പ്രകടനപത്രിക കാറ്റില്‍ പറത്തി; വാഗ്ദാനങ്ങള്‍ ‘ശരിയാക്കി’

By on March 28, 2018
dr

പ്രകടനപത്രിക കാറ്റില്‍ പറത്തി; വാഗ്ദാനങ്ങള്‍ ‘ശരിയാക്കി’

നാടാകെ മദ്യ പ്രളയം

ഏപ്രില്‍ രണ്ട് കരിദിനം
മദ്യമൊഴുക്കലിനെതിരെ
വ്യാപക പ്രതിഷേധം
പഞ്ചായത്ത് തോറും ഇനി
മദ്യപ്പുഴകളൊഴുകും
തെറ്റു തിരുത്തുക:
കെസിബിസി, വിവിധ
മദ്യവിരുദ്ധ സമിതികള്‍

സ്വന്തം ലേഖകന്‍
ഇരിങ്ങാലക്കുട : മദ്യഷാപ്പുകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാന്‍ നടത്തിയപ്പോഴുണ്ടായ ശക്തമായ എതിര്‍ പ്പില്‍ നിന്നു പാഠം പഠിക്കാതെ കേരളത്തിലെ 941 പഞ്ചായത്തുകളിലും ബാറുകളും മദ്യക്കടകളും കള്ളുഷാപ്പുകളും തുറക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അരയും തലയും മുറുക്കി രംഗത്ത്. ഒപ്പം, ശക്തമായ പ്രതിരോധത്തിന്റെ ശബ്ദവുമായി പൊതുജനകൂട്ടായ്മകളും ധര്‍മയുദ്ധത്തിനൊരുങ്ങുന്നു.
സുപ്രീം കോടതി പലപ്പോഴായി ബാര്‍ പ്രശ്‌നത്തില്‍ മദ്യമുതലാളിമാര്‍ക്കും സര്‍ക്കാരിനും നല്‍കിയ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും ദുര്‍വ്യാഖ്യാനം ചെയ്താണ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങളെ മുക്കിക്കൊല്ലാനുളള ‘മദ്യവിപ്ലവം’.
സംസ്ഥാനത്തു പതിനായിരത്തിനു മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരസ്വഭാവമുള്ളവയെന്നു കണക്കാക്കി അവിടെയെല്ലാം പുതിയ മദ്യശാലകള്‍ ഉടന്‍ ആരംഭിക്കും; പൂട്ടിക്കിടക്കുന്നവ തുറക്കും. ജനസംഖ്യ കുറവാണെങ്കിലും വിനോദ സഞ്ചാര മേഖലയാണെങ്കില്‍ അവിടെയും മദ്യക്കച്ചവടം കൊഴുപ്പിക്കാം. ഉദാഹരണം, അതിരപ്പിളളി.
സര്‍ക്കാരിന്റെ വഞ്ചനാപരമായ നടപടിയെ ന്യായീകരിച്ചു എക്‌സൈസ് മന്ത്രി രാമകൃഷ്ണന്‍ രംഗത്തു വന്നിട്ടുണ്ടെങ്കിലും അതു ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള തന്ത്രത്തിന്റെ ഭാഗമാണെന്നു വ്യക്തം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് പുറത്തിറക്കിയ പ്രകടന പത്രികയില്‍ വളരെ വ്യക്തമായി പറഞ്ഞിരുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ മദ്യഷാപ്പുകളും ബാറുകളും തുറക്കില്ലെന്നും ഘട്ടംഘട്ടമായുളള മദ്യനിരോധനമാണ് ലക്ഷ്യമെന്നും. ഇതു കാറ്റില്‍ പറത്തിയാണ് മദ്യമുതലാളിമാരുടെ സമ്മര്‍ദ്ദത്തില്‍ സര്‍ക്കാര്‍ ചുവടുമാറ്റുന്നത്.
കേരളത്തിലെ 941 പഞ്ചായത്തുകളില്‍ 900-ത്തിലേറെയെണ്ണത്തില്‍ 10,000 കൂടുതല്‍ ജനങ്ങളുണ്ട്. ഈ പഞ്ചായത്തുകളിലൊക്കെ ഇനി മദ്യഷാപ്പുകളും ബാറുകളും തുറക്കാം. സ്‌കൂള്‍, ആരാധനാലയം എന്നിവയുടെ അടുത്തുപോലും മദ്യക്കച്ചവടം നടത്താം. അതിനുവേണ്ടി മാസങ്ങള്‍ക്കുമുമ്പ് സര്‍ക്കാര്‍ ദൂരപരിധി 50 മീറ്ററാക്കി.
മദ്യഷാപ്പുകള്‍ ആരംഭിക്കാന്‍ പഞ്ചായത്തുകളുടെ അനുമതി വേണ്ടെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ വകുപ്പുണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാരും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങും ബിവറേജസ് കോര്‍പറേഷനും എല്ലാം ചേര്‍ന്ന കൗരവപ്പടയാണ് ഇപ്പോള്‍ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ജനവഞ്ചന അവരുടെ മേല്‍ കെട്ടിയേല്‍പ്പിക്കുന്നത്.
യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ 700 ബാറുകളില്‍ പകുതിയിലേറെ ഈ സര്‍ക്കാര്‍ ഇതിനകം തുറന്നു. അടച്ചിട്ട ബാറുകളുടെ സ്ഥാനത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മുഴുവന്‍ ബീയര്‍- വൈന്‍ പാര്‍ലറുകളും ഉടന്‍ ബാറുകളായി അവതരിക്കും. അറുപതിലേറെ ബാര്‍ ലൈസന്‍സ് അപേക്ഷകള്‍ സര്‍ക്കാരിനു കിട്ടിയിട്ടുണ്ട്. 511 കളളുഷാപ്പുകളിലും ഇനി മദ്യം നുരയും. സുപ്രീംകോടതി വിധി അനുസരിച്ചു പൂട്ടിയ മദ്യഷാപ്പുകള്‍ മാത്രമേ തുറക്കുള്ളൂവെന്നും മദ്യനയത്തെ എതിര്‍ക്കുന്ന ക്രൈസ്തവ സഭാധ്യക്ഷന്മാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നുമുള്ള മന്ത്രി രാമകൃഷ്ണന്റെ വാക്കുകള്‍ ശുദ്ധ അസംബന്ധമാണെന്ന് മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു.
വരുംതലമുറകളെക്കൂടി നശിപ്പിക്കുന്ന ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയത്തിനെതിരെ ഉയരുന്ന വ്യാപകമായ പ്രതിഷേധകൊടുങ്കാറ്റിന്റെ മുന്നോടിയായി ഏപ്രില്‍ രണ്ടിന് കരിദിനം ആചരിക്കാന്‍ കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>