• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

സ്വാമി ബ്രഹ്മാനന്ദ തീര്‍ത്ഥ

By on August 1, 2018
1

ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള
മാധ്യമങ്ങളുടെ അവഹേളനത്തെപ്പറ്റി

ക്രൈസ്തവ കെട്ടുറപ്പ്
തകര്‍ക്കാനാണ് ശ്രമം;
ആ കെണിയില്‍ വീഴരുത്

സ്വാമി ബ്രഹ്മാനന്ദ തീര്‍ത്ഥ
(വാട്‌സ്ആപില്‍നിന്ന്)

ക്രിസ്ത്യന്‍ സഹോദരന്മാരോട് എനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്. കേരത്തിന്റെ നാടാണ് കേരളം. തെങ്ങില്‍നിന്ന് തേങ്ങയിടുമ്പോള്‍ ഒരു ‘പേട്ട്’ തേങ്ങ കണ്ടാല്‍, അതെടുത്ത് കളയാറുണ്ട്; അല്ലാതെ എല്ലാ തേങ്ങയും കളയാറില്ല. ശരീരത്തില്‍ വ്രണം വന്നാല്‍ ആ ഭാഗം കരിച്ചു കളയാറുണ്ട്; തല വെട്ടി കളയാറില്ല. ഡയബറ്റിക്‌സ് വന്നാല്‍ കാല്‍പാദം വെട്ടും, കാലുവെട്ടും, ചിലപ്പോള്‍ അരഭാഗംവരെ വെട്ടും. ശരീരം വികൃതമാകും. വികലാംഗന്‍. അല്ലാതെ തല വെട്ടികളയാറില്ല. അവനവന്‍ അവനവനെ ഇല്ലാതാക്കാറില്ല.
ഇപ്പോള്‍ ക്രിസ്ത്യന്‍ സഭയില്‍ അല്‍മായര്‍, അവരെ നയിക്കുന്ന വൈദികര്‍. ഇവരൊക്കെ ഇത്രടംവരെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക കാര്യങ്ങള്‍ക്കുവേണ്ടി ബൃഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ളവരാണ്, നല്‍കികൊണ്ടിരിക്കുന്നവര്‍, ഇനിയും നല്‍കുന്നുള്ളവര്‍.
അതിനുവേണ്ടി ജന്മം മുഴുവന്‍ തപമാക്കി നടക്കുന്നവരാണ് വൈദികര്‍. അതിനിടെ ഇപ്പോഴുണ്ടായിട്ടുള്ള സംഭവങ്ങളെ ഒറ്റപ്പെട്ട കാര്യമായി കാണുക. അതിനെ സഭയുടെ മൊത്ത വിശുദ്ധി അളക്കാനുള്ള മാനദണ്ഡമായി നിങ്ങള്‍ കണക്കാക്കരുത്. അങ്ങനെ കണക്കാക്കിയാല്‍, അതിന്റെ ഭവിഷ്യത്ത് സഭയ്ക്ക് മാത്രമല്ല, അതിലൂടെ വിശ്വാസി സമൂഹത്തിന് ഒന്നടങ്കം വന്നുചേരും. വൈദികരുടെയും പള്ളിപ്രസ്ഥാനങ്ങളുടെയും നേരെ കാടടച്ചു വെടി വയ്ക്കരുതെന്ന് സാരം.
മാധ്യമങ്ങള്‍ വിധിയെഴുതിയിരിക്കുകയാണ്, എല്ലാ വൈദികരും കന്യാസ്ത്രീകളും ബിഷപ്പുമാരും മോശം ആളുകളാണെന്ന്. അവരാണ് വിധിയെഴുതിയിരിക്കുന്നത്, കോടതിയല്ല.
എന്നാല്‍ ഇവരുടെ ജല്‍പനങ്ങളെ മാനദണ്ഡമാക്കി ‘എല്ലാവരും കണക്കാണ്’ എന്നൊരു വാക്ക് വിശ്വാസി സമൂഹത്തിന്റെ വായില്‍നിന്നു വീഴരുത്. മാധ്യമങ്ങള്‍ അതിനുവേണ്ടിയാണ് കിണഞ്ഞു പരിശ്രമിക്കുന്നത്. അവര്‍ക്ക് കഴുകന്മാരുടെ സ്വഭാവമാണ്. ശവംതീനികളുടെ സ്വഭാവം. എവിടെയെങ്കിലും ഒരു ജഡം ചത്തുമലച്ചു കിടന്നാല്‍ പൊലിസെത്തും, ബന്ധുമിത്രാദികളെത്തും. എന്നാല്‍ അതിനുമുമ്പ് കഴുകന്മാര്‍ എത്തും. ചീഞ്ഞഴിഞ്ഞ മാംസം തിന്നാന്‍. നഗരമധ്യത്തില്‍ ആരെങ്കിലും ഉടുവസ്ത്രമില്ലാതെ നിന്നാല്‍ നാളത്തെ പത്രത്തില്‍ അത് വലിയ വാര്‍ത്തയാണ്. എന്നാല്‍ ഏതെങ്കിലും വ്യക്തി ഒരനാഥാലയത്തിന് 150 വീട് വച്ചുകൊടുത്താല്‍, അതൊന്നും വാര്‍ത്തയല്ല.
മാധ്യമ ജല്‍പനങ്ങളെ അതേപടി ഏറ്റുവാങ്ങി സഭയേയും വൈദികരെയും വിശ്വാസികള്‍ തന്നെ വിമര്‍ശിക്കാന്‍ തുടങ്ങിയാല്‍ നഷ്ടം സംഭവിക്കുക ക്രിസ്ത്യന്‍ സമൂഹത്തിന് ഒന്നടങ്കമായിരിക്കും. ഇന്നത്തെ സമൂഹവും നാളെ വരാനിരിക്കുന്ന സമൂഹവും നശിച്ചുപോകും. നിങ്ങളുടെ വൈദികരും വിശ്വാസികളായ നിങ്ങളും തപംചെയ്തുണ്ടാക്കിയ ഈ കൂട്ടായ്മ എന്നും എല്ലാ രംഗത്തും പരസ്പര ആശ്രയത്വത്തോടുകൂടി, ഊടുംപാവും എന്ന നിലയില്‍ നിലനിന്നതുകൊണ്ടാണ് രൂപം കൊണ്ടത്. നിങ്ങളുടെ സമൂഹം അങ്ങനെയാണ് എല്ലാ രംഗത്തും ഇന്ന് പുരോഗതിയുടെ തുഞ്ചത്ത് എത്തിനില്‍ക്കുന്നത്; ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്ക് പോകാനിരിക്കുന്നത്.
അങ്ങനെയുള്ള നിങ്ങളുടെ സമൂഹത്തെ തച്ചുടക്കാന്‍ ശ്രമിക്കുന്ന ക്ഷുദ്രശക്തികളെ നിങ്ങള്‍ തിരിച്ചറിയണം. അതിനു ശ്രമിക്കുന്നില്ലെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് വലിയ ഗതികേടായിരിക്കും.
ഇന്ന് ക്രിസ്ത്യന്‍ സഹോദരന്മാര്‍ തന്നെ അവരുടെ സഭയ്ക്കും വൈദികര്‍ക്കും എതിരെ സംസാരിക്കുന്നത് കാണുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്. മറ്റുള്ളവര്‍ സംസാരിക്കും. അതിനു പിന്നില്‍ മതപരമോ, തീവ്രവാദ ചിന്തകളോ ഒക്കെ ഉണ്ടായിരിക്കും. എന്നാല്‍ ഇതൊക്കെ കാണുന്ന, കേള്‍ക്കുന്ന കുട്ടികളും പാവപ്പെട്ട മനുഷ്യരും, എന്താണ് വിചാരിക്കുക? യഥാര്‍ഥ വസ്തുതകള്‍ മനസ്സിലാക്കാന്‍ സന്യാസി സമൂഹത്തിന് കഴിയും. ഈ പത്രക്കാര്, ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ എന്തു ചെയ്തിട്ടും ചിന്തിക്കുന്ന മനുഷ്യരുടെ മനസ്സ് മാറ്റാന്‍ കഴിയില്ല…
നിങ്ങളെ ആധ്യാത്മികമായി, ഭൗതികമായി, സാംസ്‌കാരികമായി, സാമൂഹികമായി വളര്‍ത്തിയിട്ടുള്ള നിങ്ങളുടെ ആധ്യാത്മികാചാര്യന്മാരെ മാധ്യമങ്ങള്‍ പറയുന്നത് കേട്ട് വിധിക്കരുതേന്നെ ഞാന്‍ പറയുന്നുള്ളൂ. നിങ്ങളുടെ കെട്ടുറപ്പിനെ തകര്‍ക്കാന്‍ മാധ്യമങ്ങള്‍ നടത്തുന്ന ശ്രമത്തില്‍ നിങ്ങള്‍ കെണിയില്‍വീഴരുത്. സഭയ്‌ക്കെതിരെ, വൈദികര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പരസ്യമായി പ്രതികരിക്കയല്ല വേണ്ടത്. മാധ്യമങ്ങളില്‍ കേള്‍ക്കുന്ന ജല്‍പനങ്ങള്‍ക്കുനേരെ നിങ്ങള്‍ മുഖം തിരിക്കണം… പകരം, നിങ്ങള്‍ നിങ്ങള്‍ക്കിടയില്‍ വിചാരം കൊള്ളണം. തിരുത്തേണ്ടത് തിരുത്തണം.
അതിനുപകരം, സ്വയം നാശത്തിലേക്കുള്ള വഴി തിരഞ്ഞെടുക്കരുത്. നിങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമത്തിന് നിങ്ങളെത്തന്നെ വിട്ടുകൊടുക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>