ടൈബര്‍’നദി രക്തക്കടലായ രണ്ടാം നൂറ്റാണ്ട്

By on March 28, 2018
catacomb

ടൈബര്‍’നദി രക്തക്കടലായ രണ്ടാം നൂറ്റാണ്ട്

ജോസ് തളിയത്ത്

നീറോ ചക്രവര്‍ത്തിയുടെ ഭരണകാലത്തെ കിരാതമായ മതപീഡനം എഡി 68 ല്‍ അദ്ദേഹത്തിന്റെ മരണത്തോടെ താല്‍ക്കാലികമായി ശമിച്ചെങ്കിലും ക്രൈസ്തവര്‍ റോമ സാമ്രാജ്യത്തില്‍ നോട്ടപ്പുള്ളികളായി മാറിക്കഴിഞ്ഞിരുന്നു. എന്നാല്‍ രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ വീണ്ടും ക്രൈസ്തവര്‍ക്കെതിരായ നീക്കം ജനകീയ മുന്നേറ്റമാകുന്നതാണ് നാം കാണുന്നത്. ക്രൈസ്തവരെ ഒറ്റയ്ക്കും കൂട്ടമായും വളഞ്ഞു കല്ലെറിയുക, മര്‍ദ്ദിക്കുക, അവരുടെ വസ്തുവകകള്‍ കവര്‍ച്ച ചെയ്യുക തുടങ്ങിയ മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ അക്കാലഘട്ടത്തില്‍ സര്‍വസാധാരണമായി.
ഇക്കാലത്താണ് ക്രൈസ്തവരെ വന്യമൃഗങ്ങള്‍ക്ക് ഇരയായി ഇട്ടുകൊടുക്കുന്ന ഭീകരമായ മര്‍ദ്ദനമുറയുടെ ആരംഭം. ലിയോണ്‍ പട്ടണത്തില്‍ ക്രൈസ്തവരെ കൂട്ടക്കുരുതി ചെയ്ത സംഭവത്തിനു ശേഷമാണ് റോമന്‍ ഉദ്യോഗസ്ഥരുടെ ഉത്തരവുപ്രകാരം ക്രൈസ്തവര്‍ക്കു നേരെ കിരാതമായ ഈ പീഡന രീതി തുടങ്ങിവച്ചതെന്ന് വിശുദ്ധ ഐറേനിയസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടുവരെ അവിടെയുമിവിടെയും അരങ്ങേറിയിരുന്ന പീഡനങ്ങള്‍ ആ നൂറ്റാണ്ടിന്റെ മധ്യമായപ്പോള്‍ വീണ്ടും സാമ്രാജ്യ വ്യാപകമായ സംഘടിതാക്രമണങ്ങളായി മാറുകയായിരുന്നു. ചക്രവര്‍ത്തിയായി സ്ഥാനമേറ്റ മാക്‌സിമിനസ് ത്രാക്‌സാണ് നീറോയുടെ പാത പിന്തുര്‍ന്ന് വീണ്ടും ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്. ഇക്കാലത്ത് സാധാരണ വിശ്വാസികളേക്കാള്‍ അവരുടെ നേതാക്കളെയും അവര്‍ക്ക് വൈദിക ശുശ്രൂഷ ചെയ്യുന്നവരെയുമാണ് കൂടുതലും ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍ മൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തോടെ സിംഹാസനാരൂഢനായ ദേച്ചിയൂസ് ചക്രവര്‍ത്തി, ഈ വേര്‍തിരിവുകളില്ലാതെയുള്ള പീഡനത്തിന് നേതൃത്വം നല്‍കി. അദ്ദേഹം ഒരു ഉത്തരവിറക്കി. പരസ്യമായി മൃഗബലി നടത്തുകയും ചക്രവര്‍ത്തിയോട് കൂറു പ്രഖ്യാപിക്കുകയും ചെയ്യുന്നവരെ പീഡനങ്ങളില്‍ നിന്ന് ഒഴിവാക്കും. ഉത്തരവ് നടപ്പാക്കാന്‍ ദേച്ചിയൂസ് നഗരങ്ങളിലും ഗ്രാമങ്ങളിലും ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഉത്തരവ് അനുസരിക്കുന്നവര്‍ക്ക് അപ്പോള്‍ തന്നെ രേഖാമൂലമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയായിരുന്നു ലക്ഷ്യം. റോമന്‍ ദേവന്മാര്‍ക്കും ദേവതമാര്‍ക്കും ആരാധന നടത്തണമെന്നതുള്‍പ്പെടെയുള്ള ദേച്ചിയൂസിന്റെ കല്‍പ്പന ക്രൈസ്തവര്‍ അനുസരിച്ചില്ല. സത്യ ദൈവത്തെ മാത്രമേ തങ്ങള്‍ ആരാധിക്കൂവെന്ന് അവര്‍ ധീരതയോടെ പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്ന് വ്യാപകമായ അറസ്റ്റും ജയില്‍ വാസവും മര്‍ദ്ദനവും വധശിക്ഷയും റോമിലെങ്ങും പതിവായി. നിരവധി ക്രൈസ്തവര്‍ ഉള്‍നാടുകളിലേക്കും വനപ്രദേശങ്ങളിലേക്കും പലായനം ചെയ്തു. മതപീഡന കാലത്ത് വിശ്വാസത്തെ പ്രതി തങ്ങള്‍ മരിക്കാന്‍ സന്നദ്ധരാണെന്നും വധശിക്ഷ നല്‍കണമെന്നും അഭ്യര്‍ഥിച്ചു പല ക്രൈസ്തവരും ഉദ്യോഗസ്ഥരെ സമീപിച്ച ചരിത്രമുണ്ട്.
ഡയോക്ലീഷ്യന്റെ രക്തവാള്‍
മൂന്നാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലും നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിലും റോമാ സാമ്രാജ്യം ഭരിച്ച ഡയോക്ലീഷ്യന്‍, ഗലേറിയൂസ് ചക്രവര്‍ത്തിമാരുടെ കാലത്ത്, മതമര്‍ദ്ദനം അതിന്റെ മൂര്‍ധന്യത്തില്‍ എത്തി. ഇവരുടെ ഭരണകാലത്തുണ്ടായ മതമര്‍ദ്ദനത്തെ റോമാ സാമ്രാജ്യത്തിലെ ഏറ്റവും വലിയ പീഡനമായാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തി ക്രൈസ്തവ ആചാരങ്ങള്‍ക്കും ആരാധനകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. വൈദികരെ തടവിലാക്കി. എല്ലാ ക്രൈസ്തവരും റോമന്‍ ദേവന്മാരെ ആരാധിക്കണമെന്നും അല്ലാത്ത പക്ഷം വധശിക്ഷ നേരിടണമെന്നും ആജ്ഞാപിച്ചു. എന്നാല്‍ ക്രൈസ്തവര്‍ ഡയോക്ലീഷ്യന്റെ കല്‍പന അവഗണിച്ചു. തുടര്‍ന്നുണ്ടായ കൊടിയ മര്‍ദ്ദനത്തിന്റെ ആ നാളുകൡ 20,000 ത്തിലേറെ ക്രൈസ്തവര്‍ വിവിധ രീതികളില്‍ വധിക്കപ്പെട്ടു. ശിരച്ഛേദം നടത്തിയും അമ്പെയ്തും എണ്ണയിലിട്ട് തിളപ്പിച്ചും തീ കൊളുത്തിയും വന്യമൃഗങ്ങള്‍ക്ക് ഇരകളാക്കിയുമായിരുന്നു വധശിക്ഷ നടപ്പാക്കിയിരുന്നത്.
ഇക്കാലത്താണ് ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ സൈന്യാധിപന്മാരിലൊരാളായിരുന്ന സെബസ്ത്യാനോസിന്റെ രക്തസാക്ഷിത്വം. സമ്മാനങ്ങളും പ്രലോഭനങ്ങളും വഴി സെബസ്ത്യാനോസിനെ തന്റെ നിലപാടുകളിലേക്ക് ആകര്‍ഷിക്കാന്‍ ഡയോക്ലീഷ്യന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നു അമ്പെയ്ത് വധിക്കാനുള്ള ഉത്തരവിറങ്ങി.
സൈന്യാധിപനായിരുന്ന സെബസ്ത്യാനോസിന്റെ രക്തസാക്ഷിത്വം വിശ്വാസി സമൂഹത്തെ ആവേശഭരിതമാക്കി. ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തി തനിക്കെതിരെ റോമന്‍ പൗരന്മാര്‍ക്കിടയില്‍ ഉയര്‍ന്ന വിമതസ്വരം അടിച്ചമര്‍ത്താന്‍ കൂടുതല്‍ കര്‍ശന നടപടികളെടുത്തു.
ഡയോക്ലീഷ്യനു ശേഷം അധികാരത്തിലേറിയ ഗലേറിയൂസ് ചക്രവര്‍ത്തിയും മതമര്‍ദ്ദന നയം പിന്തുടര്‍ന്നു. റോമിന്റെ ഭരണസാരഥ്യം കോണ്‍സ്റ്റന്റൈന്‍ ഒന്നാമന്‍ ചക്രവര്‍ത്തി പിടിച്ചെടുത്ത എഡി 313 ലാണ് റോമിലെ മതപീഡനത്തിലെ ഏറ്റവും ഭീകരമായ കാലഘട്ടം അവസാനിക്കുന്നത്.
നാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തെയഡോഷ്യസ് ഒന്നാമന്‍ ചക്രവര്‍ത്തി അധികാരത്തിലേറി. അദ്ദേഹം ക്രൈസ്തവ മതത്തെ റോമിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു.
കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണ് ക്രൈസ്തവ മതത്തിന് ഔദ്യോഗിക മതത്തിന്റെ പരിവേഷം നല്‍കാന്‍ ശക്തമായ നടപടി തുടങ്ങിയത്. കോണ്‍സ്റ്റന്റൈനും തെയഡോഷ്യസ് ഒന്നാമനും മധ്യെ കുറച്ചുകാലം റോമാ ഭരിച്ച ജൂലിയന്‍ രണ്ടാമന്‍ റോമിലെ പരമ്പരാഗത മതത്തെ പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും വിജയി
ച്ചില്ല.
റോമാ സാമ്രാജ്യത്തില്‍ വിവിധ ചക്രവര്‍ത്തിമാരുടെ കാലഘട്ടങ്ങളില്‍ രക്തസാക്ഷികളായവരുടെ കൃത്യമായ കണക്കില്ല. റോമാ നഗരത്തിലൂടെ ഒഴുകുന്ന ടൈബര്‍ നദി രക്തക്കടലായ ആ ഇരുണ്ട കാലഘട്ടത്തിന്റെ മൂകസാക്ഷികളായി ഇന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ചരിത്ര ശേഷിപ്പുകള്‍ നിലകൊള്ളുന്നു. ആ കാലഘട്ടത്തിലെ അക്കഥകളൊക്കെ അവ പൊള്ളുന്ന നൊമ്പരങ്ങളായി മനസില്‍ സൂക്ഷിക്കുന്നുണ്ടാവണം.
രക്തസാക്ഷികളുടെ നിണമൊഴുകിയ ആ മണ്ണിന്റെ ഭൂഗര്‍ഭ ഗുഹകളില്‍ ‘കാറ്റകോംപ്‌സ്’ എന്ന ഒളിത്താവളങ്ങളില്‍ എരിഞ്ഞടങ്ങിയവരുടെ എണ്ണവും ലഭ്യമല്ല. എങ്കിലും 10,000 മുതല്‍ ഒരു ലക്ഷം വരെ ക്രൈസ്തവരാണ് വിവിധ കാലഘട്ടങ്ങളില്‍ റോമില്‍ രക്തസാക്ഷികളായതെന്ന് ‘ന്യൂ കാത്തലിക് എന്‍സൈക്ലോപീഡിയ’ രേഖപ്പെടുത്തുന്നു.
റോമില്‍ തുടങ്ങിവച്ച ക്രൈസ്തവ വേട്ട, തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ പേര്‍ഷ്യയിലും ഉത്തര ആഫ്രിക്കന്‍ രാജ്യങ്ങളിലും മധ്യപൂര്‍വ നാടുകളിലും വരാനിരിക്കുന്ന ആക്രമണ പരമ്പരകളുടെ തിരനോട്ടം മാത്രമായിരുന്നു.
നിണമണിഞ്ഞ നൂറ്റാണ്ടുകളിലൂടെയുള്ള നമ്മുടെ യാത്ര അടുത്ത ലക്കത്തില്‍ :
പേര്‍ഷ്യന്‍ സാമ്രാജ്യത്തിലേക്ക്‌

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>