പടിപടിയായി വളര്‍ച്ച ; ഇത് മടത്തുംപടി

By on June 1, 2018
madathumpady

പടിപടിയായി വളര്‍ച്ച ;
ഇത് മടത്തുംപടി

അറുപതു വര്‍ഷത്തെ തിളങ്ങുന്ന ചരിത്രവുമായി
മടത്തുംപടി സെന്റ് അഗസ്റ്റിന്‍ ഇടവക

ഇരിങ്ങാലക്കുട രൂപതയുടെ തെക്കേ അതിര്‍ത്തിയോടടുത്താണ് മടത്തുംപടി സെന്റ് അഗസ്റ്റിന്‍സ് ഇടവക. ചാലക്കുടി പുഴയുടെ സാമീപ്യം പ്രകൃതി സുന്ദരമായ ഈ ഗ്രാമത്തിനു അനുഗ്രഹമായി നിലകൊള്ളുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് ആദ്യ ദൈവാലയം വെഞ്ചിരിച്ചതിന്റെ 60-ാം വാര്‍ഷികം കടന്നുപോയി.
ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തിക്കു തൊട്ടുമുമ്പുള്ള കാലഘട്ടത്തിലാണ് ഇവിടെ ദൈവാലയം പണിയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 1948 – 55 കാലഘട്ടത്തില്‍ പുത്തന്‍വേലിക്കര സെന്റ് ജോര്‍ജ് പള്ളി വികാരിയായിരുന്ന ഫാ. ജോസഫ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലായിരുന്നു അണിയറ ശ്രമങ്ങളുടെ തുടക്കം. ആലുക്കല്‍ റപ്പായി റപ്പായി, മല്ലപ്പിള്ളി വര്‍ക്കി അന്തോണി, പഞ്ഞിക്കാരന്‍ വര്‍ക്കി ഉതുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ വാങ്ങിയ സ്ഥലത്ത് പെട്ടിക്കല്‍ അന്തോണി ആഗസ്തിയും നാട്ടുകാരും ചേര്‍ന്ന് പണിതുയര്‍ത്തിയ സെന്റ് അഗസ്റ്റിന്‍ ഇടവക ദൈവാലയം 1958 മാര്‍ച്ച് 31 നു മാര്‍ ജോര്‍ജ് ആലപ്പാട്ട് വെഞ്ചിരിച്ചു. തുടര്‍ന്ന് അന്നത്തെ പുത്തന്‍വേലിക്കര വികാരി ഫാ. ജോര്‍ജ് ചിറമ്മല്‍ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ദിവ്യബലിയര്‍പ്പിക്കാന്‍ തുടങ്ങി. 1958 – 61 കാലത്ത് തെക്കന്‍ താണിശ്ശേരി പള്ളി വികാരി ഫാ. ജോസഫ് പറനിലം നടത്തു വികാരിയായിരിക്കുമ്പോള്‍, സെമിത്തേരി യാഥാര്‍ഥ്യമായി.
ഇടവകയായി ഉയര്‍ത്തപ്പെട്ടത് 1963 സെപ്റ്റംബര്‍ എട്ടിനാണ്. താണിശ്ശേരി പള്ളി വികാരി ഫാ. ജോണ്‍ ചെറുനിലം ഇടവക രൂപീകരണത്തിന് നേതൃത്വം നല്‍കി. രണ്ടു വര്‍ഷം കഴിഞ്ഞ് വിശുദ്ധ ആഗസ്തീനോസിന്റെ ദര്‍ശന സഭയ്ക്ക് തുടക്കം കുറിച്ചു. ഇക്കാലത്ത് പുത്തന്‍വേലി ഉണ്ണിമിശിഹാ പള്ളി വികാരിമാരാണ് മടത്തുംപടി പള്ളിയുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചത്.
ശക്തമായ കാറ്റിലും മഴയിലും പള്ളിയുടെ മുഖവാരവും നടപ്പുരയും തകര്‍ന്നുവീണത് 1971 മേയ് 12 ന്. ഫാ. സിറിയക് വടക്കന്റെ നേതൃത്വത്തില്‍ അവ പുനര്‍നിര്‍മിച്ചു.
ഇവിടത്തെ ആദ്യ സ്ഥിരം വികാരിയാണ് ഫാ. വില്‍സന്‍ മംഗലന്‍. 1979 മേയ് മാസത്തില്‍ ഫാ. വില്‍സന്‍ മംഗലന്‍ ആദ്യ സ്ഥിരം വികാരിയായി ചുമതലയേറ്റു. മാവെല്‍സ് കമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും തയ്യല്‍ പരിശീലന കേന്ദ്രവും നിരവധിപേര്‍ക്ക് ജാതിയുടേയും മതത്തിന്റേയും അതിരുകളില്ലാത്ത തൊഴില്‍ വീഥികളില്‍ സഹായകരമായി. വിവാഹ സഹായ ലഘു നിക്ഷേപ പദ്ധതിയും മരണാവശ്യ സഹായ സംഘങ്ങളും ഇക്കാലത്ത് രൂപം കൊണ്ടു. ഫാ. ജോയ് കടമ്പാട്ടിന്റെ സാരഥ്യത്തില്‍ 1984 ല്‍ സെമിത്തേരി പുതുക്കിപ്പണിതു. ഫാ. പോള്‍ എ. അമ്പൂക്കന്റെ നേതൃത്വത്തില്‍ വൈദിക മന്ദിരവും ഫാ. ജോണ്‍ കവലക്കാട്ടിന്റെ സാരഥ്യത്തില്‍ സ്റ്റേജും പള്ളിയുടെ ചുറ്റുമതിലും നിര്‍മിച്ചു.
ഇടവകയില്‍ 1992 ലാണ് ഹോളി ട്രിനിറ്റി മഠം സ്ഥാപിക്കപ്പെട്ടത്. ഇക്കാലത്ത് രണ്ടു കപ്പേളകളും യാഥാര്‍ഥ്യമായി. ഫാ. സജി പൊന്മിനിശേരി പുതിയ ദൈവാലയ നിര്‍മാണത്തിനുള്ള പണശേഖരണം തുടങ്ങി. ഫാ. സെബി നടവരമ്പന്റെ നേതൃത്വത്തില്‍ 2007 ഓഗസ്റ്റ് 26 നു പുതിയ ദൈവാലയത്തിന്റെ അടിസ്ഥാനശില മാര്‍ ജയിംസ് പഴയാറ്റില്‍ വെഞ്ചിരിച്ചു. അന്നുതന്നെ പാരീഷ് ബുള്ളറ്റിനും ആദ്യമായി പ്രകാശനം ചെയ്തു. 2008 മാര്‍ച്ച് മൂന്നിന് പുതുക്കിപ്പണിത സെമിത്തേരി മാര്‍ ജെയിംസ് പഴയാറ്റില്‍ ആശീര്‍വദിച്ചു; പുതിയ ദൈവാലയത്തിന്റെ ശിലാസ്ഥാപനവും നടന്നു.
മടത്തുംപടി ഗ്രാമത്തിന്റെ കാര്‍ഷിക വളര്‍ച്ചയില്‍ നിര്‍ണായക പ്രാധാന്യമാണ് തൈഗ്രാമ വികസന സംഘത്തിന്റേത്. കുരിയാക്കോസ് ഏലിയാസ് സര്‍വീസ് സൊസൈറ്റി (കെസ്സ്) യുടെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയുടെ ശക്തി സ്രോതസ്സ്, ഇടവക സമൂഹമാണ്. പഞ്ചായത്തു കിണറിനും ബാലവാടിക്കും സ്ഥലം നല്‍കിയതും ബാലവാടി കെട്ടിടം നിര്‍മിച്ചതും ഇടവകയാണ്. ഇടവകയിലെ സെന്റ് അഗസ്റ്റിന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് 2009 ലാണ് നിലവില്‍ വന്നത്.
സമൂഹത്തിന്റെ സമസ്ത മേഖലകളിലും വികസനത്തിന്റെ ആദ്യ തിരിവെട്ടം തെളിയിച്ച ചാരിതാര്‍ഥ്യത്തോടെയാണ് അറുപതു വര്‍ഷം പിന്നിട്ട മടത്തുംപടി സെന്റ് അഗസ്റ്റിന്‍ ഇടവക പുതിയ നാഴികക്കല്ലുകളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>