ലഹരി പൂക്കുന്ന കേരളം

By on July 4, 2018
Page1.pmd

 

കേരളം അതിവേഗം ലഹരി മരുന്നുകളുടെ പിടിയിലമരുന്നതായി റിപ്പോര്‍ട്ട്. തകരുന്ന
കുടുംബങ്ങള്‍, വര്‍ധിക്കുന്ന വിഷാദ രോഗികള്‍, ആത്മഹത്യകള്‍. എന്താണ് പരിഹാരം?

2017 ല്‍ കേരളത്തില്‍ നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റന്‍സസ് ആക്ട് (എന്‍ഡിപിഎസ്) പ്രകാരം 5944 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എക്‌സൈസ് വകുപ്പിന്റെ ചരിത്രത്തിലെ റെക്കോര്‍ഡാണ്. 2015 ല്‍ 1430, 2016 ല്‍ 2985 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോഴാണ് 2017 ലെ ഈ കുതിച്ചുകയറ്റം. എഡിറ്റോറിയല്‍ പേജ് 10

ജോസ് തളിയത്ത്

ഇരിങ്ങാലക്കുട : കേരളം അതിവേഗം ലഹരി മരുന്നുകളുടെ നീരാളിപ്പിടിത്തത്തില്‍ അമര്‍ന്നുകൊണ്ടിരിക്കുന്നതായി എക്‌സൈസ് വകുപ്പിന്റെ വിവിധ റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഫലമായി നിരവധി കുടുംബങ്ങള്‍ തകരുന്നതായും സമര്‍ഥരായ വിദ്യാര്‍ഥികളും ചെറുപ്പക്കാരും വിഷാദ രോഗത്തിലേക്കും ആത്മഹത്യയിലേക്കും തിരിയുന്നതായും ഞെട്ടിക്കുന്ന കണ്ടെത്തല്‍.
കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നവരുടെ നഗരമായി അമൃതസര്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നെങ്കില്‍, ഇപ്പോള്‍ ആ സ്ഥാനം കൊച്ചിക്കാണ്.
2017 ല്‍ മാത്രം സംസ്ഥാനത്ത് നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റന്‍സസ് ആക്ട് (എന്‍ഡിപിഎസ്) പ്രകാരം 5944 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എക്‌സൈസ് വകുപ്പിന്റെ ചരിത്രത്തിലെ റെക്കോര്‍ഡാണ്. 2015 ല്‍ 1430, 2016 ല്‍ 2985 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോഴാണ് 2017 ലെ ഈ കുതിച്ചുകയറ്റം.
കേരളത്തിലെ എല്ലാ ജില്ലകളിലും മിക്കവാറും നഗരങ്ങളിലും സജീവമാണ് നിരവധി ലഹരി മരുന്ന് സംഘങ്ങള്‍. ഇവരാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നു പല വഴികളിലൂടെ വരുന്ന കഞ്ചാവ്, ഹെറോയിന്‍, ഹാഷിഷ്, ബ്രൗണ്‍ഷുഗര്‍, നൈട്രൊസെപം ഗുളികകള്‍ തുടങ്ങിയവ ഇടനിലക്കാര്‍ വഴി വിതരണം ചെയ്യുന്നത്.
ലഹരി മരുന്ന് സംഘങ്ങളുടെ കെണിയില്‍പ്പെട്ട് ലഹരി മരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവരിലേറെയും ചെറുപ്പക്കാരും അന്യസംസ്ഥാനങ്ങളില്‍ നിന്നുവന്നു കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുമാണ്. കേരളത്തില്‍ ആകെയുള്ള മൂന്നേകാല്‍ കോടി ജനങ്ങളില്‍ ചെറുപ്പക്കാരും അന്യസംസ്ഥാന തൊഴിലാളികളുമായി ലഹരി ഉപഭോക്താക്കള്‍ എഴുപതു ലക്ഷത്തോളം ഉണ്ടെന്നാണ് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ കണക്ക്.
2018 ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം 519.28 കിലോ കഞ്ചാവ് പിടിച്ചു. എന്നാല്‍ അതിനു ശേഷമുള്ള മൂന്ന് മാസങ്ങളില്‍ അതിലേറെ പിടിച്ചതായാണ് സൂചന. കേരളത്തിലെ ഇടുക്കി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും അതിര്‍ത്തികടന്ന് തെലുങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും പാഴ്‌സല്‍ ആയും അന്തര്‍ സംസ്ഥാന ബസുകള്‍ വഴിയും അന്യസംസ്ഥാന തൊഴിലാളികളിലൂടെയുമാണ് കഞ്ചാവും മരിജുവാനയും എത്തുന്നത്. ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നും കൊണ്ടുവരുന്ന കഞ്ചാവും മരിജുവാനയും കേരളത്തിലെങ്ങും ധാരാളമായി വിറ്റഴിയുന്നു.
വിഷാദ രോഗത്തിനും കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ക്കും വേദന സംഹാരികളായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം വില്‍ക്കേണ്ട വിവിധതരം ഇഞ്ചക്ഷനുകള്‍ക്കുള്ള മരുന്നുകള്‍ കര്‍ണാടക, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളില്‍ നിന്നു ധാരാളമായി വരുന്നുണ്ട്. കൊക്കെയിന്‍, കെറ്റാമിന്‍, എല്‍എസ്ഡി, നൈട്രോസെപം ഗുളികകള്‍ എന്നിവ മിഠായികളായും പെന്‍സില്‍, പേന, ബട്ടണ്‍, സ്റ്റിക്കര്‍ തുടങ്ങിയ രൂപങ്ങളിലും കോളജ്, സ്‌കൂള്‍ പരിസരങ്ങളില്‍ വിദ്യാര്‍ഥികളെ വലയില്‍ വീഴിക്കുന്നു.
ഒരു ഭാഗത്ത് സര്‍വതന്ത്ര സ്വതന്ത്രമായ സര്‍ക്കാര്‍ മദ്യനയം, മറുഭാഗത്ത് സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ ഏജന്‍സികളുടെ ജാഗ്രതക്കുറവു മൂലം ശക്തിപ്പെടുന്ന ലഹരി മരുന്ന് മാഫിയകള്‍. ഇതിനു പുറമേ പൊതു ജനങ്ങളും കുട്ടികളുടെ രക്ഷിതാക്കളും ഈ രംഗത്തെ ബോധവല്‍ക്കരണ പദ്ധതികളോട് സ്വീകരിക്കുന്ന തണുപ്പന്‍ നയം. ഇതു മൂലം യുപി ക്ലാസുകള്‍ മുതലുള്ള കുട്ടികളെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യങ്ങളെപ്പറ്റി ബോധവല്‍ക്കരിക്കാന്‍ എക്‌സൈസ് വകുപ്പാരംഭിച്ച പദ്ധതി എങ്ങും എത്തിയിട്ടില്ല. അതുപോലെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച ലഹരി വിരുദ്ധ ‘സുബോധം’ പരിപാടിയും പരാജയമായി.
വിവിധ വഴികളിലൂടെ അതിസമര്‍ഥമായി പ്രതിദിനം കേരളത്തിന്റെ മുക്കിലും മൂലയിലും എത്തുന്ന ലഹരി മരുന്നുകളെ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ മാത്രം ശ്രമിച്ചാല്‍ പിടികൂടാനാവില്ലെന്ന കാര്യം വ്യക്തം. രക്ഷിതാക്കളും അധ്യാപകരും സന്നദ്ധപ്രവര്‍ത്തകരും പൊലിസും പൊതു ജനങ്ങളും ചേര്‍ന്നു ഏകോപിച്ചുള്ള ശ്രമം കൊണ്ട് മാത്രമേ, ലഹരിയില്‍ നിന്നു കുടുംബങ്ങളേയും സമൂഹത്തേയും മോചിപ്പിക്കാനാവൂ എന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>