• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

ന്യൂനപക്ഷ അവകാശങ്ങളുടെ സിംഹ ഗര്‍ജനം

By on March 28, 2018
mar james

ന്യൂനപക്ഷ അവകാശങ്ങളുടെ
സിംഹ ഗര്‍ജനം

ജോസ് തളിയത്ത്

തിരുവിതാംകൂറില്‍ ദിവാന്‍ സര്‍ സി.പി.
രാമസ്വാമി അയ്യരുടെ നൂനപക്ഷ വിരുദ്ധ
നീക്കങ്ങള്‍ക്കെതിരെ പടനയിച്ച സിംഹസാരഥിയായിരുന്നു മാര്‍ ജയിംസ് കാളാശേരി

കേരളത്തിലെ കത്തോലിക്കാ സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ ഭരണകാലം മുതല്‍ക്കേ പലര്‍ക്കും കണ്ണിലെ കരടായിരുന്നു. മൂന്നു നൂറ്റാണ്ടിലേറെ ചരിത്രമുള്ള വിദ്യാഭ്യാസ രംഗത്തെ സഭയുടെ സാന്നിധ്യം കുറയ്ക്കാനും ആ രംഗത്തു നിന്നു ക്രൈസ്തവ സമൂഹത്തെ പടികടത്താനും എല്ലാ കാലത്തും പ്രത്യക്ഷമായും പരോക്ഷമായും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. തിരുവിതാംകൂറില്‍ രാജ ഭരണം നിലനിന്നിരുന്ന സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പുള്ള കാലഘട്ടത്തില്‍, രാജാവിനെപ്പോലും നിഷ്പ്രഭനാക്കി നാടുഭരിച്ചിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യര്‍ നടത്തിയ അത്തരമൊരു ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ ഉയര്‍ന്ന സിംഹ ഗര്‍ജനമായിരുന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായിരുന്ന മാര്‍ ജയിംസ് കാളാശേരി.
ഇന്ത്യയുടെ ഭരണഘടന രൂപംകൊള്ളുന്നതിനു മുമ്പുതന്നെ ജനാധിപത്യമൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും പൗരാവകാശങ്ങളും ഭരണകൂടത്തിന്റെ ഔദാര്യമല്ലെന്നും അവ വ്യക്തിയുടെ സമഗ്രമായ വളര്‍ച്ചയുടെ അവിഭാജ്യഘടകങ്ങളാണെന്നും വാദിച്ച അദ്ദേഹം, ക്രൈസ്തവ വിരോധം മുഖമുദ്രയാക്കിയിരുന്ന തമിഴ് ബ്രാഹ്മണന്‍ രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ ദിവാന്‍ എന്ന പദവി ദുരുപയോഗിച്ചു ക്രൈസ്തവ പ്രൈമറി വിദ്യാലയങ്ങള്‍ പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമങ്ങളെ അതിശക്തമായി പ്രതിരോധിച്ചതോടെയാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം ഉണര്‍ന്നത്. 1927 ഒക്‌ടോബര്‍ 24 ന് ചങ്ങനാശേരി അതിരൂപതയുടെ സാരഥിയായതു മുതല്‍ കേരളത്തിന്റെ പൊതുജീവിതത്തില്‍ അഗ്നിസാന്നിധ്യമായിരുന്നു ധീരനായ ആ ആത്മീയാചാര്യന്‍.
എഴുപതുകളുടെ തുടക്കത്തില്‍ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സി. അച്യുതമേനോന്‍ സര്‍ക്കാര്‍ കേരളത്തിലെ സ്വകാര്യ കോളജുകള്‍ പിടിച്ചെടുക്കാന്‍ മുന്നോട്ടു വന്നപ്പോള്‍, മാര്‍ ജോസഫ് കുണ്ടുകുളം അതിനെതിരെ ജനലക്ഷങ്ങളെ അണിനിരത്തി നടത്തിയ ജനകീയ പ്രക്ഷോഭത്തിന്റെ മുന്നോടിയായിരുന്നു മാര്‍ കാളാശേരി സര്‍ സി.പി യുടെ കിരാത ഭരണത്തിനെതിരെ നടത്തിയ പോരാട്ടം. 1972 ലെ കോളജ് പിടിച്ചെടുക്കല്‍ സമരകാലത്ത് എന്‍എസ്എസ് പോലെയുള്ള സംഘടനകള്‍ പിന്തുണച്ചപ്പോള്‍, സര്‍ സി.പി. ക്കെതിരായ പോരാട്ടത്തില്‍ അവരുടെ പിന്തുണയുണ്ടായില്ലെന്ന വ്യത്യാസം മാത്രം. ക്രൈസ്തവ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ സന്തോഷിച്ചിരുന്ന ആ സംഘടനകള്‍, തങ്ങളുടെ വിരലിലെണ്ണാവുന്ന പ്രൈമറി വിദ്യാലയങ്ങള്‍ സര്‍ സി.പി. ക്കു വിട്ടുകൊടുക്കുകയായിരുന്നു.
തിരുവിതാംകൂര്‍ നിയമസഭയില്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിഷ്‌കരണ പദ്ധതി 1945 സെപ്റ്റംബര്‍ 12 നാണ് സര്‍ സി.പി. അവതരിപ്പിച്ചത്. അതിന്റെ ഗൂഢലക്ഷ്യം ക്രൈസ്തവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദേശസാല്‍ക്കരിക്കുകയെന്നതാണെന്ന് അതിരൂപതയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘വേദപ്രചാര മധ്യസ്ഥനി’ല്‍ മാര്‍ കാളാശേരി ഇടയലേഖനം എഴുതി. സര്‍ സി.പി.യുടെ മനസ്സിലിരിപ്പ് വ്യക്തമാക്കി മറ്റൊരു സുദീര്‍ഘ ഇടയ ലേഖനവും അദ്ദേഹം പുറത്തിറക്കി. ഇടയ ലേഖനങ്ങളിലൂടെ തന്റെ ഏകാധിപത്യ മുഖം വലിച്ചുകീറപ്പെട്ട സര്‍ സി.പി. മാര്‍ കാളാശേരിക്കു നേരെ തിരിഞ്ഞു. വിദ്യാഭ്യാസം ദേശസാല്‍ക്കരിക്കുന്നതിലൂടെ തകര്‍ക്കപ്പെടുന്നത് ന്യൂനപക്ഷാവകാശങ്ങളും പൗരാവകാശങ്ങളുമാണെന്ന് മാര്‍ കാളാശേരി സമര്‍ഥിച്ചപ്പോള്‍, അത് നാടാകെ പ്രതിഷേധകൊടുങ്കാറ്റിനു തിരികൊളുത്തി.
ഒടുവില്‍ സര്‍ സി.പി. മാര്‍ കാളാശേരിക്ക് അന്ത്യശാസനം കൊടുത്തു. സര്‍ക്കാരിനെതിരായ ഇടയലേഖനം പിന്‍വലിക്കണം. അല്ലെങ്കില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യും. സര്‍ സി.പി.യുടെ അന്ത്യശാസനം തള്ളിയ മാര്‍ കാളാശേരി, പ്രക്ഷോഭം തുടരുമെന്ന് അതിശക്തമായ ഭാഷയില്‍ ഓര്‍മിപ്പിച്ചു.
സര്‍ സി.പി പതറി. തന്റെ ശ്രമങ്ങള്‍ ഫലിക്കുന്നില്ലെന്നു കണ്ട ദിവാനു മാര്‍ കാളാശേരി ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു: ‘ജനങ്ങളുടെ ജന്മാവകാശം തകര്‍ത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദേശസാല്‍ക്കരിക്കുന്നത് ദൈവദ്രോഹമാണ്. അതിനു മുതിരുന്ന ഏതു വന്‍ശക്തിയും തകരും’.
ആ പ്രവചനം ഫലിച്ചുവെന്നത് ചരിത്രം. സവര്‍ണ ഹിന്ദുത്വ ശക്തികളെ കൂട്ടുപിടിച്ച് ദിവാന്‍ സര്‍ സി.പി. സര്‍വ രംഗത്തും നടത്തിക്കൊണ്ടിരുന്ന ജനാധിപത്യാവകാശങ്ങളുടെ ലംഘനത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ അയാള്‍ക്കെതിരെ ഉണര്‍ന്നു. 1947 ജൂലൈ 25 ന് ഒരു പൊതുസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന ദിവാനെ ഒരാള്‍ കൊടുവാള്‍കൊണ്ടു വെട്ടി. മൂക്കിനു വെട്ടേറ്റ സര്‍ സി.പി ആശുപത്രിയില്‍ അഭയം തേടി. അധികം കഴിയാതെ ദിവാന്‍ പണി ഉപേക്ഷിച്ചു സ്വദേശമായ തമിഴകത്തേക്ക് പലായനം ചെയ്തു. സര്‍ സി.പി. യെ ആക്രമിച്ചത് ഒരു ഹിന്ദുവായിരുന്നുവെന്നത് മറക്കാതിരിക്കുക. കുട്ടനാട്ടിലെ കൈനകരിയില്‍ 1892 ഏപ്രില്‍ 30 നു ജനിച്ച മാര്‍ ജയിംസ് കാളാശേരി 1919 ല്‍ വൈദിക പട്ടം സ്വീകരിച്ചു. അന്ന് മാര്‍ തോമസ് കുര്യാളശേരിയായിരുന്നു ചങ്ങനാശേരി മെത്രാന്‍. അദ്ദേഹത്തിന്റെ സെക്രട്ടറിയായി നിയമിക്കപ്പെട്ട നവ വൈദികനായ ഫാ. ജെയിംസ് കാളാശേരി, ചങ്ങനാശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളജില്‍ അധ്യാപകനായി. വിദ്യാഭ്യാസ രംഗത്തും അജപാലന രംഗത്തും പുനരൈക്യ മേഖലയിലും പ്രവര്‍ത്തിച്ച അദ്ദേഹം 1927 ലാണ് ചങ്ങനാശേരി അതിരൂപതാധ്യക്ഷനായത്.
കര്‍മനിരതമായ ആ ജീവിതത്തിന് 1949 ഒക്‌ടോബര്‍ 27 ന് വിരാമമായി.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>