ദൈവാത്ഭുതങ്ങളുടെ വിസ്മയ കാഴ്ചകളുമായി സിസ്റ്റര്‍ സുമ ജോസ്

By on May 2, 2018
Sr Suma Jose copy - Copy

ദൈവാത്ഭുതങ്ങളുടെ വിസ്മയ കാഴ്ചകളുമായി
സിസ്റ്റര്‍ സുമ ജോസ്

ഫാ. ജോമി തോട്ട്യാന്‍
ഭീതിയുടെ തടവറയാണ് തീഹാര്‍ ജയില്‍. ജയിലിനകത്ത് നിഷ്‌കളങ്കരും നീതി നിഷേധിക്കപ്പെട്ടവരും വിചാരണയ്ക്ക് കാലതാമസമേറെ നേരിടുന്നവരുമായ ഒരു പാടു പേര്‍ക്ക് കനിവിന്റെ മാലാഖയാണ് സിസ്റ്റര്‍ സുമ ജോസ്. ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ്‌വര്‍ക്ക് (ഒഞഘച) എന്ന സന്നധ സംഘടനയുമായി ചേര്‍ന്ന് ഈ എസ്.ഡി. സിസ്റ്റര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയങ്ങളാണ്. ഒപ്പം ഫരിദാബാദിലെ ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ വചന പ്രഘോഷകയായും ശുശ്രൂഷകള്‍ തുടരുന്നു. കാലടിക്കടുത്ത് ചെങ്ങലിലുള്ള വാഴപ്പിള്ളി ദേവസ്സിക്കുട്ടി ആനി ദമ്പതികളുടെ ഈ രണ്ടാമത്തെ മകള്‍ ഇന്നു വെളിപ്പെടുത്തുന്നതെല്ലാം ദൈവത്തിന്റെ സജീവത നിറഞ്ഞ അനുഭവങ്ങളാണ്. ജനിക്കില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയിടത്തുനിന്ന് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയില്‍ കാര്യ ഗൗരവമായ ചലനങ്ങള്‍ സൃഷ്ടിക്കുന്നിടത്തുവരെ എത്തിച്ചേര്‍ന്ന ജീവിത വഴികളിലെ അത്യപൂര്‍വമായ ദൈവിക ഇടപെടലുകള്‍ കേരളസഭയോട് വെളിപ്പെടുത്തുകയാണ് സിസ്റ്റര്‍.
അത്ഭുതങ്ങളുടെ ഈ സഹയാത്രികയ്ക്ക് ജനനം തന്നെ അത്ഭുതമാകുന്നത് എങ്ങനെയാണ്?
ചേച്ചിയെ അമ്മ ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അമ്മയുടെ കാലില്‍ ഒരു പാമ്പു ചുറ്റി. പേടിച്ചു തെറിച്ചുവീണ അമ്മയുടെ ആരോഗ്യ സ്ഥിതി സങ്കീര്‍ണമായി. എട്ടാം മാസം ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. തുടര്‍ന്ന് ശാരീരിക പ്രതിസന്ധികള്‍ രൂക്ഷമായി. അഞ്ച് വര്‍ഷത്തേക്ക് കുട്ടികള്‍ പാടില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചു പറഞ്ഞു. മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും പരിശോധനയ്ക്കിടയില്‍ വീണ്ടും ഒരു കുഞ്ഞ് ഉദരത്തിലുണ്ടെന്നറിഞ്ഞ ഡോക്ടര്‍മാര്‍ അമ്മ ജീവിച്ചിരിക്കണമെങ്കില്‍ അബോര്‍ഷന്‍ നിര്‍ബന്ധമെന്നറിയിച്ചു. പ്രാര്‍ഥനയുടെ കരുത്തറിഞ്ഞ അമ്മ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയില്ല. അമ്മയ്‌ക്കോ കുഞ്ഞിനോ മരണമുറപ്പായിടത്ത് നിന്ന് ജീവിതത്തിന്റെ ഇന്നുകളിലേക്ക് ഞങ്ങളെ എത്തിച്ചത് ദൈവിക ഇടപെടലുകള്‍ തന്നെ.
നിയമ പഠനത്തിന്റെ വഴികളില്‍ ദൈവിക ഇടപെടലുകള്‍ ഉണ്ടായിരുന്നുവോ?
സഭയുടെ ആഗ്രഹപ്രകാരം നിയമ പഠനത്തിനൊരുങ്ങിയ എനിക്കു പ്രവേശനം കിട്ടിയത് ഗുജറാത്തിലെ ഒരു കോളജിലായിരുന്നു. മൂന്നു വര്‍ഷത്തെ നിയമ ബിരുദ കാലഘട്ടത്തില്‍ മലയാളം മാത്രമറിയാവുന്ന ഞാന്‍ യാതൊന്നും തന്നെ മനസിലാവാത്ത ഗുജറാത്തി ഭാഷയിലുള്ള ക്ലാസുകളില്‍ ദിവസം മുഴുവന്‍ ഇരുന്നിരുന്നത് പ്രാര്‍ഥനയുടെ കരുത്തില്‍. പരീക്ഷ കാലഘട്ടത്തില്‍ ആകെ ചെയ്തിരുന്നത് വെളുപ്പിനു മൂന്നുമണിക്ക് പുസ്തകക്കെട്ടുമായി മഠത്തിലെ ദൈവാലയത്തില്‍ പ്രാര്‍ഥിക്കാനിരിക്കും. ആരുമറിയാതെ അള്‍ത്താരയുടെ അടിയില്‍ പുസ്തകങ്ങള്‍ ഒളിപ്പിച്ചുവയ്ക്കും. ആദ്യ സെമസ്റ്റര്‍ പരീക്ഷയുടെ റിസള്‍ട്ട് വന്നപ്പോള്‍ എല്ലാവരേക്കാളും ഉയര്‍ന്ന മാര്‍ക്ക് എനിക്ക്. അന്നുമുതല്‍ ഇന്നുവരെ വെളുപ്പിനു മൂന്നുമണി മുതല്‍ 6.30 വരെ ദൈവാലയത്തിലിരുന്ന് പ്രാര്‍ഥിക്കുന്നത് എന്റെ ദിനചര്യയുടെ ഭാഗമാണ്.
പരീക്ഷയ്ക്കിടയില്‍ വ്യക്തിപരമായ അനുഭവങ്ങള്‍ ഏതെങ്കിലും?
ഗുജറാത്തി ഭാഷയില്‍ ടൈംടേബിള്‍ വായിക്കാനറിയാത്ത ഞാന്‍ ക്രിമിനല്‍ നിയമത്തിനു പകരം ഭരണഘടനാ നിയമത്തിനൊരുങ്ങി. പരീക്ഷയ്ക്കുവന്ന ചോദ്യങ്ങള്‍ എനിക്ക് നിശ്ചയമുള്ളവയായിരുന്നില്ല. ആകെ ഓര്‍മയുള്ളത് ചെറുപ്പകാലത്ത് അറിഞ്ഞ ഒരു കൂട്ടക്കൊലപാതക കേസ്. പ്രതിയായ ആളെ നേരില്‍ കണ്ട് സംസാരിക്കാന്‍ എനിക്ക് അക്കാലത്ത് എനിക്കൊരവസരം ലഭിച്ചിരുന്നു. നിരപരാധിയാണ് താനെന്ന് അന്ന് അദ്ദേഹം പറഞ്ഞത് ഓര്‍മയുണ്ടായിരുന്നു. ആ സംഭവവുമായി കേട്ടും വായിച്ചും ഓര്‍മയില്‍ നിന്നിരുന്നതെല്ലാം ഞാന്‍ ഉത്തരകടലാസില്‍ എഴുതി. വിശ്വാസ പ്രമാണം ചൊല്ലി എല്ലാ പേപ്പറുകളിലും കുഞ്ഞിനെപ്പോലെ ഞാന്‍ കുരിശു വരച്ചു. റിസള്‍ട്ട് വന്നപ്പോള്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് എനിക്ക്. ചരിത്രം തീരുന്നില്ല. ഒരിക്കല്‍ പേപ്പര്‍ വായിച്ചറിഞ്ഞു തിരുവനന്തപുരം ജയിലില്‍ ഈ പ്രതിക്ക് വധശിക്ഷയ്ക്കുള്ള തൂക്കുകയര്‍ ഒരുങ്ങിക്കഴിഞ്ഞുവെന്ന്. ആ കേസ് പരിശോധിച്ച് തുടര്‍ നടപടികളെടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇപ്പോള്‍ കൈകള്‍ കോരിത്തരിക്കാ… ദൈവം ഇടപെട്ടു. വധശിക്ഷയില്‍ നിന്ന് നിരപരാധിയായ അദ്ദേഹത്തെ ഒഴിവാക്കി. കൂടുതല്‍ നിയമനടപടികളുമായി സത്യത്തെ തിരിച്ചറിയുന്ന പോരാട്ടത്തിലാണിപ്പോള്‍.
ദൈവം കൂടെയുണ്ടെന്നറിഞ്ഞ പ്രവര്‍ത്തന മേഖലകള്‍?
സുപ്രീം കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും ഗാസിയാബാദ് മേഖലയിലെ കീഴ്‌ക്കോടതികളിലും തീഹാര്‍ ജയിലിലും നിയമ പോരാട്ടങ്ങള്‍ നടത്തിയപ്പോഴെല്ലാം കൂടെയുണ്ടായിരുന്നത് എന്റെ ദൈവമാണ്. 200 രൂപ മോഷ്ടിച്ചുവെന്ന വ്യാജ കേസില്‍ ദീര്‍ഘകാലം ജയിലിലിട്ട കൗമാരക്കാരനെ മോചിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളിലെല്ലാം ദൈവത്തിന്റെ കരുണയുണ്ടായിരുന്നു. പട്ടിക ജാതിക്കാരായ 75 കുടുംബാംഗങ്ങള്‍ താമസിക്കുന്ന കോളനിയിലേക്ക് ഞാനെത്തിയത് രണ്ട് കാലും തളര്‍ന്ന് മോഷണക്കേസിലെ പ്രതിയായ ഒരാളുടെ വീട് സന്ദര്‍ശിക്കാനായിരുന്നു. അവിടെയെത്തിയപ്പോള്‍ 9 ബുള്‍ഡോസറുകള്‍ അവരുടെ വീട് തകര്‍ക്കാന്‍ തയാറായി നില്‍ക്കുന്നു. കൈക്കുഞ്ഞുങ്ങളെയേന്തിയ സ്ത്രീകളും നിസഹായരായ മനുഷ്യരും എന്റെ മുന്നില്‍. ബുള്‍ഡോസറുകള്‍ക്കു മുന്നില്‍ ഞാന്‍ കയറി നിന്ന് അലറിപ്പറഞ്ഞു: ‘സ്റ്റോപ്പ്’. രംഗം നിശബ്ദമായി മരണമുറപ്പായിടത്ത് നീതി സംരക്ഷിക്കപ്പെട്ടു. തിരികെ നടന്നപ്പോള്‍ ഒരു വൃദ്ധ എന്നോടു ചോദിച്ചു: പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ ദൈവം സ്വര്‍ഗത്തില്‍നിന്നു ഇറങ്ങി വരുമെന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ ഭഗവാനാണോ? എന്റെ ജീവന് അന്ന് വിലയിട്ടവരുടെ കയ്യില്‍ നിന്നും ഇന്നും എന്നെ കാക്കുന്നത് എന്റെ ദൈവമാണ്.
ഒന്നരമണിക്കൂര്‍ സഞ്ചരിക്കേണ്ട ചില ദൂരങ്ങള്‍ കണ്ണടച്ചു തുറക്കുമ്പോഴേക്കും പിന്നിടുന്നതും, ഉപദ്രവിക്കാനെത്തുന്നവര്‍ കുഞ്ഞാടുകളായി തിരികെ നടക്കുന്നതും, സ്ത്രീ എന്ന ഭയപ്പാടില്ലാതെ സഞ്ചരിക്കാന്‍ എനിക്കു കരുത്തൊരുക്കുന്നതും സര്‍വവും പരിപാലിക്കുന്ന ഈശ്വരന്റെ ഇടപെടലുകള്‍ കൊണ്ടാണെന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
മറ്റുള്ളവര്‍ക്ക് വിശ്വാസം പകരാന്‍ ദൈവം ഇടപെട്ട വഴി നടത്തലുകള്‍?
കേരളത്തില്‍ നിന്നുള്ള ഒരു മുസ്ലീം ചെറുപ്പക്കാരന്‍ വിദേശത്തേക്കു പോകാന്‍ ഡല്‍ഹിയിലെത്തിയതാണ്. രണ്ടു ലക്ഷം രൂപവീതം ആവശ്യപ്പെട്ട ഏജന്റിനു കൂട്ടുകാര്‍ക്കൊപ്പം ഉള്ളതെല്ലാം പെറുക്കി കൂട്ടി സംഖ്യ നല്‍കി. പക്ഷേ, ചതിക്കപ്പെട്ടു. ഇംഗ്ലീഷ് അറിയാവുന്ന ഇവനെ പ്രതിയാക്കി. രക്ഷപെടാന്‍ വലിയ തുക കള്ളപ്പണം ആവശ്യപ്പെട്ടു. നിര്‍വാഹമില്ലാതിരുന്ന അവന്‍ ജയിലിലായി. ശൗചാലയങ്ങള്‍ സുരക്ഷിതമില്ലാതെ വൃത്തിയാക്കുക, തറ തുടക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മാരക രോഗം പിടിപെട്ടു. ദൈവ കൃപയാല്‍ അവനെ കണ്ടെത്തി നിയമ സഹായമൊരുക്കാനായി. എന്റെ ദൈവത്തിനു നന്ദി പറഞ്ഞാണ് അവന്‍ യാത്രയായത്. അനധികൃതമായി ജയിലിലടക്കപ്പെട്ട നിരപരാധിയായ ഒരു സൊമാലിയ സ്വദേശിയെ വിമോചിപ്പിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: മരിച്ചുപോയ എന്റെ ഉമ്മയുടെ മുഖമാണ് സിസ്റ്ററിനെന്ന്. നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ശിക്ഷയ്ക്കു വിധിക്കപ്പെടാനുള്ള ഒരു പൊലിസ് ഓഫീസര്‍ ഉണ്ടായിരുന്നു. എന്റെ സാക്ഷ്യമൊഴിയായിരുന്നു വിധിയുടെ നിര്‍ണായക മാനദണ്ഡം. എല്ലാവരേയും വിമോചിപ്പിക്കാന്‍ ശ്രമിച്ചിരുന്ന ഞാന്‍ കാരണം ഒരാള്‍ തീവ്രമായി ശിക്ഷിക്കപ്പെടുക എന്ന ചിന്ത ഒരു വശത്ത,് നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഒരു പൊലിസ് ഓഫീസര്‍ക്കെതിരെ നിര്‍ണായക വിധി സമ്പാദിക്കുക എന്ന വിജയ ചിന്ത മറുവശത്ത്. ഞാനാകെ അസ്വസ്ഥയായി. ഒരു പാടു പ്രാര്‍ഥിച്ചൊരുങ്ങി ‘ക്ഷമിക്കുക’ എന്ന അര്‍ഥത്തില്‍ വചന കേന്ദ്രീകൃതമായി ഞാനൊരു മറുപടി എഴുതി സമര്‍പ്പിച്ചു. 24 ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ വചനങ്ങള്‍ താളുകളില്‍ നിറഞ്ഞു. സിബിഐ അന്വേഷണം നടത്തി കുറ്റവാളിയാണെന്നു കണ്ടെത്തിയ ഒരു പ്രതിയെ കോടതി ചരിത്രത്തിലാദ്യമായെന്നവണ്ണം എന്റെ അപേക്ഷ സ്വീകരിച്ച് ശിക്ഷയില്‍ ഇളവൊരുക്കി. ക്ഷമിക്കുക എന്ന അര്‍ഥമുള്ള ബൈബിള്‍ വചന ഭാഗങ്ങള്‍ അതുമൂലം വായിച്ചവരേറെയായിരുന്നു. കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടന്നിരുന്ന 7 സഹോദരങ്ങളുള്ള ഹൈന്ദവ പെണ്‍കുട്ടിക്ക് ആരും തുണയില്ലായിടത്ത് 9 വര്‍ഷങ്ങള്‍ക്കു ശേഷം ജാമ്യമൊരുക്കി വീട്ടില്‍ കൊണ്ടുചെന്നാക്കിയപ്പോള്‍ ബുദ്ധിവൈകല്യമുള്ള അവളുടെ മകന്‍ ചോദിച്ചു നിങ്ങള്‍ വിഷ്ണുമായ ആണോയെന്ന്. സങ്കടക്കടലുകളുള്ളവരെ രക്ഷിക്കാന്‍ അവള്‍ വരുമത്രെ. ഞാന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. ഞാന്‍ വിഷ്ണുമായയല്ല. ദൈവത്തിന്റെ മണവാട്ടിയാണെന്ന്. ഒരിക്കല്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു പുരോഹിതനുണ്ടായിരുന്നു തീഹാര്‍ ജയിലില്‍. ആസ്മ രോഗിയായ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു. കുര്‍ബാന അര്‍പ്പിക്കാന്‍ വലിയ ആഗ്രഹവും. പ്രാര്‍ഥിച്ചൊരുങ്ങി കുര്‍ബാന വസ്തുക്കള്‍ അദ്ദേഹത്തിനെത്തിച്ചുകൊടുക്കാന്‍ ദൈവം ഒരുക്കിയ വഴികള്‍ വിവരിക്കാനാവുന്നതിലപ്പുറമാണ്.
അത്ഭുതങ്ങളാണെന്ന് ഉറച്ച് വിശ്വസിച്ച സംഭവങ്ങള്‍?
എറണാകുളത്ത് ഒരു ദീപുപോലുള്ളിടത്ത് ഒരു സുഹൃത്ത് സിസ്റ്ററിന്റെ വീട്ടില്‍ സിസ്റ്ററിനൊപ്പം സന്ദര്‍ശനത്തിന് പോയപ്പോഴൊരു സംഭവം ഉണ്ടായി. ഹര്‍ത്താലായതിനാല്‍ അന്ന് വാഹനമുണ്ടായിരുന്നില്ല. ഒരു കണക്കിന് കടവിലെത്തിയപ്പോഴേക്കും രാത്രിയായി. തുരുത്തിനക്കരെ കടക്കണമെങ്കില്‍ കടവില്‍ വള്ളങ്ങളുമില്ല. മദ്യപിച്ചിരുന്ന മൂന്നു പേര്‍ ഞങ്ങള്‍ക്കരികിലേക്കടുത്തു. ഞങ്ങള്‍ കൈകോര്‍ത്ത് ദൈവത്തെ സ്തുതിക്കാന്‍ തുടങ്ങി. കണ്ണു തുറന്നപ്പോള്‍ ഒരു കൊതുമ്പുവള്ളം തൊട്ടരികില്‍. ഒരാള്‍ക്ക് കയറാമെന്നു തുഴക്കാരന്‍ പറഞ്ഞു. നടുക്കായലില്‍ എത്തിയപ്പോള്‍ കൊതുമ്പുവള്ളം വെള്ളം കൊണ്ട് നിറയാറായി. കര അകലെയാണ്. മരണം ഉറപ്പ്. കണ്ണടച്ചു സ്തുതിച്ചു പ്രാര്‍ഥിച്ചു. കണ്ണുതുറന്നപ്പോള്‍ തീരത്തോടടുത്താണ്. ചാടിയിറങ്ങി തിരികെ പണം കൊടുക്കാന്‍ തിരിഞ്ഞപ്പോള്‍ തോണിയുമില്ല; തോണിക്കാരനുമില്ല.
അഗതി സേവനം നിങ്ങള്‍ക്കൊരു ദൈവാനുഭവമാകണ’മെന്ന സ്ഥാപക പിതാവായ ധന്യനായ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയുടെ ആപ്തവാക്യം നെഞ്ചിലേറ്റി, സഭാ നിയമത്തിലെ ‘അഗതികളുടെ സഹോദരികള്‍ ദരിദ്രരുടെ മധ്യേ ക്രിസ്തുവിന് സാക്ഷ്യം വഹിക്കണ’മെന്ന സന്ദേശം ശിരസാവഹിച്ച്, നന്മയുടെ ആള്‍രൂപമായി ഇനിയും ക്രിസ്തുസാക്ഷ്യത്തിന്റെ അത്ഭുതങ്ങളുമായി ദൈവിക പദ്ധതികളുടെ സൂക്ഷിപ്പുകാരിയാകട്ടെ സിസ്റ്റര്‍ സുമ ജോസ്.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>