• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

വിശുദ്ധപഥങ്ങളില്‍ കര്‍മ്മ സാക്ഷ്യമായി കാളനച്ചന്‍

By on June 1, 2018
fr george kalan

വിശുദ്ധപഥങ്ങളില്‍ കര്‍മ്മ സാക്ഷ്യമായി
കാളനച്ചന്‍

സഹന തീവ്രതയുടെ പാരമ്യത്തിലും അസ്വസ്ഥതയുടെ അലോസരതകള്‍ തെല്ലും പ്രകടമാക്കാതെ ശാന്തഗംഭീരമായ ഒരു യാത്ര… ‘വിടവാങ്ങുന്നേന്‍….’ അര്‍ഥം കനം വച്ച വരികള്‍ നെല്ലായി ഇടവകദൈവാലയത്തിന്റെ ചുമരകത്ത് മാലാഖ സങ്കീര്‍ത്തനങ്ങള്‍ക്കൊപ്പം പ്രകമ്പനം കൊള്ളുമ്പോള്‍ ജോര്‍ജ് കാളനച്ചന്‍ ബലിപീഠത്തോടും വാതിലുകളോടും ദൈവാലയത്തോടും ദൈവജനത്തോടും ലോകത്തോടും യാത്രപറയുകയായിരുന്നു. ആരോഗ്യമുള്ള കാലത്തെല്ലാം സഹോദര വൈദികരുടെ യാത്ര പറച്ചിലിന് അര്‍ഥവ്യാപ്തിയൊരുക്കിയ ആ യാത്രാഗാനം ഒരു മൗനരാഗത്തിന്റെ നിശബ്ദ ഈണമായി കാളനച്ചന്റെ ചുണ്ടിലും പടരുന്നുണ്ടായിരിക്കണം.
വിളവേറെയെങ്കിലും വേലക്കാര്‍ ചുരുക്കമായ വിളഭൂമിയിലേക്ക് വിതക്കാരന്റെ വചനങ്ങള്‍ക്ക് കാതോര്‍ത്ത് ദൗത്യം പൂര്‍ത്തീകരിച്ച് തിരികെ യാത്രയാകുമ്പോള്‍ നിറസംതൃപ്തിയോടെ പറയുന്നുണ്ടാവും; ഞാനെന്റെ ഓട്ടം പൂര്‍ത്തിയാക്കിയെന്ന്.
നെല്ലായി ഇടവകയിലെ വിശ്വാസസാക്ഷ്യത്തിന് പുറപ്പെട്ട കാളന്‍ കുടുംബത്തിലെ മാത്യു മേരി ദമ്പതികളുടെ മകനായി 1941 മെയ് 29ന് ജനിച്ച് കാന്‍സര്‍ രോഗിയായി ചികിത്സയില്‍ കഴിയവേ 2018 മെയ് 8ന് നിത്യസമ്മാനത്തിനായി യാത്രയായ ജോര്‍ജച്ചന്‍ സമാനതകളില്ലാത്ത ഒരു പൗരോഹിത്യ ജീവചരിത്രത്തിന്റെ സൂക്ഷിപ്പുകാരനാണ്.
തൃശൂര്‍ തോപ് സെന്റ് മേരീസ് മൈനര്‍ സെമിനാരിയിലും, ആലുവ കാര്‍മല്‍ഗിരി, മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലും വൈദിക പരിശീലനം നേടി 1967 മാര്‍ച്ച് 11ന് അഭിവന്ദ്യ ജോര്‍ജ് ആലപ്പാട്ട് പിതാവില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ച ജോര്‍ജച്ചന്‍ ഹൃദയത്തില്‍ വിശ്വാസവും, ആത്മാവില്‍ അഗ്നിയും കര്‍മരംഗത്ത് തീക്ഷ്ണതയും നിറഞ്ഞ ഒരു പ്രവര്‍ത്തന ചൈതന്യമായിരുന്നു. ചാലക്കുടി ഫൊറോന, വേലൂര്‍ ഫൊറോന എന്നിവിടങ്ങളില്‍ സഹവികാരി, ചേലക്കര, ആനന്ദപുരം, മായന്നൂര്‍, വാടാനപ്പിള്ളി, തൊയക്കാവ്, മരത്താക്കര, കല്ലൂര്‍, അമ്പഴക്കാട് ഫൊറോന, എടക്കുളം, വെളയനാട്, മാപ്രാണം, കൊന്നക്കുഴി, മൂന്നുമുറി, വെള്ളാനി, അവിട്ടത്തൂര്‍, പാദുവനഗര്‍ എന്നിവിടങ്ങളില്‍ വികാരി, ഇരിങ്ങാലക്കുട രൂപത വൈസ് ചാന്‍സലര്‍ & പ്രൊക്കുറേറ്റര്‍, എപ്പാര്‍ക്കിയല്‍ കണ്‍സള്‍ട്ടര്‍, തൃശ്ശൂര്‍ പുല്ലഴി സെന്റ് ക്രിസ്റ്റീന ഹോം അസി. ഡയറക്ടര്‍, അഷ്ടമിച്ചിറ ബാലഭവന്‍, തൃശ്ശൂര്‍ പുല്ലഴി സെന്റ് ജോസഫ്‌സ് ഹോം, സി. ആര്‍ എസ്., ഇരിങ്ങാലക്കുട ഡയോസിഷന്‍ ഹെല്‍ത്ത് പ്രൊജക്റ്റ്‌സ്, പ്രൊപ്പഗേഷന്‍ ഓഫ് ഫെയ്ത്ത് എന്നിവയുടെ ഡയറക്ടര്‍, ഇരിങ്ങാലക്കുട പ്രൊവിഡന്‍സ് ഹോമിന്റേയും നിരവധി സന്യാസഭവനങ്ങളുടെയും ചാപ്ലെയിന്‍… നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തന തലങ്ങളുടെ വിപുലത ഈ കര്‍മയോഗിയുടെ വ്യതിരിക്ത ജീവിത ഭാവങ്ങളുടെ യഥാര്‍ഥ പ്രകടനം തന്നെ.
ദശാസന്ധികളില്‍ പതറാതെ ഊര്‍ജവും ചൈതന്യവും പകരുന്ന വ്യക്തിത്വങ്ങളാണ് ചരിത്രത്തില്‍ സജീവത നിറയ്ക്കുന്നത്. ദിവംഗതനായ മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിന്റെ ഭാഷയില്‍ ഒന്നുമില്ലാതിരുന്ന ഒരു രൂപതയെ പ്രാരംഭ ദിശയില്‍ സാമ്പത്തിക സുസ്ഥിരതയോടെ അഭ്യുന്നതിയിലേക്ക് നയിക്കാന്‍ തീവ്രമായി യത്‌നിച്ച ഒരു സാമ്പത്തിക വിദഗ്ദനായിരുന്നു കാളനച്ചന്‍. ബാലാരിഷ്ടതകള്‍ക്കപ്പുറത്ത് പ്രൗഢസമാനമായ ഒരു തനിമ ആദ്യകാലഘട്ടങ്ങളില്‍ തന്നെ ഇരിങ്ങാലക്കുട രൂപതയ്ക്ക് ചാര്‍ത്തി നല്‍കാന്‍ ജോര്‍ജച്ചന്‍ നടത്തിയ പരിശ്രമങ്ങള്‍ അതുല്യങ്ങളായിരുന്നുവെന്നത് രൂപതാ ചരിത്രം.
സീറോ മലബാര്‍ സഭയുടെ തനതു പാരമ്പര്യ ഭാഷയായ സുറിയാനി ഇരിങ്ങാലക്കുട രൂപതയില്‍ കാലഹരണപ്പെടാതിരിക്കാനുള്ള പ്രവാചക ദൗത്യം കാളനച്ചന്‍ സ്വയമേറ്റെടുത്തിരുന്നു. സുറിയാനി ദിവ്യബലിയും ഗാനങ്ങളും തീക്ഷ്ണതയോടെ അര്‍പ്പിക്കുകയും ആലപിക്കുകയും ചെയ്തിരുന്ന ഈ പുരോഹിതവര്യന്‍ പാരമ്പര്യങ്ങളുടെ സൂക്ഷിപ്പുകാരനും പ്രചാരകനുമായിരുന്നുവെന്നത് നിസ്തര്‍ക്കം. സുറിയാനി ഭാഷയിലെ ക്ലാസ്സുകളിലൂടെ ഒരു തലമുറയ്ക്ക് ഇത് പങ്കുവച്ചുകൊടുക്കാന്‍ അച്ചന്‍ നടത്തിയ തീവ്രശ്രമങ്ങള്‍ മറക്കാനാവാത്തതാണ്.
പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത അനുഷ്ഠാനങ്ങളുടെ പൂര്‍ണ്ണതയിലും ഭക്തിയുടെ നിറവിലും പ്രകടനങ്ങളുടെ ശുദ്ധിയിലുമാണെന്നറിഞ്ഞതിനാല്‍തന്നെ വി. ബലിയും, കൂദാശകളും, ഭക്താനുഷ്ഠാനങ്ങളും, കാനോന നമസ്‌കാരവും അനുഷ്ഠാനസിദ്ധികളോട് നൂറു ശതമാനം വിശ്വസ്ത പുലര്‍ത്തി നിര്‍വഹിക്കുവാന്‍ ഈ പുരോഹിതന്‍ ബദ്ധശ്രദ്ധനായിരുന്നു.
അജഗണത്തോട്, നോവുകളില്‍ സാന്ത്വനമായും നിസ്സഹായതയുടെ അരക്ഷിതാവസ്ഥകളില്‍ കരുതലുള്ള ഇടയനായും പ്രതിസന്ധികളുടെ രൂക്ഷതയില്‍ പരിഹാരമാര്‍ഗ്ഗങ്ങളുടെ സദുപദേശകനായും കര്‍മ്മനിരതനായിരുന്ന ഈ വൈദികന്‍ പൗരോഹിത്യ സംലഭ്യതയുടെ അപൂര്‍വ ഉദാഹരണം തന്നെ. സഹായവും സാന്ത്വനവും സാമിപ്യവും ഒരുക്കുമ്പോഴും വ്രതബദ്ധമായ ജീവിതത്തിന്റെ നിര്‍മമത ജീവിതപുണ്യമായി കാക്കാന്‍ ഈ വന്ദ്യ പുരോഹിതന്‍ പ്രയത്‌നിച്ചിരുന്നു. വാര്‍ദ്ധക്യമേറ്റിയ ശാരീരിക അസ്വസ്ഥതകളെ പരിഭവങ്ങളൊരുക്കി പഴിചാരി പിഴക്കാതെ പരിതസ്ഥിതികളറിഞ്ഞ് അപരര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ക്കിട നല്കാതെ പെരുമാറിയിരുന്നത് ഏവരിലും വിസ്മയമുണര്‍ത്തിയിരുന്നു. കാഴ്ചയും കേള്‍വിയും അന്യമാകുന്നിടത്ത് അകകാഴ്ചയും ഉള്‍കേള്‍വിയും അത്ഭുതമാകുന്ന നേര്‍കാഴ്ചയായിരുന്നു കാളനച്ചന്റെ പെരുമാറ്റ രീതികള്‍.
അരികില്‍ സഹായത്തിനെത്തുന്നവരാരെയും വെറും കയ്യോടെ പറഞ്ഞയച്ചിട്ടില്ല. അര്‍ഹിക്കുന്നവര്‍ക്കെല്ലാം നീതിയോടെ പങ്കുവെയ്ക്കുന്ന ഒരു ന്യായാധിപ ഭാവവും അച്ചനിലുണ്ടായിരുന്നു. ഓര്‍മ്മയില്‍ കടപ്പാടൊരുക്കി കരയുന്നവര്‍ ഏറെയായിരുന്നു മൃതസംസ്‌ക്കാര ശുശ്രൂഷയില്‍. കൈയ്യിലുണ്ടായിരുന്നതെല്ലാം കൈയ്യഴിഞ്ഞു നല്‍കിയപ്പോള്‍ പരിത്യാഗ സന്യാസിയുടെ ദാരിദ്ര്യ മുഖമായിരുന്നു ആഢ്യത്തോടെയുള്ള ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലെന്ന് അടുത്തറിഞ്ഞവര്‍ ഉറപ്പിച്ചുപറയുന്നു. വ്യക്തി ബന്ധങ്ങളെ നെഞ്ചോട്‌ചേര്‍ത്ത് സുദൃഢമായി കാത്തുസൂക്ഷിക്കുന്ന ഒരു നസ്രായ സൗഹൃദഭാവം ജോര്‍ജച്ചന്റെ വ്യക്തിത്വ തനിമയായിരുന്നു. വലിപ്പചെറുപ്പങ്ങളില്ലാത്ത ഒരു സുഹൃദ്‌വലയം അഭിമാനത്തോടെ കാത്തുസൂക്ഷിക്കാന്‍ ഈ സ്‌നേഹരൂപം എന്നും ശ്രദ്ധിച്ചിരുന്നു.
നന്മകളുടെ ജീവിതം സഫലമാക്കിയ സംതൃപ്തിയില്‍ സ്വര്‍ഗ്ഗകിരീടം തേടി മാലാഖമാര്‍ക്കൊപ്പം യാത്രയായ ഈ പുണ്യ പുരോഹിതന്‍ നവയുഗത്തില്‍ വിശുദ്ധിയുടെയും കര്‍മണ്യതയുടെയും പ്രചോദനവും പ്രേരണയുമാകട്ടെ.
-ഫാ. ജോമി തോട്ട്യാന്‍

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>