• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

ഡോ. സുരേഷ് പള്ളിവാതുക്കല്‍

By on August 1, 2018
Independent

ഇനിയെത്ര നാള്‍
ഈ സ്വാതന്ത്ര്യം
ഡോ. സുരേഷ് പള്ളിവാതുക്കല്‍
ചീഫ് എഡിറ്റര്‍, ഇന്ത്യന്‍ കറന്റ്‌സ്, ന്യൂഡല്‍ഹി

സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും എതിരെ ഉയരുന്ന ഭീഷണികള്‍ക്കിടയിലാണ്
ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം. അതിന്റെ പശ്ചാത്തലത്തില്‍ ഭരണഘടനയിലെ
സുപ്രധാനമായ ഈ മൂല്യങ്ങളെപറ്റി ഗൗരവപൂര്‍വമായ ഒരു വിചാരം….

ഇന്ത്യയുടെ 71-ാം സ്വാതന്ത്ര്യദിന വാര്‍ഷികത്തിന് ഏതാനും ദിവസങ്ങളേ ഇനി ശേഷിച്ചിട്ടുള്ളൂ. സമകാലിക യാഥാര്‍ഥ്യങ്ങളെ തിരിച്ചറിഞ്ഞു ഇന്ത്യയുടെ ഭരണഘടനയുടെ പവിത്രതയ്ക്കും അതിന്റെ അടിസ്ഥാന പ്രമാണങ്ങളുടെ നിലനില്‍പ്പിനും വേണ്ടി ഒറ്റക്കെട്ടായി നിലക്കൊള്ളുമെന്ന പ്രതിജ്ഞയെടുക്കാനുള്ള സമയമാണിത്.

നരേന്ദ്ര മോദി അധികാരത്തിലേറിയ 2014 നു ശേഷം പാക്കിസ്ഥാനിലെ പുരോഗമനവാദിയായ കവി ഫമിദ റിയാസ് ഇന്ത്യക്കാരായ ഒരു സദസ്സിനു മുന്നില്‍ ഒരു കവിത ചൊല്ലി. പാക്കിസ്ഥാനിലെ മതമൗലിക സിദ്ധാന്തത്തിന്റെ വരവുമായി ഇന്ത്യയില്‍ രൂപപ്പെട്ടു വരുന്ന ഹിന്ദുത്വവാദത്തെ താരതമ്യം ചെയ്യുന്നതായിരുന്നു ആ കവിത. അതിന്റെ പരിഭാഷ ഇങ്ങനെയാണ്:

‘ഇപ്പോള്‍ നിങ്ങളും ഞങ്ങളെപ്പോലെയായി!
എവിടെ ഒളിച്ചിരിക്കുകയായിരുന്നു
സുഹൃത്തേ
നിങ്ങള്‍ ഇതുവരെ?
ആ വിഡ്ഢിത്തം, ആ അജ്ഞത
ഒരു നൂറ്റാണ്ടോളം ഞങ്ങള്‍ താലോലിച്ചു-
നോക്കൂ, ഇപ്പോള്‍ അത് നിങ്ങളുടെ
നാട്ടിലുമെത്തിയിരിക്കുന്നു!
അഭിനന്ദനം, സുഹൃത്തേ!
മതത്തിന്റെ പതാക ഉയര്‍ത്തി,
ഞാന്‍ ഊഹിക്കട്ടെ, ഇനി നിങ്ങള്‍
ഹിന്ദു രാജ് സംസ്ഥാപിക്കും!’

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ (2019) ബിജെപി ജയിക്കുകയാണെങ്കില്‍, ഇന്ത്യയില്‍ ഒരു ‘ഹിന്ദു പാക്കിസ്ഥാന്‍’ സ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞത് ഈയിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണല്ലോ. ഭാരതത്തില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഇപ്പോള്‍ ബിജെപിയാണ്. അതുകൊണ്ട് രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുക പ്രയാസമുള്ള കാര്യമല്ല. യഥാര്‍ഥത്തില്‍ ഇരുസഭകളിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് ഒറ്റയ്ക്ക് അത്രയും സീറ്റുകള്‍ കിട്ടണമെന്നില്ല. അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ നീട്ടിക്കൊടുത്താല്‍ വേണ്ടത്ര ചെറുപാര്‍ട്ടികളെ കൂടെക്കൂട്ടാം. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ചാവണം ഇന്ത്യ ഒരു മതകേന്ദ്രീകൃത രാഷ്ട്രമാകുന്നതിനെപ്പറ്റി അദ്ദേഹം മുന്നറിയിപ്പു നല്‍കിയത്. ഇന്ത്യയുടെ വിഭജനവും പാക്കിസ്ഥാന്‍ എന്ന രാഷ്ട്രത്തെ അംഗീകരിച്ചതും വഴി 70 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യയെയൊരു ‘ഹിന്ദു രാഷ്ട്രം’ ആക്കുമെന്നു നാം ആലോചിച്ചിരുന്നോ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.
നാലു പതിറ്റാണ്ടു മുമ്പ് ജൂണ്‍ 25ന്റെ അര്‍ധരാത്രിയില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ട ചരിത്രം ഇന്ത്യയിലെ പൗരന്മാരുടെ മനസ്സിലുണ്ട്. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു അത്. 21 മാസങ്ങള്‍ ഭരണഘടനാ വിരുദ്ധമായ ഒരു ഭരണത്തിനു കീഴിലായിരുന്നു ഇന്ത്യ. എന്നാല്‍ പ്രബുദ്ധരായ ഇന്ത്യയിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ ആ ഏകാധിപത്യ ഭരണത്തെ വലിച്ചെറിയുകയും നമ്മുടെ ജനാധിപത്യത്തിന്റെ മാനം പുനഃസ്ഥാപിക്കുകയും ചെയ്തു.
ഇപ്പോള്‍, 40 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഇന്ത്യ ഒരു ‘അടിയന്തരാവസ്ഥ’ യിലാണ്. ഈ അടിയന്തരാവസ്ഥ യഥാര്‍ഥത്തില്‍ കൂടുതല്‍ ഭീകരമാണ്: കാരണം, ഇതിന് ഔദ്യോഗിക പ്രഖ്യാപനമില്ല, നീക്കങ്ങള്‍ വളരെ ഗൂഢമാണ്, ഒറ്റനോട്ടത്തില്‍ നിരുപദ്രവകരം. ഭരണഘടനയുടെ പവിത്രതയും ചൈതന്യവും അതിലെ വിവിധ ഘടകങ്ങളും നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് അണിയറയില്‍. പൗരന്മാര്‍ക്ക് ഭരണഘട ഉറപ്പു നല്‍കിയിട്ടുള്ള അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും വളരെ ആസൂത്രിതമായി നിഷേധിക്കുകയും വെട്ടിച്ചുരുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അര്‍ധ സത്യങ്ങളും തെറ്റായ വാഗ്ദാനങ്ങളും നിറഞ്ഞ വ്യാജ പ്രചാരണങ്ങള്‍ പ്രധാന മന്ത്രിയും അദ്ദേഹത്തിന്റെ അനുചരന്മാരും വാരിവിതറിക്കൊണ്ടിരിക്കുന്നു.

മാധ്യമങ്ങള്‍

മാധ്യമങ്ങളില്‍ ഏറെയും ഇന്ന് ഭരണകൂടത്തിന്റെ സ്തുതി പാഠകരാണ്; എതിര്‍ക്കുന്നവരെ നശിപ്പിക്കാനുള്ള തന്ത്രങ്ങള്‍ അരങ്ങേറുന്നു. വസ്തുതകള്‍ വിളിച്ചു പറയുന്ന ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും നിരന്തരമായ ഭീഷണിയുടെയും സമ്മര്‍ദ്ദത്തിന്റെയും നിഴലിലാണ്. ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ചു മുസ്ലിംകളും ക്രൈസ്തവരും നിരന്തരം ആക്രമണങ്ങള്‍ക്കും വെറുപ്പിന്റെ വിഷം വമിപ്പിക്കലിനും വിധേയരാകുന്നു. ജനങ്ങള്‍ എന്തു വായിക്കണം, എന്ത് എഴുതണം, എന്ത് ധരിക്കണം, എന്ത് തിന്നണം എന്നു തീരുമാനിക്കുന്നത് ഫാസിസ്റ്റ് ശക്തികളാണ്. ഗോരക്ഷയുടെ പേരില്‍ കൊലപാതകങ്ങള്‍ ഇപ്പോഴും തുടരുന്നു. ഏറ്റവുമൊടുവില്‍ ആള്‍വാറില്‍ നടന്ന ആള്‍ക്കൂട്ടക്കൊല.

ജൂഡീഷ്യറി

സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയില്‍ ഇന്ത്യ എക്കാലവും അഭിമാനിച്ചിരുന്നു. ഇന്ന് ആ സ്ഥിതി മാറി. കോടതികളിലേക്കുള്ള ജഡ്ജി നിയമനത്തില്‍ മുന്‍വിധികളും പക്ഷപാതവും വ്യക്തം. ഭരണകക്ഷിയുടെ ആശയങ്ങള്‍ അംഗീകരിക്കുന്നവര്‍ക്കേ നിലനില്‍ക്കാനാവൂവെന്ന സ്ഥിതി. ക്രമസമാധാന രംഗത്തും അരക്ഷിതാവസ്ഥ. രാജ്യവ്യാപകമായി കര്‍ഷകര്‍ പ്രതിഷേധിച്ചപ്പോള്‍ വ്യക്തമായതുപോലെ, പ്രതിഷേധങ്ങളെ അടിച്ചൊതുക്കാനാണ് പൊലിസിന്റെ താല്‍പര്യം.
മോദി സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ നേട്ടങ്ങളെപ്പറ്റിയുള്ള അവകാശവാദങ്ങളുടെ യഥാര്‍ഥ ചിത്രം അറിയണമെങ്കില്‍ ഉത്തരേന്ത്യയിലെ ഏതാനും ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചാല്‍ മതി. ജനങ്ങള്‍ ആശയക്കുഴപ്പത്തിലാണ്; മതത്തിന്റെയും ജാതിയുടെയും പേരില്‍ അവര്‍ക്കിടയില്‍ വിഭാഗീയതയും വെറുപ്പും വളര്‍ന്നുകൊണ്ടിരിക്കുന്നു. നിസ്സാര കാര്യങ്ങളുടെ പേരില്‍ അക്രമങ്ങള്‍ ഏതു നിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന അവസ്ഥ.
ആള്‍ക്കൂട്ട കൊലയും ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങളും ഭരണകൂടം നിഷ്‌ക്രിയമായതുകൊണ്ടാണ് ഇപ്പോഴും അരങ്ങേറുന്നത്. ഇവ തടയാനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണെന്ന് പറയുന്ന പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും ഒരുകാര്യം ബോധപൂര്‍വം മറക്കുകയാണ്. ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നതും നടക്കുന്നതും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ആകെയുള്ള 29 സംസ്ഥാനങ്ങളില്‍ 21ലും ബിജെപിയാണ് അധികാരത്തിലെന്നതും അവര്‍ മറക്കുന്നു.

വിദ്യാഭ്യാസ രംഗം

വര്‍ഗീയതയുടെ ഏറ്റവും വലിയ ഇരകളിലൊന്നായിരിക്കുന്നു പാഠപുസ്തകങ്ങളും ഗവേഷണ സ്ഥാപനങ്ങളും. ഹിന്ദുത്വ ശക്തികള്‍ക്ക് എപ്പോഴും ഇഷ്ടപ്പെട്ട രംഗമാണ് വിദ്യാഭ്യാസം. ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാനുളള മാധ്യമമാണത്. വിദ്യാഭ്യാസ രംഗം മുഴുവന്‍ കാവിവല്‍ക്കരണത്തിന്റെ പാതയിലാണ്. ഇന്ത്യയുടെ ചരിത്രം, സ്വാതന്ത്ര്യ സമരം, അതിലെ നേതാക്കള്‍, രാഷ്ട്രപിതാവ്, ഭരണഘടന എന്നിവയൊക്കെ തിരുത്തലുകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു.
ഏറ്റവുമൊടുവില്‍ യുജിസിക്കു പകരം ഹയര്‍ എജ്യൂക്കേഷന്‍ കമ്മിഷന്‍ സ്ഥാപിക്കാനുള്ള തീരുമാനത്തിനു പിന്നില്‍പോലും, അക്കാദമിക തലത്തില്‍ ഹിന്ദുത്വ ഇടപെടലുകള്‍ക്ക് വാതില്‍ തുറന്നിടുകയെന്ന ലക്ഷ്യമാണ്. സര്‍വ രംഗങ്ങളിലും വളരെ ആസൂത്രിതവും സംഘടിതവുമായ കാവിവല്‍ക്കരണ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

മതനിരപേക്ഷത

ഭരണഘടനയിലെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായ ‘മതനിരപേക്ഷത’ (സെക്കുലറിസം) എടുത്തു കളയാന്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ശ്രമമുണ്ടായി. അന്നതു നടന്നില്ല. എന്നാല്‍ 2019 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍, ഭരണഘടന അടിമുടി പൊളിച്ചെഴുതുമെന്ന കാര്യത്തില്‍ സംശയം വേണ്ട; അപ്പോള്‍ ആദ്യത്തെ ഇര ‘മതനിരപേക്ഷത’ ആയിരിക്കും.

പൊള്ളയായ മുദ്രാവാക്യങ്ങള്‍
ഇന്ത്യയുടെ ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ ഗുരുതരമായ ഭീഷണി നേരിടുമ്പോഴും പൊള്ളയായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ഭരണകര്‍ത്താക്കള്‍.
ഇന്ത്യയിലെ 27 മാധ്യമ സ്ഥാപനങ്ങളെക്കൊണ്ട് അടുത്ത തിരഞ്ഞെടുപ്പു കാലത്ത് ഹിന്ദുത്വപ്രചാരണം നടത്താന്‍ വര്‍ഗീയ ശക്തികള്‍ രംഗത്തു വന്നിട്ടുണ്ടെന്ന ‘കോബ്ര പോസ്റ്റ്’ ഓണ്‍ലൈന്‍ വാര്‍ത്താ ചാനലിന്റെ ആരോപണം നിസ്സാരമല്ല. ഇതിനുവേണ്ടി കോടിക്കണക്കിന് പണം ആ സ്ഥാപനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇപ്പോള്‍ തന്നെ ഇന്ത്യയിലെ പല പ്രമുഖ ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളും ചാനലുകളും ബിജെപി സര്‍ക്കാരിന്റെ കുഴലൂത്തുകാരാണ്.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍

ഇന്ത്യയിലെ കര്‍ഷകരുടെ വരുമാനം തന്റെ 5 വര്‍ഷത്തെ ഭരണംകൊണ്ട് കുതിച്ചുയരുമെന്നും 2022 ആകുമ്പോഴേയ്ക്കും ഇരട്ടിയാകുമെന്നുമായിരുന്നു പ്രധാനമന്ത്രി മോദിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങള്‍. എന്നാല്‍ വരുമാനമല്ല; അവരുടെ പ്രശ്‌നങ്ങളും അതേ തുടര്‍ന്നുള്ള ആത്മഹത്യകളും പ്രതിഷേധ പ്രകടനങ്ങളും വെടിവയ്പിലെ മരണങ്ങളുമാണ് ഇപ്പോള്‍ ഇരട്ടിയും അതിലധികവുമായി ഉയര്‍ന്നിരിക്കുന്നത്.

എന്താണ് രക്ഷാമാര്‍ഗം?

വൈവിധ്യമാര്‍ന്ന നിലപാടുകള്‍ക്കും ചിന്തകള്‍ക്കും അര്‍ഹിക്കുന്ന സ്ഥാനം നല്‍കുകയാണ് ഏക പരിഹാരം. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ അതൊന്നേ മാര്‍ഗമുള്ളൂ. ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യത്തിനായിരിക്കണം മുന്‍തൂക്കം. ഇന്ത്യയെന്ന ആദര്‍ശം കുറേപ്പേരെ അകറ്റിനിര്‍ത്തുന്നതല്ല; എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ്.
ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന എല്ലാവര്‍ക്കും സ്വതന്ത്രമായും അഭിമാനത്തോടെയും ജീവിക്കാന്‍ കഴിയുന്ന സാഹചര്യം; മറ്റേതെങ്കിലും സമുദായത്തേയോ ഗ്രൂപ്പുകളേയോ ഭയപ്പെടാതെ ജീവിക്കാന്‍ സാധിക്കുന്ന സാമൂഹികാവസ്ഥ. ഇതാണ് ആവശ്യം.
ഭരണഘടനയാണ് എല്ലാ ജനവിഭാഗങ്ങളുടെയും ആത്യന്തിക റഫറന്‍സ് ഗ്രന്ഥം. അതിലെ മൂല്യങ്ങള്‍ നമ്മുടെ മൂല്യങ്ങളായി മാറ്റണം. ഭരണഘടനയ്ക്ക് വിരുദ്ധമായ ഒരു കാര്യവും നാം അനുവദിക്കരുത്.
രാഷ്ട്രീയപാര്‍ട്ടികളും സാമൂഹിക സംഘടനകളും സാംസ്‌കാരിക പ്രസ്ഥാനങ്ങളും ഭരണഘടനയെ സംരക്ഷിക്കാന്‍ ഒന്നിക്കണം. ധ്രുവീകരണത്തിന്റെയും വിഭാഗീയതയുയെയും ദുരന്തഫലങ്ങളെപ്പറ്റി സര്‍ക്കാര്‍ ബോധവാന്മാരാകണം; തെറ്റുകള്‍ തിരുത്തണം. എല്ലാ ജനങ്ങളും ഇന്ത്യയിലെ പൗരന്മാരാണെന്ന സത്യം അംഗീകരിക്കുക. മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ പേരില്‍ വിഭജിക്കപ്പെടാന്‍ നാം സ്വയം വിട്ടുകൊടുക്കരുത്.
ഇന്ത്യയുടെ 71-ാം സ്വാതന്ത്ര്യദിന വാര്‍ഷികത്തിന് ഏതാനും ദിവസങ്ങളേ ഇനി ശേഷിച്ചിട്ടുള്ളൂ. സമകാലിക യാഥാര്‍ഥ്യങ്ങളെ തിരിച്ചറിഞ്ഞു ഇന്ത്യയുടെ ഭരണഘടനയുടെ പവിത്രതയ്ക്കും അതിന്റെ അടിസ്ഥാന പ്രമാണങ്ങളുടെ നിലനില്‍പ്പിനും വേണ്ടി ഒറ്റക്കെട്ടായി നിലക്കൊള്ളുമെന്ന പ്രതിജ്ഞയെടുക്കാനുള്ള സമയമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>