ഒത്തൊരുമയുടെ ആറരപതിറ്റാണ്ട്

By on March 28, 2018
kottanellooor

ഒത്തൊരുമയുടെ ആറരപതിറ്റാണ്ട്

കൊറ്റനെല്ലൂര്‍ ഫാത്തിമ മാതാ ദൈവാലയം

ലളിതമായ തുടക്കം, പിന്നീട് ക്രമാനുഗതമായ വളര്‍ച്ച. ഇതിനു നേതൃത്വം കൊടുത്തത് ക്രൈസ്തവ വിശ്വാസത്തിലധിഷ്ഠിതമായ ഒരു കൊച്ചു സമൂഹം. അവര്‍ തങ്ങളുടെ ഗ്രാമത്തില്‍ ദൈവത്തിന് ഒരു ആരാധനാലയം വേണമെന്ന് തീരുമാനിച്ചപ്പോള്‍, കാലവും സമയവും അതിനു പ്രതിബന്ധമായില്ല. അതാണ് കൊറ്റനെല്ലൂര്‍ ഫാത്തിമ മാതാ ഇടവകയുടെ വളര്‍ച്ചയുടെ കഥ.
പുരാതനമായ വെളയനാട് ഇടവകയുടെ ഭാഗമായിരുന്ന കൊറ്റനെല്ലൂരില്‍ പള്ളിവേണമെന്ന ആവശ്യം 1950 ലാണ് ശക്തിയാര്‍ജിച്ചത്. നാട്ടുകാരായ ജോര്‍ജ് തൈവളപ്പില്‍, ജേക്കബ് വേഴപ്പറമ്പില്‍ എന്നീ വന്ദ്യവൈദികരുടെ സാന്നിധ്യത്തില്‍ ഇടപ്പിള്ളി അന്തോണി മാത്തു, തൈവളപ്പില്‍ കുഞ്ഞുവറീത് ലോനായി, ചെരടായി ഔസേപ്പ് തോമന്‍, കൊടിയന്‍ കുഞ്ഞുവര്‍ക്കി കുഞ്ഞുവറീത് എന്നിവരടങ്ങുന്ന കമ്മിറ്റി രൂപം കൊണ്ടു. അവരുടെ നേതൃത്വത്തില്‍ ഇടപ്പിള്ളി അന്തോണി കുഞ്ഞുവറീത് എന്നിവരില്‍ നിന്നു വാങ്ങിയ സ്ഥലത്ത് 1951 ഒക്‌ടോബര്‍ 24 നു തൃശൂര്‍ രൂപത ചാന്‍സലര്‍ മോണ്‍. സെബാസ്റ്റ്യന്‍ ചിറയത്ത് പള്ളിക്ക് തറക്കല്ലിട്ടു. ഫാ. പോള്‍ അമ്പൂക്കന്‍ (സീനിയര്‍) ആയിരുന്നു അന്നു വികാരി. പിന്നീടു വന്ന ഫാ. അന്തപ്പന്‍ വലിയവീട്ടില്‍ ദൈവാലയ നിര്‍മാണത്തിനു വേണ്ടി പരിശ്രമിച്ചു. ഫാ. ജോസഫ് ചിറ്റിലപ്പിള്ളിയുടെ കാലത്ത് നിര്‍മാണം പൂര്‍ത്തിയായി. 1957 മേയ് 16 ന് മാര്‍ ജോര്‍ജ് ആലപ്പാട്ട് വെഞ്ചിരിപ്പു കര്‍മം നടത്തി. 1965 ഓഗസ്റ്റ് 15 ന് ഫാ. ജോര്‍ജ് ചിറമ്മല്‍ വികാരിയായിരിക്കെ ഇടവക പള്ളിയായി ഉയര്‍ത്തപ്പെട്ടു.
പിടിയരി, നെല്ല്, നാളികേരം എന്നിവയുടെ പിരിവ് വര്‍ധിപ്പിച്ചു വൈദിക മന്ദിരം നിര്‍മിച്ചു. 1967 ല്‍ ഫാ. ജോസ് കാനംകുടം ഇടവകയുടെ പ്രഥമ സ്ഥിരം വികാരിയായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കുടുംബ സഹായ നിധി സംഘടന, പള്ളിയുടെ മണിമാളിക, പള്ളി അങ്കണത്തിലെ സ്റ്റേജ് തുടങ്ങിയവ യാഥാര്‍ഥ്യമായി. ഫാ. ആന്റണി പുതുശേരി, ഫാ. ജോസ് എ. ചിറ്റിലപ്പിള്ളി, റവ. ഡോ. പോളി കണ്ണൂക്കാടന്‍ (സീനിയര്‍) എന്നിവര്‍ ഇക്കാലത്ത് ഇടവകയുടെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.
പുതിയ ദൈവാലയം
സജീവമായ വിശ്വാസ ജീവിതത്തിന്റെ പാതയിലൂടെ നടന്നുകയറിയ കൊറ്റനെല്ലൂര്‍ ഇടവകയുടെ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായിരുന്നു 2008 സെപ്റ്റംബര്‍ എട്ടിനു നിലവില്‍ വന്ന ഇടവക കാര്യാലയം. ഒരു വര്‍ഷം കഴിഞ്ഞ് 2009 ഒക്‌ടോബര്‍ നാലിന് മാര്‍ ജയിംസ് പഴയാറ്റില്‍ പിതാവ് പുതിയ ദൈവാലയം കൂദാശ ചെയ്തു. ഫാ. വര്‍ഗീസ് അരിക്കാട്ട് (ജൂനിയര്‍) ആണ് ദൈവാലയ നിര്‍മാണത്തിനും കാര്യാലയ നിര്‍മാണത്തിനും നേതൃത്വം നല്‍കിയത്.
സ്ഥാപനങ്ങള്‍
വെളയനാട് പള്ളി വികാരിമാരുടെ മേല്‍നോട്ടത്തില്‍ 1925 ല്‍ ആരംഭിച്ച ഇവിടത്തെ പ്രൈമറി വിദ്യാലയം 102 വര്‍ഷം പിന്നിട്ടു കഴിഞ്ഞു.
1981 ല്‍ സ്ഥാപിക്കപ്പെട്ട സിഎംസി കോണ്‍വെന്റ,് 1983 ല്‍ രൂപം കൊണ്ട നഴ്‌സറി വിദ്യാലയം, രൂപത സോഷ്യല്‍ ആക്ഷന്റെ നേതൃത്വത്തിലുള്ള ആശാനിലയം, കൃപാഭവന്‍, പ്രകൃതി തുടങ്ങിയ ഈ ഇടവകയുടെ ആത്മീയ, വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. ആറര പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു കൊറ്റനെല്ലൂര്‍ ഇടവക. വിശ്വാസത്തിന്റെ സാര്‍ഥകമായ ഈ തീര്‍ത്ഥയാത്രയില്‍ അനുസ്മരിക്കപ്പെടേണ്ടï വ്യക്തികളും സംഭവങ്ങളും നിരവധി. ആ വ്യക്തികളുടെയും ഇടവകയെ നയിച്ച ത്യാഗനിര്‍ഭരരായ ഇടയന്മാരുടെയും അധ്വാനത്തിന്റെയും വിശ്രമര ഹിതമായ ഇടപെടലുകളുടെയും സുമധുര ഫലങ്ങളാണ് ഇന്ന് കൊറ്റനെല്ലൂര്‍ ഇടവകയില്‍ ഫലം ചൂടി നില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>