ഒരു യുഗപുരുഷന്റെ സ്‌നേഹോര്‍മ്മകളിലൂടെ…

By on July 4, 2018
james oithavu

 

ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിന്റെ രണ്ടാം ചരമവാര്‍ഷികത്തില്‍ അദ്ദേഹം ഹോസ്റ്റല്‍ വാര്‍ഡനും ഇംഗ്ലീഷ് അധ്യാപകനുമായിരുന്ന സെന്റ് തോമസ് കോളജിലെ പൂര്‍വവിദ്യാര്‍ത്ഥികള്‍ സ്‌നേഹോര്‍മ്മകള്‍ അയവിറക്കുന്നു. കേരളസഭ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഫാ. ജോമി തോട്ട്യാന്‍ നടത്തിയ അഭിമുഖങ്ങളിലൂടെ…..
നിലപാടുകളിലെ വിശുദ്ധിയും ഇടപെടലുകളിലെ നിര്‍മ്മലതയും ജീവിതത്തില്‍ പ്രചോദനമാണ്.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
പിതാവുമായി ഇടപഴകാനുള്ള സാഹചര്യം?
1971 – 73 കാലഘട്ടത്തില്‍ സെന്റ് തോമസ് കോളജില്‍ ഊര്‍ജതന്ത്രത്തില്‍ (ങടര. ജവ്യശെര)െ ബിരുദാനന്തര ബിരുദ പഠനം നടത്തിയപ്പോള്‍ താമസിച്ചിരുന്നത് കോളജ് ഹോസ്റ്റലിലായിരുന്നു. 2-ാം വര്‍ഷം യൂണിവേഴ്‌സിറ്റി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാര്‍ഥികളുമായുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും ഹോസ്റ്റലിലേയും കോളജിലേയും പല പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ദ്ദേശം ലഭിക്കാനും പിതാവിനെ സന്ദര്‍ശിച്ചിട്ടുണ്ട്. വിദ്യാര്‍ഥി പ്രതിനിധി എന്ന നിലയില്‍ മിക്കപ്പോഴും എന്നെ നേരിട്ടു വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കോളജില്‍ നിന്ന് ഇംഗ്ലീഷ് അധ്യാപകനെന്ന നിലയിലും വാര്‍ഡന്‍ എന്ന നിലയിലും സേവനം കഴിഞ്ഞ് ഇരിങ്ങാലക്കുട രൂപതയുടെ അധ്യക്ഷനായ ശേഷവും ചില കാര്യങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് ഇടപെട്ടിട്ടുണ്ട്.
പ്രധാന ആകര്‍ഷണം?
സ്‌നേഹത്തിന്റേയും സൗമ്യതയുടേയും ആള്‍രൂപമായിരുന്നു മാര്‍ പഴയാറ്റില്‍. അനിതര സാധാരണമായ ഇടപെടലുകളിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പിതാവിന്റെ വൈഭവം ഏവരേയും ആകര്‍ഷിക്കുന്നതായിരുന്നു.
ഹ പ്രതിസന്ധികളിലെ പരിഹാരവഴികള്‍ ഓര്‍ക്കുന്നുവോ?
കോളജില്‍ വിദ്യാര്‍ഥി രാഷ്ട്രീയം കൊടുമ്പിരി കൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. കോളജില്‍ നിന്ന് ഹോസ്റ്റലിലേക്കും രാഷ്ട്രീയത്തിന്റെ ആത്മാവ് പടരും. മിക്ക ദിവസങ്ങളിലും സങ്കീര്‍ണങ്ങളായ പ്രശ്‌നങ്ങള്‍ സാധാരണമാണ്. അപ്പോഴൊക്കെ കാര്‍ക്കശ്യ നിലപാടുകളുടെ കഠിന ശിക്ഷകളൊരുക്കാതെ ഒരു പരിവര്‍ത്തനത്തിന്റെ പാതയില്‍ തിരുത്തലുകള്‍ നല്‍കാനായിരുന്നു ജയിംസച്ചന്‍ ശ്രദ്ധിച്ചിരുന്നത്. ശകാരങ്ങളേക്കാള്‍ സദുപദേശങ്ങളായിരുന്നു പലപ്പോഴും പ്രയോഗിച്ചിരുന്നത്. ശാന്തതയോടെയുള്ള ഇടപഴലുകള്‍ പലപ്പോഴും തുടര്‍ പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ കാരണമായിട്ടുണ്ട്. അച്ചടക്ക നടപടികളുടെ ബഹളങ്ങളേക്കാള്‍ തെറ്റുകളാവര്‍ത്തിക്കാതിരിക്കാനുള്ള ആശ്വാസ വഴികളായിരുന്നു ജയിംസച്ചന്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രദ്ധിച്ചിരുന്നത്.
അനുകരണീയ മാതൃകകള്‍
പിന്‍ചെല്ലാന്‍ ഏറെ പ്രയാസകരമെങ്കിലും പരിശീലിക്കാന്‍ സാധിക്കുന്ന സൗമ്യ പ്രകൃതി പിതാവിന്റെ തനിമയാണ്. വാക്കുകളിലെ ആധികാരിക മിതത്വം സ്വന്തമാക്കാവുന്ന ഒരു പ്രേരക ഘടകമാണ്. വലുപ്പ ചെറുപ്പങ്ങളില്ലാത്ത ഇടപെടലുകളും അനാവശ്യമായ കോപാവേശമില്ലാത്ത പ്രതികരണങ്ങളും പ്രാര്‍ഥനയിലധിഷ്ഠിതമായ ജീവിത ശൈലിയും പ്രശ്‌നങ്ങളോടുള്ള പക്വമായ സമീപനങ്ങളും ഏവര്‍ക്കും അനുകരിക്കാവുന്നതാണ്.
ഹ ഉള്‍ക്കൊണ്ട പ്രചോദനങ്ങള്‍?
നിലപാടുകളിലെ വിശുദ്ധിയും ഇടപെടലുകളിലെ നിര്‍മ്മലതയും ജീവിതത്തില്‍ പ്രചോദനമായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കാറുണ്ട്.
ബന്ധങ്ങള്‍ക്ക് ആഴമേറണമെങ്കില്‍ വ്യക്തിപരമായി കൂടുതല്‍ അറിവുകള്‍ വ്യക്തമായി ഉണ്ടാകണമെന്നത് അദ്ദേഹത്തില്‍ നിന്ന് സ്വന്തമാക്കിയ അനുകരണീയ മാതൃകയാണ്.
ഡോ. ഗോപിനാഥന്‍ മാറാഞ്ചേരി
ഹ അടുത്തിടപഴകിയ കാലം
ഡിഗ്രി കാലഘട്ടത്തിലാണ് ജയിംസച്ചനെ കൂടുതല്‍ പരിചയപ്പെടുന്നത്. ഇംഗ്ലീഷ് അധ്യാപകനായി ക്ലാസിലെത്തുമ്പോള്‍ തികഞ്ഞ ഒരു ഗുരുഭാവമായിരുന്നു. കോസ്‌മോപൊളിറ്റന്‍ ഹോസ്റ്റലില്‍ നിന്ന് സെന്റ് തോമസ് ഹോസ്റ്റലിലേക്ക് താമസം മാറ്റിയത് 1973 – 75 കാലഘട്ടത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനായി ജയിംസച്ചനുണ്ടായിരുന്നു. ഒരു വാര്‍ഡനേക്കാള്‍ ഓരോരുത്തരേയും വ്യക്തിപരമായി അറിയുന്ന, പ്രോത്സാഹിപ്പിക്കുന്ന, വളര്‍ത്തുന്ന ഒരു സ്‌നേഹവാത്സല്യമായാണ് അച്ചനെ അനുഭവിക്കാനായത്. ജയിംസച്ചന്‍ ഹോസ്റ്റലിലെ ചില തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രം നല്‍കുന്ന മെസ്സ് സെക്രട്ടറി സ്ഥാനം ആറ് മാസം എനിക്കും ലഭിച്ചിരുന്നു. രാവിലെ ഏഴര മണിക്ക് തൃശൂര്‍ ചന്തയില്‍ പോകാനും കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുവാനും അക്കാലത്ത് കിട്ടിയ പരിശീലനം വിലപ്പെട്ടതായിരുന്നു. അക്കാലത്ത് അച്ചനുമായി നേരിട്ട് ആഴമേറിയ ഒരു ബന്ധമുണ്ടായിരുന്നു.
മകന്റെ സ്‌കൂള്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് പ്രതിസന്ധി നേരിട്ടപ്പോഴാണ് ഏറെ കാലങ്ങള്‍ക്കുശേഷം പിതാവിനെ കാണാനെത്തിയത്. കണ്ട ഉടനെ പേരെടുത്ത് പറഞ്ഞ് എന്നെ സ്വീകരിക്കുകയും സഹായിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കുകയും ആ കത്ത് ഒന്നുകൊണ്ട് മാത്രം അഡ്മിഷന്‍ കിട്ടുകയും ചെയ്തത് ജീവിതത്തിലെ വലിയൊരു മുഹൂര്‍ത്തമായിരുന്നു.
ഹ ഓര്‍ത്ത് വയ്ക്കുന്ന പ്രധാന അനുഭവങ്ങള്‍
അസാധാരണമായിരുന്ന ഒരു സ്വഭാവപ്രകൃതിയായിരുന്നു ജയിംസച്ചന്റേത്. പുലര്‍ച്ചെ 4 മണിക്ക് ഉണര്‍ന്നു പ്രാര്‍ഥനകള്‍ നടത്തിയിരുന്ന അദ്ദേഹത്തില്‍ ഒരാത്മീയ ചൈതന്യം നിറഞ്ഞു നിന്നിരുന്നു. റോമില്‍ നിന്ന് കേരളത്തിലെ ഒരു സാധാരണ അച്ചനെ മെത്രാനായി തിരഞ്ഞെടുക്കണമെങ്കില്‍ അക്കാലത്ത് ഒരു ദൈവിക ഇടപെടല്‍ വേണമെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നു. ഒരു വിശുദ്ധ ജീവിതം നയിക്കുന്ന അച്ചന് അത് ലഭിച്ചപ്പോള്‍ അന്ന് അത് ബോധ്യമായി. ഓരോരുത്തരേയും വ്യക്തിപരമായി അറിയുന്ന അദ്ദേഹം വീട്ടുവിശേഷങ്ങളും വ്യക്തിപരമായ കാര്യങ്ങളും എന്തിനേറെ യൂണിവേഴ്‌സിറ്റി മാര്‍ക്കുകളും ശതമാനവും വരെ ഓര്‍ത്തിരുന്നു.
കോപിക്കാനറിയാത്ത സ്‌നേഹിക്കാനറിയുന്ന അദ്ദേഹം ഒരിക്കലും ദേഷ്യപ്പെട്ട് സംസാരിക്കുന്നതും ചീത്തപറയുന്നതും കേട്ടിട്ടില്ല. ഒരു പാതിരാത്രിയില്‍ കരിക്ക് മോഷ്ടിക്കാന്‍ തെങ്ങിനു മുകളില്‍ കയറിയ സഹപാഠിയെ താഴത്തേക്ക് വിളിച്ചിറക്കി ‘കരിക്ക് വേണമെങ്കില്‍ എന്നോട് പറഞ്ഞോളൂ ഞാന്‍ ശരിയാക്കി വയ്ക്കാം’ എന്ന് ഉപദേശിച്ച അദ്ദേഹത്തിന്റെ വാത്സല്യശൈലി ഒരു പ്രത്യേകത തന്നെയാണ്.
ജാതിമത ഭേദമെന്യേ ഏവരേയും ഒരുപോലെ കാണുന്ന ഒരു കരുതല്‍ഭാവം അദ്ദേഹത്തിന്റെ ജീവിതത്തിലെപ്പോഴും ഉണ്ടായിരുന്നു. കുടുംബത്തേയും കുടുംബാംഗങ്ങളേയും പോലെയാണ് ഹോസ്റ്റലിനെ അദ്ദേഹം പരുവപ്പെടുത്തിയിരുന്നത്. ബാസ്‌ക്കറ്റ് ബോളോ ബാഡ്മിന്റനോ തിരഞ്ഞെടുത്ത് എല്ലാ ദിവസങ്ങളിലും വ്യായാമത്തിന് കൃത്യമായ സമയം കണ്ടെത്തിയിരുന്ന ഒരു കണിശ ആരോഗ്യപാലകനായിരുന്നു ജയിംസച്ചന്‍.
ഹ സ്വന്തമാക്കാനായ മാതൃകകള്‍
നന്മ മറ്റുളളവരിലേക്ക് പകര്‍ത്തുമ്പോള്‍ ജീവിതത്തിന് അര്‍ഥമുണ്ടാകുമെന്നും ആത്മീയതയ്ക്ക് ജീവിതത്തില്‍ വലിയൊരു തലമുണ്ടെന്ന് ആ ജീവിതത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ബന്ധങ്ങള്‍ക്ക് ആഴമേറണമെങ്കില്‍ വ്യക്തിപരമായി കൂടുതല്‍ അറിവുകള്‍ വ്യക്തമായി ഉണ്ടാകണമെന്നത് അദ്ദേഹത്തില്‍ നിന്ന് സ്വന്തമാക്കിയ അനുകരണീയ മാതൃകയാണ്.

ശകാരങ്ങള്‍ക്കപ്പുറത്ത് സഹായകന്റെ സാന്നിധ്യമായി കടന്നു വന്ന ആ വിശുദ്ധ പുരോഹിതന്റെ നിഴലിപ്പോഴും എനിക്കൊപ്പമുണ്ടെന്ന വിശ്വാസമാണ.്
ഡോ. സി.കെ.തോമസ്
ഹപരിചയ വഴികള്‍
1971-76 കാലഘട്ടത്തില്‍ പിഡിസിയും ഡിഗ്രി സുവോളജിയും സെന്റ് തോമസ് കോളജില്‍ പഠിക്കുന്ന കാലത്ത് ഒരു ഹോസ്റ്റല്‍ വാസിയായിരുന്നു. സകലവിധ പാഠ്യേതര സംരംഭങ്ങളിലും സജീവമായിരുന്നക്കാലം. ഐക്കഫ്, എന്‍സിസി, കലാകായിക മേഖലകള്‍, യോഗ, കളരി….ക്ലാസുകളെക്കാള്‍ കമ്പം ക്ലാസിതര പ്രവര്‍ത്തനങ്ങളില്‍. വഴിനടത്തുന്ന സാന്നിധ്യമായി ആ കാലയളവു മുഴുവനും മരണനാള്‍ വരെയും പിതാവൊപ്പമുണ്ടായിരുന്നു. ജീവിതത്തിലെ ഒട്ടുമിക്ക മുഹൂര്‍ത്തങ്ങളിലും ജയിംസ് പിതാവിന്റെ സാമീപ്യം സ്ഥിരമായിരുന്നു. വിവാഹം, കുട്ടിയുടെ മാമ്മോദിസ, വീട് പാര്‍ക്കല്‍ ഇന്നത്തെ സംരംഭമായ സര്‍വോദയ വിഷന്റെ ഉദ്ഘാടനം…. പഠനകാലം മുതല്‍ വിയോഗ കാലം വരെ പിതാവ് എല്ലായിടത്തും സ്വന്തമായിരുന്നു. അവസാന കാലത്ത് പിതാവുമായി സംസാരിക്കുന്നതിനിടെ പഴയ വികൃതി സഹപാഠികളുടെ ഓര്‍മകള്‍ അയവിറക്കാറുണ്ട്. പല വികൃതികളും നേരിട്ട് പിതാവുമായി ബന്ധം പുലര്‍ത്തുകയും വലിയ നിലകളില്‍ എത്തിയിട്ടുമുണ്ട.്
ഹ മായാത്ത അനുഭവങ്ങള്‍…
നിരവധിയാണവ. ഓര്‍ത്തെടുക്കുന്ന ചിലത് പങ്കുവയ്ക്കാം. ഫൈന്‍ ആര്‍ട്ട്‌സ് ഡേയുമായി ബന്ധപ്പെട്ട് പ്രാക്ടീസ് കഴിഞ്ഞ് വെളുപ്പിന് മൂന്നു മണിക്ക് മതിലു ചാടി അകത്തു കടന്നപ്പോള്‍ ടോര്‍ച്ചുവെട്ടം മുഖത്ത് പതിഞ്ഞു. മുമ്പില്‍ വാര്‍ഡന്‍ ജയിംസച്ചന്‍. ഒന്നും പറയാനനുവദിക്കാതെ ഗേറ്റിന്റെ സ്‌പെയര്‍ കീ കൈയ്യിലേക്ക് തന്നു പറഞ്ഞു ‘ഇനി മതിലുചാടി അപകടം വരുത്തണ്ട വച്ചോളൂ…’ പാഠ്യേതര വിഷയവുമായി ബന്ധപ്പെട്ടായിരിക്കും പോയതെന്ന് തിരിച്ചറിഞ്ഞിരുന്നിരിക്കാം. ശകാരങ്ങള്‍ക്കപ്പുറത്ത് സഹായകന്റെ സാന്നിധ്യമായി കടന്നു വന്ന ആ വിശുദ്ധ പുരോഹിതന്റെ നിഴലിപ്പോഴും എനിക്കൊപ്പമുണ്ടെന്ന വിശ്വാസമാണ.്
ഡിഗ്രി അവസാന വര്‍ഷത്തില്‍ പരീക്ഷയെഴുതാനാവാത്ത വിധം സാഹചര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. യൂണിവേഴ്‌സിറ്റി യുവജനോല്‍സവത്തിന്റെ പുറകെയായിരുന്നു. നേരിട്ട് ചെന്ന് അച്ചനോട് കാര്യങ്ങള്‍ പറഞ്ഞു. ഒന്നേ പറഞ്ഞുള്ളൂ അടുത്ത ചാന്‍സില്‍ ഇവിടെ നിന്ന് പഠിച്ചു തന്നെ പരീക്ഷയെഴുതി പാസ്സാവണം. പ്രാക്ടിക്കല്‍സ് പോലും ചെയ്യാനനുവദിക്കാതിരുന്ന കാലത്ത് എല്ലാ സഹായങ്ങളും നല്‍കി രണ്ടാം വട്ട പരീക്ഷകളില്‍ എന്നെ വിജയിപ്പിക്കാന്‍ ആ സാമീപ്യമുണ്ടായിരുന്നു. അതിനേക്കാള്‍ അപ്പുറമായിരുന്നു ജയിംസച്ചന്‍ അന്ന് ചെയ്ത മറ്റൊരുപകാരം. ഞാനറിയും മുമ്പേ അപ്പച്ചന്റെ അരികില്‍ ചെന്ന് പരീക്ഷയെഴുതാതിരിക്കാനുള്ള കാര്യങ്ങള്‍ ധരിപ്പിച്ച് എനിക്ക് വേണ്ടി ശുപാര്‍ശ ചെയ്‌തെന്നറിഞ്ഞപ്പോള്‍ ആ വാത്സല്യത്തിന്റെ തീവ്രത ബോധ്യമാവുകയായിരുന്നു.
മറക്കാനാവാത്ത മറ്റൊരു അനുഭവമുണ്ട്. അമ്മയ്ക്ക് യൂട്രസ് ഓപ്പറേഷനുമായി ബന്ധപ്പെട്ട് ജൂബിലി ആശുപത്രിയില്‍. ഏപ്രില്‍ മാസത്തില്‍ ഹോസ്റ്റല്‍ അനുവദനീയമല്ലെങ്കിലും പ്രത്യേകാനുവാദം നല്‍കി എന്നെ താമസിപ്പിച്ചു. ഒരുദിവസം അലക്കാന്‍ പാടില്ലാത്ത നേരത്ത് അലക്കുന്ന ശബ്ദം കേട്ട് ജയിംസച്ചന്‍ വന്നു നോക്കിയപ്പോള്‍ അമ്മയുടെ ചട്ടയാണ് അടിച്ച് അലക്കുന്നത്. അച്ചന്‍ തിരിച്ചു പോയി. ഞാനെത്തും മുമ്പേ അമ്മയ്ക്കരികിലെത്തി പറഞ്ഞു: ഇക്കാലത്ത് ഒരിടത്തും കാണാത്ത നന്മകളാണ് മക്കളിലെന്ന്. കണ്ണീരോടു കൂടെ അമ്മയിത് പറഞ്ഞപ്പോഴാണ് ജയിംസച്ചന്‍ സന്ദര്‍ശിച്ച കാര്യം അറിയുന്നത്. നന്മകളെ കാണാന്‍ ഒരു മൂന്നാം കണ്ണ് പിതാവിലുണ്ടായിരുന്നു.
ഹ വേറിട്ട ദര്‍ശനങ്ങള്‍
പലതുമുണ്ട്. നന്മയാകുക നന്മ ചെയ്യുക (ആല ഴീീറ ഉീ ഴീീറ) എന്നത് പിതാവിന്റെ സുകൃതമായിരുന്നു. സത്യം പറയുക എന്നത് ജീവിതചര്യയായിരുന്നു. സത്യം പറയുമ്പോള്‍ ഒരു വേദനയുണ്ടാവും പിന്നീടൊരിക്കലും സങ്കടപ്പെടേണ്ടി വരില്ല; അസത്യം പറയുമ്പോള്‍ ഒരു ആശ്വാസമുണ്ടാകും പക്ഷേ, പിന്നീടെന്നും അസ്വസ്ഥരായിരിക്കാം എന്ന് പിതാവ് ഓര്‍മിപ്പിക്കുമായിരുന്നു.
ക്ഷമയായിരുന്നു ജീവിതക്കരുത്ത്. കുരുത്തക്കൊള്ളികളായ പലരും നുണ പറഞ്ഞ് കബളിപ്പിക്കുമ്പോഴും സത്യം കേട്ടമാതിരി (സത്യം അറിയാമെങ്കിലും) കൂടെ നില്‍ക്കും. ചോദ്യങ്ങള്‍ കൊണ്ടു പോലും അവരെ വേദനിപ്പിച്ചിരുന്നില്ല. പക്ഷെ ദിവസങ്ങള്‍ കഴിയുമ്പോഴെക്കും പലരും കുറ്റബോധം കൊണ്ട് സത്യങ്ങള്‍ പറയുമായിരുന്നു.
സ്‌നേഹവും സംയമനവുമാണ് ശാശ്വത സമാധാനം നല്‍കുകയുള്ളൂവെന്ന് ജീവിതപാഠമായിരുന്നു. ഒരിക്കല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു യൂണിയന്‍ സംഘം കോളജില്‍ വന്ന് വെല്ലുവിളിച്ചു. അന്നത്തെ ചോരതിമിര്‍പ്പില്‍ ആദ്യം ചെന്ന് ഒന്നുതല്ലി. കുട്ടികള്‍ ആവേശത്തോടെ കൈയ്യടിച്ചു. പക്ഷേ യൂണിയന്‍കാര്‍ പ്രശ്‌നം ഏറ്റെടുത്തു. സംഘര്‍ഷഭരിതമായി സാഹചര്യം. ദിവസങ്ങളെടുത്തു ശാന്തമാകാന്‍. പഴയാറ്റിലച്ചന്‍ എല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒരിക്കല്‍ വിളിച്ചു പറഞ്ഞു. ഇടപെടേണ്ടത് ആവശ്യമായിരുന്നു പക്ഷേ രീതി ശരിയായിരുന്നില്ല. തല്ലിയവന്റെ മനസില്‍ ഇനി എന്നും ഒരു പേടിയുണ്ടാകും തിരിച്ചെങ്ങിനെയാകുമെന്ന്. തല്ലുകൊണ്ടവന്റെ മനസില്‍ ഒരു പകയുണ്ടാകും തിരിച്ചെങ്ങിനെ നല്‍കാമെന്ന്. അതുകൊണ്ട് എത്രയും പെട്ടെന്ന് പരിഹാരം കാണണം. പിതാവിന്റെ വാക്കുകേട്ട് മുകളിലെ പലരുമായി നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ പലതാവുമായിരുന്നു.
ഹ ജീവിതത്തില്‍ സൂക്ഷിക്കാവുന്ന പ്രചോദനങ്ങള്‍
പ്രാര്‍ഥന ഒരു പരിഹാരമാര്‍ഗ്ഗമായാണ് പിതാവ് പഠിപ്പിച്ചിരുന്നത്. ആവശ്യങ്ങള്‍ നിരത്തലല്ല നന്മ കാംക്ഷിക്കുന്ന മനസിന്റെ പ്രകടനമാണ് പ്രാര്‍ഥനയെന്നും മനസിനെ ഏകാഗ്രമാക്കുന്ന പുണ്യമാണ് പ്രാര്‍ഥനയെന്നും ഞാനറിഞ്ഞത് പിതാവുമായ സംസര്‍ഗത്തിലൂടെയാണ്.
വഴിതെളിച്ചമില്ലാതാകുമ്പോള്‍ മനസിനെ ശുദ്ധമാക്കാനും എല്ലാറ്റിന്റെയും അവസാന ആശ്രയമായി പ്രാര്‍ഥനയെ മുറുകെ പിടിക്കാനും പഠിച്ചതുകൊണ്ട് പ്രതിസന്ധികളെ സമാധാനപൂര്‍വം തരണം ചെയ്യാന്‍ സാധിക്കുമായിരുന്നു. സത്യം ജീവിതമാണെന്ന ക്രിസ്തുഭാവം പ്രാവര്‍ത്തികമാക്കിയ ഈ പുണ്യപുരോഹിതന്‍ സത്യത്തിന്റെ വഴിയിലൂടെ ചരിക്കാന്‍ ഏറെ പ്രേരണയാണ്.
വിശുദ്ധമായ ജീവിതത്തിന്റെ നേര്‍ സാക്ഷ്യമായാണ് പിതാവിന്റെ കര്‍മ മേഖലയെ ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടുള്ളത്. സ്വര്‍ഗത്തില്‍ മധ്യസ്ഥനായി ഒപ്പമുണ്ടെന്ന പൂര്‍ണ ബോധ്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>