‘ഇനിയും ഞങ്ങള്‍ക്ക് മക്കള്‍ വേണം’ ജോജോയും നിഷയും തയ്യാറാണ്

By on June 1, 2018
jojo

‘ഇനിയും ഞങ്ങള്‍ക്ക് മക്കള്‍ വേണം’
ജോജോയും നിഷയും തയ്യാറാണ്

ജോമിയച്ചന്‍

”എത്ര കുട്ടികളെ തന്നാലും അവരെയെല്ലാം സ്വന്തമായി സ്വീകരിച്ച് വളര്‍ത്താനുള്ള കൃപ എന്റെ ദൈവമേ എനിക്ക് തരണമേ..” ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന അവിവാഹിതനായ ജോജോ പ്രാര്‍ഥന തുടര്‍ന്നു: ”മക്കളെന്ന ദാനത്തെ ഇല്ലായ്മ ചെയ്യാനൊരുങ്ങുന്ന ലോകത്ത് സാക്ഷ്യത്തിന്റെ ഒരു വലിയ കുടുംബത്തിന് രൂപം നല്‍കാന്‍ എന്നോടൊപ്പമുണ്ടാകണേ.” പ്രാര്‍ഥന തീര്‍ന്ന ഉടനെ ഒരു പ്രതിജ്ഞയും ജോജോ എടുത്തു: ‘വിവാഹം കഴിക്കാനൊരുങ്ങുന്ന പെണ്‍കുട്ടിക്ക് സമ്മതമാണെങ്കില്‍ പ്രസവം നിറുത്താതെ സാധിക്കാവുന്നിടത്തോളം കുഞ്ഞുങ്ങളെ ജീവിതത്തില്‍ സ്വന്തമാക്കും’.
ഇന്ന് ജോജോയ്ക്കും ഭാര്യ നിഷയ്ക്കുമായി കുഞ്ഞുങ്ങള്‍ ആറ്. 2007ല്‍ വിവാഹം കഴിച്ച ഈ ദമ്പതികള്‍ക്ക് 6-ാം ക്ലാസില്‍ പഠിക്കുന്ന ജോഹനും, 5-ാം ക്ലാസുകാരന്‍ ജോണും, 2-ാം ക്ലാസിലെത്തിയ ജോനാഥനും, ഒന്നാം ക്ലാസിലേക്ക് കൗതുകങ്ങളോടെ നടന്നു കയറുന്ന ആബേലും പ്ലേ സ്‌കൂളിന്റെ വിസ്മയത്തില്‍ ജീവിതം പഠിച്ചു തുടങ്ങുന്ന എസ്‌തേവും നാലുമാസം പ്രായമുള്ള ജോസഫും പ്രാര്‍ഥനയുടെ ഫലവും പ്രതിജ്ഞയുടെ കരുത്തുമായി സ്വന്തമായുണ്ട്.
ജീസസ് യൂത്ത് സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജോജോയ്ക്ക് ജീവന്റെ മൂല്യം തന്നാലാവും വിധം ലോകത്തെ അറിയിക്കാനുള്ള തീവ്രമായ ആഗ്രഹമാണ്. ഭര്‍ത്താവിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകൊരുക്കുന്ന ഭാര്യയുടെ സമര്‍പണം കൂടിച്ചേരുമ്പോള്‍ ഭൂമിയില്‍ മറ്റൊരു സ്വര്‍ഗ്ഗം കൂടി രൂപപ്പെടുകയാണ്.
ഒന്നിരുത്തി വായിച്ചാല്‍ സംഭവ ബഹുലമാണ് ഈ ദമ്പതികളുടെ ജീവിതകഥ. അന്നമനട വെട്ടിയാടന്‍ തോമസ്- മേരി ദമ്പതികളുടെ മൂത്തമകന്‍ ജോജോയും, കോതമംഗലം മലിപ്പാറ ഇടയിറക് തത്തലായിപറമ്പില്‍ കൃഷ്ണന്‍കുട്ടി-ഓമന ദമ്പതികളുടെ മൂത്തമകള്‍ നിഷയും ഡന്റല്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സില്‍ 2002ല്‍ ഒരുമിച്ചു ചേര്‍ന്നവരാണ്. പഠന നാളുകളിലെ സൗഹൃദം പ്രണയമായി. ക്രൈസ്തവ യുവാവും ഹൈന്ദവയുവതിയും! ജോജോ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ ജോലികളിലേക്കിറങ്ങി, പെരുമ്പാവൂരിലും, കണ്ണൂരിലും ലാബുകളില്‍ ജോലി ചെയ്തതിനുശേഷം ചാലക്കുടിയില്‍ ‘ആബേല്‍ ദന്തല്‍ ലാബ്’ എന്ന പേരില്‍ ഒരു സ്ഥാപനം സ്വന്തമായി ആരംഭിച്ചു. അല്‍പനാള്‍ കഴിഞ്ഞ് ജീസസ് യൂത്ത് സുഹൃത്തുക്കളുടെ സഹായത്തോടെ ലാബ് അങ്കമാലിയിലേക്ക് മാറ്റി. അതിനിടെ നിഷയുടെ വീട്ടിലെ സാഹചര്യങ്ങളില്‍ സംഘര്‍ഷങ്ങള്‍ നിറഞ്ഞു. ഒടുവില്‍ ജീവിതം ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ തിരുകുടുംബാലയത്തിലേക്ക്. നീണ്ട പ്രാര്‍ഥനകള്‍ക്കും ഒരുക്കങ്ങള്‍ക്കുമൊടുവില്‍ മാമോദിസാ സ്വീകരിച്ച് കൂദാശകളില്‍ പങ്കുകാരിയായി, ക്രൈസ്തവ വിവാഹത്തിലൂടെ, ജോജോയുടെ ജീവിത സഖിയായി.
നാമ്പെടുക്കുന്ന കാലഘട്ടത്തിലാണല്ലോ പ്രതിസന്ധികള്‍ രൂക്ഷമാവുക. ആദ്യകുഞ്ഞിന്റെ ജനനത്തിന് ശേഷം അധികം വൈകാതെ ജോജോയ്ക്ക് ഒരു ആക്‌സിഡന്റ്. ഇടതുകാല്‍ വട്ടമൊടിഞ്ഞ് തീവ്രപരിചരണം. അതിനിടെ സ്വന്തമായുണ്ടായ പുരയിടത്തിന്മേലെടുത്ത കടം വീട്ടാനാവാതെ വന്നപ്പോള്‍ നിബന്ധനകള്‍ക്കും നീതിയില്ലാത്ത ഉപാദികള്‍ക്കും വഴിപ്പെട്ട് വീടുമിടവും മറ്റൊരാള്‍ക്ക് കൈമാറേണ്ടി വന്നു. ഇന്നും പരിഹരിക്കപ്പെടാത്ത പ്രതിസന്ധിയായി ആ ഇടപാട് മനസ്സിലുണ്ടെന്ന് ജോജോ. അക്കാലത്താരംഭിച്ച വാടക ജീവിത താമസ ശൈലി ഇന്നും തുടരുകയാണ്. ഇന്നിപ്പോള്‍ 16-ാമത്തെ വാടക വീട്ടിലാണ്. ആറുമക്കളും ദമ്പതികളും സ്‌നേഹത്തില്‍ വസിക്കുന്നിടം ഇപ്പോള്‍ ആളൂരിലാണ്. ആളൂര്‍ പള്ളി ദാനമായി 3 സെന്റ് സ്ഥലം നല്‍കിയിട്ടുണ്ടെങ്കിലും ഇടപാടുകള്‍ പൂര്‍ണമാവാത്തതിനാല്‍ സ്വന്തമായൊരു വീടുവയ്ക്കാനിനിയേറെ കാക്കണമെന്ന പ്രതിസന്ധിയിലാണ് ഈ കുടുംബം.
ആളൂര്‍ സെന്റ് ജോസഫ്‌സ് ഇടവകയിലെ താല്‍ക്കാലിക നിയമിത കപ്യാര്‍ എന്ന നിലയിലെ പ്രവര്‍ത്തനങ്ങളും ഒരു ദന്തല്‍ ലാബിലെ സാധ്യമായ സമയങ്ങളിലെ ജോലിയുമാണ് വരുമാന മാര്‍ഗ്ഗങ്ങള്‍.
അപ്രതീക്ഷിതമായ സമയത്ത് ദൈവം ഇടപെടുന്നതുകൊണ്ട് ജീവിതത്തില്‍ സങ്കടങ്ങളില്ലെന്ന ഉറച്ചവിശ്വാസത്തിലാണ് ദമ്പതികള്‍. ”പ്രതീക്ഷിക്കാത്ത ആളുകള്‍ നിരവധി സഹായങ്ങള്‍ ചെയ്തു തന്നിട്ടുണ്ട്. ഉറച്ച് വിശ്വസിച്ച് പ്രാര്‍ഥിച്ചാല്‍ സങ്കടങ്ങളൊരിക്കലും തമ്പുരാന്‍ നീട്ടികൊണ്ടു പോകില്ല” നിഷ പ്രത്യാശ പ്രകടിപ്പിക്കുന്നത് പൂര്‍ണ ബോധ്യങ്ങളോടെയാണ്. ജെറമിയാ പ്രവാചകന്റെ 29:11-13 ആണ് ജോജോയുടെ പ്രതീക്ഷയും സ്വപ്‌നവും. ”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്-നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി. അപ്പോള്‍ നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും. എന്റെ അടുക്കല്‍ വന്ന് പ്രാര്‍ഥിക്കും ഞാന്‍ നിങ്ങളുടെ പ്രാര്‍ഥന ശ്രവിക്കും. നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെത്തും.”
ശുഭ പ്രതീക്ഷയോടെ മക്കള്‍ മാഹാത്മ്യം തിരിച്ചറിഞ്ഞ ഈ ദമ്പതികള്‍ ആധുനിക ലോകത്ത് വേറിട്ടൊരു സാക്ഷ്യമാണെന്നത് തീര്‍ച്ച. വരും കാലങ്ങളില്‍ ചില പദ്ധതികള്‍ക്ക് ഈ കുടുംബം രൂപമാറ്റങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 2033 ആവുമ്പോഴേക്കും സഭയില്‍ പത്ത് ലക്ഷം വൈദിക-സന്യസ്ഥ അര്‍ഥികള്‍ ഉണ്ടാകാന്‍ ‘ദാനിയല്‍ ഇന്റര്‍സസറി പ്രയര്‍’ തുടങ്ങുകയാണ് ആദ്യലക്ഷ്യം. ലക്ഷ്യത്തില്‍ ജോഹനും, ജോണും, ജോനാഥനും പങ്കാളികളാകുമെന്ന ആശ ഇപ്പോഴെ പ്രകടിപ്പിച്ചിട്ടുണ്ട്. അബോര്‍ഷനെതിരെ പ്രാര്‍ഥനയിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും സംഘടിച്ച് ജീവന്‍ സംരക്ഷണത്തിന്റെയും ജീവന്‍ പരിപോഷണത്തിന്റെയും ചാലകശക്തിയാവുകയാണ് രണ്ടാമത്തെ ആഗ്രഹം. നന്മയുടെ സേവന പരമ്പര ആവും വിധത്തില്‍ തുടരുക എന്നത് മൂന്നാമത്തെ ലക്ഷ്യം.
ചെറിയ വാസസ്ഥലവും വലിയ കുടുംബവും ഇഴ ചേര്‍ന്ന് ലോകത്തിന് മുമ്പിലൊരുക്കുന്ന സ്‌നേഹകരുതലിന്റെ ഈ ജീവിതസാക്ഷ്യം ഇനിയും അനേകര്‍ക്ക് മാതൃയാകട്ടെ.
ജീവന്റെ മൂല്യം കാത്തുസൂക്ഷിക്കാനും പ്രഘോഷിക്കാനും കുഞ്ഞുങ്ങളെത്രയായാലും സ്വീകരിക്കാനൊരുങ്ങുന്ന ഈ ദമ്പതികളെ തന്റെ പദ്ധതി പ്രകാരം ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. സ്വന്തമായൊരിടത്ത് ഒരു ചെറുഭവനമൊരുക്കി അലച്ചലുകളില്ലാതെ സ്ഥിര സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ദൈവം ഇടപെടട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>