചെയ്തു വരുമ്പോഴേക്കും ആറുമാസം കഴിയും. പിന്നെ മന്ത്രിമാര്‍ തങ്ങളുടെ വകുപ്പുകളെപ്പറ്റി പഠിച്ചു പുതിയ പദ്ധതികള്‍ ഉദ്യോഗസ്ഥരെക്കൊണ്ട് തയ്യാറാക്കി വരുമ്പോഴേക്കും ഒരു കൊല്ലം കാറ്റില്‍ പറക്കും. പിന്നെ നിയമസഭാ സമ്മേളനങ്ങള്‍, അതില്‍തന്നെ അലങ്കോലമാക്കേണ്ട സമ്മേളനങ്ങള്‍, ധര്‍ണകള്‍, കുത്തിയിരിപ്പുകള്‍, നടുത്തളത്തിലെ കയ്യാങ്കളികള്‍ തുടങ്ങിയവയ്ക്കായി കുറേ ദിവസങ്ങള്‍ മാറ്റി വയ്ക്കണം. ഇതിനിടയില്‍ മന്ത്രിസഭാ യോഗങ്ങള്‍ നടക്കണം.
മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും സ്വന്തം മണ്ഡലത്തിലും നാട്ടിലും എത്രയെത്ര പരിപാടികളാണ് ഓരോ ദിവസവും? വിവിധ സംഘടനകളുടെ ജില്ലാ സമ്മേളനങ്ങള്‍, സംസ്ഥാന സമ്മേളനങ്ങള്‍, വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള മേളകള്‍, മാമാങ്കങ്ങള്‍ അങ്ങനെ. ഇതിനൊക്കെ പോകണ്ടേ? അതുമാത്രമോ, മണ്ഡലത്തില്‍ ആരെങ്കിലും മരിച്ചാല്‍, ആരുടെയെങ്കിലും സ്ഥലത്തെ പ്രധാന ദിവ്യനെങ്കില്‍ പ്രത്യേകിച്ചും- വിവാഹങ്ങള്‍, ഷഷ്ഠിപൂര്‍ത്തികള്‍ ഇത്യാദികള്‍. ഇവയ്‌ക്കൊക്കെ പോകാതിരിക്കാനാവുമോ?
ഇതിനിടയില്‍ വേണം സ്വന്തം ആരോഗ്യ കാര്യങ്ങള്‍ നോക്കാന്‍. കണ്ണട മാറല്‍, ഉഴിച്ചില്‍, പിഴിച്ചില്‍ തുടങ്ങിയവയ്‌ക്കൊക്കെ സമയം കാണണ്ടേ?. ഏതായാലും ആയിരങ്ങളും പതിനായിരങ്ങളും മെഡിക്കല്‍ അലവന്‍സ് ഉള്ളതാണ്. അത് നഷ്ടപ്പെടുത്തുന്നതെങ്ങനെ? വെയിലുള്ളപ്പോഴേ, വയ്‌ക്കോല്‍ ഉണക്കാനാവൂ എന്നൊരു പഴഞ്ചൊല്ല് സായിപ്പിന്റെ ഭാഷയിലുണ്ട്. അധികാരത്തിലുള്ളപ്പോഴേ, അതിന്റെ വിലയറിയൂ. അതിനനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍, മന്ത്രി സ്ഥാനവും എം എല്‍ എ സ്ഥാനവുമൊക്കെ പോയിക്കഴിയുമ്പോള്‍, കിട്ടിയ പെന്‍ഷനും വാങ്ങി ചുരുണ്ടുകൂടിയിരിക്കേണ്ടി വരും.
അതുകൊണ്ടാണ് പറയുന്നത് മന്ത്രിയുടേയും എം എല്‍ എമാരുടേയും കാലാവധി പത്തുവര്‍ഷമെങ്കിലും ആക്കണം. വിതച്ചതൊക്കെ കൊയ്‌തെടുക്കാന്‍ ഇപ്പോഴത്തെ സമയം പോരാ.
അല്ലെങ്കില്‍ തന്നെ നോക്കുക. ഫെബ്രുവരിയില്‍ നാലഞ്ചു ദിവസം തൃശൂരില്‍ എന്തായിരുന്നു ചെംപൂരം. തൃശൂരിലെ പത്രപ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകളുടെ ഒരു ചാകരയായിരുന്നു അക്കാലം. ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം തുടങ്ങിയത് ഫെബ്രുവരി 22നാണ്. അതിനു മാസങ്ങള്‍ക്കുമുമ്പേ പത്രങ്ങള്‍ കൗണ്ട് ഡൗണ്‍ തുടങ്ങി. പൂരം ചെങ്കോട്ടയാകും എന്നതായിരുന്നു പത്രങ്ങളുടെ സ്ഥിരം ഭീഷണി. അതു ഫലിച്ചു. സംസ്ഥാന സമ്മേളന ദിവസങ്ങളില്‍ പാര്‍ട്ടിയിലെ മന്ത്രിമാരായ മന്ത്രിമാരൊക്കെ, എം എല്‍ എമാരായ എം എല്‍ എമാരൊക്കെ തൃശൂരില്‍ തമ്പടിച്ചു. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസായ രാമനിലയം എ. കെ.ജി സെന്ററായി. സകലമാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും സുഖവാസമുറപ്പിച്ചു. പൊലിസ് മേധാവികളും സംവിധാനങ്ങളും തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് കുറ്റിയും പറിച്ചു പോന്നു. തിരുവനന്തപുരം ഉറങ്ങി. സെക്രട്ടേറിയറ്റില്‍ പാറ്റയും എലിയും താമസമാക്കി.
ഇതൊക്കെ വേണ്ടതല്ലെയെന്നു ചോദിച്ചാല്‍, വേണമെന്നു മാത്രമല്ല, ഇടക്കിടെ ഭരണത്തിന് അവധികൊടുക്കണമെന്നു വരെ അഭിപ്രായമുണ്ട് പലര്‍ക്കും. അല്ലെങ്കില്‍ തന്നെ മൂന്നുകോടി വരുന്ന കേരളത്തിലെ ജനങ്ങളെ ഭരിക്കാന്‍ എന്തിനാണ് ഇത്രയേറെ മന്ത്രിമാര്‍?. അവരില്‍ പകുതിയോളം പേരെ മന്ത്രിമാരുടെ ശമ്പളമൊക്കെകൊടുത്ത് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് വിടണം. അവര്‍ പാര്‍ട്ടികള്‍ കെട്ടിപ്പടുക്കട്ടെ. അങ്ങനെ ജനാധിപത്യത്തെ ശക്തിപ്പെടുത്തട്ടെ.. നാലഞ്ചു ദിവസം ഭരണം സ്തംഭിച്ചപ്പോഴും കേരളത്തിലെ ജനങ്ങള്‍ ജീവിച്ചില്ലേ? നാലഞ്ചു ദിവസം സ്വകാര്യ ബസുകള്‍ സമരം ചെയ്തിട്ടും, ജനങ്ങള്‍ ജോലിക്കു പോകുകയും, വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ പഠിക്കുകയും ഒരു പണിയും ഇല്ലാത്തവര്‍ തെക്കുവടക്ക് നടക്കുകയും നാട്ടിലെ മുഴുവന്‍ മദ്യഷാപ്പുകളിലും ആളുകള്‍ വന്നുപോകുകയും ചെയ്തില്ലേ? പണ്ടൊരിക്കല്‍, കേരളത്തില്‍ പത്രവിതരണം നടത്തുന്ന ഏജന്റുമാര്‍ സമരം ചെയ്തു. കമ്മിഷന്‍ കൂട്ടികൊടുക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. മഴയത്തും വെയിലത്തും മഞ്ഞിലും പത്രം വീടുകളിലെത്തിക്കുന്ന ആ പാവങ്ങളുടെ കമ്മിഷന്‍ കൂട്ടികൊടുക്കാന്‍ പറ്റില്ലെന്ന് പത്രമുതലാളിമാര്‍ ഒറ്റക്കെട്ടായി പറഞ്ഞു. അങ്ങനെ സമരം തുടങ്ങി. സമരം നീണ്ടു. പത്രക്കെട്ടുകള്‍ പ്രസ്സുകളിലും വഴിയോരങ്ങളിലും കെട്ടികിടന്നു. പത്രം കിട്ടാതാവുമ്പോള്‍ വായനക്കാര്‍ ഇടപ്പെടുമെന്നും അവര്‍ ഏജന്റുമാരെ കൈകാര്യം ചെയ്യുമെന്നുമായിരുന്നു മുതലാളിമാരുടെ കണക്കുകൂട്ടല്‍. അതു നടന്നില്ല. ചിലയിടത്തൊക്കെ പത്രസ്ഥാപനങ്ങള്‍ തന്നെ ജീവനക്കാരെക്കൊണ്ട് പത്രം വിതരണം ചെയ്യാന്‍ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. അങ്ങനെ സമരം ഒരു മാസത്തോളം നീണ്ടു. ഒരു വായനക്കാരനും പത്രം കിട്ടാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്തില്ല. പത്രം വായിച്ചില്ലെങ്കിലും, ജീവിക്കാം എന്ന് അവര്‍ തെളിയിക്കുകയും ചെയ്തു. ഒടുവില്‍ എജന്റുമാരുടെ ആവശ്യങ്ങള്‍ ഭാഗികമായി അംഗീകരിച്ചു. സമരം അവസാനിപ്പിക്കേണ്ടി വന്നു. അതുകൊണ്ട് മന്ത്രിമാരില്ലെങ്കിലും, കേരളം ജീവിക്കും. പൊലിസും ആഭ്യന്തര മന്ത്രിയുമൊക്കെയുണ്ടായിട്ടും അക്രമങ്ങള്‍ക്കും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും എന്തെങ്കിലും കുറവുണ്ടോ? ഇനി ഭരണം വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍, ഭരണകാലാവധി പത്തുവര്‍ഷമാക്കണം. മറ്റു പലതിനും സമയം നീക്കിവച്ചശേഷം, കുറച്ചുകാലമെങ്കിലും, ഭരിക്കാന്‍ കിട്ടുമല്ലോ.
ഫെബ്രുവരിയില്‍ 19 അംഗ മന്ത്രിസഭയിലെ 12 പേരും എത്താത്തതിനാല്‍ മന്ത്രിസഭായോഗം നടന്നില്ലെന്നു നമ്മള്‍ വായിച്ചതാണ്. മുഖ്യമന്ത്രിയും ഏതാനും മന്ത്രിമാരും ഒരു ഘടകകക്ഷി മന്ത്രിയും മാത്രമാണ് എത്തിയത്. ഇപ്പോള്‍ മനസ്സിലായില്ലേ, മന്ത്രിമാര്‍ക്ക് ഭരിക്കുകയെന്നത് സൈഡ് ബിസിനസ്സ് ആണ്. മറ്റു കാര്യങ്ങള്‍ക്കു തന്നെ സമയം തികയാതിരിക്കുമ്പോള്‍, എങ്ങനെയാണ് മന്ത്രിസഭായോഗത്തിനൊക്കെ എത്തുന്നത്.!

കണ്ണിറുക്കി പ്രിയ; സിംഹക്കൂട്ടില്‍ മുരുകന്‍
തൃശൂരില്‍ നിന്നുള്ള ഒരു കോളജ് വിദ്യാര്‍ഥിനിയാണ് പ്രിയാവാര്യര്‍. ഒരു സിനിമയില്‍ ആദ്യമായി തല കാട്ടിയെന്നതാണ് ആ പെണ്‍കുട്ടിയുടെ മഹത്വം. ഒരു ന്യൂജെന്‍ സിനിമയാണത്. അതിലൊരു ന്യൂജന്‍ പാട്ടുണ്ട്. പാട്ടുസീനില്‍ ഈ പെണ്‍കുട്ടിയെകൊണ്ട് സംവിധായകന്‍ ചില മിമിക്രികള്‍ കാണിക്കുന്നുണ്ട്. പാട്ടിനൊത്ത് കണ്ണിറുക്കിക്കാട്ടുക, പുരികംകൊണ്ട് സര്‍ക്കസ് കളിക്കുക, വിരല്‍കൊണ്ട് കൊച്ചുപിള്ളേര്‍ കാണിക്കുന്നതുപോലെ വെടിവയ്ക്കുക തുടങ്ങിയവയാണ് അവ. ഇത് ഭയങ്കര സംഭവമായെന്നും ലോകം മുഴുവന്‍ ആ സിനിമയും പാട്ടും അഭിനയിച്ച പ്രിയാവാര്യരും പ്രശസ്തരായെന്നുമാണ് നമ്മുടെ പത്രപ്രവര്‍ത്തകര്‍ പറഞ്ഞു വച്ചിരിക്കുന്നത്. അടുത്ത വര്‍ഷങ്ങളില്‍ മലയാള സിനിമയിലെ താരറാണിയായി പ്രിയാവാര്യര്‍ മാറുമെന്നും ഭൂമി മലയാളം ആ ചരിത്രനിമിഷത്തിനുവേണ്ടി കാത്തിരിക്കുകയാണെന്നും പത്രക്കാര്‍ എഴുതിയിട്ടുണ്ട്. അതെന്തായാലും, ആ സ്വപ്‌നം പൂവണിയട്ടെ.
എന്നാല്‍ പ്രിയാ വാര്യരെകൊണ്ട് കുരങ്ങിനെകൊണ്ട് ചുട്‌ചോറ് മാന്തിക്കുന്നതുപോലെ സംവിധായകന്‍ ചെയ്യിക്കുകയായിരുന്നെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ വിമര്‍ശനം.
മാതൃഭൂമി പത്രത്തില്‍ എബ്രഹാം മാത്യുവെന്ന പത്രപ്രവര്‍ത്തകന്‍ എഴുതിയത് വായിക്കുക: ‘കണ്ണിറുക്കിക്കാട്ടുന്ന പെണ്‍കുട്ടിയെയും ക്ലാസ്സില്‍ തുള്ളുന്ന ടീച്ചറെയും മാതൃകാശിഷ്യയും ഗുരുവുമാക്കുന്നത് മാധ്യമങ്ങളുമാണ്. ഇവരെ അരിയിട്ട് വാഴിക്കുന്നവര്‍ നല്‍കുന്ന സന്ദേശം എന്താണ്? കണ്ണു കാണിച്ചോ കാലുകാണിച്ചോ പെട്ടെന്ന് സെലിബ്രിറ്റിയാവാം. മഹാത്മാഗാന്ധിയാവാനും മദര്‍ തെരേസയാവാനും മെനക്കെട്ട് സമയം കളയരുത്. ആണ്‍കുട്ടികളെ സൈറ്റടിക്കാന്‍ പഠിപ്പിക്കുന്ന പെണ്‍കുട്ടിയാണ് ഇന്ന് മാതൃക. ചെറിയ പെണ്‍കുട്ടികളെ കണ്ണുകാണിക്കാന്‍ ഇനി മാതാപിതാക്കള്‍ പഠിപ്പിച്ചുതുടങ്ങിയേക്കാം’.
മാധ്യമങ്ങള്‍ ദയവായി കഴിവുള്ള യുവാക്കളുടെയും യുവതികളുടെയും പ്രതിഭയെ ചെറുപ്പത്തിലേ നുള്ളിക്കളയരുത്. നല്ലതിനെ പ്രോത്സാഹിപ്പിക്കുക, അല്ലാത്തതിനെ തിരുത്തുക, നേര്‍വഴിക്ക് നയിക്കുക അതാണ് മാധ്യമ ധര്‍മം. ഒരു സിനിമ, ഒരു നൃത്തം, ഒരു പാട്ട് – അതോടെ ഓസ്‌ക്കര്‍ അവാര്‍ഡ് ലഭിക്കുമെന്ന് പറഞ്ഞ്,അത്യുക്തി പറഞ്ഞ് അവരെ നശിപ്പിക്കരുത്, പ്ലീസ്!
തിരുവനന്തപുരത്തെ മൃഗശാലയിലെ സിംഹങ്ങളുടെ പാര്‍പ്പിട കൂട്ടില്‍ മുരുകന്‍ എന്ന ഒരാള്‍ ചാടിയെന്ന വാര്‍ത്ത വായിച്ചപ്പോള്‍, നടന്‍ മോഹന്‍ലാലിനെ ഓര്‍ത്തുപോയി. പുലിമുരുകനായ മോഹന്‍ലാല്‍ കംപ്യൂട്ടര്‍ പുലിയുമായി യുദ്ധം ചെയ്യുന്നതുപോലെയല്ല, തിരുവനന്തപുരത്തുണ്ടായത്.
അയാളെ നമുക്ക് സിംഹ മുരുകന്‍ എന്നു വിളിക്കാം. മദ്യം കുടിച്ച് പൂസായ സാക്ഷാല്‍ മുരുകന്‍ സിംഹങ്ങള്‍ക്കുള്ള വിശാലമായ വളപ്പില്‍ കമ്പിമതില്‍ ചാടി, പത്തടി ആഴമുള്ള കിടങ്ങ് വലിഞ്ഞു കയറിയെത്തി. അവിടെയുണ്ടായിരുന്ന നല്ലവളായ ഗ്രേസിയെന്ന പെണ്‍സിംഹം, പക്ഷേ, ഒന്നും ചെയ്തില്ല. തന്റെ അടുത്തേക്ക് മുട്ടിലിഴഞ്ഞു വരുന്ന മദ്യം മണക്കുന്ന മുരുകനെ കണ്ടപ്പോള്‍, ഗ്രേസിക്ക് ദയതോന്നിക്കാണും. നാട്ടിലാകെ സര്‍ക്കാര്‍ ഒഴുക്കുന്ന മദ്യത്തിന്റെ മണം അവളും മണത്തിട്ടുണ്ടാകും. അതുകൊണ്ട് തിരുവനന്തപുരം ഭാഷയില്‍ അവള്‍ പറഞ്ഞു: മദ്യം കുടിച്ചിട്ടുണ്ടെങ്കില്‍ വയറ്റില്‍ കിടക്കണം, ഒന്നു പോഡേ…
ഏതായാലും കാട്ടിലെ രാജാവും രാജ്ഞിയുമാണ് സിംഹമെന്നാണ് പറയുക. ഗ്രേസി ആ രാജകീയ സ്വഭാവം കാട്ടി. മുരുകനെ അവള്‍ ഒന്നും ചെയ്തില്ല. അപ്പോഴേക്കും ജീവനക്കാരെത്തി അയാളെ തൂക്കിയെടുത്ത് പുറത്തിട്ടു.
മുരുകന്റെ കഥയുടെ ഗുണപാഠം കൂടി വായിക്കുക: നാട്ടില്‍ മുഴുവന്‍ മദ്യം ഒഴുകുന്ന ഇക്കാലത്ത് ഇനിയുമുണ്ടാകട്ടെ, എണ്ണിയാല്‍ തീരാത്തത്ര മുരുകന്‍മാര്‍. ലാല്‍ സലാം!

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>