‘എന്റെ ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദി എംപറര്‍ കൂടാരം’

By on May 2, 2018
sibi

‘എന്റെ ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദി എംപറര്‍ കൂടാരം’

ജില്ലാ പൊലിസ് സൂപ്രണ്ടിനു പരാതിയുമായി വിധവ ഷാന്റി

സ്റ്റാഫ് ലേഖകന്‍

ഇരിങ്ങാലക്കുട : ലോകാവസാനം അടുത്തെന്നും വീടും പറമ്പും വിറ്റ് പണം എംപറര്‍ ഇമ്മാനുവേല്‍ കൂടാരക്കാരെ ഏല്‍പ്പിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള രക്ഷ ഉറപ്പാക്കാമെന്നുമുള്ള വാക്കുകള്‍കേട്ട് പെരുവഴിയിലായവര്‍ക്ക് ഷാന്റിയെന്ന വിധവയായ യുവതിയുടെ മുന്നറിയിപ്പ്: ‘എന്റെ ഗതികേട് ഇനി ആര്‍ക്കും വരരുത്; ദയവായി ചതിക്കുഴിയില്‍ വീഴരുത്’.
ഏഴു വര്‍ഷത്തോളം മുരിയാടുള്ള എംപറര്‍ കൂടാരമെന്ന വിശ്വാസ വിരുദ്ധ പ്രസ്ഥാനത്തിന്റെ കാനാന്‍ കോളനിയില്‍ ഭര്‍ത്താവ് സിബി (മാത്യു) ക്കും 12,9 വയസുകാരായ പെണ്‍മക്കള്‍ക്കുമൊപ്പം ജീവിച്ചു കഴിഞ്ഞപ്പോള്‍, ഷാന്റിക്ക് നഷ്ടപ്പെട്ടത് 50 ലക്ഷം രൂപ മാത്രമല്ല, തന്റെ ഭര്‍ത്താവിനെയുമാണ്. അതോടൊപ്പം, സ്വസ്ഥതയും മനസ്സമാധാനവും. പകരം കിട്ടിയത്, കടുത്ത മാനസിക, ശാരീരിക പീഡനങ്ങളും ഒറ്റപ്പെടുത്തലുകളും ദുരാരോപണങ്ങളും ജീവനുനേരെയുള്ള കയ്യേറ്റങ്ങളും.
ഏതാണ്ട് രണ്ടു വര്‍ഷം മുമ്പ് കൂടാരത്തിലെ ചില നേതാക്കളുടെ കാപട്യത്തെയും ധാര്‍മിക പിഴവുകളെയും ഷാന്റി ചോദ്യം ചെയ്തു തുടങ്ങിയതോടെയാണ് തനിക്കും ഭര്‍ത്താവിനും കുട്ടികള്‍ക്കും നേരെയുള്ള പീഡനങ്ങള്‍ ആരംഭിച്ചതെന്നു ഷാന്റി പറയുന്നു. ഭര്‍ത്താവിനെ കള്ളക്കേസുകളില്‍ കുടുക്കി പീഡിപ്പിക്കുക, കിണറ്റില്‍ രാസപദാര്‍ഥം കലക്കുക, വീട്ടിലേക്കുള്ള വഴി അടച്ചു കെട്ടുക, വഴിയില്‍ മാലിന്യങ്ങള്‍ ഒഴുക്കുക, സ്‌കൂളില്‍ പോകുന്ന മക്കളെ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുക, മറ്റുള്ളവരുമായി സംസാരിക്കുന്നതില്‍ നിന്ന് ഊരുവിലക്ക് ഏര്‍പ്പെടുത്തുക തുടങ്ങിയ സമ്മര്‍ദ്ദ തന്ത്രങ്ങളാണ് പിന്നീടുണ്ടായത്.
കള്ളക്കേസുകളും അതിന്റെ പേരില്‍ പൊലിസുകാരുടെ ചോദ്യം ചെയ്യലുകളുംകൊണ്ട് പൊറുതിമുട്ടിയ സിബി തന്റെ ജോലി സ്ഥലമായ കണ്ണൂരില്‍ വച്ച് ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് ദുരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കുകയായിരുന്നു. ഷാന്റിക്കും കുടുംബത്തിനും താങ്ങാനാവാത്ത ദുരന്തമായി അത്.
സിബിയുടെ മരണത്തിനു ഉത്തരവാദികള്‍ കൂടാരത്തിന്റെ നടത്തിപ്പുകാരാണെന്നും പ്രേരണാ കുറ്റത്തിനു അവരുടെ പേരില്‍ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഷാന്റി ഏപ്രില്‍ നാലിന് ജില്ലാ പൊലിസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് പരാതി നല്‍കി. എന്നാല്‍ ഇതുവരെ തുടര്‍നടപടികളുണ്ടായിട്ടില്ലെന്നു ഷാന്റി പറയുന്നു. കുറെക്കാലമായി കാനാന്‍ കോളനിയില്‍ സിബി വരുന്നതിനെ കൂടാരത്തിന്റെ ഗുണ്ടാസംഘം തടഞ്ഞിരുന്നെന്നും വന്നാല്‍ കൊന്നു കളയുമെന്ന് ഭീഷണി മുഴക്കിയിരുന്നതായും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
ഇതിനിടെ, തന്റെ രണ്ടു പെണ്‍കുട്ടികളെ കാനാന്‍ കോളനിയിലെ ചിലര്‍ കടന്നു പിടിച്ചെന്നും ഇക്കാര്യത്തില്‍ അവര്‍ക്കെതിരെ ബാലപീഡന വകുപ്പനുസരിച്ച് കേസ് എടുക്കണമെന്നുമാവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുമുണ്ട്.
ഇപ്പോള്‍ കോളനിയോടു ചേര്‍ന്നുള്ള ചെറിയ വീട്ടില്‍ താമസിക്കുന്ന ഷാന്റിയേയും കുട്ടികളേയും പലവിധ തന്ത്രങ്ങള്‍ ഉപയോഗിച്ചു അവിടെ നിന്നു പുകച്ചു പുറത്തു ചാടിക്കുവാനാണ് ശ്രമം. അക്ഷരാര്‍ഥത്തില്‍ ആ കുടുംബത്തിനു ഊരുവിലക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സിസിടിവി ക്യാമറ വച്ചു നിരന്തരം നിരീക്ഷണത്തിലാണ് വീടും കുടുംബാംഗങ്ങളും. ആക്രമണങ്ങള്‍ ഭയന്ന് ഷാന്റിയും മക്കളും അപൂര്‍വമായേ പുറത്തിറങ്ങാറുള്ളൂ. കൂടാരത്തെ ഏല്‍പ്പിച്ച 50 ലക്ഷത്തില്‍ നിന്നു പലപ്പോഴായി തിരിച്ചു വാങ്ങിയ ചെറിയ തുകയും മറ്റും ഉപയോഗിച്ചു സിബി പണിത അവരുടെ വീട് നിസ്സാര വിലയ്ക്ക് തട്ടിയെടുക്കാനുള്ള നീക്കമാണ് കൂടാരക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.
ഇതിനു ഒത്താശ ചെയ്ത് ചില പൊലിസുകാരും മുരിയാട് പഞ്ചായത്തിലെ ചില വാര്‍ഡ് മെമ്പര്‍മാരും വീടിരിക്കുന്ന ഏഴാം വാര്‍ഡിലെ സിപിഐ മെമ്പറും രംഗത്തുണ്ടെന്നും ഷാന്റി കണ്ണീരോടെ പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ മാലോം പുഞ്ച ഇടവകയില്‍ നിന്നുള്ളവരാണ് വരിക്കാമൂട്ടില്‍ സിബിയും കുടുംബവും. ഒരു ബന്ധുവിന്റെ പ്രേരണയാലാണ് അവര്‍ കൂടാരത്തില്‍ ചെന്നുപെട്ടത്.
കത്തോലിക്കാ വിശ്വാസത്തിലേക്ക് പ്രതിസന്ധികളെ തരണം ചെയ്ത് തിരിച്ചു വന്ന ഷാന്റിക്കും കുട്ടികള്‍ക്കും ശക്തമായ പിന്തുണയുമായി മുരിയാട് ഇടവക സമൂഹം മുഴുവന്‍ അവരോടൊപ്പമുണ്ട്. ഭര്‍ത്താവിന്റെ മരണത്തിനു ഉത്തരവാദികളായവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരിക, തങ്ങളില്‍ നിന്നു തട്ടിയെടുത്ത മുഴുവന്‍ പണവും തിരിച്ചു തരിക, മാനസിക-ശാരീരിക പീഡനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയവയാണ് നിസ്സഹായരായ ഈ കുടുംബം ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>