ഹിന്ദുത്വ അജന്‍ഡ പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ കോടികള്‍ വാങ്ങുന്നു

By on May 2, 2018

ഹിന്ദുത്വ അജന്‍ഡ പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ കോടികള്‍ വാങ്ങുന്നു

‘കോബ്രാ പോസ്റ്റ്’ വാര്‍ത്താ വെബ്‌സൈറ്റിന്റെ വെളിപ്പെടുത്തല്‍
മാധ്യമങ്ങള്‍ ആരുടെ താല്‍പര്യ സംരക്ഷകരാണ്? ജനാധിപത്യ മൂല്യങ്ങളുടെ കാവല്‍ നായ്ക്കളോ, നിക്ഷിപ്ത താല്‍പര്യങ്ങളുടെ വളര്‍ത്തു പട്ടികളോ? മറ്റുള്ള വ്യക്തികളുടെയും ജനവിഭാഗങ്ങളുടെയും മേല്‍ വിധിയാളന്മാരും സമൂഹത്തില്‍ നേരിന്റേയും നീതിയുടേയും കുത്തക കച്ചവടക്കാരുമായി സ്വയം മേനി നടിക്കുന്ന മാധ്യമങ്ങള്‍ എത്രത്തോളം സ്വന്തം കാര്യത്തില്‍ സത്യസന്ധതയും നിഷ്പക്ഷതയും പാലിക്കുന്നുണ്ട്? കുത്തക മുതലാളിമാരുടെയും രാഷ്ട്രീയ, വര്‍ഗീയ നേതാക്കളുടേയും ആനുകൂല്യങ്ങള്‍ കൈപ്പറ്റി അവര്‍ക്കുവേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുകയും തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ ധാര്‍മികത എന്താണ്?
ജനാധിപത്യ വ്യവസ്ഥിതിയുടെ സുഗമവും സുതാര്യവുമായ നടത്തിപ്പിനെ ബാധിക്കുന്ന അതിപ്രധാനമായ ഇക്കാര്യങ്ങളാണ് കഴിഞ്ഞ നാലാഴ്ച മാധ്യമ രംഗത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. നേരിന്റേയും നെറിയുടേയും അവതാരങ്ങളായി സ്വയം പ്രഖ്യാപിക്കുന്ന നല്ലൊരു വിഭാഗം മാധ്യമങ്ങളും അങ്ങനെയല്ല എന്നു വ്യക്തമാക്കുന്നതായിരുന്നു മാര്‍ച്ച് അവസാന ആഴ്ച മുതലുള്ള ജനങ്ങളുടെ വായനാനുഭവം.

പണം വാങ്ങി വാര്‍ത്ത
നല്‍കുന്ന മാധ്യമങ്ങള്‍
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം ഉറപ്പാക്കാന്‍ രാജ്യവ്യാപകമായി മാധ്യങ്ങളെ ഉപയോഗിച്ചു തുടങ്ങിയതായി മാര്‍ച്ച് 27 നു പുറത്തിറങ്ങിയ ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദുത്വത്തെ പാടിപ്പുകഴ്ത്തുകയും പ്രധാന മന്ത്രിയെയും മന്ത്രിസഭയേയും ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന വ്യാജവാര്‍ത്തകളും ഫീച്ചറുകളും പ്രസിദ്ധീകരിക്കാനും അങ്ങനെ ജനങ്ങളെ സ്വാധീനിക്കാനും വടക്കേ ഇന്ത്യയിലെ 14 മാധ്യമസ്ഥാപനങ്ങളിലെ പ്രമുഖര്‍ വന്‍തോതില്‍ പണം വാങ്ങാന്‍ തയാറായതായി വാര്‍ത്താ വെബ്‌സൈറ്റ് ‘കോബ്രാ പോസ്റ്റ്’ വെളിപ്പെടുത്തിയതാണ് രാഷ്ട്രീയ, മാധ്യമരംഗങ്ങളെ ചൂടുപിടിപ്പിച്ചത്. മറ്റ് 20 ലേറെ സ്ഥാപനങ്ങളുടെ ലിസ്റ്റ് ഉടന്‍ പുറത്തുവിടും. ഹിന്ദുത്വ അജന്‍ഡ പൊലിപ്പിച്ചുകാട്ടുന്ന വാര്‍ത്തകളും പരസ്യങ്ങളും പ്രസിദ്ധീകരിക്കാന്‍ കോടിക്കണക്കിനു രൂപയാണ് ബന്ധപ്പെട്ടവര്‍ ഈ പ്രസിദ്ധീകരണങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. പ്രമുഖ ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളേയും വാര്‍ത്താ ചാനലുകളേയും ഓണ്‍ലൈന്‍ മാധ്യമങ്ങളേയും ‘കോബ്രാ പോസ്റ്റ്’ അന്വേഷണ സംഘം സമീപിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ആറു കോടി മുതല്‍ 50 കോടി വരെയാണ് ഓരോ സ്ഥാപനവും ആവശ്യപ്പെട്ടിട്ടുള്ളത്.
വ്യാജ വാര്‍ത്തകള്‍ നല്‍കുക മാത്രമല്ല, രാഹുല്‍ ഗാന്ധി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി എന്നിവരെ തേജോ വധം ചെയ്യുന്ന കള്ളവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനും അവര്‍ സമ്മതിച്ചിട്ടുണ്ടത്രെ.
‘പണം വാങ്ങി മാധ്യമ’ പ്രവര്‍ത്തനം പണ്ടും ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്. എന്നാല്‍ ഭരണത്തിലുള്ള ഒരു പാര്‍ട്ടിക്കുവേണ്ടി ഇത്ര ബൃഹത്തായ തോതിലുള്ള മാധ്യമ അട്ടിമറി ഒരു പക്ഷേ, ഇതാദ്യമായിരിക്കാം.
എന്താണ് കേരളത്തിലെ മാധ്യങ്ങളുടെ സ്ഥിതി? ‘അമ്പുകൊള്ളാത്തവരില്ല, ഗുരുക്കളില്‍’ എന്നു പറഞ്ഞതുപോലെ കേരളത്തിലെ മാധ്യമങ്ങളുടെ കൈകളും അത്ര ശുദ്ധമല്ല എന്നുവേണം കരുതാന്‍; പ്രത്യേകിച്ചു ചാനലുകള്‍. കഴിഞ്ഞ 10 വര്‍ഷത്തെ ചില ചാനലുകളുടെയും പത്രങ്ങളുടേയും ട്രാക്ക് റെക്കോര്‍ഡ് പരിശോധിച്ചാല്‍, എത്രത്തോളം പക്ഷപാതപരമാണ് പലതിന്റേയും വാര്‍ത്താ വിന്യാസങ്ങളും വിശകലനങ്ങളും എന്നു വ്യക്തമാകും.
ക്രൈസ്തവ സമൂഹത്തേയും അവരുടെ ആത്മീയ നേതാക്കളേയും ക്രൈസ്തവ സ്ഥാപനങ്ങളേയും ഒറ്റപ്പെട്ട സംഭവങ്ങളുടേയും പാളിച്ചകളുടേയും വ്യക്തി വീഴ്ചകളുടെയും പേരില്‍ അടച്ചാക്ഷേപിച്ചുകൊണ്ടിരിക്കുന്ന മാതൃഭൂമി, ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകളുടെ ആത്യന്തിക ലക്ഷ്യം എന്തായിരിക്കാമെന്ന് ചിന്തിക്കണം. ക്രൈസ്തവ സമൂഹത്തെ നിര്‍വീര്യരാക്കി തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, ആരുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് അവര്‍ നിലകൊള്ളുന്നത്? അതല്ലേ, ‘പണം വാങ്ങി മാധ്യമപ്രവര്‍ത്തനം’? അതുകൊണ്ട് കോബ്രാ പോസ്റ്റിന്റെ കണ്ടെത്തല്‍ ഉത്തരേന്ത്യന്‍ പത്രങ്ങളേയും ഹിന്ദി, ഇംഗ്ലീഷ് ചാനലുകളേയും മാത്രം ഉന്നം വച്ചാണെന്നു പ്രചരിപ്പിക്കുന്നവരെ ശ്രദ്ധിക്കണം. ‘ദീപിക’ പത്രം സ്വഭാവികമായും വേറിട്ടു നില്‍ക്കുന്നു. മറിച്ചുള്ളവയെല്ലാം, കോബ്രാ പോസ്റ്റിന്റെ നിരീക്ഷണ വലയത്തിലുണ്ടെന്ന കാര്യം മറക്കേണ്ട.
ലോകമാധ്യമ
സ്വാതന്ത്ര്യ ദിനം മേയ് 3ന്
ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള യുനെസ്‌കോ നേതൃത്വം കൊടുക്കുന്ന ലോക മാധ്യമ സ്വാതന്ത്ര്യദിനം മേയ് 3ന് ആഫ്രിക്കന്‍ രാജ്യമായ ഘാനയിലാണ്. മാധ്യമ സ്വാതന്ത്ര്യം, അത് ലോകരാഷ്ട്രങ്ങളില്‍ എത്രത്തോളം പാലിക്കപ്പെടുന്നു, മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ പൗരന്മാരുടെ അവകാശങ്ങളും സ്വകാര്യതയും ലംഘിക്കപ്പെടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന അവസരമാണിത്. ഇതോടൊപ്പം മാധ്യമ പ്രവര്‍ത്തനത്തിന്റെ ഉന്നതാദര്‍ശങ്ങള്‍ ഉയര്‍ത്തി പിടിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ജീവന്‍ നഷ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകരെ ഓര്‍മ്മിക്കുകയും ആദരിക്കുകയും ചെയ്യുന്ന നിമിഷങ്ങള്‍ കൂടിയാണ് മാധ്യമ സ്വാതന്ത്ര്യദിനം.
ഏപ്രിലിലെ
പ്രധാന വാര്‍ത്തകള്‍
ഏപ്രില്‍ 2 : ദളിതര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ സംബന്ധിച്ചു നിലവിലുള്ള നിയമം സുപ്രീം കോടതി ഭേദഗതി ചെയ്തു. ദളിതരെ സംരക്ഷിക്കാനുള്ള നിയമം, നിരപരാധികളെ കുടുക്കാന്‍ ഉപയോഗിക്കപ്പെടുന്നു എന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. മാര്‍ച്ച് 20നായിരുന്നു സുപ്രധാന ഭേദഗതി. ഇതില്‍ പ്രതിഷേധിച്ച വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദളിത് സംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചു; പലയിടത്തും അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലായി അഞ്ച് പേര്‍ മരിച്ചു.
ഏപ്രില്‍ 16 : ഹൈദരാബാദ് ഓള്‍ഡ് സിറ്റിയില്‍ 2007 മേയ് 18ന് ചരിത്ര പ്രസിദ്ധമായ മെക്ക മസ്ജിദില്‍ നടന്ന ബോംബ് സ്‌ഫോടനത്തിലെ എല്ലാ പ്രതികളെയും പ്രത്യേക കോടതി വിട്ടയച്ചു. സംഭവത്തില്‍ 8 പേര്‍ മരിച്ചിരുന്നു. ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരുമാണ് എല്ലാ പ്രതികളും. സംഭവത്തിലെ മുഖ്യപ്രതിയാണ് ആര്‍എസ്എസ് ഉന്നത നേതാവായ സ്വാമി അസിമാനന്ദ്. അജ്മീര്‍ മുസ്ലീം പള്ളി, മുംബൈ മാലഗാവ്, സംഝോവ എക്‌സ്പ്രസ് ട്രെയിന്‍ സ്‌ഫോടനങ്ങളിലും അസിമാനന്ദയ്ക്ക് പങ്കുണ്ടെന്നാണ് ആരോപണം. എല്ലാവരേയും വിട്ടയച്ചതിനു പിന്നാലെ വിധി പ്രസ്താവിച്ച സ്‌പെഷ്യല്‍ കോടതി ജഡ്ജി രവീന്ദര്‍ റെഡി രാജി വച്ചു. എന്തുകൊണ്ട് രാജി? ഉത്തരമില്ല.
ഏപ്രില്‍ 19 : ബിജെപി അധ്യക്ഷന്‍ അമിത്ഷാ പ്രതിയായിരുന്ന 2005ലെ സൊറാബുദ്ദീന്‍ ഷെയ്ക്ക് വധക്കേസില്‍ വിചാരണ നടത്തിക്കൊണ്ടിരുന്ന സിബിഐ സ്‌പെഷല്‍ ജഡ്ജി ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നു സുപ്രീംകോടതി വിധി.
ഏറെക്കാലമായി വിവിധ കോടതികളില്‍ വിചാരണയും രാജ്യ വ്യാപകമായ വിമര്‍ശനങ്ങളും നേരിട്ട കേസാണിത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രധാനപ്പെട്ട കേസുകള്‍ സ്വയം കൈകാര്യം ചെയ്യുന്നുവെന്നു ആരോപിക്കപ്പെട്ടപ്പോള്‍, ഈ കേസും ഉള്‍പ്പെട്ടിരുന്നു. അമിത്ഷായെ രക്ഷിക്കാന്‍ ശ്രമമുണ്ടായിരുന്നെന്നാണ് ആരോപണം.
ഏപ്രില്‍ 21 : വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പൊലിസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനമേറ്റ് മരിച്ച വാര്‍ത്ത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
മൂന്ന് പൊലിസുകാര്‍ക്കും ആലുവ റൂറല്‍ എസ്പിക്കും എതിരെ കേസ്.
ഏപ്രില്‍ 21 : പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്കു വധശിക്ഷ നല്‍കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം.

മോദിയുടെ മൗനം ദുരൂഹം :
ന്യൂയോര്‍ക്ക് ടൈംസ്
ഇന്ത്യയില്‍ ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളെ വെങ്കയ്യ നായിഡു നിസ്സാരവല്‍ക്കരിച്ചതിന്റെ തൊട്ടു പിന്നാലെയായിരുന്നു ലോകത്തിലെ തന്നെ ഒന്നാം നിരയിലുള്ള ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന്റെ മുഖപ്രസംഗം. പീഡനക്കേസുകള്‍ വര്‍ധിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി പുലര്‍ത്തുന്ന കുറ്റകരമായ മൗനത്തെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് ‘സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ മൗനം’ എന്ന മുഖപ്രസംഗം. രാജ്യത്ത് ദലിതര്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, മുസ്ലീംകള്‍, ക്രൈസ്തവര്‍ എന്നിവരെ ഭയപ്പെടുത്തി നിര്‍വീര്യരാക്കാന്‍ ദേശീയതയുടെ പേരില്‍ സംഘടിത ശക്തികള്‍ ശ്രമം നടത്തുന്നു. കാശ്മീരില്‍ ഒരു ബാലികയെ മാനഭംഗപ്പെടുത്തി ക്ഷേത്രത്തിനുള്ളില്‍ വധിച്ചതും ഉന്നാവൂവില്‍ പതിനേഴുകാരിയെ ബിജെപി നേതാവ് മാനഭംഗപ്പെടുത്തിയതും അവളുടെ പിതാവ് പൊലിസ് കസ്റ്റഡിയില്‍ മരിച്ചതും ലോകം മുഴുവന്‍ ഇന്ത്യക്ക് നാണക്കേടുണ്ടാക്കിയിട്ടും മോദി നിശബ്ദത പാലിച്ചു. ലോകത്ത് എന്ത് സംഭവിച്ചാലും ട്വിറ്റര്‍ സന്ദേശത്തില്‍ പ്രതികരിക്കുന്ന മോദി, തീവ്ര ദേശീയ വാദികള്‍ നടത്തുന്ന അക്രമങ്ങളെ കാണുന്നില്ലായിരിക്കാം. മോദിയുടെ നിശബ്ദത അമ്പരപ്പിക്കുന്നതും ദുഃഖകരവുമാണെന്ന ശക്തമായ വാക്കുകളോടെയാണ് ഇന്ത്യയില്‍ എല്ലാം ഭദ്രമാണെന്ന മോദിയുടെയും അമിത്ഷായുടെയും വാദമുഖങ്ങളെ ഖണ്ഡിക്കുന്നത്. വളരെയേറെ വൈകി അദ്ദേഹം പ്രതികരിച്ചപ്പോള്‍, വളരെ അവ്യക്തമായും പൊതു തത്വങ്ങള്‍ ചൂണ്ടിക്കാട്ടിയുമാണ് അത് പറഞ്ഞത്. ‘നമ്മുടെ പുത്രിമാര്‍ക്ക് തീര്‍ച്ചയായും നീതി ലഭിക്കും’ – ഇതായിരുന്നു ഒഴുക്കന്‍ മട്ടിലുള്ള മോദിയുടെ പ്രതികരണം-പത്രം ചൂണ്ടിക്കാട്ടി.
സത്യത്തില്‍ ഇതാണ് നരേന്ദ്രമോദി. അദ്ദേഹം ആര്‍എസ്എസ് നേതാവാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയായതാണ്. വര്‍ഗീയ സംഘങ്ങള്‍ ചെയ്യുന്ന അതിക്രമങ്ങളെ തള്ളി പറഞ്ഞാല്‍ ഭരണം തെറിക്കുമെന്നും ബുദ്ധിമാനായ മോദിക്കറിയാം. ഇനിയും ഇങ്ങനെയേ മോദിയില്‍ നിന്ന് പ്രതീക്ഷിക്കാവൂ.

ദളിത് – ന്യൂനപക്ഷ പീഡനങ്ങളും
വെങ്കയ്യ നായിഡുവും
ഉപരാഷ്ട്രപതിയാവുന്നതിനു മുമ്പ് വെങ്കയ്യനായിഡു കേന്ദ്രത്തിലെ ബിജെപി നേതാവും മന്ത്രിയുമായിരുന്നു. അദ്ദേഹം ഏപ്രില്‍ മൂന്നിന് ദക്ഷിണേഷ്യയിലെ വിദേശകാര്യ ലേഖകന്മാരുടെ ഒരു സമ്മേളനത്തില്‍ പങ്കെടുത്തു. അതില്‍ അദ്ദേഹം പറഞ്ഞു: ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങളെ വ്യക്തിപരമായ വീക്ഷണത്തിലൂടെ കാണാതെ, അവയെ രാജ്യത്തിന്റെ വിശാലമായ സാംസ്‌കാരികവും ചരിത്രപരവും സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലത്തില്‍ കാണുകയും റിപ്പോര്‍ട്ട് ചെയ്യുകയും വേണം.
രാജ്യത്തെ ചില പ്രദേശങ്ങളില്‍ നടക്കുന്ന വര്‍ഗീയ ആക്രമണങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി കാണണം. അവ വ്യാഖ്യാനിച്ചു ഇന്ത്യയില്‍ അസഹിഷ്ണുത നിലനില്‍ക്കുന്നു എന്നു പറയരുത്. അത്തരം സംഭവങ്ങള്‍ അപവാദങ്ങളാണ്. ചില മതവര്‍ഗീയ ഭ്രാന്തന്മാര്‍ ചെയ്യുന്നതാണത്. ഇതിന്റെ പേരില്‍ ഇന്ത്യയില്‍ ഭൂരിപക്ഷം ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയാണെന്നു പറയരുത്. ഇന്ത്യയില്‍ ജനാധിപത്യവും എല്ലാ ജനങ്ങളുടെ മത സ്വാതന്ത്ര്യവും നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെ പോകുന്നു ഉപരാഷ്ട്രപതിയുടെ ഉപദേശം. ബിജെപി അംഗമായിരുന്നതിനാല്‍, അദ്ദേഹത്തിന് അങ്ങനെയേ പറയാനാവൂ. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതു തടയാന്‍ ബാധ്യസ്ഥമായ ഭരണകൂടം അതിനു തയാറാവാത്തതെന്തെന്ന ചോദ്യത്തിന് വെങ്കയ്യനായിഡു മറുപടി പറയണം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>