• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

സമുദായങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മാധ്യമ ശൈലി ശരിയല്ല

By on August 1, 2018
Imam

 

സെയ്ഫുദ്ദിന്‍ അല്‍ഖാസിമി
ഇമാം, കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ്

ചില വ്യക്തികള്‍ക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളുടെ പേരില്‍ ക്രൈസ്തവ സമുദായത്തെ മുഴുവന്‍ കരിവാരിത്തേയ്ക്കുന്ന നിഷേധാത്മക മാധ്യമ ശൈലിയോട് ഒട്ടും യോജിപ്പില്ല. സമൂഹ മധ്യത്തില്‍ വൈകാരിക പ്രക്ഷുബ്ധത സൃഷ്ടിക്കുന്ന രീതിശാസ്ത്രം മാധ്യമങ്ങള്‍ ഉപേക്ഷിക്കണം.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ നാവായിരിക്കണം ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍. സമൂഹത്തില്‍ തെറ്റുതിരുത്തല്‍ ശക്തിയായി മലയാള മാധ്യമങ്ങള്‍ നിലകൊണ്ടിട്ടുള്ള അവസരങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. അത്തരം ക്രിയാത്മ ഇടപെടലുകളാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അല്ലാതെ വ്യക്തികളെയും സമൂഹത്തെയും മതാചാര്യന്മാരെയും അവഹേളിക്കുന്ന രീതിയല്ല വേണ്ടത്. ഇത് ആത്യന്തികമായി ആ മാധ്യമത്തിലുള്ള വിശ്വാസ്യത തകര്‍ക്കുകയേയുള്ളൂ.
ഇന്നു ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ മാധ്യമങ്ങളില്‍ ഭൂരിഭാഗത്തിനും നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്. രാഷ്ട്രീയ കക്ഷികളുടെയും വര്‍ഗീയ പ്രസ്ഥാനങ്ങളുടെയും സ്വാധീനം ഒരിക്കലും മുഖ്യധാര മാധ്യമങ്ങള്‍ക്ക് ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അതുപോലെ ഭരണകൂട വിധേയത്വവും ചില മാധ്യമങ്ങളിലുണ്ട്. അതുകൊണ്ടാണ് ജനങ്ങളെ ബാധിക്കുന്ന കാതലായ പ്രശ്‌നങ്ങള്‍ മറന്ന് വ്യക്തിഹത്യയുടെയും തേജോവധത്തിന്റെയും സമുദായത്തെ മുഴുവന്‍ അവഹേളിക്കുന്നതിന്റെയും വഴികളിലേക്ക് അവ അധഃപതിക്കുന്നത്.
വിവാദങ്ങള്‍ ഉണ്ടായാലേ പത്രങ്ങളുടെ പ്രചാരം വര്‍ധിക്കൂ; ചാനലുകള്‍ കൂടുതല്‍ ആളുകള്‍ കാണൂ. പ്രചാരവും കാഴ്ചക്കാരുടെ എണ്ണം സൂചിപ്പിക്കുന്ന റേറ്റിംഗും വര്‍ധിച്ചാലേ പരസ്യ വരുമാനം കൂടൂ. അതുകൊണ്ടുകൂടിയാണ് വിവാദ വിഷയങ്ങളെടുത്ത് മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. നെഗറ്റീവ് വാര്‍ത്തകള്‍ കാണാനും കേള്‍ക്കാനും വായനക്കാരും പ്രേക്ഷകരും കൂടും.
ജനങ്ങള്‍ വേണ്ടത്ര പ്രതികരിക്കാത്തതാണ് സമുദായങ്ങളെ ഇത്തരത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള വാര്‍ത്താശൈലി വളരുന്നതിനു കാരണം. പ്രവാചകനെ അധിക്ഷേപിച്ചു കേരളത്തിലെ ഒരു പത്രം സമീപകാലത്ത് ലേഖനമെഴുതിയപ്പോള്‍ മുസ്ലിം സമുദായം സ്വാഭാവികമായും പ്രതിഷേധിച്ചു. ആ പ്രതിഷേധം കോപ്പികള്‍ ഇടിയുന്നതിനും പരസ്യങ്ങള്‍ കുറയുന്നതിനും കാരണമായപ്പോള്‍, അവര്‍ക്ക് മാപ്പ് പറയേണ്ടിവന്നു.
പല പത്രങ്ങളും ചാനലുകളും ഇങ്ങനെ അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ പ്രവണത ഇപ്പോഴുമുണ്ട്. ഇന്ന് മാധ്യമങ്ങള്‍ സത്യസന്ധതയ്ക്കു പകരം സാമുദായിക താല്‍പര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നു വേണം കരുതാന്‍. ഇതൊക്കെ കാണുമ്പോള്‍ വല്ലാത്ത തിക്കുമുട്ട് തോന്നുന്നു. പക്ഷേ, ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് രക്ഷയില്ല.
ചില സമുദായങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിനു പിന്നില്‍ കേര്‍പറേറ്റ് സ്ഥാപനങ്ങളുടെ താല്‍പര്യമുണ്ടോയെന്നും സംശയിക്കണം. ന്യൂനപക്ഷ സമുദായങ്ങളെ വിദ്യാഭ്യാസ, സാമൂഹിക, ആതുര ശുശ്രൂഷാ മേഖലകളില്‍ നിന്നു പുറത്താക്കിയാല്‍ ഈ രംഗങ്ങളിലൊക്കെ വന്‍കൊള്ള നടത്താനുള്ള അവസരമൊരുങ്ങും.
ഏതായാലും മാധ്യമങ്ങള്‍ ഇപ്പോഴത്തെ നിഷേധാത്മക ശൈലി തിരുത്തണം. നിഷ്പക്ഷമായ മാധ്യമപ്രവര്‍ത്തനമാണ് സമൂഹത്തെയും രാജ്യത്തെയും വളര്‍ത്തുക. എല്ലാ മതങ്ങളും സ്‌നേഹവും കാരുണ്യവുമാണ് ഉദ്‌ഘോഷിക്കുന്നത്. അവയിലുള്ള കുറ്റങ്ങളെയും കുറവുകളെയും ഊതി വീര്‍പ്പിക്കുകയല്ല വേണ്ടത്. തിരുത്തല്‍ ശക്തിയായി നിന്ന് സമൂഹത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് മാധ്യമങ്ങള്‍ സഹായിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>