കമ്യൂണിസത്തിന്റെ കാള്‍ മാര്‍ക്‌സ്

By on June 1, 2018
P18 karl marx copy

കമ്യൂണിസത്തിന്റെ
കാള്‍ മാര്‍ക്‌സ്

മേയ് 5 ന് ആയിരുന്നു കാള്‍ മാര്‍ക്‌സിന്റെ
200-ാം ജന്മവാര്‍ഷികം

മതം മനുഷ്യനെ മയക്കുന്ന
കറുപ്പാണെന്ന കാള്‍ മാര്‍ക്‌സിന്റെ വാക്കുകള്‍ തെറ്റെന്ന്
കാലം തെളിയിച്ചു.

കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ പ്രോക്താവായി ചരിത്രം രേഖപ്പെടുത്തുന്ന വ്യക്തിയാണ് കാള്‍ മാര്‍ക്‌സ്. കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം സോവിയറ്റു യൂണിയനും ചൈനയും ഉള്‍പ്പെടെ ഭൂരിഭാഗം രാജ്യങ്ങളും ചവറ്റുകൊട്ടയില്‍ തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ 200-ാം ജന്മവാര്‍ഷികം ഇടതുപക്ഷ ആരാധകര്‍ ഈയിടെ ആഘോഷിച്ചത്.
ഇരുപതാം നൂറ്റാണ്ടിന്റെ ചിന്താമണ്ഡലത്തെ സ്വാധീനിച്ച വ്യക്തിയെന്ന നിലയില്‍ കാള്‍ മാര്‍ക്‌സ് നിലകൊള്ളുമ്പോഴും 1848 ല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലും 1867 ല്‍ ദാസ് കാപിറ്റല്‍ (മൂലധനം) എന്ന ഗ്രന്ഥത്തിലുംകൂടി അദ്ദേഹം പറഞ്ഞുവച്ച കാര്യങ്ങള്‍ അയഥാര്‍ഥമായിരുന്നുവെന്ന കാര്യം ചരിത്രം ഇപ്പോള്‍ അടിവരയിടുന്നു.
കാള്‍ മാര്‍ക്‌സിന്റെ ശുദ്ധമായ കമ്യൂണിസം ഇന്ന് ഒരിടത്തുമില്ല. അതു ഉന്നയിക്കുന്ന വര്‍ഗ സമരത്തിലധിഷ്ഠിതമായ വിപ്ലവം അപ്രായോഗികമെന്ന് സോവിയറ്റ് യൂണിയന്റെ തകര്‍ച്ച തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഇന്നുള്ളത് മുതലാളിത്തത്തോട് സമരസപ്പെടുന്ന കമ്യൂണിസമാണ്. കമ്യൂണിസം ജനങ്ങള്‍ തള്ളിക്കളയുന്നുവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ഇന്ത്യ തന്നെ. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ കമ്യൂണിസത്തിന് കഴിഞ്ഞിട്ടില്ല. ഇന്ന് കേരളം മാത്രമാണ് ഇടതുപക്ഷത്തിന്റെ കൈവശമുള്ളത്. കമ്യൂണിസ്റ്റ് ചുവപ്പുകോട്ടയായിരുന്ന ബംഗാള്‍ പണ്ടേ കൈവിട്ടു; ഈയിടെ നടന്ന തിരഞ്ഞെടുപ്പോടെ ത്രിപുരയും വര്‍ഗീയ ശക്തികള്‍ക്ക് അടിയറവു വയ്‌ക്കേണ്ടിവന്നു.
എന്തുകൊണ്ടാണ് മാര്‍ക്‌സിന്റെ സിദ്ധാന്തം സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും തള്ളിക്കളഞ്ഞത്? അതു വികസനത്തിനു വിലങ്ങു തടിയാണെന്നതു തന്നെ പ്രധാന കാരണം. അധ്വാന വര്‍ഗത്തെ ചൂഷണം ചെയ്യുന്ന മുതലാളിത്തത്തെ വര്‍ഗ സമരത്തിലൂടെ ഉന്മൂലനം ചെയ്യുക, തൊഴിലാളികളുടെ നേതൃത്വത്തില്‍ ഭരണകൂടങ്ങള്‍ സ്ഥാപിക്കുക, അതിഭൗതിക വാദത്തിന്റെ ചുവടുപിടിച്ചു മനുഷ്യനെ വെറും മൃഗങ്ങളെപ്പോലെ കാണുക, വര്‍ഗസമരം പതിവു ജീവിത ശൈലിയാക്കുക തുടങ്ങിയ നിലപാടുകള്‍ ജനങ്ങള്‍ തള്ളിയെന്നര്‍ഥം. തന്റെ സിദ്ധാന്തമനുസരിച്ചു വ്യവസായിക യൂറോപ്പില്‍ വിപ്ലവങ്ങള്‍ അരങ്ങേറുമെന്നു മാര്‍ക്‌സ് കരുതി.
പക്ഷേ, വിപ്ലവം നടന്നത് പിന്നോക്കാവസ്ഥയിലുള്ള റഷ്യയിലായിരുന്നു, ലെനിന്റെ നേതൃത്വത്തില്‍. പക്ഷേ, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സോവിയറ്റ് യൂണിയനും കമ്യൂണിസത്തെ തള്ളിപ്പുറത്താക്കി, 1991 ല്‍ മാര്‍ക്‌സിന്റെയും ലെനിന്റേയും പ്രതിമകള്‍പോലും മുന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ തകര്‍ക്കപ്പെട്ടു. ഇറ്റലിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിരിച്ചുവിട്ടു.
ലോകം ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു. തൊഴിലുടമയും തൊഴിലാളിയും ജന്മ ശത്രുക്കളല്ലെന്നും ഇരുകൂട്ടരും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും പരസ്പരം അംഗീകരിച്ചും ആദരിച്ചും മുന്നേറണം. ഇതാണ് ഇന്നത്തെ വികസനത്തിന്റെ രസതന്ത്രം. ഇത് ലോകം തിരിച്ചറിഞ്ഞതോടെ, കമ്യൂണിസം അപ്രസക്തമാവുകയായിരുന്നു.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു പ്രഖ്യാപിച്ചതിന്റെ പിതൃത്വം മാര്‍ക്‌സിനുണ്ട്. ആ വാക്കുകള്‍ പോലും ഇന്ന് കമ്യൂണിസ്റ്റുകള്‍ പരസ്യമായി പറയാന്‍ മടിക്കുന്നു. മതാനുയായികളേയും അധികാരത്തിലേക്കുള്ള ചവിട്ടുപടികളാവുകയെന്നതാണ് പുതിയ സമീപനം.
ജര്‍മനിയിലെ ട്രയറില്‍ യഹൂദ കുടുംബത്തിലാണ് 1818 മേയ് അഞ്ചിന് മാര്‍ക്‌സ് ജനിച്ചത്. ജര്‍മനിയില്‍ നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം 1883 മാര്‍ച്ച് 14 ന് ലണ്ടനില്‍ മരിച്ചു. ദാരിദ്ര്യവും രോഗങ്ങളും ഏകാന്തതയും നേരിട്ട അവസാന നാളുകളില്‍ സുഹൃത്തായ ഫ്രെഡറിക് ഏംഗല്‍സ് മാത്രമേ അദ്ദേഹത്തിന് കൂട്ടിനുണ്ടായിരുന്നുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>