മുറിവുണങ്ങും; മുറിപ്പാടുകള്‍ മാറാന്‍ ഇനിയുമേറെ…

By on March 28, 2018
images

മുറിവുണങ്ങും;
മുറിപ്പാടുകള്‍ മാറാന്‍ ഇനിയുമേറെ…

ജോമിയച്ചന്‍

ചിലയിലയുണക്കങ്ങള്‍ വൃക്ഷനാശത്തിന്റെ സമീപ സൂചനകളാകാമത്രേ! കരുതലും കാവലും കാര്യഗൗരവമായ പരിചരണവുമില്ലെങ്കില്‍ വംശനാശം തന്നെ സംഭവിക്കാനുള്ള സാധ്യതയും സമീപത്ത് തന്നെ. സീറോ മലബാര്‍ സഭയിലെ ചില ആധുനിക പ്രവണതകള്‍ ദൂരവ്യാപകമായ ഒരു ദുരവസ്ഥയുടെ ദുരന്ത സൂചനകളാതിരിക്കാന്‍ മുന്‍കരുതലുകള്‍ അനിവാര്യമാണ്.
ഇടപാടുകളിലെ വ്യക്തതയില്ലായ്മയാണ് ഒരു നിലയ്ക്ക് ഭൂമി വിവാദം എന്ന ദുരന്തക്കാറ്റിന് കാരണമായത്. ഒരു പ്രകോപനത്തിന്റെ പേരില്‍ പക്ഷം തിരിഞ്ഞ് പോരടി തുടങ്ങിയപ്പോള്‍ നൊന്തു നീറിയത് സഭയായിരുന്നു; പകച്ചു പോയത് നിഷ്‌കളങ്ക വിശ്വാസമായിരുന്നു; സംശയങ്ങള്‍ നിറഞ്ഞത് അനുയായികളുടെ മനസാക്ഷിയിലായിരുന്നു.
കറതീര്‍ന്ന നിലപാടുകളാണ് എന്നും ക്രൈസ്തവ സഭയുടെ വിശ്വാസ്യതയുടെ കാതല്‍. കറപുരണ്ടാല്‍ ശുദ്ധിയാക്കാനുള്ള ആര്‍ജ്ജവമായിരുന്നു സഭാശ്രേഷ്ടരെല്ലാം കൈക്കൊണ്ടിരുന്ന കീഴ്‌വഴക്കം. പുണ്യശ്രേഷ്ഠരായ മാര്‍പാപ്പമാര്‍ ചരിത്രത്തോടും ലോകമനസാക്ഷിയോടും നടത്തിയിട്ടുള്ള മാപ്പുയാചനകളില്‍ ഉണങ്ങാത്ത മുറിവുകളില്ല. സീസറിന്റെ ഭാര്യ സംശയത്തിനതീതയാകണമെന്ന പഴമൊഴിയില്‍ കാര്യനിര്‍വാഹക വ്യവസ്ഥയിലെ ആശ്രിതര്‍ വരെ സംശയാധീനരാകരുതെന്ന അര്‍ഥ സൂചനയുണ്ട്. ആരോപണങ്ങളെ അതിജീവിക്കുന്ന അഗ്നിപരീക്ഷകള്‍ സഭയ്‌ക്കെന്നുമുണ്ടായിട്ടുണ്ട്. ഭൂമിയിടപാടില്‍ അസംഭവ്യമായത് ഉണ്ടാകാതിരിക്കട്ടെ; ഉണ്ടായിട്ടുണ്ടെങ്കില്‍ വിട്ടുവീഴ്ചകളില്ലാത്ത പരിഹാര നടപടികളിലേക്ക് സഭയുണരട്ടെ.
വിമര്‍ശന – മറുപടികളിലും, വാദ – പ്രതിവാദങ്ങളിലും സഭാ മേലദ്ധ്യക്ഷന്റെ മൗനം ആശങ്കകളേറെയുണ്ടാക്കിയെന്നത് വാസ്തവമാണ്. ചില മൗനങ്ങള്‍ക്ക് ഗുണദോഷങ്ങള്‍ പലവിധമാണല്ലോ! അര്‍ഥഗര്‍ഭമായ മൗനം നിഷ്‌കളങ്കതയുടെ വിശുദ്ധ നിശബ്ദതയാകട്ടെ. അവസരവാദപരമായ നിസ്സംഗതയായി കാലം ഇതിനെ വ്യാഖ്യാനിക്കാന്‍ ഇടവരാതിരിക്കട്ടെ.
‘വിമത പുരോഹിത വിഭാഗ’മെന്ന രുപക രൂപീകരണമാണ് ആശങ്കയായി മാറിയ മറ്റൊരു പ്രതിഭാസം. കാരണങ്ങളേറെയുണ്ടെങ്കിലും സ്വീകരിച്ച പ്രതികരണ നയങ്ങളിലെ ക്രിസ്തീയതയില്ലായ്മയായിരുന്നു ഇവിടെ വിമര്‍ശനത്തിന് കാരണമായത്. ക്രിസ്തു ശിഷ്യരുടെ പ്രതിഛായകളില്‍ സ്‌നേഹവിപ്ലവങ്ങള്‍ക്ക് മാത്രമേ സ്ഥായിഭാവമുള്ളൂ എന്ന് മറുപക്ഷമില്ലാതെ അഭിപ്രായമുണ്ട്. പ്രതിഛായകള്‍ തകരാത്ത സാധ്യതകള്‍ തേടലായിരുന്നു അഭികാമ്യം. വിജയിക്കാനായി ഏതറ്റവും പോകുന്ന കെണികൡ അസ്തിത്വം അറ്റു പോകാവുന്ന തലത്തിലേക്ക് പൗരോഹിത്യം വഴിമാറിയെന്നതാണ് പരക്കെ അധിക്ഷേപം. സഭാധിഷ്ഠിതമായ തിരുത്തല്‍ നടപടികള്‍ വൈദീക മാര്‍ഗ രേഖകളായി നിയമമെടുക്കട്ടെ.
ശവംതീനി കഴുകന്മാര്‍ക്ക് ഇര കിട്ടിയതുപോലെ തലങ്ങും വിലങ്ങും കൊത്തിക്കീറാനെത്തിയ മാധ്യമ വിചാരണ ദുസ്സഹമായിരുന്നു. സംയമനം പാലിച്ചവരില്ലെന്നല്ല. പകപോക്കാനുള്ള ഒളിയമ്പുകളൊരുക്കി പരസ്യ യുദ്ധത്തില്‍ പങ്കാളികളായവരായിരുന്നു ഏറെയും. ഇര കോര്‍ത്ത ചൂണ്ടയില്‍ കൊത്തി വലിഞ്ഞത് സഭാ തനയരെന്നത് വിരോധാഭാസം തന്നെ. മായാ കാഴ്ചകള്‍ക്കിടയിലെ ചെറു അശ്രദ്ധയ്ക്കുപോലും വില കൊടുക്കേണ്ടി വന്നുവെന്നത് സാക്ഷി വിസ്താരം തെളിയിക്കുന്നു. ‘മറു നാടന്‍ മലയാളി’, ‘പ്രവാസി ശബ്ദം’, ‘ന്യൂസ് അറ്റ് ഇന്ത്യ’, തുടങ്ങിയ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ വെകിളി പിടിച്ച് പടച്ചൊരുക്കിയ വിമര്‍ശനങ്ങളും വാര്‍ത്തകളും ‘റിപ്പോര്‍ട്ടര്‍’, ‘മാതൃഭൂമി’, ‘ഏഷ്യാനെറ്റ്’, ‘മീഡിയ വണ്‍’, തുടങ്ങിയ ചാനലുകളും ചില പത്രങ്ങളും അജണ്ഡകള്‍ ഒരുക്കി നടത്തിയ അക്രമങ്ങളും സഭാ മുറിവുകളായി ചരിത്രത്തിലെന്നുമുണ്ടാകും. നുഴഞ്ഞു കയറാന്‍ സാധ്യതയില്ലാതിരുന്ന സഭയുടെ സുരക്ഷിത വലയങ്ങളില്‍ ആര്‍ത്തിപൂണ്ട് പറന്നിറങ്ങിയപ്പോള്‍ ഒരു തരം മതിഭ്രമമായിരുന്നു പല കാവല്‍നായകള്‍ക്കും. സഭയുടെ ചട്ടക്കൂടുകളോടും സഭാ സ്വത്തുക്കളോടും സഭയുടെ കെട്ടുറപ്പിനോടും ഇതുവരെ കൊണ്ടു നടന്നിരുന്ന ഒരു നെഗറ്റീവ് അസൂയ പരസ്യ പ്രതികാര നടപടികളായി പുറത്തുവന്നുവെന്നതാകണം സത്യം. ഇരകളായി ഒടുങ്ങാതെ അവകാശികളുടെ ഔന്നത്യം നിലനിര്‍ത്താന്‍ സഭക്ക് കഴിയാതെ പോയത് സാഹചര്യ സമ്മര്‍ദ്ദമായിരിക്കണം. അതു മുതലാക്കിയ മാധ്യമ വിപണന തന്ത്രം ഒരു പാഠമായുള്‍കൊള്ളേണ്ടതുണ്ട്. ശത്രു തന്ത്രങ്ങളെ പ്രതിരോധിക്കാനാവശ്യമായ ഒരു ശക്തമായ പി.ആര്‍.ഒ സംവിധാനത്തിന്റെ ക്രിയാത്മകമായ ഇടപെടലിന്റെ അഭാവം ഇക്കാലത്ത് പ്രത്യക്ഷമായിരുന്നു. മാധ്യമ വിചാരണ വേദികളില്‍ വിവേകപൂര്‍വ്വമായ വിചിന്തനത്തോടെ സഭയുടെ മക്കള്‍ കാര്യവിചാരം നടത്തണം; ഇരകളായല്ല, ഇച്ഛാശക്തിയോടെ സത്യാധര്‍മങ്ങള്‍ പാലിക്കുന്ന പ്രവാചകരായി.
കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിച്ച രാഷ്ട്രീയത്തൊഴിലാളികളും, ശത്രുതയുടെ വൈര്യം നിറഞ്ഞ എതിര്‍പക്ഷവും, സ്വാര്‍ത്ഥ ലക്ഷ്യങ്ങളോടെ കുറുക്കത്തരങ്ങളൊരുക്കിയ ഇരട്ടത്താപ്പുകാരും, കാഴ്ചക്കാരായി വിമര്‍ശനങ്ങള്‍ തൊടുത്ത കുലം കുത്തികളും പലതുറകളില്‍ നിന്നും ആക്രമിക്കാനൊരുങ്ങിയപ്പോള്‍ ശീലമില്ലാത്ത ഒരു പതുങ്ങലിലേക്ക് സഭ ഒളിക്കേണ്ടി വന്നു. മറുകരണം കാട്ടിക്കൊടുക്കുന്ന സ്‌നേഹ പ്രതികരണത്തേക്കാള്‍ കാരണങ്ങളറിയാതെ വിധിവൈപരീത്യങ്ങള്‍ ശിരസിലേറ്റേണ്ടിവരുന്ന നിസ്സഹായതയുടെ ദൈന്യതയിലേക്ക് സഭ ചവിട്ടി താഴ്ത്തപ്പെട്ടു. ചരിത്രവും ആരാധനക്രമവും മെത്രാന്‍ പദവിയും വൈദീക ചൈതന്യവും തെരുവില്‍ യുദ്ധായുധങ്ങളായി. വിമര്‍ശനങ്ങള്‍ പാടില്ലെന്നല്ല; തിരുത്തലുകള്‍ക്ക് അവ അനിവാര്യമാണ്, പക്ഷേ തകര്‍ക്കാനാണെങ്കില്‍ പ്രതിരോധമൊരുക്കണം.
മുതിര്‍ന്ന സമിതികളുടെ സമവായ ചര്‍ച്ചകളിലും, അനിവാര്യമായ ഒത്തു തീര്‍പ്പു ധാരണകളിലും, അലിഖിതമായ സമാന്തര ധാരണകളിലും പ്രത്യക്ഷ പ്രതിസന്ധികള്‍ക്ക് പരിഹാരമുണ്ടാകാം. മുറിവിന്റെ വടുപ്പാടുകള്‍ മായാനേറെ കാലമെടുക്കും. അനുഭവിച്ച വേദനകളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനാകട്ടെ.
ആത്മീയതയായിരുന്നു എന്നും സഭയുടെ കരുത്ത്; ആനുപാതികമല്ലാത്ത ഭൗതിക നയങ്ങളില്‍ വിട്ടു നില്‍ക്കാനുള്ള ഇഛാശക്തി സമയാസമയങ്ങളില്‍ പ്രകടമാകട്ടെ. ഈശ്വര ചൈതന്യത്തിന്റെ പ്രതിഫലനങ്ങളായ പുരോഹിത ശ്രേഷ്ഠരും പുരോഹിതരും ക്രിസ്തുസാക്ഷ്യത്തിന്റെ ചിരമാതൃകകളായി ചരിത്രത്തില്‍ നിറയട്ടെ. പ്രതിസന്ധികളുടെ അന്ധാളിപ്പില്‍ പതറാതെ കാലഘട്ടത്തിന്റെ കാറ്റുവീഴ്ചകളനുസരിച്ച് വിവേകപൂര്‍വ്വം പ്രതികരിക്കാന്‍ പദ്ധതികളൊരുങ്ങട്ടെ. മാധ്യമ അജണ്ടകളെ തിരിച്ചറിഞ്ഞ് അടുപ്പ അകലങ്ങള്‍ കൃത്യമായി സൂക്ഷിക്കുന്നത് ഒരു വിശ്വാസ ധര്‍മ്മമാകട്ടെ. വിഷപ്പുകമറവില്‍ മരണം തേടുന്നവരെ തിരിച്ചറിയാനും ശ്രമമേറെ വേണം. ചര്‍ച്ച് ആക്ട് ആസൂത്രിതമായി നടപ്പാക്കാനുള്ള സംഘടിത ശ്രമങ്ങളോട് വിവേചനാപൂര്‍വ്വകമായ ഒരു ദീര്‍ഘവീക്ഷണം പുലര്‍ത്തേണ്ടതും അത്യാവശ്യം തന്നെ.
ഇതൊരു നോമ്പുകാല സഹനമാകട്ടെ, പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരമാകട്ടെ, എതിര്‍ സാക്ഷ്യങ്ങള്‍ ഇല്ലാതാകട്ടെ, ശത്രുക്കള്‍ മിത്രങ്ങളാകട്ടെ, സഭാതനയര്‍ വിഘടിതരാകാതിരിക്കട്ടെ, സഭ തളരാതിരിക്കട്ടെ…

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>