• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

നാലു വര്‍ഷത്തിന്റെ ബാക്കി പത്രം

By on June 1, 2018
4 year

നാലു വര്‍ഷത്തിന്റെ ബാക്കി പത്രം

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നാലു വര്‍ഷം പിന്നിട്ടു.എന്താണ് വന്‍ വാഗ്ദാനങ്ങള്‍ നല്‍കി
അധികാരത്തിലേറിയ ആ സര്‍ക്കാരിന്റെ നാല് വര്‍ഷത്തെ ഭരണത്തിന്റെ ബാക്കിപത്രം?

നാലു വര്‍ഷം പിന്നിടുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. ഇനി ഒരു വര്‍ഷംകൂടിയേ കാലാവധി തീരാനുള്ളൂ. ഒരു പക്ഷേ, ഡിസംബറിലോ അതിനു മുമ്പോ അടുത്ത പൊതു തിരഞ്ഞെടുപ്പ് നടത്താനും അമിത് ഷായും നരേന്ദ്ര മോദിയും സഹപ്രവര്‍ത്തകരും തീരുമാനിച്ചുകൂടെന്നില്ല.
അവിഹിത മാര്‍ഗത്തിലൂടെ സര്‍ക്കാരുണ്ടാക്കാനും പാവം യെഡിയൂരപ്പയെ വിഡ്ഢി വേഷം കെട്ടിക്കാനും കോണ്‍ഗ്രസിന്റെയും ജനതാദളി (എസ്) ന്റെയും എംഎല്‍എമാരെ കോടികള്‍ എറിഞ്ഞ് ചാക്കില്‍ കയറ്റാനും നടത്തിയ ശ്രമങ്ങളൊക്കെ കടപുഴകിയതോടെ, ഉള്ള ഇമേജ് വച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് പോയാലോ എന്നു ബിജെപി ചാണക്യന്മാര്‍ ചിന്തിച്ചുകൂടെന്നില്ല. കര്‍ണാടകയില്‍ കോണ്‍ഗ്രസും ജനതാദളും ഒന്നിച്ചു നിന്നതും ബിജെപിയെ താഴെയിറക്കി സംസ്ഥാന ഭരണം പിടിച്ചെടുത്തതും അതിലൂടെ ഐക്യത്തിലേക്ക് ഒരു ചുവടുകൂടി പ്രതിപക്ഷ പാര്‍ട്ടികള്‍ നടക്കാന്‍ തുടങ്ങിയതും ബിജെപിയുടെ ഉറക്കം കെടുത്തുന്ന കാര്യങ്ങളാണ്. 2019 മേയ് വരെ കാത്തിരുന്നാല്‍, അപ്പോഴേയ്ക്കും പ്രതിപക്ഷ ഐക്യമെന്ന ‘ഫെഡറല്‍ ഫ്രണ്ട്’ യാഥാര്‍ഥ്യമായിക്കൂടെന്നില്ല. ഈ സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തേ നടന്നേക്കാം.
അതെന്തായാലും കഴിഞ്ഞ നാലു വര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തിന്റെ ബാക്കി പത്രമെന്താണ്? 543 സീറ്റില്‍ 282 സീറ്റു നേടിയാണ് നരേന്ദ്ര മോദി 2014 മേയ് 26 ന് അധികാരമേറ്റത്. കര്‍ഷകര്‍ക്ക് ഒട്ടേറെ ക്ഷേമ പദ്ധതികള്‍, തൊഴിലില്ലായ്മ പരിഹരിക്കാന്‍ പ്രതിവര്‍ഷം ഒരു കോടി തൊഴിലവസരങ്ങള്‍, വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം ഇന്ത്യയിലേക്ക് കൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരെന്റേയും അക്കൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കും, നാലു വര്‍ഷത്തിനകം കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും തുടങ്ങിയവയായിരുന്നു ബിജെപിയുടെ പ്രകടന പത്രികയിലെ ഉറപ്പുകള്‍. ഇവയില്‍ ഒന്നുപോലും പാലിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിനായില്ല; ഇനിയൊട്ട് സാധിക്കുകയുമില്ല.
തൊഴിലെവിടെ?
പ്രതിവര്‍ഷം ഒരു കോടി വീതം തൊഴില്‍ നല്‍കുമെന്നു പറഞ്ഞത് വെറും ജലരേഖയായി. ലക്ഷക്കണക്കിനു യുവതീയുവാക്കള്‍ ഇന്നും തൊഴില്‍രഹിതരാണ്; തൊഴിലില്ലായ്മ രൂക്ഷം.
കള്ളപ്പണമെവിടെ?
അഴിമതിക്കും കള്ളപ്പണത്തിനും അന്തകനായി അവതരിച്ച വ്യക്തിയെന്നാണ് നരേന്ദ്ര മോദിയെ ബിജെപി ചിത്രീകരിച്ചത്. പക്ഷേ, വിദേശത്ത് വമ്പന്മാര്‍ കുന്നുകൂട്ടിയിട്ടുള്ള കള്ളപ്പണത്തിന്റെ ഒരംശംപോലും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ മോദി സര്‍ക്കാരിനായില്ല. ഇതിനുവേണ്ടി കൊണ്ടുവന്ന നോട്ടു നിരോധനം ജനത്തിന് തീരാ ദുഃഖം വിതയ്ക്കുകയും ചെയ്തു. രാജ്യത്തെ വഞ്ചിച്ച് കോടികളുമായി കടന്ന വിജയ് മല്യ, ലളിത് മോദി, നീരവ് മോദി എന്നിവര്‍ ഇന്നും വിദേശത്ത് സസുഖം വാഴുന്നു.
പെട്രോളിയം വില
മോദിയും പാര്‍ട്ടിയും പ്രതിപക്ഷത്തിരുന്നപ്പോള്‍ ഇന്ധനവിലയുടെ പേരില്‍ പാര്‍ലമെന്റില്‍ യുപിഎ സര്‍ക്കാരിനെതിരെ സൃഷ്ടിച്ച കോലാഹലം ജനം ഇന്നും മറന്നിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഇന്ധനവില സര്‍വകാല റെക്കോര്‍ഡ് ഭേദിച്ചിരിക്കുന്നു. മേയ് 23 നു പെട്രോളിന് 80.57 രൂപയും ഡീസലിനു 73.50 രൂപയുമായിരുന്നു ലിറ്ററിനു വില. കര്‍ണാടക തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഇന്ധനവില രാജ്യമെമ്പാടും കുതിച്ചുകയറി. ഒരു നടപടിയുമില്ല.
നോട്ട് നിരോധനം, ജിഎസ്ടി
നാലുവര്‍ഷത്തെ മോദി ഭരണത്തില്‍ സാധാരണക്കാരും ഇടത്തരക്കാരും ഏറ്റവുമധികം ഓര്‍ത്തിരിക്കുക, സാമ്പത്തിക രംഗം ശുദ്ധീകരിക്കുവാനെന്ന പ്രഖ്യാപനത്തോടെ നടത്തിയ 1000, 500 നോട്ടുകളുടെ നിരോധനമാണ്. കള്ളപ്പണം പുറത്തു ചാടിക്കുകയെന്ന ലക്ഷ്യവും പറഞ്ഞിരുന്നു. എന്നാല്‍ ജനത്തിന് തീരാദുഃഖവും ദുരിതവും നല്‍കിയതല്ലാതെ നോട്ട് നിരോധനം ഒരു ഗുണവും ചെയ്തില്ല. നൂറിലേറെപ്പേര്‍ മരിക്കുകയും ചെറുകിട കച്ചവടക്കാരും വ്യവസായികളും തകര്‍ന്നതും മാത്രം ഗുണം. കള്ളപ്പണത്തിന്റെ തമ്പുരാന്മാര്‍ ഇന്നും വിലസുന്നു. കറന്‍സിരഹിത സാമ്പത്തിക ഇടപാടുകള്‍ എന്ന അവകാശവാദവും ഉദ്ദേശിച്ചഫലം ചെയ്തില്ല. കള്ളപ്പണവും ഭീകരവാദവും ഇല്ലാതായില്ല. സാമ്പത്തിക രംഗത്ത് സര്‍വത്ര മാന്ദ്യം.
അതുപോലെ തിടുക്കത്തില്‍ നടപ്പാക്കിയ ജിഎസ്ടിയും ഉദ്ദേശിച്ച ഫലം കണ്ടില്ല. സാമ്പത്തിക രംഗത്തുണ്ടായ തകര്‍ച്ചയും മാന്ദ്യവുമാണ് ജിഎസ്ടിയുടെ ആത്യന്തിക ഫലം. സാധാരണക്കാര്‍ കൂടുതല്‍ വില നല്‍കി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങേണ്ട അവസ്ഥയായി.
മതനിരപേക്ഷത, പഴങ്കഥയായി
മോദി സര്‍ക്കാരിനെ ചരിത്രം രേഖപ്പെടുത്തുക, മതനിരപേക്ഷതയുടെ നാരായവേരിന് കോടാലി വച്ച ഭരണം എന്ന പേരിലായിരിക്കും. 1992 ല്‍ അയോധ്യയിലെ രാമക്ഷേത്രം ഹിന്ദു വര്‍ഗീയ ശക്തികള്‍ തകര്‍ക്കുന്നതു കയ്യുംകെട്ടി നോക്കിനിന്ന അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരസിംഹറാവു എന്ന കോണ്‍ഗ്രസ് നേതാവിനുശേഷം ഇത്രയധികം പാപഭാരം ഇക്കാര്യത്തില്‍ ചുമക്കേണ്ടിവന്നിട്ടുള്ള നേതാവ് മോദി മാത്രമാണ്. മോദി പ്രധാന മന്ത്രിയായ ശേഷമുള്ള നാലു വര്‍ഷം ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും നേരെ വര്‍ഗീയ ശക്തികള്‍ അഴിച്ചുവിട്ട അസഹിഷ്ണതയുടെ വാക്കുകളും പ്രവൃത്തികളും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ മുറിപ്പാടായി എന്നും നിലനില്‍ക്കും.
ബാങ്കിംഗ്, കൃഷി
ബാങ്കുകളിലുള്ള സാധാരണക്കാരന്റെ വിശ്വാസത്തിന് മങ്ങലേറ്റിരിക്കുന്നു. പഞ്ചാബ് നാഷനല്‍ ബാങ്കിനെ കബളിപ്പിച്ച് 20,000 കോടികളുടെ വായ്പതിരിച്ചടയ്ക്കാതെ നീരവ് മോദി രാജ്യം വിട്ടെങ്കിലും, മോദി സര്‍ക്കാരിന് ഒന്നും ചെയ്യാനായിട്ടില്ല. ബാങ്കുകളുടെ കിട്ടാക്കടം 10 ലക്ഷം കോടിയാണിപ്പോള്‍. അതില്‍ സിംഹഭാഗവും വമ്പന്മാരുടെ വകയാണ്. കാര്‍ഷിക മേഖലയിലും സര്‍വത്ര അനിശ്ചിതത്വവും ആശങ്കകളും മാത്രം.
നാലു വര്‍ഷംകൊണ്ട് ഏറ്റവുമധികം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച നരേന്ദ്ര മോദി, തന്റെ രാജ്യാന്തര ഇമേജിന്റെ തിളക്കം കൂട്ടാനുള്ള ശ്രമത്തിലാണ് ഇപ്പോഴും. റഷ്യയ്ക്കു പകരം അമേരിക്കയും പലസ്തീനു പകരം ഇസ്രയേലും ഇന്ത്യയുടെ സുഹൃത്തുക്കളായി എന്നതാണ് ഈ രംഗത്തെ ‘നേട്ടം’ പാക്കീസ്ഥാനും ചൈനയും പതിവു തലവേദനയായി തുടരുകയും ചെയ്യുന്നു.
‘അച്ചാ ദിന്‍’ (നല്ലനാളുകള്‍ വരുന്നു) ഏറെ പ്രഖ്യാപനത്തോടെ അധികാരത്തിലേറിയ നരേന്ദ്ര മോദി, സ്വച്ഛ് ഭാരത്, ശ്രേഷ്ഠ് ഭാരത്, ബേഠി ബചാവോ ബേഠി പഠാവോ’ തുടങ്ങിയ ഏതാനും മുദ്രാവാക്യങ്ങളിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. അതൊഴിച്ചാല്‍ പാചക വാതക വില വര്‍ധന, പെട്രോള്‍ വില വര്‍ധന, അവശ്യസാധനങ്ങളുടെ വിലക്കയറ്റം, റേഷന്‍ സമ്പ്രദായത്തിന്റെ തകര്‍ച്ച, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവ നേരിടാന്‍ എന്തു നടപടികളാണ് സ്വീകരിച്ചതെന്ന് ഇനിയും ഗവേഷണം നടത്തി കണ്ടെത്തേണ്ടിവരും.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>