ഏഷ്യയിലും പീഡനങ്ങളുടെ പടയോട്ടം

By on July 4, 2018
padamudrakal

 

മംഗലാപുരത്തും പരിസരങ്ങളിലുമുള്ള 27 കത്തോലിക്കാ ദൈവാലയങ്ങള്‍ ടിപ്പു തകര്‍ത്തു. കനറ ജില്ലയിലെ അന്നത്തെ കലക്ടര്‍ തോമസ് മണ്‍റോയുടെ കണക്കനുസരിച്ച് 60,000 കത്തോലിക്കരെ ടിപ്പു കസ്റ്റഡിയിലെടുത്തു. ഇതില്‍ 7000 പേര്‍ രക്ഷപ്പെട്ടു. ബാക്കി 53,000 പേരെ പശ്ചിമഘട്ട നിരകളിലൂടെ 340 കിലോമീറ്ററോളം നടത്തി മംഗലാപുരത്തു നിന്നു ശ്രീരംഗപട്ടണത്തേക്ക് കൊണ്ടുപോയി. ആറാഴ്ചയെടുത്ത് അവര്‍ അവിടെ
എത്തിയപ്പോഴേക്കും 20,000 ത്തോളം പേര്‍ മരിച്ചിരുന്നു.

- ജോസ് തളിയത്ത്
മനുഷ്യചരിത്രത്തിലെ ഏതെങ്കിലും കാലഘട്ടത്തില്‍ ഒരിക്കലെങ്കിലും ക്രൈസ്തവര്‍ പീഡനങ്ങള്‍ ഏല്‍ക്കാതെ സ്വസ്ഥമായി ജീവിച്ചിട്ടില്ല എന്നു പറയാം. ഏഡി 500 നടുത്ത് തകര്‍ന്നു നിലംപതിച്ച റോമാ സാമ്രാജ്യത്തിലും അതോടെ ആരംഭിച്ച് 1453 ല്‍ തുര്‍ക്കികളുടെ ആക്രമണത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ തകര്‍ന്നടിഞ്ഞതോടെ അവസാനിച്ച മധ്യശതകങ്ങളിലും തുടര്‍ന്നു വന്ന ആധുനിക യുഗത്തിലും ക്രൈസ്തവര്‍ പീഡനങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടു മുതല്‍ ആരംഭിച്ച മതപീഡനത്തിന്റെ രക്തരൂക്ഷിതമായ ചരിത്രത്താളുകള്‍ നാം കണ്ടു കഴിഞ്ഞു. തുര്‍ക്കികളുടെ ആക്രമണത്തോടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ കോണ്‍സ്റ്റാന്റിനോപ്പിള്‍ ആസ്ഥാനമായ (ഇന്നത്തെ തുര്‍ക്കി) കിഴക്കന്‍ റോമാ സാമ്രാജ്യത്തിന്റെ നിണമണിഞ്ഞ ചരിത്ര വഴികളിലൂടെയാണ് കഴിഞ്ഞ ലക്കത്തില്‍ നാം സഞ്ചരിച്ചത്.

ചൈന, ജപ്പാന്‍, ഇന്ത്യ

മധ്യശതകങ്ങളില്‍ നിന്ന് 17-ാം നൂറ്റാണ്ടിലെ ഏഷ്യയിലേക്കാണ് നാം കടന്നുവരുന്നത്. അക്കാലത്ത് ചൈന ക്വിങ് രാജവംശത്തിലെ കാങ്‌സി ചക്രവര്‍ത്തിയുടെ ഭരണത്തിലായിരുന്നു. മരിച്ചു പോയ പൂര്‍വികരെ ദൈവങ്ങളായി വണങ്ങണമെന്നും കണ്‍ഫ്യൂഷ്യസിനെ ആരാധിക്കണമെന്നുമുള്ള ചക്രവര്‍ത്തിയുടെ ഉത്തരവിനെ ക്രൈസ്തവര്‍ നിരാകരിച്ചതിനാല്‍, ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം ചൈനയില്‍ ക്രിസ്തുമതം നിരോധിക്കപ്പെട്ടു.
ചൈനയില്‍ 1900 ല്‍ വിദേശികളെ പുറത്താക്കാന്‍ ‘ബോക്‌സര്‍’ പോരാളികളുടെ പിന്തുണയോടെ നടന്ന വിപ്ലവത്തില്‍ ചൈനക്കാരും പാശ്ചാത്യരുമായ നിരവധി ക്രൈസ്തവര്‍ വധിക്കപ്പെട്ടു. ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വ്യാപാരികള്‍ ചൈനയെ കൊള്ളയടിക്കുന്നുവെന്ന ആരോപണത്തിന്റെ പേരിലായിരുന്നു ആക്രമണങ്ങള്‍. കലാപകാരികളെ ആ രാജ്യങ്ങളുടെ സഖ്യസേനയെത്തിയാണ് അടിച്ചമര്‍ത്തിയത്.
പിന്നീട് ചൈനയിലെ രാജഭരണം അവസാനിപ്പിക്കാനായി സണ്‍ യാത്‌സെന്നിന്റെ നേതൃത്വത്തില്‍ നടന്ന 1911 ലെ വിപ്ലവ കാലത്തും നിരവധി ക്രൈസ്തവര്‍ വധിക്കപ്പെട്ടു. 1912 ല്‍ റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായപ്പോള്‍ സണ്‍ യാത്‌സെന്‍ പ്രസിഡന്റായി. അദ്ദേഹത്തിന്റെ കുമിന്താങ് പാര്‍ട്ടി ആദ്യം ചെയ്തത് ക്രൈസ്തവ ദൈവാലയങ്ങളിലെ ക്രിസ്തുവിന്റെ രൂപങ്ങളും ചിത്രങ്ങളും കുരിശുകളും എടുത്തു മാറ്റുകയെന്നതാണ്; പകരം സണ്‍ യാത്‌സെന്നിന്റെ ചിത്രങ്ങള്‍ സ്ഥാപിച്ചു.

ജപ്പാനില്‍ നിരോധനം

ജപ്പാനില്‍ ക്രൈസ്തവര്‍ക്കെതിരെ സംഘടിതമായ ആദ്യത്തെ ആക്രമണം ആരംഭിക്കുന്നത് 1600 ല്‍ തൊക്കുഗവ ഇയാസു ഭരണാധികാരിയാവുന്നതോടെയാണ്. 1614 ല്‍ കത്തോലിക്കാ മതം നിരോധിക്കപ്പെട്ടു. യൂറോപ്യന്‍ മിഷനറിമാരെ നാടുകടത്തി; മതം മാറി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരുന്ന എല്ലാവരെയും വധിച്ചു. ഇതോടെ ക്രൈസ്തവ മതം ജപ്പാനില്‍ പരസ്യമായി പ്രത്യക്ഷപ്പെടാതായി.
എന്നാല്‍ 1637 ല്‍ അടിച്ചമര്‍ത്തലിനെതിരെ അമാസുക ഷിറോ തെക്കിസാദ എന്ന ക്രൈസ്തവ യുവാവ് ശബ്ദമുയര്‍ത്തി. ആ യുവാവിനൊപ്പം ചേര്‍ന്ന വലിയ സംഘം ക്രൈസ്തവര്‍ ഭരണാധികാരികള്‍ക്കെതിരെ മുന്നേറിയതാണ് ഷിമാബര വിപ്ലവം എന്നറിയപ്പെടുന്നത്. ഭരണകൂടം ആ വിപ്ലവം അടിച്ചമര്‍ത്തി. അമാസുക അടക്കം 37,000 വിപ്ലവകാരികളും അനുഭാവികളും വധിക്കപ്പെട്ടു.
ഇതേത്തുടര്‍ന്ന് രണ്ടു നൂറ്റാണ്ടോളം എണ്ണത്തില്‍ കുറവായിരുന്ന ക്രൈസ്തവര്‍ റോമിലെ മത മര്‍ദ്ദന കാലത്തെന്നപോലെ ഒളിവു സങ്കേതങ്ങളിലായിരുന്നു പ്രാര്‍ഥനകളും മതകര്‍മങ്ങളും നടത്തിപ്പോന്നത്. പിന്നീട് 1890 ല്‍ നിലവില്‍ വന്ന ‘മെയിജി ഭരണഘടന’ യാണ് ക്രൈസ്തവര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയത്.

ടിപ്പുവും ക്രൈസ്തവരും

ഹൈന്ദവരും മുസ്ലിംകളും ക്രൈസ്തവരും തമ്മില്‍ സൗഹൃദം പുലര്‍ത്തിയ സുദീര്‍ഘ ചരിത്രമുള്ള ഇന്ത്യയില്‍ 16-ാം നൂറ്റാണ്ടില്‍ വിദേശ ശക്തികള്‍ കാലുകുത്തിയതോടെയാണ് ക്രൈസ്തവര്‍ക്കെതിരെയുള്ള നീക്കങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ ഉത്തരേന്ത്യയിലെ പ്രഖ്യാതമായ പല രാജവംശങ്ങളും ബ്രിട്ടീഷ് ഭരണാധികാരികളുമായി നല്ല സൗഹൃദത്തിലായിരുന്നു. അതിലൊന്നായിരുന്നു ഉദയ്പൂരിലെ മേവാര്‍ രാജവംശം. അവരുടെ ആസ്ഥാനമായ ഉദയ്പൂര്‍ കൊട്ടാരത്തില്‍ സ്ഥാപിച്ചിട്ടുള്ള മാര്‍ബിള്‍ ശിലകളിലെ ബൈബിള്‍ ചിത്രങ്ങള്‍ അക്കാലത്തെ രജപുത്ര നാടുവാഴികളും ബ്രിട്ടീഷ് ഭരണാധികാരികളും തമ്മിലുള്ള സൗഹൃദത്തിലേക്കുള്ള ചൂണ്ടുപലകയാണ്.
എന്നാല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പട നയിച്ച മൈസൂരിലെ ഹൈദരാലിയുടേയും ടിപ്പു സുല്‍ത്താന്റെയും ചരിത്രം ക്രൈസ്തവരുടെ രക്തക്കറ പുരണ്ടതാണ്. 18-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലാണ് ഹൈദരാലി മൈസൂറിന്റെ ഭരണസാരഥ്യത്തിലേറിയത്. പല ദിശയിലേക്കും പട നയിച്ച ഹൈദര്‍ രണ്ടു തവണ കേരളത്തിലുമെത്തിയെങ്കിലും രാഷ്ട്രീയ, സാമ്പത്തിക അധികാരത്തിലായിരുന്നു ശ്രദ്ധ. 1773 ല്‍ രണ്ടാം തവണ കേരളത്തിലെത്തിയ ഹൈദര്‍, ബ്രിട്ടീഷ് – ഫ്രഞ്ച് ഭരണാധികാരികളുമായി സൗഹൃദം സ്ഥാപിക്കുകയും പൊന്നും പണവുമായി മൈസൂറിലേക്കു മടങ്ങുകയും ചെയ്തു. 1782 ല്‍ ഹൈദര്‍ മരിച്ചു. തുടര്‍ന്ന് മകന്‍ ടിപ്പു മൈസൂറിന്റെ സുല്‍ത്താനായി.
വടക്കന്‍ കേരളത്തിലും പിന്നീട് തൃശൂരിലും അവിടെനിന്ന് ആലങ്ങാടും പറവൂരും വരെയെത്തിയ ടിപ്പുവിന്റെ പടയോട്ടം കേരളത്തില്‍ നിരവധി ക്ഷേത്രങ്ങളും പള്ളികളും നശിപ്പിക്കപ്പെടുന്നതിനു കാരണമായി. എങ്കിലും ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചതിന്റേയോ വധശിക്ഷ നല്‍കിയതിന്റേയോ രേഖകള്‍ കാണാനില്ല. കേരളത്തില്‍ ഹൈദറിനെന്നപോലെ ടിപ്പുവിനും ആവശ്യമായിരുന്നത് സ്വത്തും പണവുമായിരുന്നു. അതു കിട്ടിയപ്പോള്‍ ഏറെക്കുറെ ടിപ്പു സംതൃപ്തനായി.
എന്നാല്‍ ടിപ്പുവിന്റെ ക്രൈസ്തവ വിരോധം ഏറ്റവുമധികം തെളിഞ്ഞു നിന്നത് മംഗലാപുരത്തും ദക്ഷിണ കനറയിലുമായിരുന്നു. അവരുടെ സമ്പത്തിലും എസ്റ്റേറ്റുകളിലും കണ്ണുനട്ട ടിപ്പു, അതൊക്കെ പിടിച്ചടക്കാനാണ് കനറയിലും മംഗലാപുരത്തും പട നയിച്ചത്.
ടിപ്പു ആദ്യം ചെയ്തത് മംഗലാപുരത്തെയും ദക്ഷിണ കനറ ജില്ലയിലെയും നൂറുകണക്കിന് ക്രൈസ്തവരെ തലസ്ഥാനമായ ശ്രീരംഗപട്ടണത്ത് കല്‍ത്തുറുങ്കില്‍ അടയ്ക്കുകയായിരുന്നു. കനറയിലെ ക്രൈസ്തവരുടെ എസ്റ്റേറ്റുകള്‍ ടിപ്പു കയ്യടക്കി. ക്രൈസ്തവരെ ശ്രീരംഗപട്ടണത്തേക്ക് നാടുകടത്തി. കനറയിലെ ഫാ. മിറാന്‍ഡ ഉള്‍പ്പെടെയുള്ള 21 വൈദികരെ അറസ്റ്റ് ചെയ്ത്, 2 ലക്ഷം രൂപ പിഴയീടാക്കി, ഗോവയിലേക്ക് നാടുകടത്തി- തിരിച്ചുവന്നാല്‍ തൂക്കി കൊല്ലുമെന്ന ഭീഷണിയോടെ.
മംഗലാപുരത്തും പരിസരങ്ങളിലുമുള്ള 27 കത്തോലിക്കാ ദൈവാലയങ്ങള്‍ തകര്‍ത്തു. കനറ ജില്ലയിലെ അന്നത്തെ കലക്ടര്‍ തോമസ് മണ്‍റോയുടെ കണക്കനുസരിച്ച് 60,000 കത്തോലിക്കരെ ടിപ്പു കസ്റ്റഡിയിലെടുത്തു. ഇതില്‍ 7000 പേര്‍ രക്ഷപ്പെട്ടു. ബാക്കി 53,000 പേരെ പശ്ചിമഘട്ട നിരകളിലൂടെ 340 കിലോമീറ്ററോളം നടത്തിയാണ് മംഗലാപുരത്തു നിന്നു ശ്രീരംഗപട്ടണത്തേക്ക് കൊണ്ടുപോയത്. ആറാഴ്ചയെടുത്ത് അവര്‍ അവിടെ എത്തിയപ്പോഴേക്കും 20,000 ത്തോളം പേര്‍ മരിച്ചു കഴിഞ്ഞിരുന്നു. ശ്രീരംഗപട്ടണത്തെത്തിയ ബാക്കിയുള്ളവരും മറ്റു സ്ഥലങ്ങളില്‍ നിന്നു പിടികൂടി കൊണ്ടുവന്നവരുമായ 30,000 ത്തോളം കത്തോലിക്കാ വിശ്വാസികളെ ഇസ്ലാമിലേക്ക് മതം മാറ്റി. യുവതികളെയും പെണ്‍കുട്ടികളെയും ശ്രീരംഗപട്ടണത്തെ മുസ്ലീംകള്‍ക്ക് ഭാര്യമാരായി നല്‍കി. പീഡനങ്ങളെ ചെറുത്തു നിന്ന ക്രൈസ്തവരുടെ മൂക്കും ചുണ്ടും ചെവികളും കൈകളും ഛേദിക്കുകയും കുറേപ്പേരെ തൂക്കിലേറ്റുകയും ചെയ്തു.
ദക്ഷിണേന്ത്യയില്‍ ടിപ്പുവിന്റെ പടയോട്ടം നടന്നുകൊണ്ടിരുന്ന അക്കാലത്ത് ലോകത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവ കുരുതി നടക്കുന്നുണ്ടായിരുന്നു. അതിലൊന്നായിരുന്നു ഫ്രഞ്ച് വിപ്ലവകാലത്തെ ഫ്രാന്‍സ്.
അതേപ്പറ്റി അടുത്ത ലക്കത്തില്‍.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>