പായ്ക്കപ്പലേറിവന്ന വിശ്വാസ ദീപം

By on July 4, 2018
paii

 

കേരളത്തിലേക്ക് വ്യാപാരത്തിനായി പ്രാചീന കാലം മുതല്‍ക്കേ അറബികളും
യഹൂദരും ഗ്രീക്കുകാരും ഫിനീഷ്യരും റോമാക്കാരും വന്നിരുന്നുവെന്നത് ചരിത്രം. ഇതിനായി അവര്‍ ഉപയോഗിച്ചിരുന്നത് വിവിധ രാജ്യങ്ങളും പേര്‍ഷ്യന്‍ ഉള്‍ക്കടലും ഉള്‍പ്പെട്ട ചില കച്ചവട പാതകള്‍. കൊടുങ്ങല്ലൂരിനടുത്ത് പട്ടണം പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന ഉദ്ഖനനങ്ങളുടെ പശ്ചാത്തലത്തില്‍ ചരിത്ര വഴികളിലൂടെ ഒരു പിന്‍ നടത്തം. ക്രിസ്തുശിഷ്യനായ സെന്റ് തോമസ് കേരളത്തിലെത്തിയതും ഇതുവഴി ആയിരിക്കുമോ?

പ്രാചീന കാലം മുതല്‍ ദക്ഷിണേന്ത്യയ്ക്ക് പാശ്ചാത്യ ലോകവുമായി വ്യാപാര ബന്ധമുണ്ടായിരുന്നു. കേരളത്തിലും തെക്കെ ഇന്ത്യ മുഴുവനിലും ഉല്‍പാദിപ്പിച്ചിരുന്ന കുരുമുളക്, മറ്റ് സുഗന്ധദ്രവ്യങ്ങള്‍, പലവ്യഞ്ജനങ്ങള്‍, സുഗന്ധ ലേപനങ്ങള്‍ തുടങ്ങിയവ വിദേശികളെ വളരെയധികം ആകര്‍ഷിച്ചിരുന്നു. ഈ ആകര്‍ഷണമാണ് യഹൂദര്‍, ഗ്രീക്കുകാര്‍, ഫിനീഷ്യര്‍, റോമാക്കാര്‍, അറബികള്‍ തുടങ്ങിയ വ്യാപാരികളെ കേരളവുമായി കച്ചവട ബന്ധത്തിനു പ്രേരിപ്പിച്ചത്. ഇങ്ങനെയുണ്ടായിരുന്ന വാണിജ്യബന്ധമാണ് കേരളത്തിലേക്ക് വിവിധ സെമിറ്റിക് മതങ്ങളുടെ വരവിനും വഴിയൊരുക്കിയത്.
ഹാരപ്പന്‍ നാഗരികതയുടെ കാലഘട്ടം (ബി സി 2000) മുതല്‍ ഇന്ത്യയിലെ വ്യാപാരികള്‍ക്ക് പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ വഴിയുള്ള കച്ചവടത്തില്‍ പങ്കാളിത്തം ഉണ്ടായിരുന്നു. പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ വഴി ഇന്ത്യാ ഉപഭൂഖണ്ഡവുമായുള്ള വ്യാപാരവും മറ്റു പ്രവര്‍ത്തനങ്ങളും കൂടുതല്‍ ത്വരിതഗതിയിലാകുന്നത് ബിസി നാലാം നൂറ്റാണ്ടില്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ഇന്ത്യാ ആക്രമണത്തോടെയാണ് (ബി സി 327).
അലക്‌സാണ്ടറുടെ ആക്രമണത്തിനു ശേഷം വടക്കു – പടിഞ്ഞാറന്‍ ഇന്ത്യയില്‍ ബിസി രണ്ടാം നൂറ്റാണ്ടില്‍ രൂപം കൊണ്ട ഇന്തോ – ഗ്രീക്ക് രാജ്യങ്ങളില്‍ ഒന്നായിരുന്നു പാര്‍ത്ഥിയ. പാര്‍ത്ഥിയയിലെ രാജാവായിരുന്ന ഗോണ്ടൊഫെര്‍ണസിനെ തക്ഷശിലയില്‍ (ഇന്നത്തെ പാക്കിസ്ഥാനില്‍) തോമാശ്ലീഹാ മതപരിവര്‍ത്തനം ചെയ്തതായി കരുതപ്പെടുന്നു.
പാര്‍ത്ഥിയന്‍മാരുടേയും മീഡുകളുടേയും ഇടയില്‍ മതപരിവര്‍ത്തനം നടത്തിയ ശേഷം സെന്റ് തോമസ് ഹാബാന്‍ എന്ന വ്യാപാരിയോടൊപ്പം ഇന്ത്യയിലേക്കു പോയതായി ‘ദി ആക്റ്റ്‌സ് ഓഫ് ജൂഡസ് തോമസ്’ എന്ന പ്രാചീന ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
ഈ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ ചരിത്രപരമായി ശരിയാണെന്നു തെളിഞ്ഞിട്ടുണ്ട്. ഉദാഹരണമായി, ഇതില്‍ പറയുന്ന ഗോണ്ടോഫെര്‍ണസ് ഒരു ചരിത്ര പുരുഷനായിരുന്നുവെന്നു അദ്ദേഹത്തിന്റെ തന്നെ നാണയങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം സെന്റ് തോമസ്, അറബിക്കടലിലെ സൊക്കോത്ര (ചെങ്കടലിന്റെ തെക്കെ അറ്റം) ദ്വീപിലേക്കാണ് പോയത്. അക്കാലത്ത് ഇന്ത്യയില്‍ നിന്നുള്ള മടക്കയാത്രയില്‍ അറബി – പേര്‍ഷ്യന്‍ കച്ചവടക്കാര്‍ വിശ്രമിച്ചിരുന്നത് ഈ ദ്വീപു സമൂഹത്തിലാണെന്ന് ‘പെരിപ്ലെസി’ല്‍ പ്രതിപാദിക്കുന്നുണ്ട്. ഗ്രീക്കു സഞ്ചാരിയായ അഗതാര്‍ക്കിഡ്‌സ് (ബി സി 2 -ാം നൂറ്റാണ്ടിലെ ഗ്രീക്ക് ചരിത്രകാരന്‍) പറയുന്നത്, അക്കാലത്ത് അറബികള്‍, ഗ്രീക്കുകാര്‍, ഇന്ത്യക്കാര്‍ എന്നിവര്‍ സൊക്കോത്ര ദ്വീപിലുണ്ടായിരുന്നു എന്നാണ്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ സൊക്കോത്ര ദീപില്‍ നിന്നാണ് സെന്റ് തോമസ് മുസിരിസിലേക്ക് പുറപ്പെട്ടതെന്ന് കരുതണം.
ഈ വസ്തുതകള്‍ ശരിവയ്ക്കുന്നതാണ് ബി സി ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് നാവികനായ ഹിപ്പാലസ് കണ്ടെത്തിയ വാണിജ്യ മാര്‍ഗം. മണ്‍സൂണ്‍ കാറ്റിനാല്‍ നിയന്ത്രിക്കപ്പെടുന്നതും പാശ്ചാത്യ ലോകവും പൗരസ്ത്യ ലോകവും തമ്മില്‍ അറബിക്കടലിനു കുറുകെ നിലനിന്നിരുന്നതുമായ വാണിജ്യ പാതയുടെ കണ്ടുപിടിത്തം വാണിജ്യ ബന്ധത്തിന്റെ ഒരു പുതിയ അധ്യായം ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തു.
കേരളത്തിന്റെ മാത്രം പ്രത്യേകതയാണ് ഇവിടത്തെ മണ്‍സൂണ്‍, അഥവാ മഴക്കാലം. രണ്ടു തരത്തിലുള്ള മഴക്കാലം കേരളത്തില്‍ ദൃശ്യമാണ്. മേയ് – ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തെക്ക് – പടിഞ്ഞാറന്‍ മഴക്കാലം (ഇടവപ്പാതി), ഒക്‌ടോബര്‍ മുതല്‍ ജനുവരി – ഫെബ്രുവരി വരെയുള്ള വടക്കു – കിഴക്കന്‍ പിന്‍വാങ്ങല്‍ മഴക്കാലം (തുലാവര്‍ഷം). തെക്കു – പടിഞ്ഞാറന്‍ മഴക്കാലത്ത് പശ്ചിമേഷ്യയില്‍ നിന്നും റോമില്‍ നിന്നും മറ്റുമുള്ള വ്യാപാരികള്‍ പായ്ക്കപ്പലുകളില്‍ അനുകൂലമായ കാറ്റിന്റെ സഹായത്തോടെ കേരളത്തിന്റെ മുസിരിസ് പോലെയുള്ള തുറമുഖങ്ങളില്‍ എത്തുകയും അഴിമുഖത്തു നിന്ന് നദിയുടെ ഉള്ളിലേക്ക് നീങ്ങി നങ്കൂരമിടുകയും ചെയ്യുമായിരുന്നു.
മണ്‍സൂണ്‍ കഴിയുന്നതോടെ കേരളത്തിലെ വിളവെടുപ്പുകാലമാകും. ഇവിടെ നിന്നു ശേഖരിച്ച സാമഗ്രികളുമായി തുലാവര്‍ഷത്തിന്റെ അവസാനത്തോടെ അവര്‍ റോമിലേക്കും പശ്ചിമേഷ്യയിലേക്കും മടങ്ങുകയായി. ഇത്തരത്തില്‍ നൂറു കണക്കിനു പായ്ക്കപ്പലുകളാണ് തെക്കെ ഇന്ത്യന്‍ തുറമുഖങ്ങളില്‍ വന്നു പോയിരുന്നതെന്ന് സംഘകാല കൃതികളായ (ബി സി 300 – എ ഡി 300) പതിറ്റുപത്തിലും അകനാനൂറിലും പരാമര്‍ശിച്ചിട്ടുള്ളത്.
ഇത്തരം വ്യാപാര ബന്ധത്തെയും അതു വഴി പൗരസ്ത്യ – പാശ്ചാത്യ സമ്പര്‍ക്കങ്ങളെയും കൂടുതല്‍ ബലപ്പെടുത്തുന്നവയാണ് 2007 മുതല്‍ കൊടുങ്ങല്ലൂരിനടുത്തുള്ള പട്ടണ മേഖലയില്‍ നടക്കുന്ന ഉദ്ഖനനങ്ങളില്‍ നിന്നു ലഭിക്കുന്ന തെളിവുകള്‍. പ്രാചീന കാലഘട്ടത്തില്‍ കൊടുങ്ങല്ലൂരുമായി (മുസിരിസ്/ മുചിറി) ഗ്രീക്കു – റോമന്‍ – ഫിനീഷ്യന്‍ വ്യാപാരികള്‍ക്ക് സജീവമായ വ്യപാര ബന്ധം ഉണ്ടായിരുന്നുവെന്നതിനുള്ള പ്രാഥമിക തെളിവുകളാണ് കേരളത്തിലെ എയ്യാല്‍, കോട്ടയത്തുനാട്, വള്ളുവള്ളി, പനങ്ങാട്, പുത്തന്‍ചിറ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു ലഭിച്ച റോമന്‍ സ്വര്‍ണ നാണയങ്ങള്‍.
തെക്കേ ഇന്ത്യയിലെ നിരവധി പ്രദേശങ്ങളില്‍ നിന്നും ഇത്തരം റോമന്‍ നാണയങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പട്ടണം ഉദ്ഖനനത്തിലെ മനുഷ്യ നിര്‍മിത വസ്തുക്കള്‍ വിശകലനം ചെയ്യുമ്പോള്‍ ലഭിക്കുന്ന തെളിവുകള്‍ സൂചിപ്പിക്കുന്നത്, ഫിനീഷ്യരും മധ്യേഷ്യയിലെ പാര്‍ത്ഥിയന്മാരും സാസാനിഡുകളുമായി ബി സി 10-ാം നൂറ്റാണ്ടു മുതല്‍ മുസിരിസിന് വ്യാപാര ബന്ധം ഉണ്ടായിരുന്നുവെന്നാണ്. ഈ കാലഘട്ടത്തിലെ മിനുക്കിയ മണ്‍പാത്രങ്ങളുടെ കഷണങ്ങള്‍ ഇവിടെ നിന്നു ധാരാളം ലഭിച്ചിട്ടുണ്ട്. ഇതെല്ലാം റോമന്‍ വാണിജ്യ ബന്ധത്തിന് വളരെ മുമ്പുള്ളതാണ്. ബി സി 2-ാം നൂറ്റാണ്ടു മുതല്‍ തെക്കെ ഇന്ത്യയുമായി റോമന്‍ സാമ്രാജ്യത്തിന് വാണിജ്യ ബന്ധം ഉണ്ടായിരുന്നു എന്നതിന്റെ സൂചനകളാണ് പട്ടണത്തു നിന്നു ലഭിച്ച 3000 ലേറെ ആംഫോറകളുടെ (മണ്‍പാത്രങ്ങള്‍) കഷണങ്ങള്‍, തീയില്‍ ചുട്ട ഇഷ്ടികകള്‍, ഇളം നീലയും പച്ചയും കലര്‍ന്ന മിനുസമുള്ള മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍, ‘റൗളറ്റ്‌സ് വെയര്‍’ എന്നു വിളിക്കുന്ന റോമന്‍ മണ്‍പാത്രങ്ങളുടെ തദ്ദേശീയ അനുകരണങ്ങള്‍, വിലപിടിപ്പുള്ള കല്ലുകള്‍, മുത്തുകള്‍, സ്വര്‍ണാഭരണങ്ങള്‍, ചില്ലു പാത്രങ്ങള്‍ തുടങ്ങിയവയാണിവ. റോമന്‍ ചക്രവര്‍ത്തിമാരുടെ കാലഘട്ടത്തിലും അതിനു ശേഷവും പാലസ്തീനായിലും ചുറ്റുവട്ടത്തും നിന്ന് അനേകം യഹൂദര്‍ മലബാറിലേക്ക് കുടിയേറി. ഇത്തരത്തിലുള്ള യഹൂദ സാന്നിധ്യത്തിന്റെ ആദ്യകാല സൂചനകള്‍ പഴയനിയമത്തിലെ 2 ദിനവൃത്താന്തം 9:21 ല്‍ കാണാം. ഇക്കാര്യം താരതമ്യ ശാസ്ത്ര പഠനത്തിലൂടെ മനസ്സിലാക്കാവുന്നതാണ്. സോളമന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഇസ്രായേലിലേക്ക് ദക്ഷിണേന്ത്യന്‍ ഉല്‍പന്നങ്ങളായ സ്വര്‍ണം, വെള്ളി, ദന്തം, മനുഷ്യക്കുരങ്ങുകള്‍, മയിലുകള്‍ തുടങ്ങിയവ കയറ്റിയ കപ്പലുകള്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ എത്തിയിരുന്നതായി രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.
മുകളില്‍ പറയുന്ന സൂചനകളും തെളിവുകളും വളരെ വ്യക്തമാക്കുന്ന ഒരു വസ്തുതയാണ്, അതി പ്രാചീന കാലം മുതലേ ദക്ഷിണേന്ത്യയ്ക്ക് പ്രത്യേകിച്ച്, കേരളത്തിന് പശ്ചിമേഷ്യയുമായി നല്ല വാണിജ്യ ബന്ധം ഉണ്ടായിരുന്നുവെന്നത്. ഈ വാണിജ്യ കവാടങ്ങളിലൂടെയാണ് വിവിധ മതങ്ങളും സംസ്‌കാരങ്ങളും ഭാഷകളും കേരളത്തിലേക്ക് കടന്നു വന്നത്. അതിന് അനുകൂലമായ ഒരു അന്തരീക്ഷം കേരളത്തില്‍ അന്ന് നിലവിലുണ്ടായിരുന്നുവെന്ന് വേണം അനുമാനിക്കാന്‍. ഈ നിഗമനങ്ങള്‍ ക്രിസ്തു ശിഷ്യനായ സെന്റ് തോമസിന്റെ വരവിന് തെളിവുകളാവുന്നില്ലെങ്കിലും, അത്തരമൊരു വരവ് അപ്രായോഗികമോ അസാധ്യമോ ആയിരുന്നില്ലെന്ന് ബാധ്യപ്പെടുത്തുന്നതാണ്.
.തൃശൂര്‍ സെന്റ് തോമസ് കോളജ് ചരിത്ര വകുപ്പ് അധ്യാപകനാണ് ലേഖകന്‍

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>