വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ വിശുദ്ധ പദവിക്കരികെ

By on March 28, 2018
amma

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ
വിശുദ്ധ പദവിക്കരികെ

ഇരിങ്ങാലക്കുട: ക്രിസ്റ്റഫര്‍ എന്ന കുട്ടിയുടെ ഗുരുതര ശ്വാസകോശ രോഗം മാറിയത് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ അത്ഭുതമായി വത്തിക്കാനിലെ ഏഴംഗ ഡോക്ടര്‍മാരുടെ സംഘം സ്ഥിരീകരിച്ചതോടെ, അമ്മയുടെ വിശുദ്ധ പദപ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ വിശ്വാസി സമൂഹം. ചില നടപടി ക്രമങ്ങള്‍ക്കൂടി പൂര്‍ത്തിയായാല്‍ പ്രഖ്യാപനം ഏതു നിമിഷവുമുണ്ടാകാം.
ഹോളി ഫാമിലി സന്യാസിനീ സമൂഹവും കേരളത്തിലെ വിശ്വാസി സമൂഹവും ആ ചരിത്ര നിമിഷത്തിനായി പ്രാര്‍ഥനാപൂര്‍വം കാതോര്‍ത്തിരിക്കുകയാണ്.
ജനിക്കുമ്പോള്‍ തന്നെ ശ്വാസകോശം വികസിക്കാതിരുന്നതും ഹൃദയത്തില്‍ മൂന്നു ദ്വാരങ്ങളുണ്ടായിരുന്നതുംമൂലം പെരിഞ്ചേരി കണവംകോട് ജോഷിയുടെയും ഷിബിയുടേയും ആണ്‍കുഞ്ഞിന് ഒറ്റ ദിവസത്തെ ആയുസ്സേ ഡോക്ടര്‍മാര്‍ വിധിച്ചിരുന്നുള്ളൂ. അതിനാല്‍ ജനിച്ച ദിവസം തന്നെ കുഞ്ഞിന് മാമോദീസാ നല്‍കി ക്രിസ്റ്റഫര്‍ എന്നു പേരിട്ടു. എന്നാല്‍ നിരാശരാവാതെ അന്നു മുതല്‍ മാതാപിതാക്കള്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുശേഷിപ്പു കുഞ്ഞിന്റെ ഹൃദയത്തോടു ചേര്‍ത്തുവച്ചു രോഗശാന്തിക്കായി പ്രാര്‍ഥിക്കാന്‍ തുടങ്ങി. മൂന്നാഴ്ച നീണ്ട ഉള്ളുരുകിയുള്ള പ്രാര്‍ഥന ഫലം കണ്ടു; കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇപ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ക്രിസ്റ്റഫര്‍.
വൈദ്യ ശാസ്ത്രത്തിനു വിശദീകരിക്കാന്‍ കഴിയാതിരുന്ന കുഞ്ഞിന്റെ രോഗ ശാന്തി 2009 ഏപ്രില്‍ ഒമ്പതിനു ഡോക്ടര്‍മാര്‍ രേഖപ്പെടുത്തി.
മകന്റെ രോഗ ശാന്തി വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ഇടപെടല്‍ മൂലമാണെന്ന മാതാപിതാക്കളുടെ ഉറച്ച സാക്ഷ്യവും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകളും പരിശോധിച്ചാണ് വത്തിക്കാനിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഇതു അത്ഭുതമായി സ്ഥിരീകരിച്ചിരിക്കുന്നത്.
പുത്തന്‍ചിറയില്‍ 1914 മേയ് 14 നു ഹോളി ഫാമിലി സന്യാസിനീ സമൂഹം സ്ഥാപിച്ച മദര്‍ മറിയം ത്രേസ്യ 1926 ജൂണ്‍ 8 നാണ് അമ്പതാം വയസില്‍ മരിച്ചത്. മരണത്തിനു ശേഷം മാത്രമല്ല, ജീവിത കാലത്തു തന്നെ നിരവധി പേര്‍ക്ക് അമ്മവഴി അത്ഭുതകരമായ രോഗശാന്തികളും അനുഗ്രഹങ്ങളും ലഭിച്ചിരുന്നു.
കുഴിക്കാട്ടുശേരി മഠം പണിതുകൊണ്ടിരുന്ന 1919 ല്‍ കെട്ടിടത്തിനാവശ്യമായ മരം ലഭിക്കുന്നതിനായി കൊച്ചി മഹാരാജാവിനെ മുഖം കാണിക്കാന്‍ സിസ്റ്റര്‍ മര്‍ഗരീത്തയ്‌ക്കൊപ്പം തൃപ്പൂണിത്തറ കൊട്ടാരത്തിലേക്ക് പോയതും അദ്ദേഹം വ്രണബാധിതനാണെന്നറിഞ്ഞു മടങ്ങേണ്ടിവന്നപ്പോള്‍ കൊട്ടാര വളപ്പിലെ ചെടികളില്‍ നിന്നുണ്ടാക്കിയ പച്ച മരുന്നു വ്രണത്തില്‍ പുരട്ടാനായി കാര്യസ്ഥനെ ഏല്‍പ്പിച്ചതും രോഗം മാറിയതില്‍ സംപ്രീതനായ മഹാരാജാവ് രണ്ടുനാള്‍ കഴിഞ്ഞ് പുത്തന്‍ചിറയിലേക്ക് വേണ്ടത്ര തേക്ക് തടികള്‍ വള്ളത്തില്‍ കയറ്റി അയച്ചതും അമ്മയുടെ ജീവചരിത്രത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>