മഴക്കാലം തുടങ്ങാറായി

By on May 2, 2018
Mazha

മഴക്കാലം തുടങ്ങാറായി; നാട്ടിലെങ്ങും കൂടിക്കിടക്കുന്ന
മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ശുദ്ധജല സ്രോതസുകള്‍
മലിനപ്പെടാതിരിക്കാന്‍ അടിയന്തര നടപടി ഉടന്‍ ആരംഭിക്കണം.

സ്വന്തം ലേഖകന്‍

ഇരിങ്ങാലക്കുട: കേരളത്തെ മുഴുവന്‍ ശുചിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ‘മാലിന്യ മുക്ത കേരളം’ പദ്ധതി തുടങ്ങിയിട്ട് ആറു വര്‍ഷം; ഇന്ത്യയെ മുഴുവന്‍ ശുചിയാക്കാന്‍ പ്രാധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ‘സ്വച്ഛ ഭാരത്’ പദ്ധതി ആരംഭിച്ചിട്ട് നാലു വര്‍ഷം. എന്നിട്ടും കേരളമോ മറ്റു സംസ്ഥാനങ്ങളോ ലക്ഷ്യമിട്ടതിന്റെ നൂറിലൊരംശം പോലും വൃത്തിയായിട്ടില്ല. ഉടനെയൊന്നും ലക്ഷ്യം നേടുമെന്നും കരുതാനാവില്ല.
മുമ്പെന്നപോലെ ഇപ്പോഴും നാട്ടിലും നഗരപ്രദേശങ്ങളിലും എവിടെ നോക്കിയാലും കാണുന്നത് ചിന്നിച്ചിതറിയും കുന്നുകൂടിയും കിടക്കുന്ന മാലിന്യങ്ങളാണ്. വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും അറവുശാലകളില്‍ നിന്നും ഇറച്ചിക്കോഴി കടകളില്‍ നിന്നുമുള്ള ദുര്‍ഗന്ധം വമിക്കുന്ന ചീഞ്ഞളിഞ്ഞ അവശിഷ്ടങ്ങള്‍. പലയിടത്തും മൂക്കുപൊത്തിയേ കടന്നുപോകാനാവൂ.
മുപ്പതു ദിവസം കൂടി പിന്നിട്ടാല്‍ കാലവര്‍ഷം തുടങ്ങുമെന്നാണ് പ്രവചനം. അതോടെ വഴിയരികിലും പൊതുസ്ഥലങ്ങളിലും നാല്‍ക്കവലകളിലും കിടക്കുന്ന അഴുക്കു വസ്തുക്കള്‍ ചീഞ്ഞളിഞ്ഞ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നുറപ്പാണ്. മാലിന്യങ്ങളും അവ കലര്‍ന്ന അഴുക്കുവെള്ളവും കുറെയൊക്കെ ഓടകളിലൂടെ ഒഴുകി നമ്മുടെ കിണറുകളിലും കുളങ്ങളിലും തോടുകളിലും പുഴകളിലുമെത്തും. വെള്ളത്തിന് ഒഴുകാന്‍ കഴിയാതെ മാലിന്യങ്ങളിട്ട് നാം നിറച്ചിരിക്കുന്ന അഴുക്കു ചാലുകളില്‍ നിന്ന് മലിനജലം വഴിയിലേക്കും റോഡുകളിലേക്കും കവിഞ്ഞൊഴുകും. രോഗാണുക്കള്‍ നുരയുന്ന ആ അഴുക്കു ജലത്തില്‍ ചവിട്ടിയാണ് പിന്നെ നമ്മുടെ കാല്‍നടയാത്ര. കൊതുകും എലിയും കീടാണുക്കളും അതിഗുരുതരമായ ഭീഷണിയായി മാറും. പിന്നെ പതിവുപോലെ പകര്‍ച്ചവ്യാധികളുടെ വരവാണ്. വൈറല്‍ പനി, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങിയവ. വെള്ളക്കെട്ട് രൂക്ഷമായ പടിഞ്ഞാറന്‍ തീരമേഖലകളില്‍ വയറിളക്കവും.
മാലിന്യ നിര്‍മാര്‍ജനത്തിനുവേണ്ടി വര്‍ഷങ്ങള്‍ക്കു മുമ്പ് സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ വകുപ്പിനു കീഴില്‍ ഒരു ക്ലീന്‍ കേരള കമ്പനി സ്ഥാപിച്ചിരുന്നു. പരിമിതമായ തോതില്‍ ചില നഗരപ്രദേശങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതില്‍ ഒതുങ്ങി നില്‍ക്കുന്നു അതിന്റെ പ്രവര്‍ത്തനം.
മൂന്നേകാല്‍ കോടിയിലേറെ ജനസംഖ്യയുള്ള കേരളത്തില്‍ ഒരുകോടി വീടുകളുണ്ട്; ലക്ഷത്തിലേറെ ഹോട്ടലുകളും പച്ചക്കറി കടകളും മത്സ്യ-മാംസ കച്ചവട കേന്ദ്രങ്ങളും മാര്‍ക്കറ്റുകളുമുണ്ട്. 999 പഞ്ചായത്തുകളും 53 മുനിസിപ്പാലിറ്റികളും 5 കോര്‍പറേഷനുകളും ചേര്‍ന്ന് പ്രതിവര്‍ഷം 6000 ടണ്‍ മാലിന്യങ്ങളാണ് പുറന്തള്ളുന്നത്.
ഇവ മുഴുവന്‍ ചില കേന്ദ്രങ്ങളില്‍ എത്തിച്ചു സംസ്‌ക്കരിക്കുകയെന്നത് പ്രായോഗികമല്ല. നഗരങ്ങളില്‍ അതിനുള്ള സംവിധാനം ഉണ്ടാക്കുകയും നാട്ടിലെങ്ങും അവ ഉത്ഭവസ്ഥാനങ്ങളില്‍ തന്നെ സംസ്‌ക്കരിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയുമാണ് വേണ്ടത്.
ശക്തമായ ബോധവല്‍ക്കരണവും ഒപ്പം മാലിന്യ സംസ്‌ക്കരണം സ്രോതസ്സില്‍ തന്നെ നടത്താന്‍ ജനങ്ങളെ പരിശീലിപ്പിക്കാനുള്ള ശ്രമവുമാണ് വേണ്ടത്. ഇതൊക്കെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുകയാണ് വേണ്ടത്.
എന്നാല്‍ അടിയന്തിരമായി ഇപ്പോള്‍ വേണ്ടത്, മഴക്കാലം മുന്നില്‍ കണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നാട്ടില്‍ പുറത്തും നഗരങ്ങളിലും ചിതറിക്കിടക്കുന്ന മാലിന്യങ്ങള്‍ ശേഖരിച്ചു സംസ്‌ക്കരിക്കാന്‍ നടപടിയെടുക്കണം. അഴുക്കു ചാലുകള്‍ വൃത്തിയാക്കി വെള്ളം ഒഴുകിപ്പോകുമെന്ന് ഉറപ്പാക്കണം. ശുദ്ധജല സ്രോതസ്സുകളിലേക്ക് മലിനജലം ഒഴുകിയിറങ്ങാതിരിക്കാന്‍ തിണ്ടുകള്‍ ശക്തിപ്പെടുത്തണം; ഇല്ലാത്തിടത്ത് അവ നിര്‍മിക്കണം. ചുറ്റുപാടുകളെ മാലിന്യ മുക്തമാക്കാനുള്ള എല്ലാ ശ്രമങ്ങളിലും ജനങ്ങളും സന്നദ്ധ സംഘടനകളും ക്ലബുകളും സഹകരിക്കുകയെന്നത് വിജയത്തിലേക്കുള്ള വഴി തുറക്കും.
ഇതിനൊക്കെ നേതൃത്വം നല്‍കേണ്ട ജനപ്രതിനിധികള്‍ പാര്‍ട്ടി സമ്മേളനങ്ങളിലും പ്രചാരണ ജാഥകളിലും ഇനിയും കുടുങ്ങിക്കിടക്കരുത്. മന്ത്രിസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോലും സമയമില്ലാത്തവരാണ് പല മന്ത്രിമാരും. ഈ സ്ഥിതി മാറണം, മാറ്റണം.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>