വരവായി 2019; കൂടുമാറാനൊരുങ്ങി ചിലചില ജനസേവകര്‍

By on May 2, 2018
quarrel

വരവായി 2019; കൂടുമാറാനൊരുങ്ങി ചിലചില ജനസേവകര്‍

പാര്‍ട്ടി ഏതായാലും ജനസേവനം നടത്തിയാല്‍ മതി; അപ്പോള്‍ ഏത് ഭരണം വന്നാലും ആനപ്പുറത്തിരിക്കാം.

നാടു നന്നാക്കാന്‍ ഇറങ്ങിത്തിരിക്കുന്നവരാണ് നമ്മുടെ രാഷ്ട്രീയക്കാര്‍. പണ്ട്, സ്വാതന്ത്ര്യസമര സേനാനികളെപ്പറ്റി പറയുമ്പോള്‍, ചിലപ്പോള്‍ ഇങ്ങനെയൊക്കെ എഴുതാറുണ്ട്: ‘ശ്രീമാന്‍ ശങ്കരന്‍കുട്ടി സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടി’ എന്നൊക്കെ. ഇന്ന് രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടുന്നവരില്ല; ഇറങ്ങിത്തിരിക്കുന്നവരാണ് ഏറെയും.
അങ്ങനെ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവരെപ്പറ്റി നമുക്ക് ചിലര്‍ക്കെങ്കിലും ഒരു തെറ്റിദ്ധാരണയുണ്ടായിരുന്നു, പണ്ടൊക്കെ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ടിയാന്‍ മരിക്കുന്നതുവരെ ആ പാര്‍ട്ടിയില്‍ തന്നെ നില്‍ക്കുമെന്ന്. അതു വെറുതെയുള്ള ചിന്തയാണ്.
പാര്‍ട്ടി ഏതായാലും, നാട് നന്നായാല്‍ മതിയെന്നതാണ് ഇപ്പോഴത്തെ തത്വം. ശ്രീനാരായണ ഗുരു പറഞ്ഞതാണ് ശരി: മതമേതായാലും, മനുഷ്യന്‍ നന്നായാല്‍ മതി. ഇന്നിപ്പോ, പാര്‍ട്ടി ഏതായാലും വേണ്ടില്ല, എന്റെ കാര്യങ്ങളും എന്റെ വീടും നന്നായാല്‍ മതി; രാജ്യം താനേ നന്നായിക്കൊള്ളും.
അതുകൊണ്ട്, ഏതു പാര്‍ട്ടിയില്‍ ചേര്‍ന്നാലും ‘ജനസേവനം’ എന്ന കുപ്പായമുണ്ടായാല്‍ രക്ഷപ്പെട്ടു. ഖദറും ചെങ്കുപ്പായവും കാവിയും പച്ചയും മാറിമാറി ഉപയോഗിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ വെറുതെ വിടില്ല. അതുകൊണ്ടാണ് ചില വീടുകളില്‍ അച്ഛന്‍ കോണ്‍ഗ്രസ്, മകന്‍ സിപിഎം, മറ്റൊരു മകന്‍ സിപിഐ, മറ്റൊരു മകന്‍ മുസ്ലീം ലീഗ്, മറ്റൊരാള്‍ ബിജെപി എന്നിങ്ങനെ എല്ലാ പാര്‍ട്ടിക്കാരും ഉള്ളത്. ഏതു പാര്‍ട്ടി അധികാരത്തിലേറിയാലും എല്ലാവര്‍ക്കും ‘ജനസേവനം’ ഉറപ്പാക്കാം.
ഈ പ്രായോഗിക സമീപനത്തിന്റെ അനന്ത സാധ്യതകള്‍ കുറച്ചൊന്നുമല്ല. ഉദാഹരണത്തിന്, ഭരിക്കുന്ന പാര്‍ട്ടിയുടെ എംപിയായി ശ്രീമാന്‍ കുട്ടപ്പന്‍ ഡല്‍ഹിയിലുണ്ടെന്നു കരുതുക.
സ്വാഭാവികമായും ടിയാന്റെ കുടുംബത്തിലുള്ളവരൊക്കെ പ്രതിപക്ഷത്തായിരിക്കും. കുഴപ്പമില്ല, എന്തെങ്കിലും ‘ജനസേവനം’ വേണമെന്നുണ്ടെങ്കില്‍ കുട്ടപ്പനോട് പറഞ്ഞാല്‍ മതി.
എന്നു വച്ചാല്‍ പുറത്ത് പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന ഭരണകക്ഷിയുടെ എന്ത് ആനുകൂല്യവും ശ്രീമാന്‍ കുട്ടപ്പന്‍ വഴി അവരുടെ വീട്ടിലെത്തും.
ചുരുക്കത്തില്‍, ആര് അധികാരത്തില്‍ കയറിയാലും ഐശ്വര്യദേവത ആ ഭവനത്തില്‍ നിന്ന് ഇറങ്ങിപ്പോകില്ല.
മറ്റൊരു തരത്തിലുളള രാഷ്ട്രീയക്കാരുണ്ട്. അവരുടെ വീട്ടില്‍ വിവിധ പാര്‍ട്ടിക്കാരുണ്ടാവില്ല. ഗൃഹനാഥന്‍ മാത്രം ഏതെങ്കിലും പാര്‍ട്ടിയില്‍ ജനിച്ചു വീണ നിമിഷം മുതല്‍ അംഗമായി തുടരുന്നുണ്ടാവും. ടിയാന്‍ കേരളത്തിലെ ഒരു പഞ്ചായത്തില്‍ നിന്നോ മുനിസിപ്പാലിറ്റിയില്‍ നിന്നോ തുടങ്ങിയതാവും രാഷ്ട്രീയ ജീവിതം. പതുക്കെപ്പതുക്കെ കക്ഷി ഒരു എംഎല്‍എയാവുന്നു; പിന്നെ ഒരു എംപിയാവുന്നു; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തോറ്റു കഴിയുമ്പോള്‍, രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത് രാജ്യസഭാ എംപിയാവുന്നു; അങ്ങനെയൊരിക്കല്‍ കേന്ദ്രമന്ത്രിയാവുന്നു…
അധികാരത്തിന്റെ ഏണിപ്പടികളിലൂടെ കയറിക്കയറി ടിയാന്‍ സാവധാനത്തില്‍ ഇന്ദ്ര പ്രസ്ഥത്തില്‍ വേരുറപ്പിക്കും. സര്‍ക്കാരില്‍ നല്ല പിടിപാട്, അധികാരത്തിന്റെ ഇടനാഴികളില്‍ നിരവധി പരിചയക്കാര്‍, ഉദ്യോഗസ്ഥരും മന്ത്രിമാരുമൊക്കെ ഉറ്റസുഹൃത്തുക്കള്‍. വ്യവസായികള്‍, പണച്ചാക്കുകള്‍ എന്നിവരൊക്കെ ടിയാനെ കാണാന്‍ ക്യൂ നില്‍ക്കുന്നു. പാര്‍ട്ടി ഏതായാലും, ടിയാന്റെ സ്വാധീന ശക്തികൊണ്ട് നടത്തിക്കിട്ടുന്ന ‘ജനസേവനം’ മതി അവര്‍ക്ക്. അതുകൊടുക്കുമ്പോള്‍, അവര്‍ സന്തോഷപൂര്‍വം നല്‍കുന്ന സമ്മാനങ്ങള്‍ക്ക് കയ്യും കണക്കില്ല.
ഇങ്ങനെ തുടരുമ്പോഴാണ് നമ്മുടെ കഥാനായകന്റെ മനോമുകുരത്തില്‍ ഒരാശയം മുളയ്ക്കുന്നത്.
എന്തിന് മറ്റൊരു പാര്‍ട്ടിയില്‍ അംഗമായിരുന്നുകൊണ്ട്, ജനസേവനം നടത്തണം; നേരെയങ്ങ് ഭരണകക്ഷിയില്‍ ചേര്‍ന്നാല്‍ സേവനം വ്യാപിപ്പിക്കാന്‍ സാധ്യത കുറേയേറെയാണ്. ടിയാന്റെ മനസ്സറിയാവുന്ന ഭരണകക്ഷി, ആരെങ്കിലും വഴി ചില ഇരയിട്ടു കൊടുക്കും. അതു കാത്തിരിക്കുന്ന ടിയാന്‍ ചാടി വീഴുകയും ചെയ്യും. അതോടെ, പത്തുനാല്‍പ്പതു വര്‍ഷം തന്നെ വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയെയും അണികളെയും വിട്ട്, ടിയാന്‍ പുതിയ പാര്‍ട്ടിയില്‍ ചേരുന്നു.ഇതിനെയാണ് ‘പരകായ പ്രവേശം’ എന്നു പറയുന്നത്-കൂടുവിട്ട് കൂടുമാറി വാസം.
തിരഞ്ഞെടുപ്പുകള്‍ അടുത്തു വരുന്ന സമയത്താണ് ചില മുതിര്‍ന്ന നേതാക്കള്‍ക്ക് ഇങ്ങനെയുളള മാനസികാവസ്ഥയുണ്ടാകുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റു കിട്ടുമോയെന്ന് ഉറപ്പില്ല; കിട്ടിയാല്‍ തന്നെ ജയിക്കുമോയെന്ന് നിശ്ചയമില്ല; ജയിച്ചാല്‍ തന്നെ മന്ത്രിയാകുമോയെന്ന് പറയാനാവില്ല. അതുകൊണ്ട്, മുങ്ങുന്ന കപ്പലില്‍ നിന്ന് ഒരു മുഴം മുമ്പേ, ചാടുക. പുതിയ മേച്ചില്‍ പുറത്തേക്ക് തന്നെ മാടി വിളിക്കുന്ന സ്വാഗതഗാനം എന്തിന് കേട്ടില്ലെന്നു വയ്ക്കണം? അതാവുമ്പോള്‍, ഡല്‍ഹിയിലെ സൗകര്യങ്ങള്‍ വിടുകയും വേണ്ടാ, ജനസേവനം നിര്‍ത്തേണ്ടതുമില്ല. പാര്‍ട്ടി ഏതായാലും, ജനസേവനം നടന്നാല്‍ മതിയല്ലോ എന്ന പ്രായോഗിക പ്രത്യയ ശാസ്ത്രം വിജയിക്കുകയും ചെയ്യും.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ഇനി കഷ്ടിച്ചു ഒരു വര്‍ഷമേയുള്ളൂ. അതിന്റെ അണിയറ ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. പാര്‍ട്ടികളും നേതാക്കളും ജയപരാജയങ്ങളുടെ കവിടി നിരത്തി തുടങ്ങി.
പാര്‍ട്ടി മാറുന്നവര്‍, പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നവര്‍, മുന്നണി ഉണ്ടാക്കുന്നവര്‍, ജനസേവന വ്യഗ്രതമൂലം ഇരിപ്പുറയ്ക്കാത്തവര്‍ – ഇവരൊക്കെ അങ്കത്തിന് ഒരുങ്ങുകയാണ്.
ഇതിനിടയിലാണ് കോണ്‍ഗ്രസിലെ ചില പ്രഗല്‍ഭന്മാര്‍ വരെ ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത. ഇതിന്റെ ആദ്യപടിയായി, കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനേയും അതിന്റെ സമുന്നത നേതാവ് നരേന്ദ്ര മോദിയേയും സ്തുതിച്ചു കൊണ്ടുള്ള പ്രസംഗങ്ങളും പ്രസ്താവനകളും ചിലരൊക്കെ പുറത്തു വിട്ടു തുടങ്ങി. കോണ്‍ഗ്രസിലെ കുമ്പളങ്ങിക്കാരനായ കെ.പി തോമസും കണ്ണൂരിലെ തീപ്പൊരി നേതാവ് കെ. സുധാകരനും ഉള്‍പ്പെടെ ഇതിലുണ്ട്. വരുംദിവസങ്ങളില്‍ ആരൊക്കെ ഖദര്‍ മാറ്റി പുറത്തുവരുമെന്ന് ജനത്തിനറിയാം. ബിജെപി കേരളത്തില്‍ ചുവടുറപ്പിക്കാനുളള കഠിനയത്‌നം നടത്തുമ്പോള്‍ ഇവരൊക്കെ കൂടി സഹായിച്ചാല്‍ പൂപോലെ കേരളത്തിന്റെ ഭരണവും അടുത്ത കേന്ദ്രസര്‍ക്കാരിന്റെ ഭരണവും അവര്‍ക്ക് പിടിച്ചെടുക്കാമെന്നത് മൂന്നുതരം.
‘കോണ്‍ഗ്രസ്’ വിമുക്ത ഇന്ത്യയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിലെ കുറേ മുതിര്‍ന്ന നേതാക്കന്മാര്‍ വിചാരിച്ചാല്‍ ബിജെപിയുടെ സ്വപ്‌നം എളുപ്പത്തില്‍ യാഥാര്‍ഥ്യമാക്കാം. അല്ലെങ്കില്‍ തന്നെ നമ്മുടെ ഉന്നത നേതാവ് എ.കെ. ആന്റണി പണ്ടേ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിലെ കുറേപ്പേര്‍ പകല്‍ കോണ്‍ഗ്രസുകാരും രാത്രിയില്‍ ബിജെപിക്കാരുമാണെന്ന്!
ഇതില്‍പരം ആ പാര്‍ട്ടിക്ക് വേറെന്ത് ബഹുമതിയാണ് കിട്ടാനുളളത്!
എസിയും സിസി ടിവിയും
കുടുംബ സമാധാനവും

കേരളത്തില്‍ ചൂട് കൂടികൂടി വരികയാണെന്ന കാര്യം നമുക്കൊക്കെ അറിയാം. എന്നാല്‍ അതുവഴി കുടുംബങ്ങളിലുണ്ടാകുന്ന ചില ചില കൊച്ചുകൊച്ചു പ്രശ്‌നങ്ങളെപ്പറ്റി പറയാതെ വയ്യ.
അന്നൊരു ശനിയാഴ്ചയായിരുന്നു; കഷ്ടകാലത്തിന് അന്ന് ജോലികഴിഞ്ഞു അല്പം നേരത്തെ വീട്ടിലെത്തി. പൂമുഖ വാതില്‍ തുറന്ന് പൂത്തിങ്കളെന്നപോലെ ഭാര്യ പുറത്തുവന്നു. മുഖത്ത് ഒരു പ്രസാദവുമില്ല, എന്തുപറ്റി? ഞാന്‍ ചോദിച്ചു. എന്തൊരു ചൂട്; തല പൊട്ടിപ്പോകുമോയെന്നാണ് പേടി. ഞാന്‍ ചുറ്റും നോക്കി ; അന്ന് അത്രവലിയ ചൂടുളളതായി എനിക്കു തോന്നിയിട്ടില്ല. ഇതൊക്കെ നമുക്ക് സഹിക്കാം; അങ്ങ് മദ്രാസിലും ഹൈദരാബാദിലുമൊക്കെയുളളതാ ചൂട് – ഞാന്‍ വളരെ വിനീതവിധേയനായി പറഞ്ഞു. ഓഫിസില്‍ 24 മണിക്കൂറും എസി യിലിരിക്കുന്നവര്‍ക്കേ അങ്ങനെ തോന്നൂ. അവളുടെ വാക്കുകളിലെ ദുരര്‍ഥം പെട്ടെന്ന് പിടികിട്ടി. അനുനയിപ്പിക്കാന്‍ വാക്കുകള്‍ തിരയുമ്പോഴേയ്ക്കും അവള്‍ തുടര്‍ന്നു: ഇന്നു ഒരു എസി കടക്കാരന്‍ വിളിച്ചു. ഒരു എസി ഫിറ്റ് ചെയ്യട്ടേയെന്ന്. ഇന്‍വെട്ടര്‍ എസിയായതിനാല്‍ പത്തുനാല്‍പതുകൊല്ലത്തേക്ക് റിപ്പയറിംഗ് വേണ്ടി വരില്ല. ഇപ്പോ കാശൊന്നും കൊടുക്കണ്ട; ഇന്‍സ്റ്റോള്‍മെന്റാ. മാസം ആയിരം മതി.
നമുക്കിപ്പോ എസിയുടെ ആവശ്യമുണ്ടോ? എന്നു തന്നെയല്ല, ഈ ഇന്‍സ്റ്റോള്‍മെന്റ് പരിപാടി തന്നെ തട്ടിപ്പാ. അതിന്റെ പലിശയും മറ്റും കൂട്ടിവരുമ്പോള്‍ സാധനത്തിന്റെ വിലയുടെ ഇരട്ടിയാവും. ചെറിയൊരു സാമ്പത്തിക വിദഗ്ധനെപ്പോലെ ഞാന്‍ വിവരിച്ചു. വേണ്ട; ഇന്‍സ്റ്റോള്‍മെന്റ് വേണ്ട; റെഡി കാശിന് നമുക്കു വാങ്ങാം. ഒന്നോര്‍ത്താല്‍ അതാ നല്ലത്. അവളുടെ അഭിപ്രായം. ഞാന്‍ പറഞ്ഞു അടുത്ത മാസമാവട്ടെ; അപ്പോഴേക്കും മഴ തുടങ്ങും. ഓഫ് സീസണാവുമ്പോള്‍ വിലയും കുറയും. പ്രതികരണം രൂക്ഷമായേക്കാം എന്നുറപ്പിച്ചുതന്നെയാണത് പറഞ്ഞത്.
ഓ, മഴക്കാലത്ത് തണുപ്പ് പോരാഞ്ഞിട്ടാവും, എസി വയ്ക്കുന്നത്. നാട്ടുകാര് കേള്‍ക്കണ്ട ഈ പറയുന്ന മണ്ടത്തരം. പളളിയില്‍ പോകുമ്പോ ഓരോരുത്തര് ചോദിക്കുമ്പോ തൊലി ഉരിഞ്ഞുപോകും. നിങ്ങളുടെ വീട്ടില്‍ എസിയില്ലേയെന്ന്. കുര്‍ബാന കൈക്കൊള്ളാനുളളതുകൊണ്ട് എങ്ങനെയാ നുണ പറയുക! എന്നാലും പറയും, എസിയിട്ടാല്‍ എനിക്ക് മൂക്കടപ്പ് വരും. ചേട്ടന് ആസ്തമയുടെ ഉപദ്രവമുണ്ട്. അതുകൊണ്ട് എസി വച്ചിട്ടില്ല. ചേട്ടന് ആസ്തമ കുടുംബത്തോടെ പാരമ്പര്യമായിട്ടുളളതാ. ഞാന്‍ അവളെ ദയനീയമായി നോക്കി. എടി ഭയങ്കരി!
ങും ! എന്റെ കഷ്ടകാലം. ഇതൊക്കെ ആരോട് പറയാനാ; പറഞ്ഞിട്ടെന്താ കാര്യം? ഉരുളി പണയം വച്ചപോലെയിരിക്കുകയല്ലേ ഇവിടെ ഓരോരുത്തര്. നിങ്ങടെ പെങ്ങടെ വീട്ടില് സിസിടിവി വച്ചു. അറിഞ്ഞോ? കണ്ടു പഠിക്ക്, ആണുങ്ങളെ.
അവള്‍ പുതിയ സമരമുഖം തുറക്കുകയാണ്. എന്നാലും ചോദിച്ചു, എന്തിനാടി ഇപ്പോള്‍ ഈ സിസി ടിവി? നിന്നെ ആരും കട്ടുകൊണ്ടു പോവില്ല. ആരും വീട്ടിലില്ലാത്തവര്‍ക്കേ സിസി ടിവി വേണ്ടൂ. നീ മുഴുവന്‍ സമയോം ഉടലോടെ വീട്ടിലുണ്ടല്ലോ. എന്റെ വാദമുഖം അവള്‍ക്ക് ബോധ്യപ്പെടുന്നില്ല. എറണാകുളത്ത് ചില വീടുകളില്‍ കളളന്മാര്‍ സ്റ്റിക്കര്‍ ഒട്ടിച്ചു പോകുന്ന കാര്യം വായിച്ചോ ? വീടു കണ്ടുവച്ച ശേഷം രാത്രി വന്നു മോഷ്ടിക്കാനാ. അവരെ പിടിക്കാനാ സിസിടിവി. വേണമെങ്കില്‍ ഇന്‍സ്റ്റോള്‍മെന്റായി സിസിടിവിയും കിട്ടുമെന്ന്. പിന്നെ സിസിടിവി ഉണ്ടെന്ന് പറയുന്നതു തന്നെ ഒരന്തസ്സാ. ചേട്ടന്‍ ഒന്നു അന്വേഷിച്ചു നോക്ക്,
സിസിടിവി വിറ്റു പോകാന്‍ വേണ്ടി കച്ചവടക്കാര്‍ എടുത്ത തന്ത്രമായിരുന്നെടി സ്റ്റിക്കര്‍…… ഞാന്‍ പറഞ്ഞു.
-രക്ഷയില്ല; വന്നു കയറിയ ഞാന്‍ ബാഗും പിടിച്ചു നില്‍ക്കാന്‍ തുടങ്ങിയിട്ട് 15 മിനിറ്റായി. അവള്‍ വാതില്‍ക്കല്‍ പൂന്തിങ്കളായി പരിലസിക്കുകയാണ്. എന്റെ ക്ഷമ നശിച്ചു തുടങ്ങി. ഞാന്‍ പറഞ്ഞു;
നീ ഒരു കാര്യം ചെയ്യ്; വാങ്ങിക്കാനുളളതിന്റെയൊക്കെ ഒരു ലിസ്റ്റുണ്ടാക്ക്. നമുക്ക് എല്ലാംകൂടി ഒരുമിച്ച് വാങ്ങിക്കാം. ഒരു ലോറി വിളിച്ചു അവയൊക്കെകൊണ്ടുവരാം. എന്താ, പോരെ… എന്റെ ചായ എവിടെ?
എന്റെ സ്വരത്തിലെ കടുപ്പം അവള്‍ക്കിടഷ്ടപ്പെട്ടില്ല. തീരെ രസമില്ലാതെ അവള്‍ പറഞ്ഞു: ദാ ആ ഫ്‌ളാസ്‌ക്കിലിരിപ്പുണ്ട്. എടുത്തു കുടിച്ചോ….
അവള്‍ ടിവിയുടെ മുന്നിലേക്ക് നീങ്ങി. ഏഷ്യാനെറ്റ് പരമ്പര. കാഞ്ചീപൂരം ഉടുത്ത് കണ്ണെഴുതി പൊട്ടുതൊട്ട് ഭദ്രകാളിയെപ്പോലെ നില്‍ക്കുന്ന അമ്മായിയമ്മ മാന്‍കുട്ടിയെപ്പോലെ പേടിച്ചരണ്ടു നില്‍ക്കുന്ന മരുമകളോട് കത്തിക്കയറുകയാണ്: ‘മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ ചുട്ടുകളയും ഞാന്‍; എന്റെ മോന് നിന്നെക്കാള്‍ നല്ലൊരു ഭാര്യയെ കണ്ടുപിടിക്കുമെടീ ഞാന്‍…’
നാളെ ചൊവ്വാഴ്ച ബാംഗ്ലൂരില്‍ എംബിഎ വിദ്യാര്‍ഥിയായ മകനു മൂന്നാം സെമസ്റ്റര്‍ ഫീസ് 78000 രൂപ അയയ്‌ക്കേണ്ട ദിവസം. അതു ഒപ്പിച്ചെടുക്കാനുളള ഓട്ടത്തിനിടയിലാണ് അവളുടെ ഏസി യും സിസിടിവിയും കടന്നുവന്നത്.
ഞാന്‍ മനസ്സില്‍ പറഞ്ഞു: ശംഭോ മഹാദേവ!

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>