ഒരു ചര്‍ച്ചയുടെ സാമ്പിള്‍

By on August 1, 2018
channel prgm

കേരളത്തില്‍ ഒരു ഗുഹാ ദുരന്തമുണ്ടായാല്‍ നമ്മുടെ ചാനലുകള്‍ എന്തായിരിക്കും ചെയ്യുക?

അത്തരം ഒരു ചര്‍ച്ചയുടെ സാമ്പിള്‍

റേറ്റിംഗ് കൂട്ടാന്‍ പരമാവധി ആഘോഷിക്കും; വിറ്റ് കാശാക്കും; ചര്‍ച്ച നടത്തും…

തായ്‌ലന്‍ഡിലെ ഗുഹയില്‍പ്പെട്ട വിദ്യാര്‍ഥികളും കോച്ചും പുറത്തുവന്നു; ഏതാണ്ട് മൂന്നാഴ്ചയ്ക്കു ശേഷം. ലോകം മുഴുവന്‍ പ്രാര്‍ഥനാപൂര്‍വം കൈകൂപ്പി നില്‍ക്കുകയായിരുന്നു ആ കുട്ടികളും കോച്ചും പുറത്തുവരുന്നതു കാത്ത്. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കും അതിനു നേതൃത്വം നല്‍കിയ തായ് ഗവണ്‍മെന്റിനും പൂച്ചെണ്ടുകള്‍ അര്‍പ്പിച്ചു ലോകസമൂഹം. ഗുഹയില്‍പ്പെട്ടവര്‍ക്കുവേണ്ടി ലോകം മുഴുവന്‍ പ്രാര്‍ഥിച്ചു; അതിന് ജാതിമതഭേദങ്ങളില്ലായിരുന്നു. പല ക്രൈസ്തവ ദൈവാലയങ്ങളിലും പ്രാര്‍ഥനകള്‍ നടന്നു. മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും ലോകസമൂഹവും അതിലൊന്നും ജാതിയോ മതമോ വര്‍ഗമോ മറ്റു വേര്‍തിരിവുകളോ കണ്ടില്ല. വേദനിക്കുന്ന മനുഷ്യത്വത്തിന് മനുഷ്യരാശിമുഴുവന്‍ ശുഭാശംസകള്‍ നേരുകയായിരുന്നു.
നമ്മുടെ മാധ്യമങ്ങള്‍ ഇത്തരമൊരു സാഹചര്യം ഇവിടെ ഉണ്ടായിരുന്നെങ്കില്‍, ഏങ്ങനെയായിരിക്കും നേരിട്ടിട്ടുണ്ടാവുക? വര്‍ഗീയതയും ക്രൈസ്തവ വിരോധവും കുത്തിച്ചെലുത്തുന്ന ചില ടിവി ചാനലുകള്‍ ഇതേപ്പറ്റി ഒരു ചര്‍ച്ച നടത്തിയാല്‍ എങ്ങനെയിരിക്കും? ഇനി വായിക്കുക…

അവതാരകന്‍ : വെല്‍ക്കം ടു ‘വിഷഭൂമി’ പ്രൈം ടൈം ചര്‍ച്ചയിലേക്ക്. ലോകം മുഴുവന്‍ കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങളുടെ ഈ ചര്‍ച്ചയിലെ ഇന്നത്തെ വിഷയം ഇതാണ്:
അശരീരി : കട്ടപ്പനയില്‍ ഇന്നലെയുണ്ടായ ഗുഹാ ദുരന്തത്തെപ്പറ്റി ഞെട്ടിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 36 കുട്ടികളാണ് ഇവിടെ ‘ചെകുത്താന്‍’ ഗുഹയില്‍ കുടുങ്ങിയിരിക്കുന്നത്. കട്ടപ്പനയില്‍ ക്രൈസ്തവസഭ നടത്തുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഗുഹയില്‍ പെട്ടിരിക്കുന്നത്. ഒരു ക്ലബുകാരാണ് അവരെ ട്രെക്കിങ്ങിന് കൊണ്ടുപോയതെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്. അതു നമുക്ക് തള്ളിക്കളയാം
അതേസമയം, ‘വിഷഭൂമി’യുടെ ‘ഉദരം, ഉദരംമൂലം’ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ വന്നവരാണ് ഇവരെന്നു ആരോപണമുണ്ട്. അതും വെറും കള്ളക്കഥയാണ്. ഞങ്ങളുടെ ‘ഉദരം, ഉദരംമൂലം’ എന്ന റിയാലിറ്റി ഷോയില്‍ അണക്കെട്ടിനു മീതെക്കൂടി വടത്തിലൂടെ കടക്കുന്നതും സ്പീഡ് ബോട്ടില്‍ കെട്ടിയിട്ട കൊച്ചു വള്ളത്തില്‍ പായുന്നതും കാണിച്ചിട്ടുണ്ടെങ്കിലും, നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്നീട് അത് നിര്‍ത്തിവച്ചിരിക്കുകയാണ്.
ഈ വിഷയത്തെപ്പറ്റി പ്രതികരിക്കാന്‍ നമ്മോടൊപ്പം ആറു പേര്‍കൂടി ചേരുന്നു. രാഷ്ട്രീയ മേഖലയെ പ്രതിനിധീകരിച്ചു കുണ്ടൂര്‍ എംഎല്‍എ ശ്രീ കട്ടപ്പ, ക്രൈസ്തവ സഭയെ പ്രതിനിധീകരിച്ചു ഫാ. കൂവളക്കാട്ട്, മാധ്യമ നിരീക്ഷകന്‍ ഒടിയന്‍ ശങ്കു, മനുഷ്യാവകാശ പ്രവര്‍ത്തക സാറാമ്മ ഔസേപ്പ്, ബിജെപിയെ പ്രതിനിധീകരിച്ച് ശിവശങ്കരന്‍, എല്‍ഡിഎഫിനെ പ്രതിനിധീകരിച്ചു രാമന്‍കുട്ടി എന്നിവര്‍.
ആദ്യം, മിസ്റ്റര്‍ കട്ടപ്പ, 36 കുട്ടികള്‍ കട്ടപ്പനയിലെ ഒരു ഗുഹയില്‍ കുടുങ്ങിയിരിക്കുകയാണ്. അവരെ രക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേരുന്നു. മുഖ്യമന്ത്രി ലണ്ടനില്‍ ചികിത്സയ്ക്കു പോയിരിക്കുകയാണ്. മറ്റു മന്ത്രിമാര്‍ പലരും തലസ്ഥാനത്തില്ല. മാത്രമല്ല, കനത്ത മഴ തുടരുകയുമാണ്. ഈ സാഹചര്യത്തില്‍, രാഷ്ട്രീയ നേതൃത്വത്തിന്റെ അലസതയെപ്പറ്റി എന്താണ് അഭിപ്രായം?.
കട്ടപ്പ (ടിവിയില്‍ ക്ലോസപ്പ്): ഗോപു, എടാ കൊച്ചനേ, ഇതു ശുദ്ധ തെമ്മാടിത്തരമല്ലേടാ? നാലു ദിവസമായി ഗുഹയില്‍ കിടക്കുന്നവരെ പുറത്തുകൊണ്ടുവരാന്‍ ഇവന്മാര്‍ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. ഇവരൊക്കെ എന്നാ ചെയ്യുന്നേ?
അവതാരകന്‍ : രാഷ്ട്രീയ നേതൃത്വത്തിന്റെ പിടിപ്പുകേടാണിതെന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടോ, മിസ്റ്റര്‍ രാമന്‍കുട്ടി?
രാമന്‍കുട്ടി : ഒരു പിടിപ്പുകേടുമില്ല. മുഖ്യമന്ത്രി ലണ്ടനില്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ ചുമതല ആര്‍ക്കും കൊടുത്തിട്ടില്ല. അത്രേയുള്ളൂ.
അവതാരകന്‍ : അതെന്താണ്? അതാണ് ചോദ്യം. അത്യാവശ്യം വന്നാല്‍ ആരു നടപടിയെടുക്കും? അതെന്താണ് മുഖ്യമന്ത്രി ചിന്തിക്കാതിരുന്നത്?
ബിജെപി ശിവശങ്കരന്‍ : ഞങ്ങളുടെ പാര്‍ട്ടിയുടെ നിലപാട് ഇക്കാര്യത്തില്‍ പണ്ടേ പറഞ്ഞുകഴിഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമ്പൂര്‍ണ പരാജയമാണ്. സര്‍ക്കാര്‍ രാജിവയ്ക്കണം.
അവതാരകന്‍ : നമുക്ക് മാധ്യമ നിരീക്ഷകന്‍ ഒടിയന്‍ ശങ്കുവിലേക്ക് പോകാം. മിസ്റ്റര്‍ ഒടിയന്‍, ഇതേപ്പറ്റി താങ്കളുടെ അഭിപ്രായം എന്താണ്?
ഒടിയന്‍ : ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ ഏറ്റവും കൂടുതല്‍ മുന്നോട്ടു വന്നിട്ടുള്ളത് ‘വിഷഭൂമി’ ചാനലാണ്; തൊട്ടു പിന്നിലുണ്ട് ‘പ്ലാസ്റ്റിക് നെറ്റ്’.
അവതാരകന്‍ : ശരിയാണ്; ഇപ്പോള്‍തന്നെ ഞങ്ങളുടെ ഒരു അവതാരകനെതിരെ കേസുണ്ട്. വര്‍ഗീയത പറഞ്ഞെന്നാണ് ആരോപണം. അത് പുതിയ കാര്യമാണോ? അങ്ങനെയെങ്കില്‍ എല്ലാ ദിവസവും ആ അവതാരകനെതിരെ കേസെടുക്കേണ്ടതല്ലേ? വര്‍ഗീയത വിളമ്പുന്നതിലാണ് ഞങ്ങള്‍ മുന്നില്‍ നില്‍ക്കുന്നത്. അങ്ങനെയാണ് റേറ്റിംഗ് കുതിച്ചുകയറുന്നത്.
കട്ടപ്പ : എടാ, കൊച്ചനേ, എനിക്ക് ഒരു കാര്യം പറയാനുണ്ട്.
അവതാരകന്‍ : ക്ഷമിക്കണം, കട്ടപ്പ, നിങ്ങള്‍ക്ക് അവസരം തരാം. പ്ലീസ്! പ്ലീസ്, ഫാ. കൂവളക്കാട്ട്.
കട്ടപ്പ : ഞാന്‍ പറയട്ടെ. (ഉറക്കെ)
അവതാരകന്‍ : ഞാന്‍ പറയട്ടെ (അതിലും ഉറക്കെ)
രാമന്‍കുട്ടി : ഞാന്‍ പറയട്ടെ (അതിലും ഉറക്കെ)
ശിവശങ്കരന്‍ : ഞാന്‍ പറയട്ടെ. (തൊണ്ട പൊട്ടി ഉറക്കെ)
(ബഹളം; കട്ടപ്പ ഷര്‍ട്ടിന്റെ കൈ തെറുത്തുകയറ്റി എഴുന്നേല്‍ക്കുന്നു)
അവതാരകന്‍ : എല്ലാവരുംകൂടി സംസാരിക്കരുത്. എല്ലാവര്‍ക്കും അവസരം തരാം; പ്ലീസ്!.
കട്ടപ്പ : തിരക്കുണ്ടായിട്ടും നിങ്ങള്‍ വിളിച്ചപ്പോള്‍ ഞാന്‍ ഇവിടെവരെ വന്നു. കുണ്ടൂര്‍ എംഎല്‍എയാണ് ഞാന്‍. നിന്നു തിരിയാന്‍ സമയമില്ല. പിന്നെ, എന്താ വന്നത്? നിങ്ങള്‍ അയ്യായിരം രൂപ ടിഎ തരാമെന്നു പറഞ്ഞതുകൊണ്ട്. എന്നിട്ട് വിളിച്ചുവരുത്തി ഇവിടം വരെ വന്നപ്പോള്‍, എനിക്കു പറയാനുള്ളത് മുഴുവന്‍ പറയണ്ടേ. ഞാന്‍ പറയും, വയ്ക്കടാ മൈക്ക്!
അവതാരകന്‍ : മിസ്റ്റര്‍ കട്ടപ്പ, ചാനലില്‍ അല്‍പം സഭ്യമായി സംസാരിക്കണം.
കട്ടപ്പ : എടാ കൊച്ചനേ, എല്ലാ ദിവസവും രാത്രി ഒമ്പതുമണിക്ക് നിങ്ങളൊക്കെ ചര്‍ച്ച നടത്തുന്നില്ലേ? ചിലരെയൊക്കെ തിരഞ്ഞുപിടിച്ച് പച്ചത്തെറിയല്ലേ പറയുന്നത്? എന്നിട്ട് ഇപ്പോള്‍ സഭ്യതയെപ്പറ്റിപ്പറയാന്‍ നാണമില്ലേടാ നിനക്കൊക്കെ? എടാ കൊച്ചനേ, നിന്റെ അച്ഛനുണ്ടല്ലോ, ഗോപാലകൃഷ്ണന്‍. അയാള്‍ പോലും നീയൊക്കെ അവതാരകന്‍ എന്നു ചമഞ്ഞു വിളിച്ചുകൂവുന്നതു കേട്ടാല്‍ സഹിക്കുമോടാ?
അവതാരകന്‍ (ചമ്മിയെങ്കിലും കൂസലില്ലാതെ) : ഞങ്ങള്‍ മാധ്യമക്കാരാണ്. ഞങ്ങള്‍ എന്തും പറയും. ആരെപ്പറ്റിയും എന്തുവേണമെങ്കിലും പറയും. കോടതികളെപ്പോലും ഞങ്ങള്‍ വിമര്‍ശിക്കും. അതാണ് മാധ്യമ സ്വാതന്ത്ര്യം.
കട്ടപ്പ : ആരെപ്പറ്റിയെങ്കിലും വഴിയില്‍ പോണവര്‍ വല്ലതും വിളിച്ചുപറഞ്ഞാല്‍, കേസെടുക്കാന്‍ നിയമവും പൊലിസും ഉണ്ടെടാ ഇവിടെ. നീയൊന്നും ചാനലില്‍ കയറിയിരുന്ന് അവരെ വിചാരണ ചെയ്യേണ്ട. നിങ്ങളാണോടാ ഇവിടത്തെ ഹൈക്കോടതിയും സുപ്രീംകോടതിയും. സ്വന്തം പണി ചെയ്താല്‍മതി, കേട്ടോടാ.
മനുഷ്യാവകാശ പ്രവര്‍ത്തക (കൈപൊക്കി): എനിക്കു പറയാനുണ്ട്.
അവതാരക : സുപ്രസിദ്ധ മനുഷ്യാവകാശ പ്രവര്‍ത്തകയും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പടപൊരുതുന്ന ഝാന്‍സി റാണിയുമായ സാറാമ്മ ഔസേപ്പ്.
സാറാമ്മ : ഗോപു, നമ്മള്‍ ഈ വിഷയത്തില്‍ കാടുകയറരുത്. കട്ടപ്പനയില്‍ ഗുഹയില്‍കുടുങ്ങിയ കുട്ടികളില്‍ 12 പേര്‍ ഹിന്ദുക്കളും 16 പേര്‍ മുസ്ലിംകളും 8 പേര്‍ ക്രൈസ്തവരുമാണ്. നിങ്ങള്‍ ശ്രദ്ധിക്കണം. എട്ട് ക്രൈസ്തവ കുട്ടികളേ ഗുഹയില്‍ കുടുങ്ങിയിട്ടുള്ളൂ. ഞാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയാണ്. എന്റെ രക്തം തിളയ്ക്കുന്നു. ഞാന്‍ ചോദിക്കട്ടെ, എന്തുകൊണ്ട് കൂടുതല്‍ ക്രൈസ്തവര്‍ കുടുങ്ങിയില്ല! (കിതയ്ക്കുന്നു)
അവതാരകന്‍ : നല്ല ചോദ്യം. ഇതാണ് ചോദ്യം. ഇതില്‍ ക്രൈസ്തവ സഭയുടെ ഭാഗത്തു നിന്ന് ഒരു ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. ഇപ്പോഴാണ് നമ്മള്‍ വിഷയത്തിലേക്കുവന്നത്. എന്തുപറയുന്നു, ഫാ. കൂവളക്കാട്ട്? പ്രമുഖ പണ്ഡിതനും ‘വിഷഭൂമി’ തുടങ്ങിയ ചാനലുകളുടെ സ്ഥിരം പ്രതികരണ വക്താവുമാണ് ഈ വന്ദ്യവയോധികന്‍. പറയൂ, ഫാ. കൂവളക്കാട്ട്?
(കുറേനേരം ക്യാമറയിലേക്ക് മിഴിച്ചുനോക്കി മിണ്ടാതിരുന്നു)
അവതാരകന്‍ : ഫാ. കൂവളക്കാട്ട്, പറഞ്ഞോളൂ. ആ ചെവിത്തോണ്ടിപോലുള്ളത് ചെവിയില്‍ ധൈര്യമായി തിരുകിക്കോളൂ…
(കൂവളക്കാട്ട് ചെവിയിലെ യന്ത്രം കൂടുതല്‍ തിരുകി ശരിയാക്കി) പറയൂ, 8 പേരേ ക്രൈസ്തവരായി ഗുഹയില്‍ കുടുങ്ങിയിട്ടുള്ളൂ; എന്തുകൊണ്ടാണ് ഈ വ്യത്യാസം ഫാദര്‍ ?
ഫാ. കൂവളക്കാട്ട് : അതേപ്പറ്റി പറയുകയാണെങ്കില്‍…
അവതാരകന്‍ : പറഞ്ഞോളൂ… ധൈര്യമായി പറഞ്ഞോളൂ… സഭ പ്രതിക്കൂട്ടിലാണ്; അല്ലേ?
കൂവളക്കാട്ട് : സഭയുടെ ഭാഗത്തു നിന്ന് ഇക്കാര്യത്തില്‍ ഒരു വീഴ്ച പറ്റിയിട്ടില്ലെന്ന് പറയാനാവില്ല.
(ഉടന്‍ ടിവിയില്‍ ട്രോള്‍ : ഗുഹാ ദുരന്തം: ക്രൈസ്തവ സഭ പ്രതിക്കൂട്ടില്‍ – ഫാ. കൂവളക്കാട്ട്)
അവതാരകന്‍ : ഗൗരവമുള്ള കാര്യമാണ് ഇത്. ഫാ. കൂവളക്കാട്ട് പണ്ഡിതനാണ്. അദ്ദേഹം സത്യമേ പറയൂ. അങ്ങനെയെങ്കില്‍, ഇക്കാര്യത്തില്‍ സഭയ്‌ക്കെതിരെ നടപടി വേണ്ടേ? ഇടുക്കി ഉള്‍പ്പെട്ട പ്രദേശമാണ് കട്ടപ്പന. ഇടുക്കി ബിഷപ്പിനെതിരെ കേസെടുക്കേണ്ടേ? അദ്ദേഹത്തിനെതിരെ മാര്‍പാപ്പയ്ക്ക് കത്തയയ്‌ക്കേണ്ടേ?
കട്ടപ്പ : എടാ കൊച്ചനേ, ഞാന്‍ പറയുന്നത് കേള്‍ക്ക്. ഗുഹയിലേക്ക് കൊണ്ടുപോയത് നിങ്ങളുടെ ചാനലാണ്.
അവതാരകന്‍ : ഞാനത് നിഷേധിക്കുന്നു (മേശപ്പുറത്തിടിക്കുന്നു)
കട്ടപ്പ : എടാ കൊച്ചനേ, തെളിവുതരാം ഞാന്‍. സംഭവ സ്ഥലത്തു ഞാന്‍ പോയിരുന്നു. ‘ഉദരം, ഉദരംമൂലം’ ഷൂട്ടിങ് പിള്ളേര് അവിടെയുണ്ടായിരുന്നു. വിഷഭൂമിയുടെ ഓബി വാന്‍ അവിടെയുണ്ടായിരുന്നു. ഇതൊക്കെ വെറുതെ പറയുന്നതല്ല. തെളിവു തരാം. കട്ടപ്പയോടാണോ കളി?
അവതാരകന്‍ (പെട്ടെന്ന് കട്ടപ്പയെ കട്ട് ചെയ്ത്) : ബിജെപി പ്രതിനിധി വി. ശിവശങ്കരന്‍ എന്തു പറയുന്നു?
ബിജെപി ശിവശങ്കരന്‍ : കട്ടപ്പ വിവരക്കേട് പറയുന്നതാ. കുട്ടികളെ കൊണ്ടുപോയത് കട്ടപ്പനയിലെ ക്രൈസ്തവ സഭയുടെ ആളാണ്.
അവതാരകന്‍ : യെസ്, യെസ്!
സാറാമ്മ : ഞായറാഴ്ചയാണ് സംഭവം. ഞായറാഴ്ച കുട്ടികള്‍ സ്‌കൂളില്‍ വരേണ്ട ആവശ്യമില്ല. പിന്നെ എന്തിന് അവരെ ഞായറാഴ്ച ഗുഹയിലേക്ക് കൊണ്ടുപോയി. ഇതു മനുഷ്യാവകാശ ധ്വംസനമാണ്.
അവതാരകന്‍ : വെരി ഗുഡ്! അപ്പോള്‍ അതിനുത്തരവാദികള്‍ ആരാണ്?
ഒടിയന്‍ : ഇടുക്കിയിലെ ബിഷപ്പു മാത്രമല്ല, സ്‌കൂള്‍ നടത്തുന്ന കന്യാസ്ത്രീകളും അവിടത്തെ വികാരിയും മാനേജരും മറുപടി പറയണം. അവര്‍ക്കെതിരെ കേസെടുക്കണം. മാധ്യമങ്ങള്‍ ഒറ്റക്കെട്ടാണ് ഈ ആവശ്യത്തില്‍.
എല്‍ഡിഎഫ് രാമന്‍കുട്ടി : ഞങ്ങളുടെ വിദ്യാര്‍ഥി സംഘടന നാളെ ബിഷപ്‌സ് ഹൗസിനു മുന്നില്‍ സത്യഗ്രഹമിരിക്കും.
ബിജെപി ശിവശങ്കരന്‍ : എങ്കില്‍ ഞങ്ങള്‍, ഞങ്ങള്‍ ബിഷപ്പിനെ വഴിയില്‍ തടയും…!
അവതാരകന്‍ : (അലറി) അതേ, അതേ – കേരളം പ്രക്ഷുബ്ധമാകുകയാണ്. സംസ്ഥാനം കത്തിയെരിയും. പള്ളികള്‍ തീ വയ്ക്കും. അവരുടെ കോളജുകളും ആശുപത്രികളും തകര്‍ക്കും. ഫാ. കൂവളക്കാട്ട്, ഈ സാഹചര്യത്തില്‍ സഭയുടെ നിലപാട് എന്താണ്? കര്‍ദ്ദിനാള്‍ രാജിവയ്‌ക്കേണ്ടേ… ഫ്രാന്‍സിസ് മാര്‍പാപ്പ രാജിവയ്‌ക്കേണ്ടേ…
കൂവളക്കാട്ട് : ഞാന്‍ സഭാ വക്താവല്ല.
അവതാരകന്‍ : സാരമില്ല. പണ്ട് ആയിരുന്നല്ലോ.. പറഞ്ഞോളൂ.
കൂവളക്കാട്ട് : (കുറച്ചു നേരം ക്യാമറയിലേക്ക് മിഴിച്ചു നോക്കിയിരുന്ന ശേഷം) – സഭ ആത്മപരിശോധന നടത്തണം. ഇക്കാര്യത്തില്‍ സഭാ നേതൃത്വത്തില്‍ നിന്ന് അവധാനത ഉണ്ടായിട്ടുണ്ട്. അല്ലെങ്കില്‍ ഗുഹയില്‍പ്പെട്ട കുട്ടികളില്‍ ക്രൈസ്തവര്‍ കൂടുതല്‍ ഉണ്ടാകേണ്ടതായിരുന്നു. മുസ്ലിംകള്‍ 16, ഹിന്ദുക്കള്‍ 12, ക്രൈസ്തവര്‍ എട്ട്. സഭ കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നു.
കട്ടപ്പ : ഫാദറേ, അച്ചന്‍ എന്ന വിവരക്കേടാ ഈ പറയുന്നേ… സഭയോ സ്‌കൂളോ അല്ല കുട്ടികളെ കൊണ്ടുപോയത്. ഇവരാണ് (അവതാരകനെ ചൂണ്ടി) ഈ വിഷഭൂമി ചാനലുകാരാണ്; റിയാലിറ്റി ഷോ ഷൂട്ട് ചെയ്യാന്‍. അല്ലാതെ സഭയല്ല. പറഞ്ഞിട്ട് ഫാദറിന്റെ തലയില്‍ കയറുന്നില്ലേ…
ഫാ. കൂവളക്കാട്ട് : എനിക്കല്‍പ്പം പ്രായം കൂടുതലുണ്ടെന്ന് കട്ടപ്പയ്ക്ക് അറിഞ്ഞുകൂടേ? കാഴ്ചക്കുറവുണ്ട്, കേള്‍വിയും ശ്ശി കുറവാ?
കട്ടപ്പ : പിന്നെയെന്തിനാ ഈ ചാനല്‍ ചര്‍ച്ചയ്ക്ക് വിളിക്കുമ്പോഴൊക്കെ കെട്ടിയെടുത്തു വരുന്നത്? കര്‍ക്കിടക കഞ്ഞി കുടിച്ചു മുറിയിലിരുന്നാല്‍ പോരെ..
ഫാ. കൂവളക്കാട്ട് : മിടുക്കന്മാരെ ഇവര്‍ വിളിക്കില്ലല്ലോ; എന്നപ്പോലെയുള്ളവരെയേ പ്രതികരിക്കാന്‍ ഇവര്‍ക്കു വേണ്ടൂ. പിന്നെ ചാനലുകാര്‍ പറഞ്ഞു തന്നതാ ഞാനീ പറയുന്നത്. മറ്റൊന്നും എനിക്ക് അറിഞ്ഞുകൂടാ…
അവതാരകന്‍ (ദേഷ്യത്തില്‍) : പ്ലീസ് കട്ടപ്പ, വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. ഇതു ചാനലാണ്. ലോകത്തിലെ 900 കോടി ജനങ്ങളും ഇപ്പോള്‍ ഞങ്ങളുടെ ചര്‍ച്ച കണ്ടുകൊണ്ടിരിക്കുകയാണ്. ഇതു കഴിഞ്ഞിട്ടേ അവര്‍ ഉണ്ണൂ, ഉറങ്ങൂ…
കട്ടപ്പ : ഫൂ! 900 കോടി! എടാ കൊച്ചനേ, ലോകത്ത് ആകെക്കൂടി 700 കോടിയേയുള്ളൂ ജനം. പിന്നെയെവിടുന്നാടാ 900 കോടി?
അവതാരകന്‍ : (മുന്നറിയിപ്പു പോലെ) മാധ്യമങ്ങളുടെ വിവരദോഷത്തെ ചോദ്യം ചെയ്യരുത്… അത് മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കയ്യേറ്റമാണ്… മാധ്യമങ്ങള്‍ക്ക് തെറ്റു പറ്റാറില്ല. തെറ്റിയാല്‍ സമ്മതിക്കുകയുമില്ല.
കട്ടപ്പ : നീ പറഞ്ഞല്ലോ, വ്യക്തിപരമായ പരാമര്‍ശം പാടില്ലെന്ന്.. നീയും നിന്റെ ചാനലും നാഴികയ്ക്കു നാല്‍പതുവട്ടം ക്രൈസ്തവരെയും അവരുടെ മെത്രാന്മാരെയും ‘ളോഹയിട്ട കൊള്ളക്കാരന്‍’, ‘പീഡന വീരന്‍’ എന്നൊക്കെ ആക്ഷേപിക്കുന്നത് വ്യക്തിപരാമര്‍ശമല്യോടാ?
മാധ്യമ നിരീക്ഷകന്‍ : മിസ്റ്റര്‍ കട്ടപ്പ, ചാനലിലും പത്രങ്ങളിലുംകൂടി ആരെയും തെറി പറയാം… അതിനെ ചോദ്യം ചെയ്യാനാവില്ല. കോടതിയുടെ മുമ്പില്‍ മാത്രമേ ഞങ്ങള്‍ കൊമ്പുകുത്തിയിട്ടുള്ളൂ.
കട്ടപ്പ : അപ്പോള്‍, ജനത്തിനു തിരിച്ചും പറയാമെടാ. ക്രൈസ്തവരെ ഉമ്മാക്കി കാണിച്ചു വിരട്ടണ്ട. കട്ടപ്പയുടെ കഴുത്തില്‍ ജീവനുള്ളിടത്തോളം കാലം അതിനു മറുപടി പറയും ഞാന്‍. കുണ്ടൂര്‍ എംഎല്‍എയാണ് പറയുന്നത്… അതിനപ്പുറം, ചോരയും നീരുമുള്ള കത്തോലിക്കനാണ് ഞാന്‍.
അവതാരകന്‍ : അപ്പോള്‍ ചര്‍ച്ച സമാപിക്കുകയാണ്. കുട്ടികള്‍ ഗുഹയില്‍പ്പെട്ട സംഭവത്തില്‍ ക്രൈസ്തവ സഭ പ്രതിക്കൂട്ടില്‍. അടുത്ത 48 മണിക്കൂറിനുള്ളില്‍ കേരളത്തിലെ 4 ബിഷപ്പുമാര്‍, 36 പുരോഹിതര്‍, 112 കന്യാസ്ത്രീകള്‍ എന്നിവരെ അറസ്റ്റു ചെയ്‌തേക്കുമെന്നാണ് സൂചന. അറസ്റ്റ് വാറണ്ടിന്റെ പകര്‍പ്പ് വിഷഭൂമിയുടെ കയ്യില്‍. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്കൊക്കെ നന്ദി. എല്ലാവരും യാത്രാക്കൂലി വാങ്ങി പോകണം. കട്ടന്‍ചായ തട്ടുകടയില്‍ പറഞ്ഞിട്ടുണ്ട്. (വിയര്‍പ്പ് തുടച്ച് എഴുന്നേല്‍ക്കുന്നു).
നാളെയും വന്ന് സഹായിക്കണം, കേട്ടോ!….
(പെട്ടെന്ന് കട്ടപ്പ എഴുന്നേറ്റ് ചെന്ന് അവതാരകന്റെ കഴുത്തില്‍ പിടിക്കുന്നു; ഞെക്കുന്നു. മറ്റു ചര്‍ച്ചക്കാര്‍ പിടഞ്ഞെഴുന്നേല്‍ക്കുന്നു. ഫാ. കൂവളക്കാട്ടിന്റെ കണ്ണട തെറിച്ചുപോയി)
കട്ടപ്പ (അലറി) : വായില്‍ വരുന്നത് കോതയ്ക്കു പാട്ടെന്നപോലെ ആരെയും ചെളിവാരിയെറിഞ്ഞ് ഇനി ചര്‍ച്ച നടത്തിയാലുണ്ടല്ലോ, പിന്നെ നിന്റെയൊന്നും തൊണ്ടയില്‍ നിന്നു സ്വരം വരില്ല; കേട്ടോടാ വിഷവിത്തേ!
(ക്യാമറ കട്ട്)

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>