ശങ്കരമ്മാവന്‍ യോഗ ചെയ്ത് ‘ഫിറ്റായ’ സംഭവം: ഗുണപാഠം സഹിതം

By on July 4, 2018
cartoon

 

ജൂണ്‍ 21 നായിരുന്നു രാജ്യാന്തര യോഗാദിനം.

ഏതു കഷ്ടകാല നേരത്താണെന്നറിയില്ല, ശങ്കരമ്മാവന് അങ്ങനെയൊരു ദുര്‍ബുദ്ധി തോന്നാനിടയായത്. അതിന്റെ ഫലം ഇങ്ങനെയായതില്‍ നാട്ടിലെ സര്‍വ മനുഷ്യരും മൂക്കത്തുവിരല്‍ വച്ചാണ് നടക്കുന്നത്. കഷ്ടം! പാവത്തിനു വയസുകാലത്ത് ഇങ്ങനേം വന്നു പെട്ടല്ലോ! എല്ലാവരും അതാണ് പറയുന്നത്. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലൊ.
സര്‍ക്കാര്‍ ആശുപത്രിയിലെ മൂട്ടയുള്ള ആ കിടക്കയില്‍ ശങ്കരമ്മാവന്‍ മേലോട്ടു നോക്കി കിടന്നു. പൊട്ടി വീഴാറായ ഫാന്‍ കറങ്ങുന്നില്ല- അത്രയും ആശ്വാസം.
ആ കിടപ്പ് കണ്ടാല്‍ സഹിക്കില്ല. യോഗ ശാസ്ത്രത്തിലെ ഏത് ആസനത്തിന്റെ ആകൃതിയിലാണാവോ കിടക്കുന്നതെന്ന് നിശ്ച്യം പോരാ പറയാന്‍.
‘വിനാശകാലേ വിപരീത ബുദ്ധി’ എന്നു കേട്ടിട്ടേയുള്ളൂ. ഇപ്പോള്‍ ഇവിടെ മാലോകര്‍ ആ വിപരീത ബുദ്ധിയുടെ ഫലം കാണുകയാണ്.
ഒന്നോര്‍ത്താല്‍ പ്രധാനമന്ത്രി മോദിജിയാണ് ഇതിന്റെ കാരണക്കാരന്‍. പ്രേരണാക്കുറ്റത്തിന് വേണമെങ്കില്‍ അദ്ദേഹത്തിന്റെ പേരില്‍ കേസെടുക്കാവുന്നതാണ്.
മോദിജി ‘ഫിറ്റ്‌നസ്’ നടത്തിയതിന്റെ പടങ്ങള്‍ മനോരമ, മാതൃഭൂമി തുടങ്ങിയ വൃത്താന്ത പത്രങ്ങളില്‍ വന്ന ദിവസമാണ് ശങ്കരമ്മാവനെ ശനിദശ പിടികൂടിയത്. തെക്കേപ്പുറത്തെ കേശവന്‍കുട്ടി പത്രവുംകൊണ്ട് ഓടി വന്നു. അറുപത്തെട്ടു വയസുള്ള മോദിജി പാറക്കല്ലില്‍ മലര്‍ന്നു കിടന്നും കമിഴ്ന്നു കിടന്നും കാല്‍പൊക്കിയും കാലിട്ടടിച്ചും ശവാസനം, മത്സ്യാസനം, കൂര്‍മാസനം ഇത്യാദികള്‍ എത്ര എളുപ്പത്തിലാണ് ചെയ്യുന്നതെന്ന് പത്രത്തില്‍ പറയുന്നുണ്ട്. അതൊക്കെ കേട്ടപ്പോള്‍, ശങ്കരമ്മാവനു തോന്നി, എഴുപത്തഞ്ചു വയസ് ഒരു വയസാണോ, ഒന്നു പരീക്ഷിച്ചാലോ?
അങ്ങനെയാണ് പിറ്റേന്നു രാവിലെ ടിവി പെട്ടിയില്‍ യോഗ ക്ലാസ് കാണാനിരുന്നത്. ഭാര്യ കാര്‍ത്ത്യായനി പറഞ്ഞതാണ്: യോഗാ ചെയ്യുന്നതു കാണുന്നതില്‍ കുഴപ്പമില്ല, എന്നാല്‍ അതു ചെയ്യാനൊന്നും പുറപ്പെടണ്ട.
സ്വാതന്ത്ര്യ സമര സേനാനിയും നരേന്ദ്ര മോദി, ആര്‍എസ്എസ് നേതാക്കളായിരുന്ന ഗോള്‍വാക്കര്‍, വീര്‍ സവാര്‍ക്കര്‍, ദീന്‍ദയാല്‍ ഉപാധ്യായ തുടങ്ങിയ മഹാവ്യക്തികളെ ആരാധിക്കുന്നവനുമായ ശങ്കരമ്മാവന്‍ അതൊന്നും കേട്ടില്ല.
അങ്ങനെ യോഗ ക്ലാസ് പുരോഗമിക്കുന്നതിനിടെ പരിശീലകന്‍ പറഞ്ഞതനുസരിച്ച് ശങ്കരമ്മാവന്‍ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ‘ആസനം’ ചെയ്യാന്‍ തുടങ്ങി. ആദ്യം വലതു കാലെടുത്ത് കഴുത്തിനു പിന്നിലൂടെ കോര്‍ത്തിടുക, പിന്നെ ഇടതുകാലും തഥൈവ, അടുത്ത ഘട്ടത്തില്‍ ഊര്‍ദ്ധ്വശ്വാസം വലിക്കുമ്പോലെ, ദീര്‍ഘമായി ശ്വാസം വലിച്ചു വിടുക. അങ്ങനെ ഓരോ ഘട്ടവും കഴിഞ്ഞ് യോഗയുടെ അവസാനമായി. പരിശീലകന്‍ പറഞ്ഞു: ഇനി പൂര്‍വസ്ഥിതി പ്രാപിക്കുക.
പൂര്‍വസ്ഥിതി പ്രാപിക്കുകയെന്നതു പറയുന്നതുപോലെ അത്ര എളുപ്പമായിരുന്നില്ല ശങ്കരമ്മാവന്. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും, കഴുത്തില്‍ ഉടക്കി കിടക്കുന്ന കാലുകള്‍ ഊരിയെടുക്കാന്‍ പറ്റുന്നില്ല.
ശങ്കരമ്മാവന്‍ വെട്ടിവിയര്‍ത്തു. നാവ് വരണ്ടു. ആരെയെങ്കിലും വിളിക്കണമെന്നുണ്ട്. പക്ഷേ, നാവ് പൊന്തുന്നില്ല. ഭാഗ്യത്തിനു കാര്‍ത്ത്യായനി അപ്പോള്‍ ആ വഴി വന്നു. ശങ്കരമ്മാവന്‍ കൈയുയര്‍ത്തി ഗോഷ്ഠി കാണിക്കുന്നതും നാവുനീട്ടുന്നതും കണ്ണുതള്ളി എന്തോ പറയുന്നതും ഗണിച്ചെടുത്ത കാര്‍ത്ത്യായനി, അപ്പുറത്തുള്ള കേശവന്‍ കുട്ടിയെ വിളിച്ചു. ഓടിവന്ന കേശവന്‍കുട്ടിക്കും എസ്തപ്പാനും സംഗതി പിടികിട്ടി. വേദനകൊണ്ട് പുളയുകയാണ് ശങ്കരമ്മാവന്‍.
അവര്‍ നോക്കി നില്‍ക്കാതെ, സര്‍വശക്തിയും ഉപയോഗിച്ചു ഒരു പ്രയോഗം നടത്തി. ‘പ്‌ടെ’ എന്നൊരു ശബ്ദം കേട്ടു. ശങ്കരമ്മാവന്റെ കണ്ണില്‍ നിന്ന് പൊന്നീച്ച പറന്നു. കക്ഷി പൂര്‍വസ്ഥിതിയിലായി. കിതച്ചുകൊണ്ട് നിലത്തു കിടന്നു.
പക്ഷേ, കടുത്ത വേദന. ഉടനെ അവര്‍ ശങ്കരമ്മാവനെ ആശുപത്രിയിലെത്തിച്ചു. എക്‌സറേ കള്ളം പറയില്ല. കഴുത്തിലെ രണ്ടു കശേരുക്കള്‍ ചതഞ്ഞിട്ടുണ്ട്. നട്ടെല്ലിലെ എട്ടാമത്തെയും പതിനൊന്നാമത്തെയും കശേരുക്കളുടെ കാര്യമാണ് കഷ്ടമായത്. ഇടയിലുള്ള ‘ബുഷ്’ പൊട്ടിപ്പോയി. ഡോക്ടര്‍ വിധിച്ചു : മൂന്നുമാസം അനങ്ങാതെ കിടക്കണം. ശിഷ്ടകാലം വീല്‍ചെയര്‍ വേണ്ടി വരാം.
ആ കിടപ്പാണ് ഇപ്പോള്‍. രണ്ടു ദിവസം കഴിഞ്ഞിട്ടേയുള്ളൂ. ജൂണ്‍ 21 ന് ഡെറാഡൂണില്‍ പ്രധാന മന്ത്രി നരേന്ദ്രമോദിയും കൂട്ടരും യോഗ നടത്തിയതിന്റെ പടങ്ങളും വാര്‍ത്തകളും നിറഞ്ഞ പത്രവുമായി കേശവന്‍കുട്ടി ഓടിവന്നതാണ്. വാതില്‍ വരെയെത്തിയതേയുള്ളൂ. ശങ്കരമ്മാവന്റെ മൂത്തമകന്‍ കൃഷ്ണപ്രസാദ് കേശവന്‍കുട്ടിയെ ഒറ്റത്തള്ള്. ഇനിയും എന്റച്ഛനെ നീ കത്രികപ്പൂട്ടിടാനാണോടാ ഭാവം എന്നൊരു ചോദ്യവും.
ഈ സംഭവ കഥയുടെ ഗുണപാഠം മാന്യവായനക്കാര്‍ സ്വയം കണ്ടെത്തുമല്ലോ. അണ്ണാന്‍ ചാടുന്നത് കണ്ട് മണ്ണാന്‍ ചാടരുതെന്ന സാമാന്യ തത്വവും മനസ്സില്‍ മറക്കാതെ സൂക്ഷിക്കുക. മോദി ആരാണ്, നമ്മള്‍ സാദാ പൗരന്മാര്‍ ആരാണ്?

ഗണേഷ്‌കുമാര്‍ എംഎല്‍എയും എല്ലൊടിഞ്ഞ കാര്‍ ഡ്രൈവറും

എംഎല്‍എമാര്‍ക്ക് ജനങ്ങളെ സേവിക്കുന്നതിന്റെ പേരില്‍ പല അവകാശങ്ങളുമുണ്ട്. സാധാരണക്കാര്‍ക്ക് സ്വപ്‌നം കാണാന്‍ പോലും പറ്റാത്ത വിധത്തിലുള്ള കൊഴുത്ത ശമ്പളം, നിയമസഭയില്‍ ഇരുന്ന് ഉറങ്ങിയാലും മുദ്രാവാക്യം വിളിച്ചാലും സ്പീക്കറുടെ വേദിയില്‍ കയറി നിന്ന് മുണ്ട് മാടികുത്തി ഡാന്‍സ് ചെയ്യുകയോ ഗുണ്ടായിസം കാട്ടുകയോ ചെയ്താലും കിട്ടുന്ന ദിനബത്ത, എംഎല്‍എ ഹോസ്റ്റലിലെ ഫ്രീ സുഖവാസം, സര്‍ക്കാര്‍ ബസുകളില്‍ ഓസിലുള്ള യാത്ര, പെന്‍ഷന്‍ തുടങ്ങിയ അവകാശങ്ങള്‍ നിരവധി.
മറ്റൊന്ന്, നിയമസഭയ്ക്കുള്ളില്‍ ആരെപ്പറ്റിയും എന്തും വിളിച്ചു പറഞ്ഞാലും നിയമ നടപടി ഉണ്ടാകില്ലെന്ന ‘അവകാശം’. ‘ഇമ്യൂണിറ്റി’ എന്നു പറയും ഇത്തരം അവകാശത്തെ. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് വി. ശിവന്‍കുട്ടി എംഎല്‍എയും ഇപ്പോഴത്തെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഉള്‍പ്പെട്ട വീരപുരുഷ കേസരികളും കൂട്ടരും സ്പീക്കറുടെ വേദി തല്ലിത്തകര്‍ക്കുകയും കസേര മറിച്ചിടുകയും മറ്റും ചെയ്തപ്പോള്‍, അവര്‍ക്കുമുണ്ടായിരുന്നു ഇത്തരം അവകാശം. എംഎല്‍എയ്ക്ക് എതിരെ ക്രിമിനല്‍ കേസുണ്ടായാലും അറസ്റ്റ് ചെയ്യണമെങ്കില്‍ സ്പീക്കര്‍ സാര്‍ അനുവദിക്കണമെന്നുമുണ്ടത്രെ. അത് മറ്റൊരു അവകാശം.
ഈ അവകാശങ്ങള്‍ ഇപ്പോള്‍ പതുക്കെ പുറത്തേയ്ക്കും ചാടി വരുന്നുണ്ടോയെന്ന് സംശയം. മുന്‍മന്ത്രി ഗണേഷ്‌കുമാര്‍ സഞ്ചരിച്ച കാറിന് സൈഡ് കൊടുത്തില്ല എന്നതിന്റെ പേരില്‍ ആ കാറിന്റെ ഡ്രൈവറെ ശ്രീമാന്‍ മുന്‍മന്ത്രി തല്ലിച്ചതയ്ക്കുകയും അയാളുടെ അമ്മയെ കടന്നു പിടിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന സംഭവമാണ് ഇത്തരമൊരു ആലോചനയുടെ അടിസ്ഥാനം.
പണ്ട് രാജഭരണകാലത്ത് കീഴാള വര്‍ഗക്കാര്‍ വഴിയിലൂടെ നടന്നു പോകുമ്പോള്‍ നമ്പൂതിരി സ്ത്രീകള്‍ വരുന്നതു കണ്ടാല്‍ ഓടി മാറിക്കൊള്ളണം എന്നായിരുന്നു സവര്‍ണര്‍ എഴുതി വച്ചിരുന്ന നിയമം. മുന്നറിയിപ്പുമായി നമ്പൂതിരി സ്ത്രീകളുടെ സഹായികള്‍ മുന്നില്‍ നടക്കും. അണ്ടനും അടകോടനും സമൂഹത്തിലെ രണ്ടാം തരം പൗരന്മാരാണെന്നായിരുന്നു അന്ന് സവര്‍ണ ഹിന്ദുക്കള്‍ വിശ്വസിച്ചിരുന്നത്. ഇന്നും വടക്കേ ഇന്ത്യയില്‍ ഇത്തരം ‘അവകാശങ്ങള്‍’ വേറെ രൂപത്തില്‍ നിലവിലുണ്ട്. ഇന്ന് കീഴാള വര്‍ഗക്കാരെ വോട്ടിനു വേണ്ടി പ്രീണിപ്പിച്ചു നിര്‍ത്താന്‍ നടക്കുന്ന വര്‍ഗീയ പ്രസ്ഥാനങ്ങളുടെ മുതുമുത്തച്ഛന്മാരാണ് കേരളത്തില്‍ മൃഗീയമായ അടിമത്തത്തിനും അയിത്തത്തിനും തൊട്ടുകൂടായ്മയ്ക്കും സാമൂഹിക വിവേചനങ്ങള്‍ക്കും പണ്ട് കൊടിപിടിച്ചത്. അതൊക്കെ മാറ്റാന്‍ ക്രൈസ്തവര്‍ മിഷനറിമാര്‍ വരേണ്ടി വന്നത് മറ്റൊരു ചരിത്രം.
ഏതായാലും കെ.ബി. ഗണേഷ് കുമാരന്‍ തനിക്ക് സൈഡ് തരാത്തതിന്റെ പേരില്‍ എതിരെ വന്ന കാര്‍ ഡ്രൈവറെ തല്ലിയെന്നതിന്റെ വിവിധ അവകാശങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍, അസ്മാദൃശക്കാരായ (പാവങ്ങളായ) വായനക്കാര്‍ എന്താണ് മനസ്സിലാക്കേണ്ടത്?
ജനങ്ങളെ സേവിക്കാന്‍ ഓടിപ്പാഞ്ഞു നടക്കുന്ന എംഎല്‍എമാര്‍ ചിലപ്പോള്‍ അങ്ങനെ ചെയ്‌തെന്നിരിക്കും. കാശെറിഞ്ഞ് കൊയ്‌തെടുത്ത വിജയമാണ് എംഎല്‍എ സ്ഥാനം. മന്ത്രിയാകാന്‍ പറ്റിയില്ലെങ്കില്‍, കിട്ടിയ അഞ്ചു വര്‍ഷം ജനങ്ങളെ സേവിച്ചു തിരഞ്ഞെടുപ്പു കാലത്ത് ചെലവഴിച്ച പണത്തിന്റെ ഒരു നൂറിരട്ടി കീശയിലാക്കുകയെന്ന പ്രക്രിയയെയാണ് ചില അസൂയക്കാര്‍ ‘ജനസേവനം’ എന്നു വിളിക്കുന്നത്. ആ പരക്കം പാച്ചിലില്‍ ‘എംഎല്‍എ’ എന്ന ചുവന്ന ബോര്‍ഡും വച്ചു വരുന്ന കാറു കണ്ടാല്‍ വഴിയില്‍ നില്‍ക്കുന്ന പാവം വോട്ടര്‍മാര്‍ക്ക് ഒന്നു മാറിക്കൊടുത്തു കൂടേയെന്ന തികച്ചും ജനാധിപത്യപരമായ ചോദ്യമുണ്ട്.
ഇവിടെ പരാമര്‍ശിക്കപ്പെട്ട ‘ഗുണ്ടായിസ’ സംഭവത്തില്‍, ഡ്രൈവറെ ഗണേഷ് കുമാരന്‍ തല്ലിച്ചതച്ചു. അതുശരി; പക്ഷേ, അത് ഗണേഷ് കുമാരന്റെ ജനസേവനത്തിന്റെ ഭാഗമായിട്ടാണ്; പ്രത്യേക അവകാശത്തിന്റെ ഭാഗമായിട്ടാണ്. അതുകൊണ്ട്, ഈ സംഭവത്തെ അത്ര കാര്യമാക്കേണ്ടതില്ല. പണ്ട് കേരളത്തിലെ ഭൂപ്രഭുക്കന്മാര്‍ അടിമ ജോലി ചെയ്യിച്ചിരുന്ന അധഃകൃത വര്‍ഗക്കാരെ ചിലപ്പോള്‍ തല്ലിക്കൊന്നു തെങ്ങിന്റെ കടയ്ക്കല്‍ ചവിട്ടിത്താഴ്ത്തി കുഴിച്ചിട്ടിട്ടുണ്ടെന്ന് ചരിത്രമുണ്ട്. ജന്മിത്തമ്പുരാന്റെ പാടത്തും പറമ്പിലും പണിയെടുത്ത് തളരുമ്പോള്‍, രണ്ടു മിനിറ്റ് വിശ്രമിക്കാനിരുന്നാല്‍ മതി, അത് ആ പാവത്തിന്റെ നിത്യവിശ്രമമായി മാറാന്‍.
അക്കാലമൊക്കെ പോയി ജനാധിപത്യം വന്നിട്ടും കെ.ബി. ഗണേഷ് കുമാരന്‍ കരുതിയിരിക്കുന്നതു ഇപ്പോഴും കേരളം മാടമ്പിമാരുടെയും കരപ്രമാണിമാരുടെയും തറവാട്ടു സ്വത്താണെന്നാണ്. ഗണേഷ്‌കുമാറും പിതാശ്രീ ബാലകൃഷ്ണപിള്ളയും കൊട്ടാരക്കരയിലെ നാടുവാഴികളും മാടമ്പിമാരുമൊക്കെയാണെന്നാണ് കേട്ടു കേള്‍വി. അച്ഛനും മകനും കേരള കോണ്‍ഗ്രസിന്റെ ഏതെല്ലാം അവാന്തര വിഭാഗങ്ങളില്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന കാര്യം അവര്‍ പോലും ഓര്‍ക്കുന്നുണ്ടാവില്ല. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാല്‍ മുന്‍മന്ത്രിയും സിനിമാ നടനും സര്‍വോപരി എംഎല്‍എയുമായ ഗണേഷ് കുമാരന്‍ ഡ്രൈവറെ തല്ലിയെന്ന സംഭവം തീരെ നിസ്സാരമായി കാണേണ്ടതുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>