ഒമ്പതുപതിറ്റാണ്ടിന്റെ വിശ്വാസ യാത്ര കുമ്പിടി ചെറുപുഷ്പ ദൈവാലയം

By on March 1, 2018
kumbidy

ഒമ്പതുപതിറ്റാണ്ടിന്റെ വിശ്വാസ യാത്ര
കുമ്പിടി ചെറുപുഷ്പ ദൈവാലയം

ചാലക്കുടി പുഴയുടെ വലതു തീരത്ത് ഹരിതാഭമായ ഭൂപ്രദേശമാണ് കുമ്പിടി. എറണാകുളം ജില്ലയോട് ചേര്‍ന്നുകിടക്കുന്ന ഇതിന്റെ സമീപ പ്രദേശങ്ങളും കുമ്പിടിയും ജലസമൃദ്ധിയുടെ നാടാണെന്ന് ഒറ്റനോട്ടത്തില്‍ കണ്ടാലറിയാം. തെങ്ങും കവുങ്ങും ജാതിയും വാഴയും തീര്‍ക്കുന്ന ഹരിതഭംഗിയാണ് കുമ്പിടി, പാലിശേരി ഗ്രാമങ്ങളുടെ മുഖമുദ്ര. പഴയ കൊച്ചി രാജ്യത്തിന്റെ തെക്കെ അറ്റമാണ് ഈ പ്രദേശങ്ങള്‍.
ഏതാണ്ട് 90 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1927 ലാണ് കുമ്പിടിയിലെ ആദ്യത്തെ ക്രൈസ്തവ ആധ്യാത്മിക കേന്ദ്രം ആരംഭിക്കുന്നത് – വിശുദ്ധ അന്തോണീസിന്റെ കപ്പേള. തൃശൂര്‍ രൂപത ബിഷപ് മാര്‍ ഫ്രാന്‍സിസ് വാഴപ്പിള്ളി നല്‍കിയ തിരുഹൃദയ രൂപമാണ് ഇവിടെ അന്ന് പ്രതിഷ്ഠിക്കപ്പെട്ടത്. കണ്ണമ്പിള്ളി ഔസേപ്പ് അന്തോണിയാണ് കപ്പേള പണികഴിപ്പിച്ചത്.
കാലക്രമത്തില്‍ അവിടെ ഒരു ദൈവാലയത്തിനുള്ള ശ്രമം തുടങ്ങി. കണ്ണമ്പിള്ളി ഔസേപ്പ് കോരത് സൗജന്യമായി നല്‍ കിയ ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 1953 ഫെബ്രുവരി എട്ടിന് മാര്‍ ജോര്‍ജ് ആലപ്പാട്ട് ദൈവാലയത്തിനുള്ള ശിലാസ്ഥാപനം നടത്തി. പൂവത്തുശ്ശേരി വികാരിയായി ഫാ. ജോണ്‍ ചെറുനിലം വന്ന ശേഷമാണ് പള്ളി നിര്‍മാണം ആരംഭി ച്ചത്. 1954 ഏപ്രില്‍ 20 ന് മാര്‍ ജോര്‍ജ് ആലപ്പാട്ട് ചെറുപുഷ്പ ദൈവാലയം ആശീര്‍വദിച്ചു. കുമ്പിടിയുടെ പടിഞ്ഞാറുഭാഗത്ത് വിശുദ്ധ പത്താം പിയൂസിന്റെ നാമത്തില്‍ കപ്പേളയും ഉയര്‍ന്നു.
വളര്‍ച്ചയുടെ
വര്‍ഷങ്ങള്‍
ദൈവാലയത്തിന്റെ നിര്‍മാ ണം തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ വളര്‍ച്ചയ്ക്ക് ഗതിവേഗം കൂട്ടി. 1962 ല്‍ ഫാ. ജോണ്‍ അമ്പൂക്കന്‍ വികാരിയായിരിക്കുമ്പോള്‍ വൈദിക മന്ദിരം പണികഴിപ്പിച്ചത് അതിലൊന്നാണ്. 1965 ല്‍ ഫാ. ഇട്ടൂപ്പ് വലിയവീട്ടില്‍ ഇടവകയുടെ ആദ്യത്തെ സ്ഥിരം വികാരിയായി. 1976 ല്‍ പള്ളിയുടെ തെക്കുഭാഗത്ത് ചെറിയ ഹാളും 1979 ല്‍ നടപ്പുരയും നിര്‍മിച്ചു. 1978 മുതല്‍ കുടുംബയൂണിറ്റുകള്‍ നിലവില്‍ വന്നു.
സ്‌കൂള്‍,കോണ്‍വെന്റ്
ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിന്റെ ഉദയം കുമ്പിടി ഗ്രാമത്തിന്റെ വികസനത്തിലേക്കുള്ള ശക്തമായ ചുവടുവയ്പ്പായിരുന്നു. സ്‌കൂളിനു വേണ്ടി ഒരേക്കര്‍ സ്ഥലം വാങ്ങി സൗജന്യമായി ഇടവക സമൂഹം സിഎംസി സന്യാസിനി സമൂഹത്തിനു നല്‍കി. 1979 ല്‍ നിലവില്‍ വന്ന സ്‌കൂളിന്റെ നടത്തിപ്പ് അവരെ ഏല്‍പ്പിച്ചു. 1985 ല്‍ സ്‌കൂളിന്റെ മാനേജ്‌മെന്റ് പൂര്‍ണമായും സിഎംസി സന്യാസിനീസമൂഹത്തിന് നല്‍കി. 1982 മാര്‍ച്ച് 21 ന് സെന്റ് ആന്റണീസ് കോണ്‍ വെന്റ് സ്ഥാപിതമായി. ഇക്കാലത്ത് ഫാ. ആന്റോ പാറേക്കാടന്റെ നേതൃത്വത്തില്‍ പള്ളിയുടെ മണിമാളികയും സ്റ്റേജും നിലവില്‍ വന്നു.
ദൈവാലയ പുനര്‍നിര്‍മാണം
ദൈവാലയ പുനര്‍നിര്‍ മാണം സജീവമായ കാലമായിരുന്നു എണ്‍പതുകളുടെ അവസാനം. ഇടവക സമൂഹം ഒരേ മനസ്സോടെ ഇതിനുവേണ്ടി ആളും അര്‍ഥവും നല്‍കി മുന്നോട്ടിറങ്ങി. 1993 ഫെബ്രുവരി ഏഴിനു ഫാ. സെബാസ്റ്റ്യന്‍ കരിപ്പായി വികാരിയായിരിക്കുമ്പോള്‍ ദൈവാലയത്തിനു ശിലാസ്ഥാപനം നടത്തി.
ദൈവാലയത്തോടൊപ്പം വൈദിക മന്ദിരവും പുതുക്കി. അങ്ങനെ 1995 ഒക്‌ടോബര്‍ 28 ന് കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറ ദൈവാലയത്തിന്റെ പ്രതിഷ്ഠാ കര്‍മം നിര്‍വഹിച്ചു. മാര്‍ ജെയിംസ് പഴയാറ്റില്‍, മാര്‍ ജോസഫ് കുണ്ടുകുളം എന്നീ പിതാക്കന്മാരുടെ സാന്നിധ്യം ആ ചരിത്ര നിമിഷത്തിന് തിളക്കമേകി.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിവിധ കപ്പേളകള്‍ ഇടവകയുടെ പലഭാഗത്തുമായി ഉയര്‍ന്നുവന്നു.
സെമിത്തേരി വിപുലീകരണവും ഇക്കാലത്തുണ്ടായി. 2003 – 2004 ല്‍ ഇടവകയുടെ സുവര്‍ണ ജൂബിലി സ്മാരകമായി പാരിഷ് ഹാളിന് 2003 ഏപ്രില്‍ 23 ന് മാര്‍ ജെയിംസ് പഴയാറ്റില്‍ ശിലാസ്ഥാപനം നടത്തി.
ഫാ. ജോണ്‍ തെക്കേത്തലയുടെ നേതൃത്വത്തില്‍ പാരിഷ്ഹാള്‍ പൂര്‍ത്തിയാക്കി. 2010 ല്‍ വെടിക്കെട്ടുപുര, 2011 ല്‍ കൊടിമര നിര്‍മാണം, 2012 മുറ്റം ടൈല്‍ വിരിക്കല്‍, 2013 ഗ്രോട്ടോ നിര്‍മാണം, 2014 ല്‍ ഫാ. വര്‍ഗീസ് വടക്കേപീടികയുടെ നേതൃത്വത്തില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണം എന്നി വ നടന്നു. 2016 ജുവരി 17 നു ഫാ. ഫ്രാന്‍സിസ് കാവിലിന്റെ നേതൃത്വത്തില്‍ പള്ളി നവീകരിക്കാന്‍ തീരുമാനിച്ചു.
പള്ളിയുടെ സീലിംഗ്, അള്‍ത്താര, മറ്റു വര്‍ക്കുകള്‍ എന്നിവ 9 മാസങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിച്ച് വെഞ്ചിരിച്ചു. ഇടവകാംഗങ്ങളുടെ ആത്മീയ ഉണര്‍വിന്റേയും കൂട്ടായ്മയുടേയും സഹകരണത്തിന്റേയും ഉജ്ജ്വല മാതൃകയാണ് പുതിയ ദൈവാലയം.
അടിയുറച്ച ക്രൈസ്തവ വിശ്വാസത്തിന്റെ ഒമ്പതു പതിറ്റാണ്ടുകളുടെ ചരിത്രമാണ് കുമ്പിടി ഇടവകയ്ക്കുള്ളത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഉറക്കത്തിലാണ്ടുകിടന്ന ഒരു ഗ്രാമം, ക്രൈസ്തവ വിശ്വാസ ജീവിതത്തിന്റെ ചുവടുവയ്പുകളിലൂടെ വികസനത്തിലേയ്ക്കും ആധുനികതയിലേയ്ക്കും നടന്നുകയറിയതി ന്റെ ആവേശകരമായ ചരിത്രമാണ് കുമ്പിടി ഇടവകയ്ക്ക് പറയാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>