ഓശാന കഴുതയുടെ ചിന്തകള്‍

By on March 28, 2018
entrada-triunfal

ഓശാന കഴുതയുടെ ചിന്തകള്‍

മേജോ പുലിക്കോട്ടില്‍

നിലപാടുകളാണ് ഒരുവനെ ദൈവത്തിനു പ്രിയങ്കരനാക്കുന്നത്.
പ്രലോഭനങ്ങള്‍ക്കോ ഭീഷണികള്‍ക്കോ അപമാനങ്ങള്‍ക്കോ
പീഡനങ്ങള്‍ക്കോ തിരുത്താനാകാത്ത നിലപാട്.

ഇതിപ്പോള്‍ മൂന്നാം തവണയാണ് അമ്മ വഴക്കുപറയുന്നത്. ഞാന്‍ ഒരു പശുക്കുട്ടിയെപോലെ തുള്ളിച്ചാടുന്നുവെന്ന്. ഒരു കഴുതയുടെ ഗൗരവം എനിക്കില്ലെന്ന്. അമ്മയുടെ അഭിപ്രായത്തില്‍ കഴുതയ്ക്ക് ഒരു നിലപാടുണ്ട്. ഒരിക്കലും വ്യതിചലിക്കാത്ത ഒരു നിലപാട്. പ്രലോഭനങ്ങള്‍ക്കോ, ഭീഷണികള്‍ക്കോ പീഡനങ്ങള്‍ക്കോ ഒരു കഴുതയുടെ നിലപാടിനെ മാറ്റാനാവില്ല.
സ്വന്തം തീരുമാനങ്ങള്‍ക്കു വേണ്ടി അന്ത്യംവരെയും നിലനില്‍ക്കുന്നവനാണ് കഴുത. മനുഷ്യന്‍ ഒരു പക്ഷേ അതിനെ വിഡ്ഢിത്തം എന്നു പറയുമായിരിക്കും. പക്ഷേ, സൃഷ്ടാവായ ദൈവത്തിന്റെ ഏകപുത്രന്‍ അതു തിരിച്ചറിഞ്ഞല്ലോ. അതാണല്ലോ എന്റെ സന്തോഷത്തിന്റെയും തുള്ളിച്ചാടലിന്റെയും കാരണം. എനിക്കറിയാം അമ്മ വഴക്ക് പറയുന്നുണ്ടെങ്കിലും അമ്മയുടെ ഉള്ളില്‍ സന്തോഷത്തിന്റെ വേലിയേറ്റമുണ്ടെന്ന്. അല്ലെങ്കില്‍തന്നെ, ആരാണ് തുള്ളിച്ചാടാതിരിക്കുക. ഇന്നലെയാണ് അമ്മ അതു പറഞ്ഞത്. പറയുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. അത് ആനന്ദക്കണ്ണീരാണെന്ന് അമ്മ പറയാതെതന്നെ എനിക്കറിയാവുന്നതുകൊണ്ട് ഞാന്‍ പിന്നെ ഒന്നും സംസാരിച്ചില്ല. ഒരു പക്ഷേ, ഇതുവരെ ആര്‍ക്കും ലഭിക്കാത്ത, ഒരിക്കലും ആര്‍ക്കും ലഭിക്കാനിടയില്ലാത്ത സൗഭാഗ്യത്തെക്കുറിച്ചു പറയുമ്പോഴും കേള്‍ക്കുമ്പോഴും ആരുടെയും കണ്ണുനിറയും. അമ്മയ്ക്ക് പലപ്പോഴും ശബ്ദം ലഭിക്കുന്നില്ലായിരുന്നു. സന്തോഷംകൊണ്ട് ശബ്ദം മുറിയുന്നു. അനുഗ്രഹദായകമായ ആ നിമിഷങ്ങളെ ഞാന്‍ ഓര്‍ത്തെടുക്കട്ടെ.
അമ്മ ഉച്ചയുറക്കത്തിലായിരുന്നു. ഞാന്‍ കൂട്ടുകാരോടൊപ്പവും. വെളളമെടുക്കാന്‍ പോയയാള്‍ വലിയ സന്തോഷത്തോടെ യജമാനനെ വിളിച്ചുകൊണ്ട് രണ്ട് അതിഥികളോടൊത്ത് വരുന്നതാണ് അമ്മയെ ഉണര്‍ത്തിയത്. ശബ്ദം ഞാനും കേട്ടതാണ്. പക്ഷേ, എപ്പോഴും വലിയ ശബ്ദമുണ്ടാക്കി നടക്കുന്ന ആ വേലക്കാരനെ മുമ്പെന്നപോലെ ഇപ്രാവശ്യവും ഞാന്‍ ശ്രദ്ധിച്ചില്ല. അമ്മ പറയുന്നത് വേലക്കാരനോടൊപ്പം വന്ന ആ രണ്ടു പേര്‍ക്കും ഒരു പ്രത്യേകതയുണ്ടായിരുന്നുവെന്നാണ്. ഒരു ദൈവിക സാമീപ്യത്തിന്റെ ചൈതന്യം. അതാണ് അമ്മയെ അവരുടെ സംസാരത്തിലേക്ക് ശ്രദ്ധിക്കാന്‍ ഇടയാക്കിയത്. എനിക്കെപ്പോഴും ദുഃഖമായിരുന്നു. ആടുകളോടും കാളകളോടും അസൂയയും. ആടുകള്‍ എത്രയോ ഭാഗ്യവാന്മാരാണ്. മനുഷ്യരുടെ പാപങ്ങള്‍ ഏറ്റെടുത്ത് ജീവത്യാഗം ചെയ്യാന്‍ അവസരമുളളവര്‍. പാപികളായ മനുഷ്യരോട് ദൈവം ഇത്രയും സ്‌നേഹം കാണിക്കുമെങ്കില്‍ അവരുടെ പാപങ്ങള്‍ ചുമത്തപ്പെട്ട് (ലേവ്യ.4) ബലിയര്‍പ്പിക്കപ്പെടുന്ന കാളക്കുട്ടികളോടും ആടുകളോടും ദൈവം എത്രയോ സ്‌നേഹം അര്‍പ്പിക്കുന്നുണ്ടാകും?
എന്നെ ആശ്വസിപ്പിക്കാന്‍ അമ്മ പലപ്പോഴും പറഞ്ഞിരുന്നത് വഴിതെറ്റിപ്പോയ പ്രവാചകനായ ബാലാമിന്റെ കഴുതയെക്കുറിച്ചാണ്. ബാലാമിന്റെ കഴുതയ്ക്ക് മനുഷ്യനെപ്പോലെ സംസാരിക്കാന്‍ ദൈവം കഴിവുകൊടുത്തുവത്രെ. എന്നാല്‍ ഞാന്‍ ആശ്ചര്യപ്പെട്ടത് അതിലായിരുന്നില്ല. ഒരു കഴുതയ്ക്ക് ദൈവത്തിന്റെ ദൂതനെ കാണാനായി എന്നതിലാണ്. അതുവഴി തന്റെ യജമാനന്റെ ജീവന്‍ രക്ഷിക്കാനും. ഒരു പക്ഷേ, ഇതുവരെ ഇസ്രയേല്‍ ചരിത്രത്തില്‍ ഏറ്റവും ഭാഗ്യവാനായ കഴുത ബാലാമിന്റെ കഴുതയായിരിക്കും. അമ്മ പലപ്പോഴും ഉപദേശിക്കുമായിരുന്നു. ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കുക. നിന്നേയും ദൈവം ഉയര്‍ത്തും, ഒരു പക്ഷേ, ബാലാമിന്റെ കഴുതയേക്കാളും.
അമ്മ കേട്ടറിഞ്ഞത് ഇതാണ്. എന്നോട് പറഞ്ഞതും. ഞാന്‍ നാളെ ദൈവപുത്രനെ വഹിക്കേണ്ടിയിരിക്കുന്നു. അതും അവിടുത്തെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്. അവിടെവന്ന രണ്ടു മനുഷ്യര്‍ ദൈവപുത്രന്റെ ശിഷ്യരായിരുന്നുവത്രെ!. എന്നെ കൊണ്ടുപോകാന്‍ യജമാനന്റെ അനുവാദം വാങ്ങാന്‍ വന്നവര്‍. അമ്മയുടെ വാക്കുകളില്‍: യജമാനന്‍ ഞെട്ടിപോയത്രെ. സര്‍വവും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവം ഒരു സാധാരണ മനുഷ്യന്റെയടുത്ത് ഒരു കഴുത കുട്ടിക്കുവേണ്ടി യാചിക്കുന്നു. വിനീതനാവുക എന്നത് ദൈവികമാണെന്ന് അമ്മ ഉപദേശിക്കുന്നത് എത്ര അര്‍ഥ സമ്പുഷ്ടം!.
രാത്രിയാകുന്നു. ഉറങ്ങാന്‍ സമയമായി. പക്ഷേ, ഉറക്കം വരുന്നില്ല. തിരിഞ്ഞു അമ്മയെ നോക്കി.അമ്മയും ഉറങ്ങിയിട്ടില്ല. എന്നെത്തന്നെ നോക്കി കിടക്കുന്നു. യജമാനന്റെ വീട്ടിലെ വിളക്കുകളും അണഞ്ഞിട്ടില്ല. എല്ലാവരും സന്തോഷത്തിലാണ്. ദൈവം എന്റെ കുടുംബത്തെ ഓര്‍ത്തുവല്ലോയെന്ന് ചിന്തിക്കുന്നുണ്ടാകും. എന്റെ കുട്ടിയെ ഓര്‍ത്തല്ലോയെന്ന് അമ്മയും. എന്നെ തിരഞ്ഞെടുത്തുവല്ലോ എന്ന് ഞാനും. ഇത് സന്തോഷത്തിന്റെ രാത്രിയാണ്. ദൈവസ്തുതികളുടെ രാത്രി. ഈ രാത്രിയില്‍ ആര്‍ക്ക് ഉറങ്ങാനാകും?
എനിക്ക് തുളളിച്ചാടണമെന്നുണ്ട്. ഒരു കഴുതയുടെ ഗൗരവം എനിക്ക് നഷ്ടപ്പെടുന്നു. ഇപ്പോള്‍ പിറന്നുവീണ ഒരു പശുക്കിടാവായി ഞാന്‍ മാറുന്നു. ആകാശത്തോളം ഉയര്‍ന്നു ചാടാന്‍ മനസ്സു കൊതിക്കുന്നു. പക്ഷേ, ഞാന്‍ വഹിക്കുന്നത് ലോക രക്ഷകനെയാണ്. അവന്റെ രാജകീയ ജറുസലം പ്രവേശനത്തിന്റെ വാഹകനാണ് ഞാന്‍. വഴിനീളെ ഒലിവിലകള്‍കൊണ്ടും വസ്ത്രങ്ങള്‍കൊണ്ടും അലങ്കരിച്ചിരിക്കുന്നു. എത്ര മനോഹരം? അമ്മയുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നു. ഇതൊന്നും നിനക്കുള്ളതല്ല. നീ ആരെ വഹിക്കുന്നുവോ അവനുമാത്രം. അഹങ്കരിക്കരുത്. നിന്റെ തല കുനിഞ്ഞിരിക്കട്ടെ. ഒരിക്കലും അമ്മയുടെ വാക്കുകള്‍ ഞാന്‍ മനസ്സില്‍ നിന്ന് ഉപേക്ഷിച്ചിട്ടില്ല.ഒരു പക്ഷേ, അതായിരിക്കാം എന്നെ രക്ഷകന്റെ വാഹനമായി തിരഞ്ഞെടുത്തത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ ഈ നിമിഷം, ഈ ഒരൊറ്റ നിമിഷം, ഞാനും അഹങ്കരിച്ചുപോകുന്നോ! രക്ഷകനെ ഞാന്‍ വഹിക്കുമ്പോള്‍ അമ്മ മറിയത്തിനും യൗസേപ്പിതാവിനും ഒപ്പം ഞാനും രക്ഷകനെ വഹിച്ചിരിക്കുന്നു. ഇടയന്മാരെപ്പോലെ, ജഞാനികളെപ്പോലെ, വിശുദ്ധരായ ചിലരെങ്കിലും കുഞ്ഞായിരുന്ന യേശുവിനെ വഹിച്ചിരിക്കാം. പക്ഷേ, രക്ഷകനെ അവന്റെ സര്‍വ മഹത്വത്തിലും വഹിക്കുന്നത് ഞാന്‍ മാത്രം. അതും ഭൂമിയില്‍ വിഡ്ഢികള്‍ എന്നറിയപ്പെടുന്ന കഴുതകളില്‍ ഒരാള്‍. നിലപാടുകളാണ് ഒരുവനെ ദൈവത്തിനു പ്രിയങ്കരനാക്കുന്നത്. പ്രലോഭനങ്ങള്‍ക്കോ ഭീഷണികള്‍ക്കോ അപമാനങ്ങള്‍ക്കോ പീഡനങ്ങള്‍ക്കോ തിരുത്താനാകാത്ത നിലപാട്. അത് ദൈവികമാണ്. ദൈവപുത്രന്‍ നമുക്ക് മനസിലാക്കി തരുന്നതും അതുതന്നെയാണ്. ഞാന്‍ തിരിച്ചറിയുന്നു, ഈ ഒലിവിലകളും മരച്ചില്ലകളും വസ്ത്രങ്ങളാല്‍ അലങ്കരിക്കപ്പെട്ട രാജവീഥിയും എനിക്കുംകൂടി അവകാശപ്പെട്ടതാണ്. എന്നെ തിരഞ്ഞെടുത്ത എന്റെ നാഥനൊപ്പം. ഓശാനവിളികള്‍കൊണ്ട് അന്തരീക്ഷം മുഖരിതമാണ്. അത് നാഥനുളളതാണ്; നാഥനുമാത്രം. ജനക്കൂട്ടത്തോടൊത്ത് ഞാനും ഹൃദയത്തില്‍ പാടുന്നു: ഓശാന…!

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>