ക്രൈസ്തവ ജീവിതം; ചിത്രമെഴുതിയ തൂലിക

By on May 2, 2018
muttathu-varkey-1343a451-8e03-4ed2-81a7-24d099873bc-resize-750

ക്രൈസ്തവ ജീവിതം

ചിത്രമെഴുതിയ തൂലിക

മുട്ടത്തു വര്‍ക്കി : മലയാളിയെ വായനയിലേക്ക് കൈപിടിച്ചു നടത്തിയ
മഹാപ്രതിഭ; അദ്ദേഹം ഓര്‍മയായിട്ട് മേയ് 28 ന് 29 വര്‍ഷം

ക്രൈസ്തവര്‍ക്ക് സാഹിത്യവും കലയും വഴങ്ങില്ലെന്നു സവര്‍ണ അക്ഷരത്തമ്പുരാക്കന്മാര്‍ ജാതകക്കുറിപ്പെഴുതി വച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് മധ്യതിരുവിതാംകൂറില്‍ നിന്ന് മുട്ടത്തു വര്‍ക്കിയെന്ന ജനപ്രിയ സാഹിത്യകാരന്‍ ഉയര്‍ന്നു വന്നത്. ഭാഷയുടെയും സാഹിത്യത്തിന്റെയും കുത്തകാവകാശമുണ്ടെന്ന് അവകാശപ്പെടുന്നവരൊക്കെ മുട്ടത്തു വര്‍ക്കിയേയും അദ്ദേഹത്തിന്റെ നോവലുകളെയും അക്കാദമികളില്‍ നിന്നും അക്ഷര സദസ്സുകളില്‍ നിന്നും അകറ്റി നിര്‍ത്തിയപ്പോള്‍, ഏതാണ്ട് അറുപതു വര്‍ഷം നീണ്ട സാഹിത്യോപാസനകൊണ്ട് അദ്ദേഹം ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി.
മലയാള സാഹിത്യത്തിന്റെ നവോത്ഥാന കാലഘട്ടത്തില്‍ തകഴിയും കേശവദേവും ബഷീറും അവരെ പിന്തുടര്‍ന്നു വന്ന തലമുറയും കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളുടേയും അറബിക്കടല്‍ തീരത്തെ മത്സത്തൊഴിലാളികളുടേയും സര്‍ക്കാര്‍ ജീവനക്കാരുടേയും മലബാറിലെ മുസ്ലീം സമുദായത്തിന്റേയും കഥകളും നോവലുകളും എഴുതി ജനശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടിരുന്ന കാലത്താണ് മുട്ടത്തു വര്‍ക്കി കേരളത്തിലെ ക്രൈസ്തവ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുള്ള നിരവധി ചേതോഹര നോവലുകളെഴുതിയത്. മധ്യതിരുവിതാംകൂറിന്റെ ഗ്രാമീണ സൗന്ദര്യവും കര്‍ഷകജനതയുടെ ഉള്‍ത്തുടിപ്പുകളും ക്രൈസ്തവ സാമൂഹിക ജീവിതവും ഇത്ര മനോഹരമായി ചിത്രീകരിച്ചിട്ടുളള രചനകള്‍ മുട്ടത്തു വര്‍ക്കിയുടെയും പിന്നീട് പാറപ്പുറത്തിന്റെയും പ്രതിഭയില്‍ നിന്നേ ഇത്രയേറെ വാര്‍ന്നു വീണിട്ടുളളു.
പാടാത്ത പൈങ്കിളി, തെക്കന്‍കാറ്റ്, മയിലാടുംകുന്ന്, ഇണപ്രാവുകള്‍, മറിയക്കുട്ടി തുടങ്ങിയ കാവ്യസുന്ദരമായ രചനകള്‍ ഉള്‍പ്പെടെ 150ല്‍ പരം നോവലുകള്‍, 12 നാടകങ്ങള്‍, 20 ചെറുകഥാസമാഹാരങ്ങള്‍, കവിത, ഗദ്യകവിത, വിവര്‍ത്തനങ്ങള്‍ എന്നിവ മലയാളിക്കു സമ്മാനിച്ച സമൃദ്ധമായ സാഹിത്യഖനിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മുപ്പതോളം നോവലുകള്‍ സിനിമകളായി.
മലയാളത്തില്‍ ആദ്യമായി പ്രസിഡന്റിന്റെ അവാര്‍ഡ് നേടിയ ചലച്ചിത്രം മുട്ടത്തു വര്‍ക്കിയുടെ ‘പാടാത്ത പൈങ്കിളി’യാണ്. അദ്ദേഹത്തിന്റെ ‘കരകാണാക്കടല്‍’ എന്ന നോവല്‍ ആസ്പദമാക്കിയുള്ള സിനിമയ്ക്ക് ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
മുട്ടത്തു വര്‍ക്കി ലക്ഷക്കണിനു വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുക്കാരന്‍ മാത്രമായിരുന്നില്ല. മൂല്യബോധമുളള സാഹിത്യകാരനായി നില്‍ക്കുമ്പോഴും അദ്ദേഹം സ്വസമുദായത്തിന്റെ പൈതൃകത്തിലും ആചാരങ്ങളിലും ചരിത്രത്തിലും പാരമ്പര്യത്തിലും അഭിമാനം കൊണ്ടു. ദീപിക പത്രത്തില്‍ 26 വര്‍ഷം പത്രാധിപ സമിതി അംഗമായിരുന്നു. സാഹിത്യ വിമുഖമായ സമുദായത്തിലാണ് അദ്ദേഹം ജനിച്ചതെങ്കിലും ആ സമുദായത്തെ ഒറ്റിക്കൊടുക്കുകയോ മറ്റു സമുദായങ്ങളുടെ പ്രീതിയാര്‍ജിക്കാന്‍ വേണ്ടി കുറുക്കുവഴികള്‍ തേടുകയോ ചെയ്തില്ല. ലളിതമായ ഭാഷയില്‍ എഴുതിയതൊക്കെ അദ്ദേഹം ചുറ്റിലും കണ്ട ജീവിതങ്ങളായിരുന്നു. സ്‌നേഹവും കാരുണ്യവും പ്രണയവും വഞ്ചനയും ദാരിദ്ര്യവും സമ്പന്നതയുമൊക്കെ ഇഴയിട്ട ജീവിതങ്ങളില്‍ നിരാശയുടെ ഇരുള്‍ വീഴുമ്പോള്‍ ദൈവത്തിന്റെ ആശ്വാസവാക്കുകള്‍ വെളിച്ചം പകരുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. ശരാശരി മനുഷ്യരുടെ ജീവിത കഥകളില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രതീക്ഷയും പ്രത്യാശയും അദ്ദേഹം അടിവരയിട്ടു കാട്ടി. ക്രൈസ്തവരുടെ ഓശാന പെരുനാളും മിന്നുകെട്ടലും ആഘോഷങ്ങളും അദ്ദേഹം എത്ര മനോഹരമായാണ് വരച്ചിട്ടത്!
അക്കാദമി അവാര്‍ഡുകള്‍ അദ്ദേഹത്തിനു ലഭിച്ചില്ല. പക്ഷേ ജനലക്ഷങ്ങളുടെ അംഗീകാരത്തിന്റെ അവാര്‍ഡുകള്‍ അദ്ദേഹത്തിന്റെ മനസ്സു നിറച്ചു. അക്കാലകത്ത് പ്രശ്‌സത നടനായിരുന്ന പ്രേംനസീര്‍ പറഞ്ഞത് ഇതാണ്: ‘ജനകോടികളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളേക്കാള്‍ വലിയ അവാര്‍ഡില്ല, മുട്ടത്തു വര്‍ക്കിക്ക്.’
ചങ്ങനാശ്ശേരി ചെത്തിപ്പുഴ ഗ്രാമത്തില്‍ 1917 ഏപ്രില്‍ 28 നാണ് അദ്ദേഹം ജനിച്ചത്. എസ്.ബി കോളജില്‍ പഠിച്ചശേഷം കോട്ടയത്ത് എം.പി പോള്‍സ് കോളജില്‍ അധ്യാപകനായി. ദീപിക പത്രാധിപ സമിതിയില്‍ അംഗമായിരുന്ന പിന്നീടുളള 26 വര്‍ഷക്കാലത്താണ് അദ്ദേഹത്തിന്റെ പ്രശസ്തമായ മിക്ക നോവലുകളും പ്രസിദ്ധീകരിച്ചത്. വിരമിച്ചശേഷം മുഴുവന്‍ സമയവും സാഹിത്യരചനയില്‍ ഏര്‍പ്പെട്ടു.
ദൈവമാതാവിനെ പ്രകീര്‍ത്തിക്കുന്ന 153 ശ്ലോകങ്ങള്‍ ഉള്‍ക്കൊളളുന്ന ‘ആത്മാഞ്ജലിയാണ് ആദ്യകൃതി. 1989 മേയ് 28 നു ആ പ്രതിഭാവിലാസത്തിനു തിരിയണഞ്ഞു.
സ്വപ്രയത്‌നംകൊണ്ട് മലയാള സാഹിത്യത്തില്‍ സ്വന്തമായ കിരീടവും സിംഹാസനവും നേടിയെടുത്ത മുട്ടത്തു വര്‍ക്കി കേരള ക്രൈസ്തവ സമൂഹത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ തിളങ്ങുന്ന സര്‍ഗപ്രതിഭയായി എക്കാലവും നിലകൊള്ളും.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>