ഹാ! കേരളം, മറവിക്കാരുടെ സ്വന്തം നാട്!

By on March 28, 2018

ഹാ! കേരളം, മറവിക്കാരുടെ സ്വന്തം നാട്!

മാധ്യമങ്ങളില്‍ പോയമാസം കണ്ടതും വായിച്ചതും

പരശുരാമന്‍ മഴുവെറിഞ്ഞു കടലില്‍ നിന്നു മണ്ണുകോരിയെടുത്തുണ്ടാക്കിയതാണ് കേരളം എന്നാണ് വയ്പ്. അന്നു മുതലേ തമ്മില്‍ പലരും വിചാരിച്ചിരുന്നത് ഷുഗര്‍, പ്രഷര്‍, ഹാര്‍ട്ട് അറ്റാക്ക് തുടങ്ങിയവ ‘വലിയ’ കുടുംബക്കാര്‍ക്കും സമ്പന്നന്മാര്‍ക്കും നാട്ടിലെ പ്രമാണിമാര്‍ക്കുമായി സംവരണം ചെയ്തു വച്ചിരുന്ന മുന്തിയ ഇനം അസുഖങ്ങളാണെന്നാണ്.
എന്നാല്‍ സമീപ കാലത്താണ് ഹൃദയമുള്ളവര്‍ക്കൊക്കെ വരാവുന്ന പ്രശ്‌നമാണ് ഹൃദയ സ്തംഭനമെന്നും അതിനു സായ്പ് നല്‍കിയ പേരാണ് ‘ഹാര്‍ട്ട് അറ്റാക്ക്’ എന്നും നാം മനസ്സിലാക്കാന്‍ തുടങ്ങിയത്. അതുപോലെത്തന്നെയാണ് ഷുഗര്‍ എന്നാല്‍ പ്രമേഹമാണെന്നും പ്രഷര്‍ എന്നാല്‍ രക്തസമ്മര്‍ദ്ദമാണെന്നും നാം തിരിച്ചറിഞ്ഞത്. വിദ്യാഭ്യാസവും വിവരവും വര്‍ധിച്ചപ്പോഴുണ്ടായ ഗുണങ്ങളിലൊന്നാണ് ഇതൊക്കെ.
ഇത്തരം രോഗങ്ങളില്‍ വേന്ദ്രനാണ് അല്‍ഷിമേഴ്‌സ് എന്ന മറവി രോഗം. മനുഷ്യന്റെ ഓര്‍മ ക്ഷയിച്ചുക്ഷയിച്ചു വരുന്നതാണ് അല്‍ഷിമേഴ്‌സിന്റെ കുഴപ്പം. അപ്പനെക്കണ്ടാല്‍ ‘ഔസേപ്പുചേട്ടാ’ എന്നു വിളിക്കുന്നത് കള്ളുകുടിച്ചതുകൊണ്ടോ മര്യാദകേടുകൊണ്ടോ മാത്രമാകണമെന്നില്ലെന്ന് ഈ രോഗം നമ്മെ പറഞ്ഞുമനസ്സിലാക്കി. അപ്പനെയല്ല, സ്വന്തം ഭാര്യയെയോ മക്കളെയോ പോലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ് മറവി രോഗത്തിന്റേത്.
എന്നാല്‍ ഇക്കഴിഞ്ഞ ദിവസം പത്രങ്ങളില്‍ കണ്ട വാര്‍ത്ത ഏതു മറവി രോഗിക്കുപോലും പെട്ടെന്ന് മറക്കാനാവില്ല. വാര്‍ത്ത ഇതാണ്:
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മറവിക്കാര്‍ ജീവിക്കുന്ന നഗരം ബെംഗളൂരുവാണ്. രണ്ടാം സ്ഥാനം ന്യൂഡല്‍ഹി, മൂന്നാമത് ഹൈദരാബാദ്. ആ പട്ടികയില്‍ കൊച്ചിയുമുണ്ട് 11-ാം സ്ഥാനത്ത്. ഏഷ്യ-പസിഫിക് മേഖലയിലെ രാജ്യങ്ങളില്‍ ഇന്ത്യയാണ് മറവിക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത്. കൊച്ചി 11-ാം സ്ഥാനത്താണെന്നു പറയുമ്പോള്‍, കൊച്ചിയില്‍ വന്നുപോകുന്നവര്‍ എല്ലാ ജില്ലക്കാരുമായതിനാല്‍ ആ ബഹുമതിക്ക് കേരളത്തിലെ മൊത്തം ജനങ്ങള്‍ക്കും അവകാശമുണ്ട്. ഇതു നമ്മെ രോമാഞ്ചം കൊള്ളിക്കേണ്ടതാണ്. കൊച്ചിയിലെത്തുന്നവര്‍ ഓട്ടോറിക്ഷയിലും ബസിലും ട്രെയിനിലും പൊതുസ്ഥലങ്ങളിലും മറന്നു വയ്ക്കുന്ന സാധനങ്ങളില്‍ മൊബൈല്‍ ഫോണ്‍ മുതല്‍ ബാഗ്, കുട, താക്കോല്‍ എന്നിവ വരെയുണ്ട്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണത്രെ ഏറ്റവുമധികം ആളുകള്‍ സാധനങ്ങള്‍ മറന്നുവയ്ക്കുന്നത്… ഇതാണ് വാര്‍ത്തയുടെ രത്‌നച്ചുരുക്കം.
ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചുകേരളത്തിന് പൂരത്തിന്റെ നാട്, സാക്ഷരതയുടെ നാട്, കായലുകളുടെ നാട്, മദ്യപന്മാരുടെ നാട്, രാഷ്ട്രീയ അക്രമങ്ങളുടെ നാട് തുടങ്ങിയ ബഹുമുഖ വിശേഷണങ്ങള്‍ പണ്ടേ ചാര്‍ത്തി കിട്ടിയിട്ടുള്ള കാര്യം മറക്കുന്നില്ല. എന്നാല്‍ മറവിക്കാരുടെ നാട് എന്ന ഏറ്റവും പുതിയ നെറ്റിപ്പട്ടം പുതിയതാണ്.
മറവി അത്ര മോശപ്പെട്ട കാര്യമെന്ന് ഇതിനര്‍ഥമില്ല; പ്രത്യേകിച്ച്, ജനാധിപത്യത്തില്‍. ജനപ്രതിനിധികള്‍ തിരഞ്ഞെടുപ്പുകാലത്ത് നമുക്ക് വച്ചുനീട്ടുന്ന വാഗ്ദാനങ്ങള്‍ വിശ്വസിച്ചാണെല്ലോ, നമ്മള്‍ അവര്‍ക്ക് വോട്ടു ചെയ്യുന്നതും ജയിപ്പിക്കുന്നതും. ജയിച്ചുകഴിഞ്ഞാല്‍ ആ വാഗ്ദാനങ്ങള്‍ നേതാക്കള്‍ എത്ര പെട്ടെന്നാണ് മറക്കുന്നത്! അവരെ വിശ്വസിച്ചു അവര്‍ക്കു വോട്ടു ചെയ്ത നമ്മള്‍ പോലും അതൊക്കെ മറക്കുന്നു. ഉദാഹരണത്തിന്, പിണറായി സഖാവിന്റെ പാര്‍ട്ടി 10 ലക്ഷം പേര്‍ക്ക് അഞ്ചുകൊല്ലംകൊണ്ട് തൊഴില്‍ നല്‍കുമെന്ന് പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന കാര്യം ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? നേതാക്കള്‍ ഓര്‍ക്കുന്നില്ല; നമ്മളും. ഇതാണ് മറവി ഒരു അനുഗ്രഹമാണെന്നു പറയുന്നത്.
മറ്റൊന്നു നോക്കുക: ജയിച്ചു കഴിഞ്ഞാല്‍ കേരളത്തില്‍ പുതിയ ബാറുകള്‍ തുറക്കില്ലെന്നും ഘട്ടംഘട്ടമായി മദ്യ നിരോധനം കൊണ്ടുവരുമെന്നും എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. യുഡിഎഫിന്റെ മദ്യനയം പൊളിച്ചടക്കില്ലെന്ന് വിപ്ലവപാര്‍ട്ടിയുടെ സമാരാധ്യ നേതാവ് സീതാം യെച്ചൂരിയും തിരഞ്ഞെടുപ്പുകാലത്ത് പറഞ്ഞു. അക്കാര്യങ്ങളൊക്കെ മൂന്നുകൊല്ലം അധികാരത്തിലിരുന്നപ്പോഴേക്കും സഖാക്കള്‍ മറന്നില്ലേ? മാന്യന്മാരും മര്യാദക്കാരുമായ നമ്മളും മറന്നില്ലേ? എല്‍ഡിഎഫ് ഇപ്പോള്‍ പഞ്ചായത്തു തോറും ബാറുകളും മദ്യക്കച്ചവടശാലകളും കള്ളുഷാപ്പുകളും ഓടിനടന്ന് തുറക്കുന്നത് കണ്ടിട്ടും, അവര്‍ നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? ജയിച്ചുകഴിഞ്ഞാല്‍ സ്വന്തം മണ്ഡലമേതെന്നു പോലും ജനപ്രതിനിധികള്‍ മറന്നു പോകുന്നു.
നമ്മുടെ പ്രധാന്‍ മന്ത്രിജി അധികാരത്തിലേറിയപ്പോള്‍ എന്താണ് പറഞ്ഞത്? ‘അച്ചേ ദിന്‍ ആ ഗയാ’! നല്ല ദിനങ്ങള്‍ വന്നുകഴിഞ്ഞു. വന്നോ? വന്നത് മോദിജിയുടെ പാര്‍ട്ടിക്കും സംഘപരിവാരങ്ങള്‍ക്കും ലളിത് മോദി, വിജയമല്യ, നീരവ് മോദി തുടങ്ങിയ ബാങ്ക് തട്ടിപ്പുകാര്‍ക്കും മറ്റ് കള്ളപ്പണക്കാര്‍ക്കും കുത്തക മുതലാളിമാര്‍ക്കുമല്ലേ? എന്നിട്ടും അദ്ദേഹം പറഞ്ഞ അച്ചേ ദിന്‍ വന്നില്ലല്ലോയെന്ന് ആരെങ്കിലും ഓര്‍ത്തോ?
ഇങ്ങനെ മറവിയുള്ള ജനങ്ങളായതുകൊണ്ടാണ് ഈ നേതാക്കളൊക്കെ പിന്നെയും പിന്നെയും നമ്മുടെ പടികടന്ന് വോട്ട് ചോദിക്കാന്‍ വരുന്നതും പുതിയ പുതിയ വാഗ്ദാനങ്ങള്‍ തരുന്നതും.
തിരഞ്ഞെടുപ്പുകാലത്ത് മോദിജി പറഞ്ഞ ഈ കാര്യമെങ്കിലും നാം മറക്കാന്‍ പാടില്ലാത്തതായിരുന്നു: മോദിജി പറഞ്ഞതിതാണ്: എല്ലാ കള്ളപ്പണക്കാരെയും വിദേശത്ത് പണം കുന്നുകൂട്ടിയ എല്ലാ വമ്പന്മാരെയും പിടികൂടി അവരുടെ പണമൊക്കെ ഇന്ത്യയിലെ ഓരോ പൗരന്റെയും പേരില്‍ 15 ലക്ഷം വീതം ബാങ്കില്‍ നിക്ഷേപിക്കും. ഇതൊക്കെ കേട്ട് മതിമറന്ന പാവം ജനം മോദിജിയുടെ പാര്‍ട്ടിയെ ജയിപ്പിച്ചു. എന്നിട്ട് എന്തുണ്ടായി? അഞ്ചു പൈസ പോലും നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ വന്നില്ല. എന്നു മാത്രമല്ല, നോട്ടു നിരോധനം വഴി നമ്മുടെ കയ്യിലുണ്ടായിരുന്ന പണമൊക്കെ മോദിജിയും കൂട്ടരും കൊണ്ടുപോവുകയും ചെയ്തു. നമ്മുടെ ചെറുനിക്ഷേപങ്ങള്‍ ബാങ്കുകളില്‍ നിന്നു പിന്‍വലിക്കാന്‍ വേണ്ടി നാം ഏറ്റ വെയിലും മഴയും മഞ്ഞും എത്രയായിരുന്നു? ക്യൂവില്‍ നിന്നു തളര്‍ന്നു വീണു മരിച്ചത് 123 പേരാണ്. ആ സമയത്ത് സ്റ്റേറ്റു ബാങ്കില്‍ നിന്നും പഞ്ചാബ് ബാങ്കില്‍ നിന്നും മറ്റും പതിനായിരക്കണക്കിന് രൂപ നീരവ് മോദിമാരും വിജയ്മല്യമാരും അടിച്ചു മാറ്റുകയായിരുന്നു.
ഇതൊക്കെ ഇന്ന് ആര് ഓര്‍ക്കുന്നു? അതാണ് പറഞ്ഞത്, ജനാധിപത്യം അങ്ങനെയാണ്. പെട്ടെന്ന് ജനങ്ങള്‍ എല്ലാം മറക്കും. ജനത്തിന് ഇടക്കിടെ വാഗ്ദാനങ്ങളേ വേണ്ടൂ; അവ നടത്തിക്കിട്ടണമെന്നില്ല.
അതുകൊണ്ട് ഇനിയും നമ്മള്‍ ഇവരെയൊക്കെ വിജയിപ്പിക്കും. മറവിതന്‍ മാറാപ്പ് ചുമലിലേറ്റി പോളിംഗ് ബൂത്തുകള്‍ക്കു മുന്നില്‍ ഇനിയും നമുക്ക് ക്യൂ നില്‍ക്കാം. നേതാക്കളുടെ മുപ്പത്തിരണ്ടു പല്ലിന്റെ വെണ്മ കാണുമ്പോള്‍ നാം കൈകൂപ്പിപോകുന്നു; പ്രതികരിക്കാന്‍ മറന്നു പോകുന്നു.
നേതാക്കളുടെ കപടവാഗ്ദാനങ്ങളുടെ പെരുമഴ പെയ്ത്തില്‍ നമ്മെത്തന്നെ നാം മറന്നുപോകുന്നു. മറവിയേവ ജയതേ!!.

 

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>