ആറു പതിറ്റാണ്ടിന്റെ തീര്‍ത്ഥയാത്ര

By on July 4, 2018
Vallani

 

വെള്ളാനി സെന്റ് ആന്റണീസ് ദൈവാലയം 2018 ജൂലൈ ആറിന്
ആറ് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നു

എടത്തിരുത്തി ഫൊറോനയിലെ വെള്ളാനിയില്‍ 1954 ലാണ് ഏതാനും പ്രമുഖ ക്രൈസ്തവ സമുദായ നേതാക്കളുടെ സഹകരണത്തോടെ കപ്പേള ആരംഭിച്ചത്. ഫാ. ജേക്കബ് മഞ്ഞളി കാട്ടൂര്‍ പള്ളി വികാരിയായിരിക്കുമ്പോള്‍ 1950 ലാണ് ഇതിനുള്ള ശ്രമം തുടങ്ങിയത്. അതുവരെ വെള്ളാനി പ്രദേശത്തെ മുപ്പതോളം കുടുംബങ്ങള്‍ കാട്ടൂര്‍, കരാഞ്ചിറ, ചിറയ്ക്കല്‍, പഴുവില്‍ എന്നീ ദൈവാലയങ്ങളിലാണ് പോയ്‌ക്കൊണ്ടിരുന്നത്. നാടിന്റെ സ്വപ്‌നസാക്ഷാത്ക്കാരമായി ആരംഭിച്ച കപ്പേള, ഇവിടത്തെ ക്രൈസ്തവ ജീവിതത്തിന് ആവേശകരമായ കേന്ദ്രസ്ഥാനമായി നാലു വര്‍ഷം നിലകൊണ്ടു.
മാര്‍ ജോര്‍ജ് ആലപ്പാട്ട് 1958 ജൂലൈ ആറിനാണ് കപ്പേളയെ കുരിശുപള്ളിയായി ഉയര്‍ത്തിയത്. ജൂലൈ 27 ന് വികാരി ഫാ. സെബാസ്റ്റ്യന്‍ തേര്‍മഠം കുരിശുപള്ളിയില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ചത് ഇടവകയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. 1966 ല്‍ സെമിത്തേരിക്കുള്ള അനുവാദവും 1969 ല്‍ തിരുനാള്‍ പ്രദക്ഷിണം നടത്താനുള്ള അനുമതിയും ലഭിച്ചു.
കുരിശുപള്ളിയെ 1972 ല്‍ മാര്‍ ജോസഫ് കുണ്ടുക്കുളം ഇടവകയായി പ്രഖ്യാപിച്ചു. സെന്റ് ആന്റണീസ് ഇടവകയുടെ ഉദയം വെള്ളാനിയിലെ ക്രൈസ്തവ സമൂഹത്തിന്റെയെന്ന പോലെ പൊതു സമൂഹത്തിന്റേയും വികസനപാതയില്‍ സുപ്രധാന വഴിത്തിരിവായിരുന്നു.
കാട്ടൂര്‍, ചിറയ്ക്കല്‍, കാറളം ഇടവക വികാരിമാരാണ് വെള്ളാനിയിലും വികാരിയായി സേവനം അനുഷ്ഠിച്ചിരുന്നത്. പിന്നീട് വെള്ളാനിയില്‍ താമസിച്ചു ഫാ. ഇഗ്നേഷ്യസ് വെളിയന്നൂര്‍ ഇടവകയ്ക്കു വേണ്ടി സേവനമനുഷ്ഠിച്ചു.

പുതിയ ദൈവാലയം
കുടുംബങ്ങള്‍ വര്‍ധിക്കുകയും സ്ഥലപരിമിതി പ്രശ്‌നമാവുകയും ചെയ്തപ്പോള്‍ പുതിയ ദൈവാലയത്തെപ്പറ്റിയുള്ള ആലോചനകള്‍ക്ക് ഗതിവേഗം കൂടി. അങ്ങനെ വികാരി ഫാ. മാത്യു പേരാമംഗലത്തിന്റെ നേതൃത്വത്തില്‍ ഇടവക സമൂഹം ഒന്നു ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായി 1980 ജൂണ്‍ ഒന്നിന് പുതിയ ദൈവാലയത്തിന് മാര്‍ ജയിംസ് പഴയാറ്റില്‍ ശിലാസ്ഥാപനം നടത്തി. വികാരി ഫാ. ജോസ് മഞ്ഞളിയുടെ നേതൃത്വത്തില്‍ നിര്‍മാണം പുരോഗമിക്കുകയും 1984 മേയ് അഞ്ചിന് മാര്‍ ജോസഫ് കുണ്ടുകുളം, ചായല്‍ സ്ഥാനിക മെത്രാന്‍ പൗലോസ് മാര്‍ പിലക്‌സിനോസ് എന്നിവരുടെ സഹകാര്‍മികത്വത്തില്‍ മാര്‍ ജയിംസ് പഴയാറ്റില്‍ പുതിയ ദൈവാലയം കൂദാശ ചെയ്തു.
അങ്ങനെ 1954 ല്‍ കപ്പേളയായി തുടങ്ങി. 1958 ല്‍ കുരിശുപള്ളിയായി വിശ്വാസത്തിന്റെ തീര്‍ത്ഥാടനം തുടങ്ങിയ വെള്ളാനി സെന്റ് ആന്റണീസ് ഇടവക ദൈവാലയം ആറു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കുകയാണ് ഈ ജൂലൈ ആറിന്.
സാംസ്‌കാരിക നഗരമായ ഇരിങ്ങാലക്കുടയില്‍ നിന്ന് ഏതാണ്ട് എട്ട് കിലോമീറ്റര്‍ മാത്രം ദൂരെയുള്ള വെള്ളാനി പിന്നിട്ട പതിറ്റാണ്ടുകളില്‍ വികസന പാതയില്‍ ഏറെ ദൂരം മുന്നോട്ടുപോയിട്ടുണ്ട്. മതബോധനഹാള്‍, വൈദിക മന്ദിരം, കൊടിമരം, സ്റ്റേജ്, ഗ്രോട്ടോ തുടങ്ങിയവ വിവിധ കാലങ്ങളില്‍ ഉദാരമനസ്‌ക്കരായ വിശ്വാസികളും വൈദികരും നല്‍കിയ സ്‌നേഹ സംഭാവനകളാണ്. പള്ളിപ്പറമ്പിനു ചുറ്റും മതില്‍ക്കെട്ടിയതും ഹൃദയ വിശാലതയുടെ നിത്യസ്മാരകമായി നിലകൊള്ളുന്നു. 2007 ഡിസംബര്‍ 28 ന് ഫാ. ജോമി തോട്ട്യാന്റെ നേതൃത്വത്തില്‍ ദൈവാലയ പുനരുദ്ധാരണവും വെഞ്ചിരിപ്പും ഇടവക മധ്യസ്ഥന്റെ തിരുശേഷിപ്പ് പ്രതിഷ്ഠയും നടന്നത് മറ്റൊരു ചരിത്രനിമിഷമാണ്.

കോണ്‍വെന്റ്, സ്‌കൂള്‍
ഡൊമിനിക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് ഹോളി ട്രിനിറ്റി സന്യാസിനീ സമൂഹം 2003 ല്‍ വെള്ളാനി ഇടവകയില്‍ മാളിയേക്കല്‍ അന്തപ്പന്‍ വാറുണ്ണി ദാനമായി നല്‍കിയ സ്ഥലത്ത് അവരുടെ ഭവനം സ്ഥാപിച്ചത് മറ്റൊരു നാഴികക്കല്ലാണ്. അവരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ സാക്ഷ്യത്തിന്റെ മറ്റൊരു തിരിനാളമായി.

സജീവ വിശ്വാസസാക്ഷ്യം
ഇരിങ്ങാലക്കുട രൂപതയിലെ ആദ്യ സമ്പൂര്‍ണ വചനസാക്ഷ്യ ഇടവകയായി പ്രഖ്യാപിക്കപ്പെട്ടതാണ് വെള്ളാനി. കുടുംബ സമ്മേളന യൂണിറ്റുകളും മതബോധന വിഭാഗവും വിവിധ സംഘടനകളും നിത്യഹരിതമായ ക്രൈസ്തവ വിശ്വാസത്തിന്റെ ജീവിക്കുന്ന ഇടങ്ങളായി ഇടവകയില്‍ നിറഞ്ഞു നില്‍ക്കുന്നു.
കപ്പേളക്കും കുരിശുപള്ളിക്കും ദൈവാലയത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമായി കലവറയില്ലാതെ സഹകരിക്കുകയും പ്രയത്‌നിക്കുകയും ചെയ്ത വിശ്വാസി സമൂഹം അവരുടെ ആത്മീയ സാരഥികളും രചിച്ച മനോഹരമായ ചരിത്രമാണ് വെള്ളാനിയുടേത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>