ഹായ് ഇങ്ങനെ വേണം വാര്‍ത്തയുടെ തലക്കെട്ട്

By on March 28, 2018

ഹായ് ഇങ്ങനെ വേണം വാര്‍ത്തയുടെ തലക്കെട്ട്

വായനക്കാരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ‘കതിരും പതിരും’ എഴുതാറുള്ളത്. കഴിഞ്ഞ മാസം വാര്‍ത്തകളില്‍ കണ്ടതും വായിച്ചതുമാണ് ഇവിടെ പ്രതിപാദിക്കുക.
കയ്പമംഗലത്തു നിന്നു ഒരു വായനക്കാരന്‍ ചൂണ്ടിക്കാട്ടിയ ഒരു കാര്യം ഇതാ: മാര്‍ച്ച് എട്ടിലെ മലയാള മനോരമയില്‍ ഒന്നാം പേജില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു. ‘അഭയ കേസ്: ഫാ. കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണം’. രണ്ടുപേരുടെയും ചിത്രം വച്ച് രണ്ടുകോളം തലക്കെട്ട്. അപ്പോള്‍ ഓര്‍ത്തു; മൂന്നാമത്തെ പ്രതിയായി മാധ്യമങ്ങള്‍ കെട്ടിഘോഷിച്ച ഫാ. ജോസ് പുതൃക്കയിലെവിടെ? അത് വാര്‍ത്തയുടെ ആദ്യഖണ്ഡികയില്‍ തന്നെയുണ്ട്. സാക്ഷിമൊഴികളോ സാഹചര്യത്തെളിവുകളോ ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ കേസില്‍ നിന്നു സിബിഐ കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നു. വായനക്കാരന്റെ ചോദ്യം ഇതാണ്:
ഫാ. പുതൃക്കയിലിനെ കുറ്റവിമുക്തനാക്കിയെന്നതല്ലേ യഥാര്‍ഥത്തില്‍ ആ വാര്‍ത്തയിലെ സുപ്രധാന വിവരം? എന്തുകൊണ്ട് അത് വാര്‍ത്തയുടെ തലക്കെട്ടില്‍ വന്നില്ല? ഇത് നിരുപദ്രവകരമായ ഒരു വീഴ്ചയായി കാണാനാവില്ല. മറ്റൊന്ന്: കുറ്റവിമുക്തനാക്കപ്പെട്ട ഫാ. പുതൃക്കയിലിന്റെ പ്രതികരണവും മനോരമ കൊടുത്തിട്ടുണ്ട്. ഉള്‍പേജിലൊരിടത്ത്, പരസ്യങ്ങളോട് ചേര്‍ന്ന് ആരും ശ്രദ്ധിക്കാത്തവിധത്തില്‍, ഒരു ഒറ്റക്കോളം ബിറ്റ് വാര്‍ത്ത.
മറ്റ് പത്രങ്ങള്‍ ഈ വാര്‍ത്ത എങ്ങനെയാണ് കൈകാര്യം ചെയ്തിരിക്കുന്നതെന്നു നോക്കി. മാതൃഭൂമിയില്‍ തലക്കെട്ട് ഇങ്ങനെ: ‘അഭയകേസ് : ഫാ. പുതൃക്കയിലിനെ ഒഴിവാക്കി. ദീപിക: ‘അഭയകേസ്: ഫാ. പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി’ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്: ‘ഫാ. പുതൃക്കയില്‍ അക്വിറ്റഡ്’ (ഒഴിവാക്കി). ദ് ഹിന്ദു: ‘സിബിഐ കോര്‍ട്ട് അക്വിറ്റ്‌സ് ഫാ. പുതൃക്കയില്‍’.
മിക്കവാറും പത്രങ്ങള്‍ ആ വാര്‍ത്തയിലെ പ്രധാന വിവരമായ ‘കുറ്റവിമുക്തനാക്കി’ യെന്ന കാര്യം തലക്കെട്ടില്‍ കൊണ്ടുവന്നു. ജന്മഭൂമി, കേരളകൗമുദി തുടങ്ങിയ സമുദായ, വര്‍ഗീയ പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല; പ്രസിദ്ധീകരിച്ചവ മനോരമയുടെ ലൈന്‍ തന്നെ സ്വീകരിച്ചു.
2008 ല്‍ അഭയ കേസില്‍ ഫാ. പുതൃക്കയിലിനെയും മറ്റു രണ്ടുപേരെയും സിബിഐ അറസ്റ്റ് ചെയ്തപ്പോള്‍ ആഴ്ചകളോളം തൃശൂര്‍പൂരം പോലെ അത് ആഘോഷിച്ചവരാണ് ഈ പത്രങ്ങളൊക്കെ; ചാനലുകളും. സിബിഐ അവരെ അറസ്റ്റ് ചെയ്തതു തന്നെ മാധ്യമങ്ങളുടെ കയ്യടി നേടാനായിരുന്നുവെന്ന് അന്നേ വ്യക്തമായിരുന്നു.
ചിത്രങ്ങളും വാര്‍ത്തകളും വിശകലനങ്ങളുംകൊണ്ട് നിറഞ്ഞു കവിഞ്ഞ ആ പഴയ പത്രങ്ങള്‍ നമ്മുടെ കയ്യിലുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസ് പോലെയുള്ള വര്‍ഗീയ മാധ്യമങ്ങള്‍ ‘പാപത്തിന്റെ ശമ്പളം’ എന്നു പറഞ്ഞാണ് വാര്‍ത്ത വിളംബരം ചെയ്തത്. കേരള കൗമുദിപോലുള്ളവ, ‘ഇനിയെന്തിന് അന്വേഷണം, മൂന്നുപേരെയും തൂക്കികൊന്നുകൂടേ’യെന്നു പോലും ചോദിക്കാനുള്ള ധാര്‍ഷ്ട്യം കാണിച്ചു.
അന്നവര്‍ തേജോവധം ചെയ്തവരില്‍ ഒരാളെ കുറ്റവിമുക്തനാക്കിയപ്പോള്‍, വേണ്ടത്ര പ്രാധാന്യത്തോടെ അക്കാര്യം വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവരത്തക്കവിധം പ്രസിദ്ധീകരിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം, മാധ്യമ മര്യാദ ഇവരൊന്നും കാണിച്ചില്ല.
അതാണ് പത്രങ്ങളുടെ വാര്‍ത്താ വിന്യാസത്തില്‍ നിരന്തരം പ്രകടമാകുന്ന ഹിഡന്‍ അജന്‍ഡ അല്ലെങ്കില്‍ ഗൂഢപദ്ധതി. ക്രൈസ്തവ സമൂഹത്തെ മുഴുവന്‍ താറടിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പൂര്‍ണമായി മുതലാക്കുക, അവരുടെ നന്മകള്‍ തമസ്‌കരിക്കുക. ഇപ്പോള്‍ മാതൃഭൂമി, ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകളും ചില പത്രങ്ങളും തുടരുന്ന മാധ്യമശൈലിയുടെ പിന്നാമ്പുറം ഇതാണ്.
മറ്റൊന്ന് : കുറ്റവിമുക്തനാക്കപ്പെട്ട ഫാ. പുതൃക്കയില്‍ നടത്തിയ പ്രതികരണം ‘ദീപിക’ പത്രം മാത്രമാണ് വിശദമായി പ്രസിദ്ധീകരിച്ചത്. മറ്റുള്ളവര്‍ ഏതാനും വാചകങ്ങളില്‍ ഒതുക്കി. അദ്ദേഹം പറഞ്ഞ ഒരു കാര്യം പലരും ശ്രദ്ധിച്ചില്ല. അദ്ദേഹം പറഞ്ഞത് ഇതാണ്: ‘നിരപരാധിത്വം കോടതിയെ അറിയിച്ചു. കോടതി അതു അംഗീകരിച്ചു. കേസ് കഴിഞ്ഞാല്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ തുറന്നുകാട്ടും’. ചില പത്രങ്ങള്‍ ഒരു വാക്കുപോലും കൊടുത്തില്ല. പലരുടേയും ഉറക്കം കെടുത്തുന്ന വാക്കുകളായതുകൊണ്ടാവും അവരങ്ങനെ ചെയ്തത്.
അഭയ കേസിലെ യഥാര്‍ഥ കുറ്റവാളികള്‍ മറ്റെവിടെയോ ഉണ്ടെന്ന സാമാന്യ ജനത്തിന്റെ ധാരണ ബലപ്പെടുകയാണ്. കേട്ടുകേള്‍വിയുടെ പേരില്‍ ചിലരെ അറസ്റ്റ് ചെയ്ത് ആഘോഷമാക്കിയ സിബിഐ ഉദ്യോഗസ്ഥരും അവരെ കയ്യടിച്ച് അതിനു പ്രോത്സാഹിപ്പിച്ച ചില മാധ്യമ പ്രവര്‍ത്തകരും കോട്ടയത്തെ ചില പണച്ചാക്കുകളും വമ്പന്‍ സ്രാവുകളും വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമാവുന്ന നാളുകളാണ് വരാന്‍പോവുന്നത്.
കുറ്റാരോപിതര്‍ക്ക് ജാമ്യം അനുവദിച്ചു ഹൈക്കോടതി ജഡ്ജി ഹേമ അന്നു നടത്തിയ നിശിതമായ വിമര്‍ശനം ഇന്നും ജനത്തിന്റെ മനസ്സിലുണ്ട്. ആരുടെയോ തിരക്കഥയനുസരിച്ചാണ് ഈ അറസ്റ്റ്. ഒരു തെളിവും ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് മൂന്നു പേര്‍ക്കും ജാമ്യം അനുവദിക്കുന്നുവെന്നായിരുന്നു ജസ്റ്റിസ് ഹേമയുടെ ഉത്തരവ്.
ജസ്റ്റിസ് ഹേമയ്‌ക്കെതിരെ അന്നു കൊലവിളി നടത്തിയ കോട്ടയത്തെ ചില നാലാംകിട പത്രപ്രവര്‍ത്തകര്‍ക്കുവരെ കേസില്‍ കയ്യുണ്ടെന്നാണ് അന്നുമുതലേ ജനം സംശയിക്കുന്നത്.
ജിലു ജോസഫും
ശ്വേതാ മേനോനും തമ്മിലെന്ത്?
മാധ്യമ ശ്രദ്ധയും അതുവഴി സീരിയല്‍, സിനിമാ ചാന്‍സുകളും തരപ്പെടുത്താന്‍ ശ്രമിക്കുന്ന ചില സ്ത്രീകളുണ്ട് നമ്മുടെ ചുറ്റിലും. അതിനു വേണ്ടി എന്തും ചെയ്യാനും പറയാനും മടിക്കാത്തവരാണിവര്‍. അവരെ ഉപയോഗിച്ച് മാസികകളുടേയും വാരികകളുടേയും സിനിമയുടേയും മറ്റും ജനപ്രീതിയും പ്രചാരവും വര്‍ധിപ്പിക്കാന്‍ തക്കം നോക്കിയിരിക്കുന്ന പത്ര സ്ഥാപനങ്ങളും സംവിധായകരും ഒട്ടേറെയാണ്. അവര്‍ക്ക് പണം മാത്രമാണ് ലക്ഷ്യം. ഇതിനു വേണ്ടി മേല്‍പറഞ്ഞ സ്ത്രീകളെക്കൊണ്ട് എന്തും അവര്‍ ചെയ്യിക്കും. പോത്തിന്റെ മേലിരിക്കുന്ന കാക്കയെപ്പോലെയാണിവര്‍. പോത്തിന്റെ ചൊറിച്ചിലും മാറും കാക്കയുടെ വിശപ്പും മാറും.
ഈയിടെ മാതൃഭൂമി പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മിയുടെ കവറില്‍ മലയാളികള്‍ അധികമൊന്നും കേള്‍ക്കാത്ത ജിലു ജോസഫ് എന്ന യുവതിയുടെ ചിത്രമുണ്ടായിരുന്നു. മാറു തുറന്നിട്ട് കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം. അതിനടുത്ത് ഇങ്ങനെ ഒരു അവകാശ വാക്യം: ‘കേരളത്തിലെ അമ്മമാര്‍ പറയുന്നു: തുറിച്ചു നോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം’. ഇതു വായിച്ചാല്‍ തോന്നും മുലയൂട്ടല്‍ ഏതോ പുതിയ കാര്യമാണെന്നും മലയാളികള്‍ ഓടി നടന്ന് അതു ഒളിഞ്ഞു നോക്കിക്കൊണ്ടിരിക്കുകയാണെന്നും!
എന്നാല്‍, മാതൃത്വത്തിന്റെ മഹനീയതയും ഒരമ്മ കുഞ്ഞിനെ മുലയൂട്ടുന്നതിന്റേയും പവിത്രത അറിയുന്ന കേരളത്തിലെ നിരവധി സ്ത്രീകളും പൊതു സമൂഹവും, മാതൃഭൂമിയും അവരുടെ ‘വനിതാ മാസിക’ യെന്ന് വീമ്പടിക്കുന്ന ഗൃഹലക്ഷ്മിയും കച്ചവടക്കണ്ണോടെ നടത്തിയ നികൃഷ്ടമായ മാധ്യമ പ്രവൃത്തിയെ നിശിതമായി വിമര്‍ശിച്ചു. രക്തം നല്‍കി ജീവന്‍കൊടുത്തു ജീവിതത്തിലേക്ക് കൊണ്ടുവന്ന തന്റെ പൊന്നോമനയ്ക്ക് തുടര്‍ന്നും തന്റെ ജീവന്‍ പകര്‍ന്നു നല്‍കുന്ന ദൈവികമായ കര്‍മമാണ് മുലയൂട്ടല്‍. ഇതിനെപ്പോലും കച്ചവടവല്‍ക്കരിച്ച ആ പത്രത്തിന്റെ ധാര്‍മികതയെപ്പറ്റിയെന്തു പറയാന്‍?
ജിലു ജോസഫ് എന്ന സ്ത്രീ ഈ രംഗത്ത് ഒറ്റപ്പെട്ട സംഭവമല്ല. കേട്ടിട്ടില്ലേ, ഒരു ശ്വേത മേനോനെപ്പറ്റി? സിനിമാ സംവിധായകന്റേയും ക്യാമറമാന്റേയും സഹായികളുടേയും മുന്നില്‍ കിടന്നു പ്രസവിച്ചു കാണിച്ച മഹിളാ രത്‌നമാണവര്‍. ‘കളിമണ്ണ്’ എന്ന സിനിമയ്ക്കുവേണ്ടി സംവിധായകന്‍ ബ്ലസിയാണ് അതു ചെയ്യിച്ചത്. പ്രസവം കാണാന്‍ പ്രേക്ഷകര്‍ തിയറ്ററുകളില്‍ തിക്കിതിരക്കുമെന്ന കണക്കുകൂട്ടല്‍ മലയാളി സമൂഹം പക്ഷേ, തെറ്റിച്ചു; ഏഴു നിലയില്‍ സിനിമ പൊട്ടുകയും ചെയ്തു. പൂരപ്പറമ്പില്‍ ടിക്കറ്റുവച്ച് അടുത്ത പ്രസവം നടത്തണമെന്നായിരുന്നു അക്കാലത്ത് സാമൂഹിക മാധ്യമങ്ങളിലെ ആവശ്യം.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>