• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

ജൂണ്‍ 4 : ശിശുക്കളുടെ രാജ്യാന്തര ദിനം

By on June 1, 2018
childrens

ജൂണ്‍ 4 : ശിശുക്കളുടെ രാജ്യാന്തര ദിനം

മാലാഖക്കുഞ്ഞുങ്ങളേ മാപ്പ്: രണ്ടാം ലോകമഹായുദ്ധകാലത്ത് 1942 ജൂണ്‍ 9 ന് നാസി പട്ടാളം ചെക്കോസ്ലൊവാക്യയിലെ ലിഡിസ് ഗ്രാമത്തില്‍ കൊന്നൊടുക്കിയ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഓര്‍മ്മയ്ക്കായി സ്ഥാപിച്ചിട്ടുള്ള സ്മാരകം.

കുട്ടികളോടുള്ള അക്രമങ്ങള്‍ക്കെതിരെ ലോക മനഃസാക്ഷി ഉണര്‍ത്താനാണ് എല്ലാ വര്‍ഷവും നിഷ്‌ക്കളങ്ക ശിശുക്കളുടെ രാജ്യാന്തര ദിനമായി ജൂണ്‍ നാല് ആചരിക്കുന്നത്. 1942 ല്‍ ഹിറ്റ്‌ലറുടെ നാസി പട്ടാളം ചെക്കോസ്ലോവാക്യയിലെ ഒരു ഗ്രാമത്തിലെ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാവരേയും കൊന്നൊടുക്കി. എന്തായിരുന്നു ആ ക്രൂരകൃത്യത്തിന്റെ
കാരണം? ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം….

ഓ! ലിഡിസ് ! കേള്‍ക്കുന്നല്ലോ,
ഇന്നും ആ വിലാപം…

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടു നില്‍ക്കുന്ന കാലം. ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള നാസിപ്പട യൂറോപ്പില്‍ ആക്രമണങ്ങള്‍ നടത്തുന്ന ഭീകര ദിനരാത്രങ്ങള്‍. അക്കാലത്ത് ഹിറ്റ്‌ലറുടെ കിങ്കരപ്പടയിലെ പ്രമുഖനായിരുന്ന റിന്‍ഹാര്‍ഡ് ഹെയ്ഡ്രിച്ചിനെ ചെക്കോസ്ലോവാക്കിയയുടെ തലസ്ഥാനമായ പ്രേഗില്‍ ചെക്ക് പൗരന്മാരായ യാന്‍ കുബിസ്,ജോസഫ് ഗാബ്‌സിക്ക് എന്നിവര്‍ പതിയിരുന്നു വധിച്ചു. ചെക്കോസ്ലോവാക്കിയയില്‍ നാസിപ്പട നടത്തിക്കൊണ്ടിരുന്ന ഭീകരാക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായിട്ടാണ് യാനും ജോസഫും മിന്നാലാക്രമണം നടത്തിയത്. ഈ വധത്തിനുള്ള പ്രതികാരമായിരുന്നു നാസിപ്പട്ടാളം നടത്തിയ കൂട്ടക്കുരുതി.
ഹെയ്ഡ്രിച്ചിന്റെ വധം കഴിഞ്ഞ് തൊട്ടടുത്ത ദിവസം ചെക്കോസ്ലോവാക്കിയയിലെ നിരവധി ചെറുനഗരങ്ങളും ഗ്രാമങ്ങളും വളഞ്ഞ് 3180 പേരെ ജര്‍മന്‍ സൈന്യം കസ്റ്റഡിയിലെടുത്തു. ഇവരില്‍ 1344 പേരെ ഉടന്‍ വധിച്ചു. ഇതുകൊണ്ടും ഹിറ്റ്‌ലര്‍ തൃപ്തനായില്ല. 30,000 ചെക്ക് പൗരന്മാരെയെങ്കിലും ഉടന്‍ വധിക്കുക- ഇതായിരുന്നു രക്തദാഹിയായ ഹിറ്റ്‌ലറുടെ അന്ത്യശാസനം.
1942 ജൂണ്‍ 9. ക്ലാഡ്‌നോ ജില്ലയിലെ പ്രകൃതി രമണീയമായ കൊച്ചുഗ്രാമം -ലിഡിസ്. അതിരാവിലെ ജര്‍മന്‍ പട്ടാളക്കാര്‍ കയറിയ അമ്പതോളം ട്രക്കുകള്‍ ഗ്രാമത്തിനു ചുറ്റും നിരന്നു. ട്രക്കുകളില്‍ നിന്നിറങ്ങിയ സൈനികര്‍ ഗ്രാമത്തിലെ പുരുഷന്മാരെയെല്ലാം പിടികൂടി ഗ്രാമാതിര്‍ത്തിയിലെ ഒരു കൃഷിയിടത്തിലേക്ക് കൊണ്ടുപോയി. അവിടെയുള്ള മതിലിനു സമീപം അവരെ കൈകള്‍ ബന്ധിച്ചു നിരയായി നിര്‍ത്തി. തുടര്‍ന്ന് അഞ്ചും പത്തും പേരടങ്ങിയ ഗ്രൂപ്പുകളാക്കി തോക്കിനിരയാക്കി. രാവിലെ ഏഴുമണിക്ക് ആരംഭിച്ച കൂട്ടക്കുരുതി ഒരു മണിക്കൂറിനകം തീര്‍ന്നു. അന്നു ഒറ്റ ദിവസം പട്ടാപ്പകല്‍ 173 പുരുഷന്മാരെയാണ് ജര്‍മന്‍ സൈന്യം വെടിവച്ചുകൊന്നത്. സന്ധ്യയായപ്പോള്‍ ശേഷിച്ച സ്ത്രീകളെയും കുട്ടികളെയും വേര്‍പെടുത്തി. കൈക്കുഞ്ഞുങ്ങളെപ്പോലും അമ്മമാരുടെ മാറില്‍ നിന്നു ബലം പ്രയോഗിച്ച് അടര്‍ത്തിയെടുത്തു. അന്നു രാത്രി 200 സ്ത്രീകളെ കിലോമീറ്ററുകള്‍ അകലെയുള്ള തൊഴില്‍ ക്യാമ്പിലേക്ക് ട്രക്കുകളില്‍ കയറ്റിവിട്ടു. കുട്ടികളെ മറ്റൊരിടത്തേക്കും. അവരെപ്പറ്റി ലോകം പിന്നീട് കേട്ടിട്ടില്ല. ലിഡിസ് ഗ്രാമം സാവധാനം വിസ്മൃതിയിലായി.
കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ലിഡിസില്‍ ചിറകറ്റുവീണ കുഞ്ഞുങ്ങളെ ഓര്‍ത്ത് നമുക്ക് മിഴിനീര്‍ പൂക്കള്‍ അര്‍പ്പിക്കാം; മാലാഖക്കുഞ്ഞുങ്ങളേ, മാപ്പ്!

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>