ലക്ഷ്യം ഏകമത ഇന്ത്യ; മാര്‍ഗം ഭരണഘടനാ മാറ്റം

By on July 4, 2018
images

 

ഭരണഘടന പൊളിച്ചെഴുതാന്‍ വേണ്ടത് ലോക്‌സഭയിലും രാജ്യസഭയിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷം മാത്രം
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി : ഇന്ത്യയുടെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും നിഷ്പക്ഷമായ ജ്യുഡീഷ്യറിക്കും 2019 ഏപ്രില്‍ – മേയ് മാസങ്ങളില്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് എത്രത്തോളം നിര്‍ണായകമാണ്?
ആ തിരഞ്ഞെടുപ്പില്‍ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചാല്‍ 2022 ഓടെ ഇന്ത്യയെ ‘ഹിന്ദു രാഷ്ട്ര’മായി മാറ്റാന്‍ കഴിയുമോ? അതിനുവേണ്ടി നമ്മുടെ ഭരണഘടന പൊളിച്ചെഴുതാന്‍ കഴിയുമോ?
തിരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങളേയുള്ളൂ. ഈ ഘട്ടത്തില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ആശങ്കയോടെയാണ് മേല്‍പ്പറഞ്ഞ സാധ്യതകളെ കാണുന്നത്. ഡല്‍ഹി ആര്‍ച്ച് ബിഷപ് അനില്‍ കുട്ടോയും ഗോവ ആര്‍ച്ച് ബിഷപ് ഫിലിപ്‌നേരി ഫെറാവോയും പൂനെ ബിഷപ് തോമസ് ഡാബ്രെയും തങ്ങളുടെ അജഗണത്തിനു വേണ്ടി പുറത്തിറക്കിയ ഇടയലേഖനങ്ങള്‍ ഇന്ത്യയിലെ മുഴുവന്‍ ന്യൂനപക്ഷങ്ങളുടേയും ആശങ്കയാണ് പ്രകടിപ്പിച്ചത്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി നഖ്‌വിയും വിശ്വഹിന്ദു പരിഷത് നേതാക്കളും ആ ആശങ്കകളെ കേന്ദ്രഭരണം പിടിച്ചെടുക്കാനുള്ള വത്തിക്കാന്റെ ഗൂഢ അട്ടിമറി ശ്രമമെന്നുപറഞ്ഞ് തള്ളാന്‍ ശ്രമിച്ചെങ്കിലും ‘ഇന്ത്യയുടെ പ്രക്ഷുബ്ധമായ ഭാവി’യെപ്പറ്റിയുള്ള ആശങ്കകള്‍ വര്‍ധിച്ചിട്ടേയുള്ളു.
ഭരണഘടന പൊളിച്ചെഴുതാനും അതിന്റെ ആമുഖത്തില്‍ നിന്നു ‘മതനിരപേക്ഷത’ എടുത്തുമാറ്റാനും 2014 ല്‍ അധികാരത്തിലേറി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ശ്രമമുണ്ടായത് ന്യൂനപക്ഷങ്ങള്‍ മറന്നിട്ടില്ല. ഹിന്ദുക്കള്‍ 82 ശതമാനമുള്ള ഇന്ത്യയില്‍ അത് 100 ശതമാനമാക്കുകയാണ് ലക്ഷ്യമെന്ന് ബിജെപിയുടെ ഉയര്‍ന്ന നേതാക്കള്‍ തന്നെ പലതവണ പറഞ്ഞിട്ടുമുണ്ട്. അതിലേക്കുള്ള പടിപടിയായുള്ള ചുവടുവയ്പുകളായിരുന്നു ഘര്‍വാപസിയും മറ്റും.
ഈ സാഹചര്യത്തില്‍ 2019 ലെ തിരഞ്ഞെടുപ്പു മാത്രമാണ് ഭരണഘടന പൊളിച്ചെഴുതാനും ഇന്ത്യയെ മതാധിഷ്ഠിത ഹിന്ദു രാഷ്ട്രമാക്കാനുമുള്ള പദ്ധതിയിലെ ഒരേയൊരു തടസ്സം.
ഭരണഘടനയിലെ ഏതു വ്യവസ്ഥയും ഭേദഗതി ചെയ്യാം. അതിന്റെ നടപടി ക്രമങ്ങള്‍ വളരെ ലളിതം. ആദ്യം അതു മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ലോക്‌സഭ പാസാക്കണം; തുടര്‍ന്ന് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ രാജ്യസഭയും. പിന്നീട് ഇന്ത്യയിലെ പകുതിയെങ്കിലും സംസ്ഥാനങ്ങളും ഭേദഗതി അംഗീകരിക്കണം. തുടര്‍ന്ന് രാഷ്ട്രപതി ഭേദഗതി അനുവദിക്കുന്നതോടെ, അതു ഭരണഘടനയുടെ ഭാഗമാകുന്നു.
ഇപ്പോള്‍ തന്നെ ഭരണകക്ഷിക്ക് ലോക്‌സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട്. സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെ എണ്ണമനുസരിച്ചായതിനാല്‍ രാജ്യസഭയില്‍ ആ ഭൂരിപക്ഷമില്ല.
എന്നാല്‍ ഈ വര്‍ഷാവസാനം നടക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പോടെ ആ കുറവ് നികത്താമെന്നാണ് കണക്കുകൂട്ടല്‍. ഒമ്പതു സംസ്ഥാനങ്ങളൊഴികെ 20 എണ്ണവും കൈപ്പിടിയിലായതിനാല്‍ പകുതി സംസ്ഥാനങ്ങളുടെ അംഗീകാരമെന്ന വ്യവസ്ഥയും വിലങ്ങുതടിയാവില്ല.
ചുരുക്കത്തില്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടോ അതില്‍ കൂടുതലോ ഭൂരിപക്ഷം നേടുകയാണ് ഭരണകക്ഷിയുടെ ശ്രമം. പിന്നെയെല്ലാം, എളുപ്പം.
ഈ യാഥാര്‍ഥ്യങ്ങള്‍ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളും മനസിലാക്കി തുടങ്ങിയിട്ടുണ്ടെന്നതുമാത്രമാണ് ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവര്‍ക്ക് ആശ്വാസം പകരുന്നത്. വ്യക്തി താല്‍പര്യങ്ങളും പ്രാദേശിക പരിഗണനകളും മാറ്റിവച്ചു അവര്‍ ഒറ്റക്കെട്ടായി 2019 നെ നേരിടുമോ എന്നതാണ് രാഷ്ട്രം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>