സാമൂഹിക മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ ജില്ലകളില്‍ കേന്ദ്ര നിരീക്ഷകര്‍

By on June 1, 2018
ko_analysis_media_freedom-1466622717-

സാമൂഹിക മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ ജില്ലകളില്‍ കേന്ദ്ര നിരീക്ഷകര്‍

ബിജെപി മാധ്യമങ്ങളെ നോട്ടമിട്ടിട്ട് കുറേക്കാലമായി. തങ്ങള്‍ക്കെതിരായി നിലകൊളളുന്ന മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ പല തന്ത്രങ്ങള്‍ അവര്‍ പയറ്റി. ഏറ്റവും ഒടുവില്‍ സ്മൃതി ഇറാനി വാര്‍ത്താ വിതരണ മന്ത്രിയായിരിക്കെ, ‘വ്യാജവാര്‍ത്തകള്‍’ സൃഷ്ടിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മൂക്കു കയറിടാന്‍ ശ്രമം നടത്തിയെങ്കിലും രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നപ്പോള്‍ ആ നടപടി പിന്‍വലിക്കുകയായിരുന്നു.
അതുകഴിഞ്ഞ് ഏതാണ്ട് രണ്ടു മാസങ്ങള്‍ ആയിട്ടുളളു: ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ക്കു നേരെയാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം തിരിഞ്ഞിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും ഓണ്‍ലൈന്‍ ഉളളടക്കങ്ങളും നിരന്തരം പരിശോധിക്കാനും കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യാനും ഇന്ത്യയിലെ 716 ജില്ലകളിലും നിരീക്ഷകരെ നിയോഗിക്കാനാണ് നീക്കം. ഇതിനായി 20 കോടി രൂപ നീക്കിവയ്ക്കും. ‘സോഷ്യല്‍ മീഡിയ കമ്യൂണിക്കേഷന്‍ ഹബ്ബ്’ എന്നാണ് പദ്ധതിയുടെ പേര.് ഈ നിരീക്ഷകര്‍ സാമൂഹിക മാധ്യമങ്ങളിലെ സന്ദേശങ്ങളും വാര്‍ത്തകളും വായിച്ചു ദിവസവും കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണം. സര്‍ക്കാരിന് ‘അനുകൂലം പ്രതികൂലം നിഷ്പക്ഷം’ എന്നീ മൂന്നു വിശേഷണങ്ങള്‍ ചാര്‍ത്തിയായിരിക്കും റിപ്പോര്‍ട്ടുകള്‍ നല്‍കുക.
ഇത്തരം നിരീക്ഷകര്‍ ബിജെപി സര്‍ക്കാരിന്റെ ഹൃദയമിടിപ്പ് അറിയുന്നവരായിരിക്കുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല! . മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താനുളള പുതിയ തന്ത്രത്തെ ഓര്‍മിപ്പിക്കുന്നത് പണ്ട് നാസിഭരണകാലത്ത് ജര്‍മനിയിലുണ്ടായിരുന്ന ‘ഗെസ്റ്റ്‌പ്പോ’ രഹസ്യ പൊലിസിനെയാണെന്നാണ് മാധ്യമ രംഗത്തുളളവര്‍ പറയുന്നത്. വിമര്‍ശിക്കുന്നവരെ കണ്ടെത്തുക, അവരുടെ വായടയ്ക്കുക ഇതായിരുന്നു ‘ഗെസ്റ്റ്‌പ്പോ’ യുടെ പല ചുമതലകളില്‍ ഒന്ന്.

സര്‍ക്കാര്‍ വാര്‍ഷികം : കടമ മറന്ന് മാധ്യമലോകം
ഇപ്പോള്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെയും വാര്‍ഷികങ്ങളുടെ കാലമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് രണ്ടു വര്‍ഷവും നരേന്ദ്ര മോദി നയിക്കുന്ന ബിജെപി-ആര്‍എസ്എസ് സര്‍ക്കാര്‍ അധികാരമേറ്റിട്ട് നാലുവര്‍ഷവും പൂര്‍ത്തിയായിരിക്കുന്നു.
ആഘോഷങ്ങള്‍ പൊലിപ്പിക്കാന്‍ മാധ്യമങ്ങള്‍ അവരുടേതായ രാഷ്ട്രീയ നിലപാടുകളും താല്‍പര്യങ്ങളും വച്ചുള്ള പൊടിക്കൈകള്‍ ചെയ്തു കൊണ്ടിരിക്കുന്നു. കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തങ്ങളുടെ രണ്ടാം വാര്‍ഷികം മേയ് 18 മുതലാണ് മാസാവസാനം വരെ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. കോഴിക്കോട് വച്ചു ഉദ്ഘാടനം, ജില്ലകളില്‍ പ്രത്യേക ആഘോഷങ്ങള്‍, തിരുവനന്തപുരത്ത് സമാപനം എന്നിങ്ങനെയാണ് അവരുടെ പരിപാടി.
ഈ ആഘോഷങ്ങളിലെ ചേരുവകളും വളരെ വൈവിധ്യമാര്‍ന്നവയാണ്. പത്രസമ്മേളനങ്ങള്‍, പൊതുസമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍, പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ തുടങ്ങി കലാസാഹിത്യ വിരുന്നുകള്‍ എന്നിവയൊക്കെ അതില്‍പെടും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ എല്‍ഡിഎഫ് ചെയ്ത കാര്യങ്ങളാണ് ഇതിന്റെയെല്ലാം അടിസ്ഥാന ചേരുവകള്‍.
പത്രങ്ങള്‍ക്കാണെങ്കില്‍, പരസ്യങ്ങളിലാണ് കണ്ണ്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചു കൊണ്ടുള്ള ഫുള്‍ പേജ് പരസ്യങ്ങള്‍ കിട്ടുന്നതോടെ അവര്‍ തൃപ്തരാണ്. അതോടൊപ്പം, പേരിനൊരു വിശകലനം. അതും സര്‍ക്കാരിലെ ആരെങ്കിലും എഴുതുന്ന നേട്ടങ്ങളുടെ മഹാവിവരണം, മറുഭാഗത്ത് പ്രതിപക്ഷത്തെ ആരെങ്കിലും നല്‍കുന്ന ‘കുറ്റപത്രവും’. ബാലന്‍സ് ചെയ്യലാണ്! എന്നാല്‍ സര്‍ക്കാരിന്റെ നേട്ടങ്ങളെപ്പറ്റിയോ ‘പ്രകടന പത്രിക’യിലെ വാഗ്ദാനങ്ങള്‍ രണ്ടു വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ എത്രത്തോളം ഇതുവരെ യാഥാര്‍ഥ്യമാക്കിയെന്ന കാര്യത്തെപ്പറ്റിയോ, സ്വന്തമായി അഭിപ്രായം പറയുന്ന മാധ്യമങ്ങള്‍ ചുരുക്കമാണ്. പാര്‍ട്ടി പത്രങ്ങളെ ഒഴിച്ചു നിര്‍ത്തിയാലും, ദേശീയതയും സാര്‍വത്രികതയും അവകാശപ്പെടുന്ന മാധ്യമങ്ങളെങ്കിലും നിഷ്പക്ഷമായ വിശകലനങ്ങള്‍ നടത്തേണ്ടതല്ലേ?
സര്‍ക്കാരിന്റെ സ്തുതിപാഠകരായി നിലകൊള്ളുന്ന ഭരണകക്ഷി പത്രമാകാനോ പ്രതിപക്ഷത്തിന്റെ സ്വരമായി സര്‍വതിനെയും വിമര്‍ശിക്കാനോ അവര്‍ മുതിരേണ്ടതില്ല! എന്നാല്‍, നിഷ്പക്ഷമായി രണ്ടു വര്‍ഷത്തെ ഭരണത്തെ വിലയിരുത്താനുള്ള ധാര്‍മിക ചുമതല, മുഖ്യധാരാ പത്രങ്ങള്‍ക്കില്ലേ?
കേരളത്തില്‍ തുടരുന്ന തൊഴിലില്ലായ്മ, റേഷന്‍ സമ്പ്രദായത്തിന്റെ തകര്‍ച്ച, പെട്രോള്‍-ഡീസല്‍ വര്‍ധന, റേഷന്‍ സാധനങ്ങളുടെ ദൗര്‍ലഭ്യം, അവശ്യസാധന വിലക്കയറ്റം, പതിറ്റാണ്ടുകളായി പൊതുവിപണിയിലെ വിലകളെ പിടിച്ചു നിര്‍ത്തിയിരുന്ന മാവേലി സ്റ്റോറുകളുടെയും ത്രിവേണി സ്റ്റോറുകളുടെയും മറ്റും തകര്‍ച്ച, മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളിലെ അലംഭാവം, കാര്‍ഷിക രംഗത്തിനുവേണ്ടി ചെയ്ത കാര്യങ്ങള്‍, റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍- ഇവയൊക്കെ വിലയിരുത്തപ്പെടേണ്ടതുണ്ട്. പോരായ്മകള്‍ ചൂണ്ടിക്കാട്ടാനും ജനകീയ ആവശ്യങ്ങള്‍ക്ക് ശബ്ദം കൊടുക്കാനും മാധ്യമങ്ങള്‍ക്ക് കടമ
യുണ്ട്.
പെട്രോള്‍-ഡീസല്‍ വിലക്കയറ്റം നിര്‍ബാധം തുടരുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ സഹായത്തിനു എത്തിയോ എന്നതും ചോദ്യം ചെയ്യപ്പെടണം. 2014നു ശേഷം 12 തവണ എക്‌സൈസ് തീരുവ കൂട്ടിയതാണ് പെട്രോള്‍ വില കുത്തനെ ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. അതു കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവാത്ത സാഹചര്യത്തില്‍, സര്‍വ രംഗത്തും വിലക്കയറ്റത്തിനു വഴിയൊരുക്കുന്ന ഇന്ധന വിലയ്ക്ക് മൂക്കുകയറിടാന്‍, കഴിഞ്ഞ രണ്ടു വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തു ചെയ്തു എന്ന ചോദ്യം ബാക്കിയാണ്. ജനങ്ങളെ കടലിനും പിശാചിനും മധ്യെ നരകിക്കാന്‍ വിടുന്നത്, ഭരണമല്ല; ഭരണമില്ലായ്മയാണ്.
ഇതൊന്നും കാണാനും വിലയിരുത്താനും വിമര്‍ശിക്കാനും തയാറാവാതെ മറ്റു വിഷയങ്ങളെടുത്ത് ആഘോഷിക്കാന്‍ മലയാള പത്രങ്ങള്‍ നടത്തുന്ന മത്സരം നല്ല മാധ്യമ ധര്‍മമല്ലായെന്ന് മനസ്സിലാക്കുക.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>