‘എംപറര്‍’ മുരിയാട് ഗ്രാമം വിടുമോ?

By on May 2, 2018
05-manca-jj

‘എംപറര്‍’ മുരിയാട് ഗ്രാമം വിടുമോ?
കട്ടപ്പനയില്‍ ഒരുക്കമെന്ന് സൂചന

സ്വന്തം ലേഖകന്‍

ഇരിങ്ങാലക്കുട : ദുരൂഹതങ്ങളും ഉപജാപങ്ങളുംകൊണ്ട് കുപ്രസിദ്ധമായ വിശ്വാസ വിരുദ്ധ പ്രസ്ഥാനം മുരിയാട് ഗ്രാമത്തില്‍ നിന്ന് സ്ഥലം വിടാന്‍ ഒരുങ്ങുകയാണോ? വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരമനുസരിച്ചു 2020 ലെ ‘പെസഹാ’ കഴിഞ്ഞ് എംപറര്‍ കൂടാരം അവിടെ നിന്നു കുറ്റിപറിച്ചേക്കും.
ഹൈറേഞ്ചിലെ ഏതോ മലയോര ഗ്രാമത്തിലേക്കാണ് കൂടാരം പറിച്ചു നടുന്നതെന്നാണ് സൂചന. ഒരു പക്ഷേ, കട്ടപ്പനയോ മൂന്നാറോ കേന്ദ്രീകരിച്ചായിരിക്കും 2020നു ശേഷം കൂടാരത്തിന്റെ പ്രവര്‍ത്തനങ്ങള്‍.
ഇതിനു മുന്നോടിയായി ഗള്‍ഫിലെ ചില കേന്ദ്രങ്ങളില്‍ അണികളെ പിടിക്കാന്‍ പോയിട്ടുള്ളവരോട് 2019ല്‍ തിരിച്ചു വരാന്‍ കൂടാര നടത്തിപ്പുകാരി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം.
കട്ടപ്പനയില്‍ ഇപ്പോള്‍ തന്നെ ‘ധ്യാനം’ തുടങ്ങിയിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. നിശ്ചിത ദിവസങ്ങളില്‍ മുരിയാട് നിന്നു വാഹനങ്ങളില്‍ അണികളെ എത്തിച്ചാണ് കട്ടപ്പനയിലെ ധ്യാനവും മറ്റു പരിപാടികളും. ഏതായാലും 2020 നു ശേഷം ഇപ്പോഴത്തെ രൂപത്തില്‍ കൂടാരം മുരിയാട് ഉണ്ടാകാനിടയില്ലെന്നാണ് കൂടാരത്തിനകത്തു നിന്നുള്ള സൂചന. എംപറര്‍ കൂടാരത്തിന്റെ സ്ഥാപകന്‍ ജോസഫ് പൊന്നാര്‍ എന്ന റിട്ട. അധ്യാപകന്‍ കഴിഞ്ഞ വര്‍ഷം മരിച്ചതോടെ അദ്ദേഹത്തിന്റെ വലംകയ്യായിരുന്ന സ്ത്രീ കൂടാരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ തുടങ്ങിയ അന്തഃഛിദ്രവും അണികളിലെ ആശയക്കുഴപ്പവും ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങിയേക്കാമെന്ന ആശങ്കകള്‍ സ്ഥിരീകരിക്കുന്നതാണ് കൂടാരം അവിടെ നിന്നു പറിച്ചു നടാനുള്ള നീക്കം.
എന്നാല്‍ ഇതിനെ എതിര്‍ക്കുന്ന ശക്തമായ ഒരു വിഭാഗം കൂടാരത്തിനകത്തും അതിന്റെ പരിസരങ്ങളിലെ കോളനികളിലും ഉണ്ടെന്നതാണ് കൂടാരത്തെ കൂട്ടത്തോടെ പറിച്ചു നടുകയെന്ന പദ്ധതിക്ക് ഭീഷണിയാവുന്നത്. ഇവിടെ നിന്നു പ്രവര്‍ത്തനങ്ങള്‍ മാറ്റുകയാണെങ്കില്‍ അണികളില്‍ നിന്നു സംഭാവനയായി കിട്ടിയ കോടിക്കണക്കിനു രൂപകൊണ്ട് പടുത്തുയര്‍ത്തിയ കെട്ടിട സമുച്ചയത്തിന്റെ ഉടമസ്ഥതാവകാശം ആര്‍ക്കാണെന്ന് തീര്‍പ്പാക്കേണ്ടി വരും. മാത്രമല്ല, കൂടാരത്തിലെ ഇപ്പോഴത്തെ പോക്കില്‍ മനംമടുത്ത് അവിടെ നിന്ന് ഇറങ്ങിപ്പോരാന്‍ അവസരം നോക്കിയിരിക്കുന്നവര്‍ക്ക് അവരുടെ പണം കൊടുക്കേണ്ടി വരും.
വിവാദങ്ങളില്‍ കുരുങ്ങി അണികള്‍ വന്‍തോതില്‍ കൊഴിഞ്ഞു പോയതിനെ തുടര്‍ന്ന് സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന കൂടാര നടത്തിപ്പുകാര്‍ക്ക് പോകാന്‍ ഒരുങ്ങുന്നവര്‍ക്കൊക്കെ പണം കൊടുക്കാന്‍ കഴിയില്ല. അതുകൊണ്ട് കൂടാരത്തെ മരവിപ്പിച്ച നിലയില്‍ ഇവിടെത്തന്നെ നിലനിര്‍ത്തുകയും പുതിയ മേച്ചില്‍ പുറത്ത് മറ്റൊന്ന് ആരംഭിക്കുകയുമാണ് അണിയറയില്‍ ഒരുങ്ങുന്ന തന്ത്രം.
കൂടാര നടത്തിപ്പുകാര്‍ക്കെതിരെ നിലവിലുള്ള കേസുകളാണ് ഇവിടം വിടാന്‍ അവരെ പ്രേരിപ്പിക്കുന്ന മറ്റൊരു പ്രധാന ഘടകം.
മാര്‍ച്ച് 25നു കണ്ണൂരില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിബിയുടെ മരണത്തിനുത്തരവാദി കൂടാര നേതാക്കളാണെന്നു കാണിച്ചു സെബിയുടെ ഭാര്യ നല്‍കിയ പരാതിയാണ് ഏറ്റവുമൊടുവിലത്തെ തലവേദന.

പീപ്പിള്‍സ് ടെമ്പിളും എംപറര്‍ കൂടാരവും
കേട്ടിട്ടില്ലേ, ലോകം മുഴുവന്‍ ഞെട്ടിയ ആ ദുരന്തത്തെപ്പറ്റി? 1978 നവംബര്‍ 18നായിരുന്നു അത്. ജിം ജോണ്‍സ് എന്ന നാല്‍പത്തേഴുകാരന്‍ 1955ല്‍ അമേരിക്കയിലെ ഇന്ത്യാനപൊലിസില്‍ ആരംഭിച്ച ‘പീപ്പിള്‍സ് ടെമ്പിള്‍’ (ജനങ്ങളുടെ ആരാധനാലയം) എന്ന പ്രസ്ഥാനത്തിലെ 918 പേര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്ത ദിനമാണ് 1978 നവംബര്‍ 18.
എംപറര്‍ കൂടാരത്തെപ്പോലെ ലോകാവസാനം അടുത്തെന്നോ മറ്റോ അയാള്‍ പറഞ്ഞില്ല. ലോകത്തിലെ ദാരിദ്ര്യവും അസമത്വവും തുടച്ചുനീക്കി ഭൂമിയില്‍ ഒരു സോഷ്യലിസ്റ്റ് സ്വര്‍ഗം കെട്ടിപ്പടുക്കുമെന്നായിരുന്നു ജിം ജോണ്‍സിന്റെ വാഗ്ദാനം. ഇതുകേട്ട് കുറേപ്പേര്‍ പിന്നാലെ കൂടി. കാലക്രമേണ ഇന്ത്യാനപൊലിസില്‍ നിന്ന് കാലിഫോര്‍ണിയയിലേക്കും അവിടെ നിന്ന് സാന്‍ ഫ്രാന്‍സിസ്‌ക്കോയിലേക്കും പ്രസ്ഥാനത്തെ പറിച്ചു നട്ടു. ലഹരി മരുന്നും ലൈംഗിക വൈകൃതങ്ങളും അഴിഞ്ഞാടിയ പ്രസ്ഥാനത്തിനെതിരെ ജനരോഷമുയര്‍ന്നപ്പോള്‍, തെക്കെ അമേരിക്കയുടെ വടക്കു ഭാഗത്തുള്ള ഗയാനയിലെ കാടുകളിലേക്ക് പീപ്പിള്‍സ് ടെമ്പിള്‍ മാറ്റി സ്ഥാപിച്ചു. മനുഷ്യാവകാശ ലംഘനങ്ങള്‍ അവിടെച്ചെന്നിട്ടും രൂക്ഷമായി. ഇതേത്തുടര്‍ന്ന് അമേരിക്കന്‍ കോണ്‍ഗ്രസിലെ ലെയോ റയാന്റെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകരടക്കം ഒരു അന്വേഷണ സംഘം ഗയാനയിലെത്തി. നല്ല വാക്കുകളോടെ ജിം ജോണ്‍സ് അവരെ സ്വീകരിച്ചു. പക്ഷേ, അവര്‍ മടങ്ങിപ്പോരാന്‍ ഒരുങ്ങുമ്പോള്‍, പ്രസ്ഥാനത്തിലെ ഏതാനും പേര്‍ അവരെ വെടിവച്ചു കൊന്നു. അമേരിക്ക രൂക്ഷമായി പ്രതികരിക്കുമെന്നും പ്രസ്ഥാനത്തിനു നേരെ വ്യോമാക്രമണമുണ്ടാകുമെന്നും ഭയന്ന ജിം ജോണ്‍സ്, തന്റെ അനുയായികളോട് സയനൈഡ് കഴിച്ചു മരിക്കാന്‍ ആജ്ഞാപിച്ചു. ഓറഞ്ചു ജൂസില്‍ കൊടിയ വിഷം ഒഴിച്ചു കുടിക്കാനായിരുന്നു നിര്‍ദേശം. ജോണ്‍സിന്റെ ഭ്രാന്തമായ വാക്കുകള്‍ കേട്ട് കുറേപ്പേര്‍ അനുസരിച്ചു. മറ്റുള്ളവരുടെ വായില്‍ അയാളുടെ കിങ്കരന്മാര്‍ ദ്രാവകം ഒഴിച്ചു കൊടുത്തു. എന്നിട്ടും ചെറുത്തു നിന്നവരെ വെടിവച്ചു കൊന്നു. 23 വര്‍ഷത്തോളം കപട വാഗ്ദാനങ്ങള്‍ നല്‍കി നിരവധി പേരുടെ ജീവിതം തകര്‍ത്ത ആ ചിത്തഭ്രാന്തനും അവരോടൊപ്പം പിടഞ്ഞു വീണു മരിച്ചു. അയാളുടെ വാക്കുകേട്ട് എല്ലാം നഷ്ടപ്പെടുത്തി അയാളോടൊപ്പം കൂടിയ 918 പേരാണ് അന്നു കൂട്ടക്കുരുതിക്ക് ഇരയായത്. അവരില്‍ എട്ടും പൊട്ടും തിരിയാത്ത 304 ശിശുക്കളും കുട്ടിക ളുമുണ്ടായിരുന്നു. ജീവിതത്തിലേക്ക് പിച്ചവയ്ക്കാന്‍ തുടങ്ങിയ ആ മാലാഖ കുഞ്ഞുങ്ങളും വഴിപിഴച്ച ഒരു പ്രസ്ഥാനത്തിന്റെ സ്വാര്‍ഥതയുടെ ബലിപീഠത്തില്‍ ബലിയര്‍പ്പിക്കപ്പെട്ടത് കണ്ണീരോടെ ലോകത്തിന് കാണേണ്ടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>