പിറണീസ് പര്‍വത താഴ്‌വരയിലെ കര്‍ഷക പുത്രന്‍; ഇസിദോര്‍

By on May 2, 2018
San-Isidro-Labrador

പിറണീസ് പര്‍വത താഴ്‌വരയിലെ
കര്‍ഷക പുത്രന്‍; ഇസിദോര്‍

വിശുദ്ധപഥം

തിരുനാള്‍ മേയ് 10

അരിവാളും ചോളക്കതിരുകളുമായി അല്ലെങ്കില്‍ തൂമ്പയും നുകവുമായി നില്‍ക്കുന്ന ഒരു വിശുദ്ധ രൂപം കാണുകയാണെങ്കില്‍, അതാണ് വിശുദ്ധ ഇസിദോര്‍. കര്‍ഷക പുത്രനായി ജനിച്ചു, കര്‍ഷകനായി ജീവിച്ചു, വിശുദ്ധിയുടെ പുണ്യസോപാനത്തിലൂടെ അനശ്വരതയിലേക്ക് കടന്നുപോയ അധ്വാനിക്കുന്ന കര്‍ഷകരുടെ മധ്യസ്ഥനായ വിശുദ്ധ ഇസിദോര്‍.
സ്‌പെയിനിനെയും ഫ്രാന്‍സിനെയും വേര്‍തിരിക്കുന്ന പിറണീസ് പര്‍വത നിരകളുടെ പ്രകൃതി രമണീയമായ താഴ്‌വര പ്രദേശത്താണ് 1070 ല്‍ അദ്ദേഹത്തിന്റെ ജനനം. മണ്ണിന്റെ പുത്രനായിരുന്നു അദ്ദേഹം. അറുപതു വര്‍ഷം മാത്രം നീണ്ട ആ ജീവിതം മുഴുവന്‍ കഷ്ടപ്പാടും വിയര്‍പ്പും അധ്വാനത്തിന്റെ അവശതകളും നിറഞ്ഞതായിരുന്നു. ദരിദ്ര കര്‍ഷക കുടുംബത്തില്‍ പിറന്ന അദ്ദേഹം മാഡ്രിഡിനു പുറത്തുള്ള ഒരു ഗ്രാമത്തില്‍ ഒരു സമ്പന്നന്റെ തോട്ടത്തിലെ ദിവസ വേതനക്കാരനായിരുന്നു. ഓറഞ്ചും ആപ്പിളും ചോളവും നിറഞ്ഞ കൃഷിത്തോട്ടങ്ങളില്‍ പകലന്തിയോളം പണി. രാത്രിയില്‍ ഭാര്യ മരിയയോടൊപ്പം കൊച്ചുകുടുംബത്തില്‍ മാതൃകാപരമായ ക്രൈസ്തവ ജീവിതത്തിന്റെ നിമിഷങ്ങള്‍. ബാല്യത്തിലെതന്നെ നേരിട്ട പൊന്നോമന മകന്റെ വേര്‍പാടിനു ശേഷം ആ ദമ്പതികള്‍ക്ക് കുട്ടികളുണ്ടായില്ല. പിന്നീടുള്ള കാലം താപസതുല്യമായ ജീവിതമായിരുന്നു അവരുടേത്. ലാളിത്യവും വിശ്വാസ ചൈതന്യവും സുഗന്ധം പരത്തിയ രണ്ടു ചെറു നദികള്‍ ഒരുമിച്ചൊഴുകുന്നതുപോലെ അവര്‍ ജീവിത പാതയില്‍ മുന്നോട്ടുപോയി.
എന്നും രാവിലെ ഇരുവരും ദൈവാലയത്തില്‍ ദിവ്യബലിയില്‍ പങ്കെടുക്കും. പിന്നെ ഇസിദോര്‍ പണി ആയുധങ്ങളുമായി പാടത്തേക്കും ഫലവൃക്ഷത്തോട്ടത്തിലേക്കും ഇറങ്ങും.
അധ്വാനത്തെ പ്രാര്‍ഥനയായിക്കണ്ട മഹാ വ്യക്തിത്വമായിരുന്നു ഇസിദോറിന്റേത്. ദിവ്യബലി ഒഴിവാക്കി ഒരിക്കല്‍ പോലും അദ്ദേഹം ജോലിക്ക് പോയില്ല.
ഒട്ടേറെ വിസ്മയക്കഥകള്‍ അദ്ദേഹത്തെപ്പറ്റിയുണ്ട്. ഒരിക്കല്‍ ജോലിക്ക് എത്താന്‍ വൈകിയപ്പോള്‍ അദ്ദേഹത്തിനു പകരം മാലാഖ വന്ന് നിലം ഉഴുതുവെന്നത് അതിലൊന്ന്. മറ്റൊരിക്കല്‍, ധാന്യച്ചാക്കുമായി അദ്ദേഹം പോകുമ്പോള്‍, തണുത്തുറഞ്ഞ മണ്ണില്‍ കൊത്തിപ്പെറുക്കി ഭക്ഷണം തേടുന്ന പ്രാവുകളെകണ്ടു. ധാന്യത്തില്‍ പകുതിയോളം അവര്‍ക്കായി അദ്ദേഹം വിതറി. പക്ഷേ, വീട്ടിലെത്തിയപ്പോള്‍, നഷ്ടപ്പെട്ട ധാന്യത്തിനു പകരം, ചാക്ക് നിറഞ്ഞു തുളുമ്പി ധാന്യസമൃദ്ധി!
യൂറോപ്പില്‍ തപോധനരായ സന്യാസിവര്യന്മാരും പ്രഗല്‍ഭരായ സഭാപണ്ഡിതരും ജീവിച്ചിരുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലാണ് സാധാരണക്കാരില്‍ സാധാരണക്കാരനായ ഇസിദോര്‍ എന്ന ഈ കര്‍ഷകന്‍ വിശുദ്ധിയിലേക്ക് സാധാരണ മനുഷ്യര്‍ക്കും നടന്നു കയറാമെന്ന് ജീവിതം കൊണ്ട് തെളിയിച്ചത്. ആരായി ജീവിച്ചു എന്നതിനേക്കാള്‍ എങ്ങനെ ജീവിച്ചു എന്നതാണ് ജീവിതത്തിന് അര്‍ഥം നല്‍കുന്നതെന്നതാണ് കര്‍ഷകനായ ഇസിദോറിന്റെ ജീവിത സന്ദേശം.
അറുപതാം വയസില്‍ 1130 ലാണ് വിശുദ്ധ ഇസിദോര്‍ വിടവാങ്ങിയത്. അദ്ദേഹത്തിനൊപ്പം ജീവിതം വിശുദ്ധിയുടെ സങ്കീര്‍ത്തനമാക്കി മാറ്റിയ ഭാര്യ മരിയ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം 40 വര്‍ഷംകൂടി ജീവിച്ചു.
വിശുദ്ധ ഇസിദോറിന്റെ മരണശേഷം നിരവധി അത്ഭുതങ്ങള്‍ ഉണ്ടായി. രാജാക്കന്മാരും പ്രജകളും എന്ന വ്യത്യാസമില്ലാതെ അദ്ദേഹത്തിന്റെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി. സാര്‍വത്രിക സഭ 1622 ല്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. മേയ് 10 നാണ് അദ്ദേഹത്തിന്റെ തിരുനാള്‍.
സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ അദ്ദേഹത്തിന്റെ തിരുനാള്‍ ദേശീയ ഉത്സവംപോലെ ആഘോഷവും ആര്‍ഭാടവും നിറഞ്ഞ സുദിനമായി ആഘോഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>