സ്വര്‍ഗത്തില്‍ ചിരമാകാനൊരു ചിരിയുമായി പോള്‍സിയച്ചന്‍

By on May 2, 2018
Untitled-1

സ്വര്‍ഗത്തില്‍ ചിരമാകാനൊരു
ചിരിയുമായി പോള്‍സിയച്ചന്‍

ജോമിയച്ചന്‍

ഇനിയാ ചിരിയില്ല; ചിരി മാഞ്ഞപ്പോള്‍ കരളുരുകി കണ്ണുനനഞ്ഞവര്‍ ഏറെ. അരികിലണഞ്ഞവര്‍ക്കെല്ലാം ചിരിയുടെ വ്യത്യസ്ത ഭാവങ്ങള്‍ ആവശ്യങ്ങളുടെ തോതനുസരിച്ച് പങ്കുവെച്ച പോള്‍ സി അമ്പൂക്കനച്ചന്‍ മാലാഖമാര്‍ക്കൊപ്പം സ്വര്‍ഗത്തിലെ പുഞ്ചിരിയില്‍ പങ്കു പറ്റുകയാണ്.
എഴുപത്തിയൊന്ന് വര്‍ഷത്തെ ജീവിത വഴികളില്‍ 41 വര്‍ഷത്തെ പൗരോഹിത്യ ശുശ്രൂഷയുടെ സാക്ഷ്യജീവിതമൊരുക്കി സ്വര്‍ഗീയ സമ്മാനത്തിന് യാത്രയാകുമ്പോള്‍ നികത്താനാവാത്ത വിടവുകള്‍ ഏറെയാണ്. കാരുണ്യത്തിന്റെ ആള്‍രൂപം. പരിഭവങ്ങളില്ലാത്ത പാതിരി. അസ്വസ്ഥതകള്‍ക്ക് നടുവിലും സംതൃപ്തിയുടെ ഉരുക്കുബിംബം. കൊച്ചച്ചന്മാര്‍ക്ക് വാത്സല്യം കൂട്ടായ വികാരിയച്ചന്‍. വലിപ്പ ചെറുപ്പങ്ങളുടെ അതിരുകള്‍ തീര്‍ക്കാത്ത നസ്രായ ശിഷ്യന്‍. ഓരോ ഗുണങ്ങള്‍ കണ്ടെത്തി കയ്യെഴുത്തിന്റെ തനിമ നിലനിര്‍ത്തി മുഴുവന്‍ പുരോഹിത സുഹൃത്തുക്കള്‍ക്കും കത്തയക്കുന്ന അപൂര്‍വ്വ സ്‌നേഹിത സാന്നിധ്യം. വൈദിക വിദ്യാര്‍ഥികള്‍ക്ക് സമഗ്ര രൂപീകരണത്തിന്റെ ചാലകശക്തി…..നീളുകയാണ് പകരം വയ്ക്കാനാവാത്ത സാക്ഷ്യജാലകങ്ങള്‍.
ശാന്തമായിരുന്നു ജീവിതമെങ്കിലും പ്രത്യക്ഷ ഫലങ്ങളെല്ലാം നൂറുമേനി ഫലം നിറഞ്ഞവയായിരുന്നു. അനിതര സാധാരണമായ ബഹളങ്ങളില്ലെങ്കിലും അത്യപൂര്‍വമായ ദൈവരാജ്യ വ്യാപനത്തിന് ശക്തമായ പ്രേരണയായിരുന്നു ജീവിത പ്രവര്‍ത്തനങ്ങള്‍. ആടിന്റെ മണമുള്ള ഇടയന്റെ ആര്‍ദ്രതയായിരുന്നു അജപാലന രംഗത്ത് പോള്‍ സി അച്ചന്റെ വ്യതിരക്തത. അകകാമ്പിനെ അലിയ്ക്കുന്ന സ്‌നേഹ തരംഗങ്ങളിലായിരുന്നു ഇടയമക്കളെ കൂടെ ചേര്‍ത്തിരുന്നത്.
പ്രൗഢമായൊരു പ്രശാന്തത വാക്കുകളിലും പ്രവര്‍ത്തികളിലും തെളിമുഖത്തും ഒളിമങ്ങാതെ പ്രോജ്ജ്വലിച്ചിരുന്നു. നിറകണ്ണുകളോടണഞ്ഞവര്‍ക്ക് ആശ്വാസത്തിന്റെ അലിവു നിറഞ്ഞ സാന്ത്വനങ്ങളൊരുക്കി യാത്രയാക്കുമ്പോള്‍ ആളുകള്‍ പറയുമായിരുന്നു: പാവം ഒരു അച്ചന്‍, ദൈവത്തിന്റെ ആള്‍ രൂപം.
തൃശൂര്‍ രൂപതയിലെ കത്തീഡ്രല്‍ സഹവികാരിയായി ആരംഭിച്ച് ഇരിങ്ങാലക്കുട രൂപതയിലെ കടുപ്പശ്ശേരി പള്ളിയിലെ വികാരിയായി ശുശ്രൂഷ ചെയ്യുന്നതുവരെ 26 ഇടവകകളില്‍ സേവന രംഗങ്ങള്‍… സിഎല്‍സി, ജീസസ് യൂത്ത,് കാത്തലിക് കരിസ്മാറ്റിക് മൂവ്‌മെന്റ് തുടങ്ങിയവയുടെ ഡയറക്ടറായി സ്തുത്യര്‍ഹ സേവനം. വിളിച്ചവനോട് വിശ്വസ്തത പുലര്‍ത്തി ദൗത്യം പൂര്‍ത്തിയാക്കുമ്പോള്‍ നിത്യ കിരീടത്തിന്റെ അവകാശത്തിനനുസരിച്ച് അദ്ധ്വാനം പൂര്‍ത്തിയാക്കിയെന്ന് നിസംശയം ചരിത്രമെഴുതും.
മായ്ക്കാനും മറക്കാനും മുറിവുണക്കാനും മറിച്ച് ചിന്തിക്കാനും ഏവരേയും പ്രേരിപ്പിക്കുന്ന ഒരു രഹസ്യായുധം പോള്‍ സി അച്ചന്റെ സ്വന്തമായുണ്ടായിരുന്നു; ചിരി. അത് പുഞ്ചിരിയായും നിറച്ചിരിയായും അട്ടഹാസമായും നോവൂറുന്ന ഇളംചിരിയായും എപ്പോഴും ചുണ്ടിലും കണ്ണിലും ഭാവ വൈവിധ്യങ്ങളോടെ നിറഞ്ഞിരുന്നു.
പങ്കുവയ്ക്കലിന്റെ ആനന്ദം സുകൃതമാക്കിയ പുരോഹിത ദര്‍ശനമായിരുന്നിരിക്കണം, അമ്പൂക്കനച്ചന്റെ ജീവിത ആപ്തവാക്യം. കൈനീട്ടാനനുവദിക്കാതെ കൈകയച്ച് പങ്ക് വയ്ക്കാനായിരുന്നു തിടുക്കം.
വൈദിക വിദ്യാര്‍ഥികളോട് കരുതി വന്ന സ്‌നേഹകൂട്ടിന് മറുപേരില്ല. മറുവാക്കില്ലാതെ അനുഭവിച്ചവരെല്ലാവരും പറയും നിയമക്കൂടുകളും ചിട്ടവട്ടങ്ങളുമില്ലാത്ത സംമ്യക്കായ പരിശീലക ഗുരുവിന്റെ തനതു രൂപമാണ് അമ്പൂക്കനച്ചനെന്ന്. ആളൂരില്‍ ആയിരിക്കുമ്പോള്‍ അവധി കാലത്ത് 28 കുടുംബസമ്മേളനങ്ങളിലും പ്രത്യേക സന്ദര്‍ശനങ്ങളും വൈവിധ്യങ്ങള്‍ നിറഞ്ഞ കലാപരിപാടികളുമൊരുക്കി ഇടവകയെ ഊര്‍ജസ്വലമാക്കാന്‍ തത്വശാസ്ത്ര പരിശീലനകാലത്ത് തന്നെ വൈദിക വിദ്യാര്‍ഥികളായ ഞങ്ങളെ നിയോഗിച്ച ആചാര്യന്റെ ദീര്‍ഘ വീക്ഷണം ഒരു പരിശീലന കരുത്താണ്. എല്ലാ ദിവസങ്ങളിലും 9 ബ്രദേഴ്‌സിനും ഭക്ഷണമൊരുക്കി കൂടെ ചേര്‍ത്ത് കളിച്ചും ചിരിച്ചും കഥ പറഞ്ഞും ഒന്നായ് വലുതാക്കിയ ആ വലിയ മനസ്സിനോട് തീര്‍ക്കാനാവാത്ത കടപ്പാടുകള്‍ ഇനിയും ഭാക്കിയുണ്ട്.
നവ മാധ്യമങ്ങളില്‍ ഗ്രൂപ്പ് മെസേജുകള്‍ക്കുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന കാലത്ത് കയ്യെഴുത്തിന്റെ ഗൃഹാതുരത്വം നിറച്ച് അക്ഷര കൂട്ടുകളില്‍ ഓരോ ഗുണങ്ങള്‍ കൃത്യമായി തിരഞ്ഞെടുത്ത് എഴുതി നിറച്ച് അച്ചന്മാര്‍ക്ക് ഏറ്റവുമാദ്യം ആശംസകള്‍ അയക്കുന്ന വൈദിക സാന്നിധ്യത്തിന് ഇനി പകരക്കാരുണ്ടാവാനിടയില്ല.
ആശുപത്രി കിടക്കയില്‍ വച്ചാണ് കണ്ണു നിറഞ്ഞത് ആളുകള്‍ കാണുന്നത്. ചുണ്ടില്‍ എപ്പോഴും പ്രാര്‍ഥന നിറച്ചിരുന്നു. ‘കര്‍ത്താവേ എന്റെ മേല്‍ കരുണയുണ്ടായിരിക്കണമേ.’ കാരുണ്യത്തിന്റെ ഈ ആള്‍ രൂപത്തോട് കരുണയുടെ തമ്പുരാന്‍ കരുണ കാട്ടാന്‍ വൈകില്ലല്ലോ! വിശുദ്ധിയുടെ സിംഹാസനങ്ങളില്‍ പുണ്യവാന്മാര്‍ക്കൊപ്പം പോള്‍ സി അമ്പൂക്കനച്ചനും പ്രാര്‍ഥനക്കാരുടെ മാദ്ധ്യസ്ഥമാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>