‘അക്കല്‍ദാമ’യില്‍ നിന്ന് ഇന്നും ആ ചോദ്യം

By on May 2, 2018
red-question-mark-symbol-RJz3nZE-600

‘അക്കല്‍ദാമ’യില്‍ നിന്ന്
ഇന്നും ആ ചോദ്യം

ദിലീപച്ചന്‍

ചരിത്രത്തില്‍ അന്യം നിന്നുപോയ ഒരു പേരാണ് യൂദാസ്. യൂദാസിന്റെ പേരു സ്വീകരിക്കാന്‍ ഇന്നും ആരും ഇഷ്ടപ്പെടുന്നില്ല. ജറമിയാ പ്രവാചകന്റെ വാക്കുകള്‍ ഇപ്രകാരമാണ്: ‘ഇസ്രായേലിന്റെ പ്രത്യാശയായ കര്‍ത്താവേ, അങ്ങയെ ഉപേക്ഷിക്കുന്നവരെല്ലാം ലജ്ജിതരാകും. അങ്ങയില്‍ നിന്ന് പിന്തിരിയുന്നവര്‍ പൂഴിയില്‍ എഴുതിയ പേരുപോലെ അപ്രത്യക്ഷരാകും. എന്തെന്നാല്‍, ജീവജലത്തിന്റെ ഉറവിടമായ കര്‍ത്താവിനെ അവര്‍ ഉപേക്ഷിച്ചു’ (ജറമിയ 17/13). ദൈവത്തെ ഉപേക്ഷിക്കുന്നവന്റെ പേര് പൂഴിയില്‍ എഴുതിയതുപോലെ അപ്രത്യക്ഷമാകുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് യൂദാസ്.
യേശുവിന്റെ കാലഘട്ടത്തില്‍ ഒരു അടിമയുടെ വിലയായിരുന്നു മുപ്പത് വെള്ളിക്കാശ്. യൂദാസിനു ലഭിച്ച പ്രതിഫലവും മുപ്പതു വെള്ളിക്കാശായിരുന്നു. യൂദാസിന്റെ മനസ്സില്‍ ഒരു അടിമയുടെ വിലപോലും ഗുരുവിനില്ലായിരുന്നു എന്നാണ് ഇതിന്റെ അര്‍ഥം. ഒറ്റുകാരന്റെ പാപക്കറ പേരിലും പടര്‍ന്നതുകൊണ്ടായിരിക്കണം യൂദാസ് എന്ന പേര് അന്യം നിന്നുപോയത്.
പണ്ടു നമ്മുടെ നാട്ടില്‍ കശുവണ്ടി ചുടാന്‍ അടുപ്പിലിടുമ്പോള്‍ ‘യൂദാസിന്റെ കണ്ണുപൊട്ടട്ടെ’ എന്നുചിലര്‍ പറയാറുണ്ടായിരുന്നു. പെസഹാ വ്യാഴാഴ്ച പാലുകുറുക്കുന്ന സമയത്ത് അടുപ്പിന്റെ കല്ലിലേക്ക് പാല്‍ ഒഴിച്ച് ‘യൂദാസിന്റെ തലപൊളിയട്ടെ’ എന്നു പ്രാര്‍ഥിച്ചിരുന്ന പാരമ്പര്യവും ചിലയിടത്തുണ്ടായിരുന്നു.
നിസാര ലാഭത്തിനുവേണ്ടി കര്‍ത്താവിനെ ഒറ്റിക്കൊടുത്തവനാണ് യൂദാസ്. ദൈവത്തിന്റെ ദൃഷ്ടിയില്‍ ഒറ്റിക്കൊടുക്കുന്നവരുടെ എണ്ണം അനേകമാണ്. ചെറിയ കാര്യങ്ങള്‍ക്കുവേണ്ടിപോലും കര്‍ത്താവിനെ വേണ്ടെന്നു വയ്ക്കുന്ന അനേകരുണ്ട്.
പയറുപായസത്തിനുവേണ്ടി കടിഞ്ഞൂല്‍ പുത്രസ്ഥാനം യാക്കോബിനു വിറ്റ ഏസാവിന്റെ ജീവിതം യൂദാസിനോടും നമ്മുടെ ജീവിതത്തോടും ചേര്‍ന്നു പോകും. അക്ഷരങ്ങളില്‍ കുടുങ്ങികിടക്കുന്ന വലിയ ആത്മീയ രഹസ്യം ‘കടിഞ്ഞൂല്‍ അവകാശം’ എന്ന വാക്കിനുണ്ട്. കര്‍ത്താവിന്റെ നിരന്തരമായ സാന്നിധ്യം അവകാശമായി കിട്ടിയവനാണ് കടിഞ്ഞൂല്‍ പുത്രന്‍.
കടിഞ്ഞൂല്‍ അവകാശം ഏസാവില്‍ നിന്നുവാങ്ങിയ ശേഷമുള്ള യാക്കോബിന്റെ ജീവിതം പരിശോധിക്കുക. യാക്കോബ് എവിടെപോയാലും കര്‍ത്താവിന്റെ സാന്നിധ്യം അവനെ അനുഗമിക്കുന്നു. ലാബാന്റെ വീട്ടിലേക്കു ഒളിച്ചോടിയപ്പോഴും കാനാനിലേക്ക് തിരികെ എത്തിയപ്പോഴും ക്ഷാമകാലത്ത് ഈജിപ്തിലേക്കു പുറപ്പെട്ടപ്പോഴും കര്‍ത്താവിന്റെ സാന്നിദ്ധ്യം അവന്റെ കൂടെ ഉണ്ടായിരുന്നു. ഈ സാന്നിദ്ധ്യത്തിനുള്ള അവകാശമാണ് ഏസാവ് പയറുപായസത്തിനുവേണ്ടി വിറ്റത്. ഇന്നും പയറുപായസങ്ങള്‍ക്കു വേണ്ടി കര്‍ത്താവിന്റെ സാന്നിദ്ധ്യം വേണ്ടെന്നു വയ്ക്കുന്നവര്‍ നിരവധി.
ദലീലയുമായുള്ള സൗഹൃദത്തിനു വേണ്ടി ദൈവത്തിന്റെ സാന്നിദ്ധ്യം നഷ്ടമാക്കികളഞ്ഞ സാംസന്റെ ദുരന്തകഥ. ദൈവത്തിന്റെ സാന്നിദ്ധ്യം ഇത്രമേല്‍ ശക്തനാക്കിയ മറ്റൊരു ന്യായാധിപന്‍ ഇസ്രായേലിന്റെ ചരിത്രത്തിലില്ല.
കുളത്തിലിട്ട കല്ല് ജലപ്പരപ്പില്‍ പടര്‍ത്തുന്ന ഓളങ്ങള്‍പോലെ മുപ്പതുവെള്ളിക്കാശിന്റെ ചരിത്രങ്ങള്‍ യൂദാസില്‍ നിന്നു പഴയനിയമത്തിലേക്കും പുതിയനിയമത്തിലേക്കും നമ്മുടെ ജീവിത കാലത്തേയ്ക്കും പടര്‍ന്നുകിടക്കുകയാണ്. നിനക്ക് ഗുരുവിനെ വേണോ, മുപ്പതു വെള്ളിക്കാശു വേണോ എന്ന ചോദ്യം ഇന്നും ക്രൈസ്തവന്റെ മുമ്പില്‍ ലോകം വയ്ക്കുന്ന പ്രലോഭനമാണ്.
ശ്മശാനം മണ്ണിന്റെ ഏറ്റവും പരിതാപകരമായ പരിണാമമാണ്. യൂദാസിന്റെ വെള്ളിനാണയങ്ങള്‍ വിദേശീയരെ സംസ്‌കരിക്കുവാനുള്ള ശ്മശാനമായി മാറി – രക്തത്തിന്റെ വിലയായ ഭൂമി, ‘അക്കല്‍ദാമ’.
ദൈവത്തെ നഷ്ടപ്പെടുത്തി സമ്പാദിക്കുന്നവയുടെ സ്വാഭാവികമായ പരിണാമം ശ്മശാനം പോലെ നിര്‍ജീവമായ ലോകത്തിലേക്കാണ്. ജറമിയാ പ്രവാചകന്റെ ദര്‍ശനം ഇവിടെ പ്രസക്തമാണ്.
‘നിന്റെ ദൈവമായ കര്‍ത്താവിനെ ഉപേക്ഷിക്കുന്നത് എത്ര ഭോഷത്തരവും കയ്പു നിറഞ്ഞതുമാണെന്നു നീ അനുഭവിച്ചറിയും (ജെറമിയ 2/19).

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>