• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

റവ. ഡോ. അഗസ്റ്റിന്‍ പാംപ്ലാനി

By on August 1, 2018
Confession

കുമ്പസാരം : മാധ്യമ ചര്‍ച്ചകളില്‍ തെളിയുന്ന ദാര്‍ശനിക പാപ്പരത്തം

 

അനുരഞ്ജനത്തിന്റെ ഉല്‍കൃഷ്ടമായ മാനസിക വ്യാപാരമാണ് കുമ്പസാരക്കൂട്ടില്‍ നടക്കുന്നത്. പരസ്‌നേഹത്തിന്റെ വിട്ടുപോയ കണ്ണികള്‍ കൂട്ടിയിണക്കാന്‍ അവിടെ ആഹ്വാനം നല്‍കപ്പെടുന്നു.

ദോസ്‌തോവ്‌സ്‌കിയുടെ വിഖ്യാതമായ ‘കുറ്റവും ശിക്ഷയും’ എന്ന നോവലില്‍ കുമ്പസാരത്തിന്റെ ആലങ്കാരികമായ ഒരു ആവിഷ്‌കാരമുണ്ട്. റസ്‌കോള്‍ നിക്കോഫ് സോണിയയോട് താന്‍ നടത്തിയ കൊലപാതകത്തെക്കുറിച്ച് തുറന്നു പറയുന്നു. കൊലപാതകിയും വേശ്യപ്പെണ്ണുംകൂടി രാത്രിയില്‍ മെഴുകുതിരിയുടെ വെളിച്ചത്തില്‍, മരിച്ച് നാലുദിവസമായി ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയ ലാസറിനെ ക്രിസ്തു ജീവനിലേക്ക് ഉയിര്‍പ്പിക്കുന്ന സുവിശേഷഭാഗം വായിക്കുകയാണ്. വിശ്വസാഹിത്യം മുഴുവനും അരിച്ചുപെറുക്കിയാലും ഇത്ര സുന്ദരമായ ഒരു രംഗം കാണാനാവുമോ എന്നു സംശയം. വായനയുടെ അവസാനം വേശ്യ കൊലപാതകിയെ ഉപദേശിക്കുകയാണ്: ‘നേരം വെളുക്കുമ്പോള്‍ ആ നാല്‍ക്കവലയിലേക്ക് ചെന്നു നീ മലിനമാക്കിയ മണ്ണിനെ ചുംബിച്ച് എല്ലാവരോടുമായി വിളിച്ചു പറയണം, ഞാനാണ് കൊലപാതകി.’ റസ്‌കോള്‍ നിക്കോഫിന്റെ പരസ്യകുമ്പസാരം കേട്ട സമൂഹം പറഞ്ഞു: ‘അവന് ഭ്രാന്താണ്.’
കുറ്റബോധത്താല്‍ അഴുകി ദുര്‍ഗന്ധം വമിക്കുന്ന റസ്‌കോള്‍ നിക്കോഫിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ അത്ഭുതം സംഭവിക്കുന്നത് ഏറ്റുപറച്ചിലിലൂടെയാണ്. സങ്കീര്‍ണമായ മനുഷ്യമനസ്സിന്റെ സംഭ്രമജനകമായ തലങ്ങളെ അത്യന്തം ഭാവാത്മകമായി ആവിഷ്‌കരിക്കുന്ന ഇത്തരം ഭാവനകളിലൂടെയാണ് ദോസ്‌തോവ്‌സ്‌കിയുടെ രചനകള്‍ ആകാശവും ഭൂമിയും കടന്നുപോയാലും കടന്നുപോകാത്ത അക്ഷരങ്ങളിലെ അത്ഭുതങ്ങളായി ചിരപ്രതിഷ്ഠനേടുന്നത്.
ഇന്ന് കുമ്പസാരം എന്ന ക്രിസ്തീയ കൂദാശയെക്കുറിച്ച് നടക്കുന്ന മാധ്യമവിചാരങ്ങളിലെ ദാര്‍ശനികമായ അല്‍പത്തത്തെക്കുറിച്ച് ദോസ്‌തോവ്‌സ്‌കി ദീര്‍ഘദര്‍ശനം നടത്തുകയായിരുന്നോ എന്ന് സംശയിച്ചുപോകും. ഏറ്റുപറയുന്നവന്റെ സ്വകാര്യമായ അനുഭൂതികളെ ദൂരക്കാഴ്ച നടത്തുന്ന സമൂഹം ഭ്രാന്ത് എന്ന് മുദ്രകുത്തും. സങ്കീര്‍ണമായ മനുഷ്യമനസ്സിന്റെ നെടുവീര്‍പ്പുകളെ ഇത്ര വികലവും ഉപരിപ്ലവവുമായി മാധ്യമങ്ങള്‍ ഇട്ട് അമ്മാനമാടുമ്പോള്‍ തോല്‍പിക്കപ്പെടുന്നത് പള്ളിയും പട്ടക്കാരനുമല്ല, മനുഷ്യനും അവന്റെ ദുഃഖങ്ങളും തന്നെയാണ്.
കിതയ്ക്കുന്ന പ്രാണന്റെ നിശ്വാസങ്ങളാണ് ഏറ്റുപറച്ചിലുകള്‍. മാനവവിജ്ഞാനീയത്തിന്റെ സങ്കേതങ്ങളെ ഉപയോഗിച്ചാല്‍ കുമ്പസാരം മതാത്മകമായ ആചാരമാകുന്നത് അപൂര്‍ണനായ മനുഷ്യന്റെ പൂര്‍ണതയ്ക്കായുള്ള ജൈവിക ചോദനകളില്‍ അത് അധിഷ്ഠിതമായതുകൊണ്ടാണ്. ഇതൊക്കെ മതത്തിന്റെ കണ്ടുപിടിത്തമല്ലേ എന്ന ചോദ്യം അപക്വവും ദരിദ്രവുമായ മാനവദര്‍ശനത്തിന്റെ ഉല്‍പന്നമാണ്. ശബരിമലയ്ക്കുപോകാനുള്ള ഒരുക്കത്തിന്റെ നാളുകളില്‍ അല്‍പം മദ്യം കഴിക്കാനിടയായ ഒരു അയ്യപ്പന്‍ കുമ്പസാരത്തെപ്പറ്റി കേട്ടറിഞ്ഞ് പാപമോചനത്തിനായി ഒരു വികാരിയച്ചനെ സമീപിച്ച സംഭവം കേട്ടിട്ടുണ്ട്. സൗഖ്യം അന്വേഷിക്കുന്ന ദുഃഖം അതിര്‍ത്തികളെ അറിയുന്നില്ലല്ലോ. മനുഷ്യാവസ്ഥയുടെ മര്‍മ്മം തൊട്ടറിഞ്ഞിട്ടുള്ള ദോസ്‌തോവ്‌സ്‌കിയുടെ ‘കാരമസോവ് സഹോദരന്മാര്‍’ എന്ന നോവലില്‍ ഏറ്റുപറച്ചിലിന്റെ ചോദനകളെ പ്രാപഞ്ചികമായ സീമകളിലേക്ക് തുറന്നുവിടുകയാണ്. ‘എന്റെ സഹോദരന്‍ പക്ഷികളോട് കുമ്പസാരം നടത്തി; ഇത് അസംബന്ധമായി തോന്നാം. എന്നാല്‍ ഇത് ശരിയാണ്. എല്ലാം ഒരു സാഗരം പോലെയാണ്…’
ഉപേക്ഷിക്കാനാവാത്ത ആത്മബോധവും തന്നോടുതന്നെ നിരന്തരം നടത്തുന്ന ചോദ്യംചെയ്യലുമാണ് മനുഷ്യന്‍ ഏറ്റവും ഭയപ്പെടുന്നത് എന്ന് ഫ്രഞ്ച് അസ്തിത്വചിന്തകനായ ജീന്‍ പോള്‍ സാര്‍ത്ര് പറയുന്നു. ഭീകരമായ ഈ ഭയം വിശ്വാസത്തിന്റെ ധൈര്യപ്രകടനത്തിന് വഴിമാറുന്നതാണ് കുമ്പസാരം.
കുമ്പസാരത്തിനെതിരായ ആശയയുദ്ധങ്ങള്‍ മനുഷ്യനും അവന്റെ ദുഃഖത്തിനും എതിരായ യുദ്ധമാണ്. മനുഷ്യസ്വാതന്ത്ര്യം ഇത്ര ഉദാത്തമായി ആവിഷ്‌കരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന സ്വകാര്യമായ ഇടങ്ങള്‍ വേറെയുണ്ടോ എന്ന് സംശയം. ഒരു വ്യക്തിക്ക് അവന്റെ സ്വകാര്യതകള്‍ കറയും മറയും കൂടാതെ, വ്യഥയും കുറ്റബോധവും കൂടാതെ ഇറക്കി വെയ്ക്കാന്‍ സാധിക്കുന്നതല്ലേ മനുഷ്യാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഉദാത്തമായ ഒരു ഭാവം? ഇത് വെറും ‘കണ്ടീഷനിംഗ്’ ആണ് എന്ന് വാദിച്ചേക്കാം. മുറിവുകളെ ഉണക്കാനും മിഴികളിലെ ഈറന്‍ ഒപ്പാനും പ്രജ്ഞയറ്റതിനെ ജീവിപ്പിക്കാനും ഈ കണ്ടീഷനിംഗിന് സാധിക്കുമെങ്കില്‍ അത് ഒട്ടും പ്രതിലോമകരമല്ല, തീര്‍ത്തും പ്രത്യുല്‍പന്നപരമാണ്.
ആത്മനിഷ്ഠ ജ്ഞാനത്തിന്റെ പ്രസാദാത്മകത ഏറെ അനിവാര്യമായ ഒരു വിഷയമാണ് കുമ്പസാരം. അവശ്യം ഗൃഹപാഠം പോലും ചെയ്യാതെ ചില മാധ്യമ വിദഗ്ധര്‍ സൃഷ്ടിക്കുന്ന കോലാഹലങ്ങള്‍ വിറ്റ്ഗന്‍സ്റ്റൈന്റെ വാക്കുകളെ അനുസ്മരിപ്പിക്കുന്നു: ‘ശരിയായത് പറയാനറിയില്ലെങ്കില്‍ മിണ്ടാതിരിക്കുന്നതാണ് അഭികാമ്യം.’
അനുരഞ്ജനത്തിന്റെ ഉല്‍കൃഷ്ടമായ മാനസിക വ്യാപാരമാണ് കുമ്പസാരക്കൂട്ടില്‍ നടക്കുന്നത്. പരസ്‌നേഹത്തിന്റെ വിട്ടുപോയ കണ്ണികള്‍ കൂട്ടിയിണക്കാന്‍ അവിടെ ആഹ്വാനം നല്‍കപ്പെടുന്നു. സഹോദരരുമായി രമ്യതപ്പെടുമ്പോള്‍ രോഗശാന്തി ലഭിക്കുന്നു എന്നത് ഒരു ശാസ്ത്രീയ ഉള്‍ക്കാഴ്ച കൂടിയാണ്. ഏറ്റുപറച്ചിലിന്റെയും അനുരഞ്ജനത്തിന്റേതുമായ ആചാരങ്ങളെ ഇകഴ്ത്തിക്കാട്ടുമ്പോള്‍ അത് മനുഷ്യാവസ്ഥയുടെ സാദ്ധ്യതകളെ കൊട്ടിയടച്ച് മനുഷ്യന്റെ ശൂന്യതകളെ താലോലിക്കുകയാണ്.
സമഗ്രമാനവികതയില്‍ അധിഷ്ഠിതമല്ലാത്ത ഉപരിപ്ലവമായ വിപ്ലവങ്ങളെ വിക്ടര്‍ യൂഗോ ‘പാവങ്ങ’ളില്‍ തുറന്നുകാണിക്കുന്നുണ്ട്. ‘സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം’ എന്ന് അട്ടഹസിച്ചുകൊണ്ട് ചോരത്തിളപ്പുള്ള യുവാക്കള്‍ പടവെട്ടുകയാണ്. അപ്പോഴതാ ഒരു പടുവൃദ്ധന്‍ വിപ്ലവത്തിന്റെ കൊടിമരത്തില്‍ കയറി കൊടിക്കൂറ വലിച്ചുകീറി ദൂരെയെറിഞ്ഞ് വിളിച്ചുപറയുന്നു: സമത്വം, സ്വാതന്ത്ര്യം, മരണം! യൂഗോയുടെ പ്രവചനം ചരിത്രം ഇഞ്ചിഞ്ചായി തെളിയിക്കുകയാണല്ലോ.
കുമ്പസാരം പുരോഹിതന്റെ അടുത്തു നടത്തണമോ, നേരിട്ട് ദൈവത്തോടു പറഞ്ഞാല്‍ പോരേ എന്നതാണ് വേറൊരു ചോദ്യം. ചെവിയും നാവും ഉള്ള മനുഷ്യനെ ബധിരനും മൂകനുമായി കാണുന്നതാണ് ഈ ചിന്താധാര. ”ദൈവം ഇല്ലെങ്കില്‍ വേഗം ഒന്നിനെ ഉണ്ടാക്കിയെടുക്കണം” എന്ന് നാസ്തികനായ വോള്‍ട്ടെയര്‍ പറഞ്ഞത് മനുഷ്യമനസിന്റെ പ്രായോഗിക ജിജ്ഞാസകള്‍ക്കുള്ള മറുപടിയാണ്. ഏറ്റുപറയാനുള്ളവന്‍ കേള്‍ക്കാനൊരുവനെ അന്വേഷിക്കുമെന്നത് ഒരു മാനസിക തത്വമാണ്. അമൂര്‍ത്തവും സ്ഥൂലവുമായതിനെയല്ല, മൂര്‍ത്തവും സ്പര്‍ശ്യവും സൂക്ഷ്മവുമായതിനെയാണ് മനുഷ്യന്‍ അന്വേഷിക്കുന്നത്. മരിച്ചുപോയവരുടെ ദീപ്തസ്മരണകളെ ചിത്രങ്ങളിലേക്ക് ആവാഹിക്കുന്നതും കവലകള്‍ തോറും ഉയരുന്ന പ്രതിമകളുമെല്ലാം ഈ ദൃശ്യവല്‍ക്കരണത്തിന്റെ ദൃഷ്ടാന്തങ്ങളാണ്. ആശയങ്ങളെക്കാളുപരി വ്യക്തികളെ സ്നേഹിക്കുവാനാണ് പരിണാമം മനുഷ്യനെ ക്രമീകരിച്ചിരിക്കുന്നത്. അദൃശ്യനായ ദൈവത്തിന്റെ പ്രതീകമായി ദൃശ്യമായ ഒരു ബിംബം മനുഷ്യാവസ്ഥയോട് കൂടുതല്‍ അടുത്തു സംവദിക്കും. അസ്തിത്വപരമായി മനുഷ്യര്‍ ഏറ്റവും ദുര്‍ബലമാക്കപ്പെടുന്ന വേളകളില്‍ ദൃശ്യവും ശ്രാവ്യവുമായ ഒരു സാന്നിധ്യത്തിനുവേണ്ടിയുള്ള തപ്തമായ നെടുവീര്‍പ്പുകള്‍ മനുഷ്യനിലുണ്ടാകും. ഇത്തരം അന്വേഷണങ്ങള്‍ നല്‍കുന്ന സ്വാഭാവിക ഇടങ്ങളിലാണ് ‘കുമ്പസാരക്കാരന്‍’ ഉണ്ടാകുന്നത്. അത് അനാവശ്യമോ അധികപ്പറ്റോ അല്ല, ശരീരബന്ധിയായ മനുഷ്യന്റെ അര്‍ഥപൂര്‍ണമായ അനിവാര്യതയാകുന്നു. ഇവിടെ പുരോഹിതന്‍ അടിച്ചേല്‍പ്പിക്കപ്പെട്ട വിഗ്രഹമോ ഇടിച്ചുകയറിയ അപരിചിതനോ അല്ല. ശാരീരിക ജീവിയായ മനുഷ്യന്റെ ശാരീരിക ആവിഷ്‌കാരങ്ങളുടെ ഇടങ്ങളില്‍ ക്ഷണിച്ചുവരുത്തിയ അതിഥിയാണ്. അതിനാല്‍ കുമ്പസാരം പുരോഹിതന്റെ കണ്ടുപിടിത്തം എന്നതിലുപരി പുരോഹിതന്‍ അനുതപിക്കുന്നവന്റെ കണ്ടുപിടിത്തം എന്നു പറയുന്നതാവും കൂടുതല്‍ ശരി.
കുമ്പസാരക്കൂട്ടിലെ ദൈവകരുണയുടെ വെള്ളപ്പൊക്കത്തില്‍ സ്നാനം ചെയ്ത് എഴുന്നേല്‍ക്കുന്ന വിശ്വാസിയുടെ വികാരവായ്പുകള്‍ക്ക് ആഖ്യാനം നല്‍കാന്‍ നിയമത്തിന്റെയോ സ്ത്രീപക്ഷ രചനകളുടെയോ വാക്കും ഭാഷയും തീര്‍ത്തും അപര്യാപ്തമാണെന്ന് ജസ്റ്റിസ് കെ. ടി. തോമസിന്റെയും എഴുത്തുകാരി എസ്. ശാരദക്കുട്ടിയുടെയും പ്രസ്താവനകള്‍ തെളിയിക്കുന്നു. ജീവിത പങ്കാളിയോട് പങ്കുവയ്ക്കാനാവാത്തത് അപരിചിതനായ ഒരു പുരോഹിതനോട് പോയി കുമ്പസാരിക്കേണ്ടിവരുന്നത് തന്നെ അപഹാസ്യം എന്ന് ശാരദക്കുട്ടി അഭിപ്രായപ്പെടുന്നു. വിശ്വാസവഞ്ചന എന്ന വാക്ക് തന്നെ ജീവിതപങ്കാളികള്‍ക്കിടയില്‍ ഉണ്ടാകാന്‍ പാടില്ലത്രേ. ഇതില്‍ രണ്ടാമത്തെ നിരീക്ഷണം തീര്‍ച്ചയായും പൗരോഹിത്യത്തിന്റെ ഭാഷ തന്നെയാണ്. നൂറ്റാണ്ടുകളായുള്ള പള്ളിപ്രസംഗങ്ങളുടെ സത്ത മുഴുവനും ഇതുതന്നെയാണ്. പക്ഷേ, ജീവിതപങ്കാളികള്‍ മാലാഖമാരല്ലല്ലോ. ഈ ആദര്‍ശം നിലനിന്നിരുന്നുവെങ്കില്‍ പുരോഹിതരെന്നല്ല കൗണ്‍സലിങ് നടത്തുന്നവരും മനഃശാസ്ത്രജ്ഞരും ഉപദേശകരും ഒന്നും ആവശ്യമില്ലായിരുന്നല്ലോ. മനുഷ്യനെപ്പറ്റിയുള്ള സംവേദനങ്ങളുടെ അപര്യാപ്തതയാണ് ഇവിടെ പ്രകടമാകുന്നത്. മനുഷ്യജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും സങ്കീര്‍ണതകളെ യാഥാര്‍ഥ്യബോധത്തോടെ അംഗീകരിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ അപഹാസ്യമെന്നു തോന്നുന്നതിന്റെ ആശാസ്യത ബോധ്യമാകും. പരിചിതരായ വൈദികനേക്കാള്‍ അപരിചിതരോട് കുമ്പസാരിക്കുവാനുള്ള സംവിധാനമാണ് സഭയും പ്രോത്സാഹിപ്പിക്കുന്നത്.
ക്രിമിനല്‍ കുറ്റം നടത്തിയ ഒരു വ്യക്തി രഹസ്യകുമ്പസാരം നടത്തുമ്പോള്‍ ആ വിവരം അന്വേഷണ ഉദ്യോഗസ്ഥനോട് വെളിപ്പെടുത്താന്‍ തയാറല്ലെങ്കില്‍ അത് നിയമവിരുദ്ധവും അധാര്‍മികവുമാണെന്ന് ജസ്റ്റിസ് കെ. ടി. തോമസ് വാദിക്കുന്നു.
ഇന്ത്യന്‍ എവിഡന്‍സ് ആക്ട് അനുസരിച്ച് കുമ്പസാരക്കൂട്ടില്‍ സിസിടിവിയും വോയ്സ് റെക്കോര്‍ഡിംഗും ഏര്‍പ്പെടുത്താതിരിക്കുന്നതും നിയമവിരുദ്ധമാകുമോ എന്നു സംശയം. അല്ലാത്തപക്ഷം വൈദികന്റെ വെളിപ്പെടുത്തലുകള്‍ക്ക് ആധികാരിക തെളിവുകളാകുന്നില്ലല്ലോ. കുമ്പസാരിക്കാന്‍ വരുന്ന വ്യക്തിയുടെ പേരോ മേല്‍വിലാസമോ ചോദിക്കാന്‍ വൈദികന് അവകാശമില്ല. കുമ്പസാരിക്കുന്ന വ്യക്തിയും കുമ്പസാരിപ്പിക്കുന്ന വൈദികനും തമ്മില്‍ നേരിട്ട് കാണാനാവാത്ത സംവിധാനമാണ് സാധാരണ കുമ്പസാരക്കൂടിന്റേത്.
മനുഷ്യമനസ്സിന്റെ നന്മമുഴുവന്‍ ഏറ്റുപറച്ചിലായി ഇതള്‍വിടരുന്ന കുമ്പസാരമെന്ന ആത്മീയ കര്‍മത്തെ ഒറ്റിക്കൊടുക്കപ്പെടുന്നതിന്റെ ഭയം വേട്ടയാടാന്‍ പാടുള്ളതല്ല. ഏറ്റുപറച്ചിലിന്റെ നന്മയെ അധിക നന്മയുടെ വഴിയിലേക്കു തിരിച്ചുവിടാന്‍ നന്മനിറഞ്ഞ മാര്‍ഗം തന്നെയാണ് പുരോഹിതന്‍ അവിടെ ഉപയോഗിക്കുക. ക്രിമിനല്‍ കുറ്റം ഉത്തരവാദിത്തപ്പെട്ടവരോട് സ്വമേധയാ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപദേശിക്കുന്നു. അതിനപ്പുറമുള്ള ഏതൊരു നൈയാമിക നിര്‍ബന്ധത്തെയും വര്‍ധിത വീര്യത്തോടെ ചെറുക്കുവാന്‍ കുമ്പസാരത്തിന്റെ അര്‍ഥമറിയുന്ന ഒരു വൈദികനും വിശ്വാസിക്കും രണ്ടിലൊന്ന് ചിന്തിക്കാനില്ല. ആത്മാവിന്റെ സ്വകാര്യതയുടെ സംരക്ഷണത്തിന് അസാധാരണ നടപടിക്രമങ്ങള്‍ തന്നെ വേണ്ടിവരും. അതുകൊണ്ടാണ് കുമ്പസാരരഹസ്യം ലംഘിക്കുന്ന പുരോഹിതന്‍ അതിനാല്‍ തന്നെ സഭാഭ്രഷ്ടനാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>