• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

By on May 2, 2018
20180423_160214

സഹ്യസാനുക്കളിലെ വഴിവെളിച്ചം

ആറു പതിറ്റാണ്ടിന്റെ കഥയുമായി ചായ്പന്‍കുഴി ഇടവക

തിരുവിതാംകൂറും കൊച്ചിയും മലബാറും സംയോജിപ്പിച്ചു ഐക്യകേരളം രൂപം കൊണ്ടത് 1956 നവംബര്‍ ഒന്നിനാണ്. അതിനു ഏതാണ്ട് ഒന്നരമാസം മുമ്പ് ചാലക്കുടിയുടെ കിഴക്കന്‍ മലയോരത്ത് മറ്റൊരു ചരിത്രസംഭവം അരങ്ങേറി. 1956 സെപ്റ്റംബര്‍ 21 നായിരുന്നു അത്. അന്ന് ചായ്പന്‍കുഴിയെന്ന മലയോര ഗ്രാമത്തില്‍ ഒരു ക്രൈസ്തവ ദൈവാലയത്തിന്റെ ആദ്യരൂപമായി ഒരു കൊച്ചു കപ്പേളയ്ക്ക് തറക്കല്ലിട്ടു. ഒരു പക്ഷേ, കേരളം രൂപം കൊണ്ടശേഷം തൃശൂര്‍ ജില്ലയില്‍ ആദ്യമായി ശിലാസ്ഥാപനം നിര്‍വഹിക്കപ്പെട്ട കുരിശുപള്ളി.
കുറ്റിക്കാട് പള്ളി വികാരിയായിരുന്ന ഫാ. ജേക്കബ് പോട്ടോക്കാരന്റെ നേതൃത്വത്തിലായിരുന്നു ആ ചരിത്ര നിമിഷത്തിന് വേദിയൊരുങ്ങിയത്. അന്നു നിലവിലുണ്ടായിരുന്ന ചായ്പന്‍കുഴി സെന്റ് സെബാസ്റ്റിയന്‍സ് ബാല-യുവജന സമാജം വകയായി കപ്പേള പണിയുന്നതിനു മാര്‍ ജോര്‍ജ് ആലപ്പാട്ട് അനുമതി നല്‍കിയതോടെയാണ് ആദ്യ കുരിശു പള്ളിക്ക് ശിലയൊരുങ്ങിയത്. നാടിന്റെ അഭിലാഷങ്ങള്‍ക്കനുസരിച്ചു മുന്നിട്ടിറങ്ങിയ ഏതാനും ഉദാരമതികളുടെ ഹൃദയ വിശാലതയുടെ ഫലമായിരുന്നു ആ കപ്പേള. 1957 നവംബര്‍ മൂന്നിന് കപ്പേളയില്‍ വിശുദ്ധ അന്തോണീസിന്റെ രൂപം പ്രതിഷ്ഠിച്ചു.
കുറ്റിക്കാട് ഫൊറോനയുടെ കീഴില്‍ ചാലക്കുടിക്ക് കിഴക്ക് കോടശേരി, പരിയാരം, അതിരപ്പിള്ളി പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ് ചായ്പന്‍കുഴി. മണ്ണിനോടും വന്യമൃഗങ്ങളോടും പൊരുതി മലയിലും താഴ്‌വര പ്രദേശങ്ങളിലും ജീവിതം കെട്ടിപ്പടുത്ത കുടിയേറ്റ കര്‍ഷകരുടെ നാടാണ് ഇത്.
അക്കാലത്ത് മുപ്പതോളം കത്തോലിക്കാ കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. എട്ടു കിലോമീറ്ററകലെ കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തിലായിരുന്നു അവര്‍ ദിവ്യബലിയിലും മറ്റു തിരുകര്‍മങ്ങളിലും പങ്കെടുക്കാന്‍ പോയിരുന്നത്.
കുരിശു പള്ളിയുടെ ആശിര്‍വാദം ചായ്പന്‍കുഴിയുടെ ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു. അധ്വാനത്തിന്റെ മഹത്വമറിയാവുന്ന ഒരു ജനസമൂഹം ക്രൈസ്തവ വിശ്വാസത്തിന്റെ ദീപശിഖയേന്തി മുന്നോട്ടു നടന്നു നീങ്ങിയ വിജയകഥയാണ് കഴിഞ്ഞ ആറു പതിറ്റാണ്ടിന് പറയാനുള്ളത്. കപ്പേള വന്നശേഷം ഫാ. സെബാസ്റ്റ്യന്‍ കാരാത്ര സെമിത്തേരി നിര്‍മാണത്തിനു നേതൃത്വം നല്‍കി. 1964 ജൂണിലാണ് പള്ളി പണിയാനുള്ള അനുമതി ലഭിച്ചത്. ഫാ. ആന്റണി കിഴക്കൂടന്‍ അതിനു മുന്നിട്ടിറങ്ങി. പള്ളിപണി പൂര്‍ത്തിയായപ്പോള്‍ 1968 ജനുവരി 19ന് മാര്‍ ജോര്‍ജ് ആലപ്പാട്ട് ആശിര്‍വാദ കര്‍മം നടത്തി.
ചായ്പന്‍കുഴി സെന്റ് ആന്റണീസ് ഇടവക സ്വതന്ത്ര ഇടവകയായിരൂപം കൊണ്ടത് 1971 ഓഗസ്റ്റ് 29നാണ്. ഫാ. ആന്റണി കിഴക്കൂടനായിരുന്നു ആദ്യ വികാരി. 1972 മുതല്‍ പുളിങ്കര, ചായ്പന്‍കുഴി ഇടവകകള്‍ക്കു വേണ്ടി ഫാ. ആന്റണി പുതുശേരി നിയമിക്കപ്പെട്ടു. ഫാ. ജേക്കബ് വികാരിയായിരിക്കെ 1978ല്‍ വീരഞ്ചിറയില്‍ കുരിശുപള്ളി സ്ഥാപിതമായി. ചായ്പന്‍കുഴിയില്‍ വൈദിക മന്ദിരവും നിലവില്‍ വന്നു. വൈദിക മന്ദിരം ആശിര്‍വദിച്ചത് 1981 ജനുവരി 10ന് മാര്‍ ജയിംസ് പഴയാറ്റില്‍ ആണ്. ആദ്യത്തെ സ്ഥിരവാസമുള്ള വികാരി ഫാ. പോള്‍ എ. അമ്പൂക്കനാണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിവിധ കപ്പേളകള്‍, മുഖവാരം നിര്‍മാണം, കുടുംബയൂണിറ്റുകളുടെ തുടക്കം, സെമിത്തേരി കപ്പേള, ഷോപ്പിങ്ങ് കോംപ്ലക്‌സ്, മണിമാളിക, മതബോധന ഹാള്‍, സ്റ്റേജ്, ‘പാദുവാധ്വനി’ പാരിഷ് ബുള്ളറ്റിന്‍ എന്നിവ ക്രമാനുഗതമായി നിലവില്‍ വന്നു.
വെട്ടിക്കുഴി പ്രദേശത്ത് 2001ല്‍ സ്ഥാപിക്കപ്പെട്ട നോട്ടര്‍ഡാം സിസ്റ്റേഴ്‌സിന്റെ കോണ്‍വെന്റും ഇംഗ്ലീഷ് മീഡിയം സ്‌കൂളും 2000ല്‍ വിന്‍സെന്‍ഷ്യന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘സ്‌മൈല്‍ വില്ലേജ്’, 2004ല്‍ സ്ഥാപിതമായ ഡിവൈന്‍ മേഴ്‌സി കോണ്‍വെന്റ് എന്നിവ വളര്‍ച്ചയുടെ നാഴികക്കല്ലുകളായി നിലവിലുണ്ട്.
കൂട്ടായ്മയുടെയും ക്രിസ്തീയ പങ്കുവയ്പിന്റെയും ഉദാത്ത മാതൃകയായി ചായ്പന്‍കുഴിയില്‍ ഉയര്‍ന്നു വന്ന പുതിയ ദൈവാലയം അറുപതു വര്‍ഷങ്ങള്‍ പിന്നിട്ട ഈ മലയോര ഇടവകയുടെ ചരിത്രത്തിന് തിലകക്കുറിയായി നിലക്കൊള്ളുന്നു. ത്യാഗധനരായ വികാരിമാരും പൂര്‍വികരായ അല്‍മായ നേതാക്കളും അവരോടൊപ്പം അധ്വാനിച്ച വിശ്വാസി സമൂഹവും ചേര്‍ന്ന് കിഴക്കന്‍ മലനിരകളില്‍ കൊളുത്തിയ വിശ്വാസദീപം നാടിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും വഴിവെട്ടം വിതറി ജ്വലിച്ചു നില്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>