‘മലയാളം’ വാരികയും കുമ്പസരിക്കാത്ത ഭൂലോക വിഡ്ഢിത്തങ്ങളും

By on August 1, 2018
malam varika

 

മാതൃഭൂമി ഉള്‍പ്പെടെയുള്ള വര്‍ഗീയ പത്രങ്ങളും ചാനലുകളും കത്തോലിക്കാ സഭയേയും വൈദികരേയും കത്തോലിക്കാ പൗരോഹിത്യത്തേയും വിശ്വാസ സംഹിതകളേയും നിരന്തരം, നികൃഷ്ടമായി വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ് ഏതാണ്ട് ഒരു മാസത്തിലേറെയായി.
എന്നാല്‍ ഇംഗ്ലീഷ് പത്രമായ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ‘മലയാളം’ വാരികയില്‍ ഇക്കഴിഞ്ഞ ജൂലൈ 16 ന് പ്രസിദ്ധീകരിച്ച കെ.സി വര്‍ഗീസിന്റെ ലേഖനത്തോളം മ്ലേച്ഛമായി ക്രൈസ്തവരേയും കത്തോലിക്കാ പൗരോഹിത്യം, സന്യസ്തജീവിതം, ബ്രഹ്മചര്യം, കുമ്പസാരം എന്നിവയേയും ചിത്രീകരിച്ച മറ്റൊന്ന് സമീപകാലത്ത് മലയാള ഭാഷയെ മലിനമാക്കിയിട്ടില്ല.
ഇന്ത്യന്‍ ശിക്ഷാനിയമം 153 എ, 153 ബി, 295 എ എന്നീ വകുപ്പുകള്‍ പ്രകാരം മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയും അവജ്ഞയും അവിശ്വാസവും ശത്രുതയും വളര്‍ത്തുന്നതിന്റെയും വിശ്വാസത്തെ അവഹേളിച്ചതിന്റെയും പേരില്‍ ലേഖകനും വാരികയ്ക്കും എതിരെ കേസ് എടുക്കേണ്ടതാണ്. കത്തോലിക്കാ വിശ്വാസികളുടെ പരിപാവനമായ കുമ്പസാരം എന്ന കൂദാശയെ ‘വൈകൃതം’ എന്നു വിശേഷിപ്പിച്ചതുമാത്രം മതി, മൂന്നുവര്‍ഷത്തെ തടവു ശിക്ഷ ലഭിക്കാന്‍. ലേകനം എഴുതിയ കെ.സി വര്‍ഗീസ് എഡിറ്റര്‍ സജി ജയിംസ്, പ്രസാധകരായ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എന്നിവരാണ് പ്രതിക്കൂട്ടിലാവുക.

തലവാചകത്തിലെ ‘കുമ്പസരിക്കാത്ത’ എന്ന വാക്ക് വായനക്കാര്‍ ശ്രദ്ധിച്ചല്ലോ; അതിലെ അബദ്ധം ഇതെഴുതുന്ന ലേഖകന്റേതല്ല. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എന്ന ഇംഗ്ലീഷ് പത്രത്തിന്റെ വര്‍ഗീയ ചുവയുള്ള ‘മലയാളം’ വാരികയുടെ ജൂലൈ 16 ലക്കം ഒന്നാം പേജില്‍ അതു വായിക്കാം.
കൂദാശകളെപ്പറ്റി സാമാന്യ വിവരമുള്ളവരൊക്കെ കുമ്പസാരം എന്നേ പറയാറുള്ളു. എന്നാല്‍ വിവരത്തിന്റെ സര്‍വജ്ഞപീഠം കയറിയ സാംസ്‌കാരിക വാരികയ്ക്കും അതില്‍ കുമ്പസാരത്തെ അവഹേളിച്ചു എഴുതിയിട്ടുള്ള കെ.സി. വര്‍ഗീസ് എന്ന വ്യക്തിക്കും കുമ്പസരം ആണ്; കുമ്പസാരം അല്ല! കുമ്പസാരം എന്ന് തെറ്റുകൂടാതെ എഴുതാന്‍പോലുമറിയാത്തവരാണ് കുമ്പസാരം എന്ന പവിത്രമായ കൂദാശയെപ്പറ്റി ‘ദൈവശാസ്ത്രം’ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്!
‘കൗദാശിക ദൈവശാസ്ത്രം’ എന്ന ഒരു ശാഖതന്നെയുണ്ട്, സാര്‍വത്രിക കത്തോലിക്കാ സഭയില്‍. അതൊന്നും ഈ ദൈവശാസ്ത്ര വിദ്വാന്‍ കണ്ടതായി തോന്നുന്നില്ല. സഭ, വൈദികര്‍, വൈദികരുടെ ബ്രഹ്മചാര്യം, സന്യസ്ത ജീവിതം, ആരാധനാക്രമം, കൂദാശകള്‍ തുടങ്ങിയവയെപ്പറ്റി തങ്ങള്‍ക്കു വേണ്ടവിധത്തില്‍ എഴുതാനും അവയെയൊക്കെ താറടിച്ചുകാണിക്കാനും മലയാള മാധ്യമങ്ങളില്‍ ‘വിദഗ്ധര്‍’ കുറച്ചൊന്നുമല്ല; അവരിലൊരാളാണ് ക്രൈസ്തവ വിരുദ്ധതയുടെ തിമിരംബാധിച്ച ഇതിന്റെ സ്രഷ്ടാവ്.
പണ്ടൊരു എഡിറ്റര്‍ കത്തോലിക്കരുടെ കുര്‍ബാനയെപ്പറ്റി പ്രമുഖ പത്ര ഓഫീസില്‍ പറഞ്ഞത് ഓര്‍മയുണ്ട്: കുര്‍ബാനയെന്നു പറയുന്നത്, ‘അച്ചന്മാരും കന്യാസ്ത്രീകളും അല്‍മായരും ഒക്കെ കുടയും കൊടിയുമൊക്കെ പിടിച്ചു വഴിയിലൂടെ നടത്തുന്ന ഘോഷയാത്രയാണ്; ബാന്റ് കൊട്ടും ഉണ്ടാകും!’ എങ്ങനയുണ്ട് അയാളുടെ വിവരം! ഇത്തരം വിഡ്ഢി വൃകോദരന്മാരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം; എങ്കിലും മലയാളം വാരികയും കെ.സി വര്‍ഗീസും കത്തോലിക്കാ സഭയിലെ കുമ്പസാരമെന്ന കൂദാശയെപ്പറ്റി മനസ്സിലാക്കിവച്ചിരിക്കുന്ന വിഡ്ഢിത്തങ്ങള്‍ വായനക്കാര്‍ അറിയണം. ഇതാണല്ലോ, ഈ വാരികയിലൂടെ അതിന്റെ വായനക്കാര്‍ക്ക് വിളമ്പി അവരെയും വിഡ്ഢികളാക്കുന്നത്!
ലേഖകന്റെ കണ്ടെത്തലുകള്‍
സ്വന്തം വാക്കുകളില്‍:
1. കുമ്പസാരം എന്നാല്‍ :
‘ഒരുവശത്ത് വൈദിക വേഷധാരിയായ പുരോഹിതന്‍ ഇരിക്കും. വിശ്വാസി മുട്ടുകുത്തി നിന്ന് താനിതുവരെ ചെയ്തു പോയ സകല പാപങ്ങളും ഏറ്റുപറയും. പാപപ്പരിഹാരമായി 40 കുമ്പീടല്‍, പള്ളിയിലെ വിളക്കില്‍ ഒരു കുപ്പി എണ്ണ, 50 നന്മനിറഞ്ഞ മറിയം, അഞ്ച് സ്വര്‍ഗസ്ഥനായ പിതാവ്, ഒരു വിശ്വാസപ്രമാണം ഇത്രയും ചൊല്ലുക. അതോടെ പാവം വിശ്വാസി പാപങ്ങളുടെ ഭാരത്തില്‍ നിന്ന് താല്‍കാലിക മോചനം പ്രാപിക്കുന്നു.
ഒരു വര്‍ഷത്തില്‍ എത്ര തവണ വേണമെങ്കിലും ഇതാവര്‍ത്തിക്കാം. അതു നിറവേറ്റി കുമ്പസാര രജിസ്റ്ററില്‍ പേരെഴുതാത്തവര്‍ക്ക് ഇടവക പൊതുയോഗത്തില്‍ ഇരിക്കാനോ അഭിപ്രായം പറയാനോ അവകാശമില്ല.
പള്ളിക്കമ്മിറ്റിയില്‍ ഇടം പിടിക്കണമെങ്കില്‍ ചുരുങ്ങിയത് ആണ്ടില്‍ ഒരു പാപം എങ്കിലും ചെയ്തിരിക്കണം എന്നു ചുരുക്കം. പാപം ചെയ്താല്‍ പോരാ, അതു ഇടവക വികാരിക്കു മുന്നില്‍ ഏറ്റുപറഞ്ഞു പാപമോചനം പ്രാപിക്കണം. ഒന്നോ അതിലേറെയോ പാപങ്ങള്‍ ഒരു വര്‍ഷം മുഴുവന്‍ ചെയ്യാനുള്ള ലൈസന്‍സാണ് വിശ്വാസിയുടെ ഈ ആണ്ടുകുമ്പസാരം…
(ശ്രദ്ധിക്കുക : കെ.സി വര്‍ഗീസ് എന്ന ഈ ക്രിസ്ത്യന്‍ നാമധാരി എത്ര മ്ലേച്ഛമായാണ് കുമ്പസാരത്തെ കാണുന്നത്! അധികാര സ്ഥാനത്തെത്താനുള്ള കുറുക്കുവഴിയാണ് പാപം ചെയ്യലും കുമ്പസാരവും! ഇത്ര നികൃഷ്ടമായി ഒരു കൂദാശയെ കാണാന്‍ കഴിയുന്നതിനു പിന്നിലെ രോഗാതുരമായ ചിന്താധാര അത്ഭുതപ്പെടുത്തുന്നതാണ്.) ഭൂലോക വിഡ്ഢിത്തം എന്നേ ഇതേപ്പറ്റി പറയാനുള്ളൂ…
2. രണ്ടാമത്തെ കണ്ടെത്തല്‍ :
1599 ലെ ഉദയംപേരൂര്‍ സൂനഹദോസിന്റെ നിശ്ചയപ്രകാരം ഗോവ ആര്‍ച്ച് ബിഷപ് മെനേസിസ് മലയാളിക്കുമേല്‍ കെട്ടിവച്ചതാണ് ഈ ഏര്‍പ്പാട് (കുമ്പസാരം).
പാപമോചനത്തിനുള്ള എളുപ്പവഴിയായും സ്വര്‍ഗത്തിലേക്കുള്ള ചെലവുകുറഞ്ഞ പാസ്‌പോര്‍ട്ടായും വിശ്വാസികള്‍ അത് ഏറ്റുവാങ്ങി. സുറിയാനി സഭയ്ക്ക് കുമ്പസാരം എന്ന വൈകൃതത്തെ തള്ളിക്കളയാനുള്ള ധൈര്യമുണ്ടായില്ല.
(ശ്രദ്ധിക്കുക : ഉദയംപേരൂര്‍ സൂനഹദോസ് കണ്ടുപിടിച്ചതാണത്രെ ‘കുമ്പസാരം’! മറ്റൊന്ന് ഗോവ ആര്‍ച്ച് ബിഷപ് മലയാളിക്കുമേല്‍ കെട്ടിവച്ചതാണ് ഈ ‘ഏര്‍പ്പാട്’! അതു മാത്രമല്ല, കുമ്പസാരത്തെ കെ.സി വര്‍ഗീസ് ‘വൈകൃതം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ധാര്‍ഷ്ട്യത്തെ എങ്ങനെ വിശേഷിപ്പിക്കണം? സ്വന്തം സാംസ്‌കാരിക നിലവാരവും അജ്ഞതയും ലേഖകന്‍ പ്രകടിപ്പിച്ചതാകാമെന്ന് ആശ്വസിക്കുക.
3. മൂന്നാമത്തെ കണ്ടെത്തല്‍ :
ആദിമ സഭയില്‍ ഇങ്ങനെ ഒരു ‘ഏര്‍പ്പാട്’ (കുമ്പസാരം) ഉണ്ടായിരുന്നതായി ബൈബിളിലോ സഭാചരിത്ര ഗ്രന്ഥങ്ങളിലോ രേഖപ്പെടുത്തിയിട്ടില്ല. എഡി 1215 ലെ ലാറ്റിന്‍ കൗണ്‍സില്‍ (വിദ്വാന്‍ ഉദ്ദേശിച്ചത് ‘ലാറ്ററന്‍’ കൗണ്‍സിലായിരിക്കണം) ആണ്ടു കുമ്പസാരം നിര്‍ബന്ധമാക്കി…. അങ്ങനെയാണ് ഈ ‘ഏര്‍പ്പാട്’ സഭയില്‍ ഉണ്ടായത്!
(ശ്രദ്ധിക്കുക : ക്രിസ്തു സഭ സ്ഥാപിക്കുകയും അപ്പസ്‌തോല പ്രമുഖനായ വിശുദ്ധ പത്രോസിനെ അതിന്റെ തലവനായി പ്രഖ്യാപിക്കുകയും പാപമോചനാധികാരം നല്‍കുകയും ചെയ്യുന്ന സുപ്രധാന സന്ദര്‍ഭത്തില്‍ കുമ്പസാരമെന്ന കൂദാശയുടെ സംസ്ഥാപനം നടന്നുവെന്ന കത്തോലിക്കാസഭയുടെ പഠനം എത്ര ലാഘവത്തോടെയാണ് കെ.സി വര്‍ഗീസ് തമസ്‌ക്കരിക്കുന്നത്! ബൗദ്ധിക അഹന്തയുടെ പാരമ്യം!)
4. നാലാമത്തെ കണ്ടെത്തല്‍ :
ആഴ്ച തോറും, ആണ്ടുതോറും ഒരിക്കല്‍ ഉപേക്ഷിച്ച പാപം വീണ്ടും ചെയ്യാനുള്ള അനുമതിക്കായി കുമ്പസാരക്കൂടിനു മുന്നില്‍ മുട്ടുകുത്തുന്ന വിശ്വാസികള്‍ ‘പ്രബുദ്ധരായ വൈദികര്‍’ക്ക് ഉണ്ടാക്കുന്ന അലോസരം ചില്ലറയല്ല… പല രാജ്യങ്ങളും പള്ളികളില്‍ പട്ടക്കാര്‍ക്ക് (വൈദികര്‍ക്ക്) മുമ്പില്‍ നടത്തുന്ന രഹസ്യകുറ്റസമ്മതത്തെ നിയമംമൂലം നിരോധിച്ചിട്ടുണ്ട്… അത്തരം കുറ്റകൃത്യങ്ങളെക്കുറിച്ചു അറിവു ലഭിക്കുന്ന വ്യക്തികള്‍ കുറ്റാന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കാന്‍ നിയമാനുസൃതം ബാധ്യസ്ഥരാണ്.
(ശ്രദ്ധിക്കുക : കുമ്പസാരത്തെ ക്രിമിനല്‍ കുറ്റസമ്മതമായി വ്യാഖ്യാനിക്കുന്ന തലതിരിഞ്ഞ ചിന്തയാണിത്. മറ്റൊന്ന്, കുമ്പസാരത്തിന്റെ അലംഘനീയമായ രഹസ്യസ്വഭാവത്തെ ചോദ്യം ചെയ്യുകയാണിവിടെ. ഏറ്റവും ലജ്ജാവഹം, പാപം വീണ്ടും ചെയ്യാനുള്ള അനുമതിക്കുവേണ്ടിയാണത്രെ വീണ്ടും വീണ്ടും കുമ്പസാരിക്കുന്നത്! വിവരക്കേടിന്റെ തെരുവു ഭാഷ്യം).
5. മറ്റൊരു കണ്ടെത്തല്‍ :
കത്തോലിക്കാ, ഓര്‍ത്തഡോക്‌സ് സഭകളില്‍ സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധകളായാല്‍പോലും തലയില്‍ മുണ്ടിട്ട് പള്ളിയുടെ പിന്‍നിരയില്‍ നിന്നുകൊള്ളണമെന്നാണ് നിയമം. (മറ്റൊരു വിവരക്കേട്. ലേഖകന്‍ അദ്ദേഹത്തിന്റെ പള്ളിയില്‍ പോകാറുണ്ടോയെന്നറിയില്ല. പക്ഷേ, ഒരിക്കലെങ്കിലും ഒരു കത്തോലിക്കാ ദൈവാലയത്തില്‍ പോകുക. എന്നിട്ട് ഇത്തരം കാര്യങ്ങളെപ്പറ്റി എഴുതുക. കത്തോലിക്കാ പള്ളികളില്‍ സ്ത്രീകള്‍ എവിടെ നില്‍ക്കുന്നുവെന്ന് നേരിട്ടറിയുക. വെറുതെ വിഡ്ഢിത്തം പറഞ്ഞ് സ്വയം ഭൂലോക വിഡ്ഢിയാവരുത്.)
6. അടുത്ത കണ്ടെത്തല്‍ :
വൈദികരുടെ പലതരം ദാസ്യവൃത്തി ചെയ്യുന്നതും എന്തിന്, ളോഹ അലക്കിക്കൊടുക്കുന്നതുംവരെ മിക്ക സ്ഥലങ്ങളിലും കന്യാസ്ത്രീകളാണെന്നാണ് സിസ്റ്റര്‍ ജെസ്മിയെപ്പോലെയുള്ള, നിവൃത്തി കേടുകൊണ്ടു പുറത്തുചാടിയ മുന്‍ കന്യാസ്ത്രീകള്‍ പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.
ഇപ്പോള്‍ പിടികിട്ടി, ലേഖകന്റെ വിജ്ഞാന സ്രോതസ്സ്. 40 വര്‍ഷത്തോളം സന്യാസ ജീവിതം നയിച്ചതായി അവകാശപ്പെടുകയും സഭയില്‍ നിന്നു കിട്ടാവുന്നതൊക്കെ സ്വീകരിക്കുകയും ചെയ്ത ശേഷം ഒരു സുപ്രഭാതത്തില്‍ ബ്രഹ്മചര്യവും മറ്റും കപടമാണെന്ന ബോധോദയം ജനിച്ചു സ്വയം പുകഞ്ഞു പുറത്തുചാടിയ ഒരു സ്ത്രീ.
അവര്‍ എന്തുകൊണ്ട് 40 വര്‍ഷം വരെ കാത്തിരുന്നു സന്യാസ ജീവിതത്തെ തിരിച്ചറിയാനും ആ ജീവിതചര്യയെപ്പറ്റി പൂരപ്രബന്ധം എഴുതാനും എന്ന് തൃശൂരിലെ നാട്ടുകാര്‍ക്ക് അറിയാം. കെ.സി. വര്‍ഗീസ് തിരുവിതാംകൂറുകാരനായതുകൊണ്ടുമറ്റുമാകാം അറിയാത്തത്. അല്ലെങ്കില്‍ അറിഞ്ഞില്ലെന്നു നടിക്കുകയാണ്.
അവരുടെ മഞ്ഞപ്പുസ്തകത്തില്‍ ഉണ്ടല്ലോ ആ സാഹസിക ജീവിത ചരിത്രം! വായിച്ചു നോക്ക്!
ചീഞ്ഞ കണ്ണിലൂടെ നോക്കുമ്പോള്‍ മറ്റുള്ളതെല്ലാം ചീഞ്ഞതായേ തോന്നൂ എന്നത് ലോക നിയമം.
7. മറ്റൊരു ‘ചരിത്ര’ കണ്ടെത്തല്‍ :
കെ.സി വര്‍ഗീസ് പറയുന്നത് ശ്രദ്ധിക്കുക: സഭകള്‍ക്കുള്ളിലോ പൊതുസമൂഹത്തിനു മൊത്തത്തിലോ മാതൃകയോ നേതൃത്വമോ നല്‍കാന്‍ കെല്‍പ്പുള്ള പ്രതിഭകളായിരുന്നോ പോയ ഒരു 200 വര്‍ഷങ്ങള്‍ക്കുള്ളില്‍ (കേരളത്തിലെ) സെമിനാരികളില്‍ നിന്നു പുറത്തുവന്നതെന്ന് ഒരു കണക്കെടുപ്പു നടത്തിയാല്‍ നിരാശയായിരിക്കും ഫലം.
അതായത് കഴിഞ്ഞ 200 വര്‍ഷക്കാലത്ത് കേരളത്തിലെ ക്രൈസ്തവ സമൂഹത്തില്‍ പറയത്തക്ക വൈദിക, സന്യസ്ത പ്രതിഭകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് കെ.സി. വര്‍ഗീസിന്റെ കണ്ടെത്തല്‍. തീര്‍ത്തും ഇല്ലെന്നും ലേഖകന്‍ പറയുന്നില്ല; ഭാഗ്യം! ഫാ. വടക്കന്‍, എസ്. കാപ്പന്‍, ഫാ. വി.സി ശമുവേല്‍, പൗലോസ് മാര്‍ ഗ്രിഗോറിയോസ്, പൗലോസ് മാര്‍ പൗലോസ്, ക്രിസോസ്റ്റം തിരുമേനി, ഫാ. പോള്‍ തേലക്കാട്ട്, ഫാ. ഡോ. കെ.എം. ജോര്‍ജ്, സിസ്റ്റര്‍ മേരി ബനീഞ്ഞ തീര്‍ന്നു, കെ.സി വര്‍ഗീസിന്റെ ലിസ്റ്റില്‍ കേരളത്തിലെ ക്രൈസ്തവ സമൂഹം കഴിഞ്ഞ 200 വര്‍ഷത്തിനിടയില്‍ സമൂഹത്തിനു നല്‍കിയിട്ടുള്ള പ്രതിഭകളായ വൈദികര്‍.
ചരിത്രത്തിനു നേരെ മനഃപൂര്‍വ്വം കണ്ണടച്ച് ഒരു ഉളുപ്പുമില്ലാതെ ഇങ്ങനെ പറയുന്ന കെ.സി വര്‍ഗീസിന്റെ പാണ്ഡിത്യത്തെ പൂവിട്ടു പൂജിക്കണം.
നാട്ടു രാജ്യങ്ങളായിരുന്ന തിരുവിതാംകൂറിലും കൊച്ചിയിലും പതിനെട്ടാം നൂറ്റാണ്ടുമുതല്‍ സാമൂഹിക പരിവര്‍ത്തനത്തിനും അയിത്തോച്ചാടനത്തിനും അടിമത്ത നിരോധനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും പൗരാവകാശങ്ങള്‍ക്കും വേണ്ടി പോരാടി നാടുവാഴികളെക്കൊണ്ട് നടപടിയെടുപ്പിച്ച യുഗപ്രാഭവന്മാരായ നിരവധി ക്രൈസ്തവ പുരോഹിതര്‍ കെ.സി വര്‍ഗീസിന്റെ സങ്കുചിത ദൃഷ്ടിയില്‍ നിസ്സാരക്കാര്‍! നവോത്ഥാന കേരളത്തിന്റെ ഏതു ചരിത്ര വിദ്യാര്‍ഥിക്കും അവഗണിക്കാനാവാത്ത വസ്തുതകളാണിവ. ക്രൈസ്തവ വിരോധം കണ്ണില്‍ മാത്രമല്ല, മസ്തിഷ്‌ക്കത്തെയും ബാധിച്ചാല്‍ എന്തു ചെയ്യും!
തല്‍ക്കാലം അദ്ദേഹത്തോട് ഒരു നിര്‍ദ്ദേശമുണ്ട്: കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടയില്‍ മലയാളിയെ മനുഷ്യനാക്കിയ പ്രഗത്ഭരായ ക്രൈസ്തവ പുരോഹിതരുടെ എണ്ണം അറിയണമെങ്കില്‍ ജോണ്‍ കച്ചിറമറ്റം സമാഹരിച്ച ജീവിത രേഖകളുടെ രണ്ടു പുസ്തകങ്ങള്‍ വായിക്കുക. അതില്‍ കത്തോലിക്കാ സമൂഹം കഴിഞ്ഞ 200 വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിന്റെ ആധുനികതയിലേക്കുള്ള യാത്രയില്‍ വിളക്കുകൊളുത്തിയ ത്യാഗധനന്മാരായ മഹാപുരോഹിതരെപ്പറ്റി വായിക്കാം.
ചാവറയച്ചന്‍, നിധീരിക്കല്‍ മാണിക്കത്തനാര്‍, ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ്, ഫാ. ഗബ്രിയേല്‍, മാര്‍ ഈവാനിയോസ്, ബിഷപ് സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി, ബിഷപ് ജയിംസ് കാളാശേരി… ആ ലിസ്റ്റ് നീളുന്നതുകണ്ട് താങ്കള്‍ ബോധം കെട്ട് വീഴരുത്.
പൊട്ടക്കിണറ്റില്‍ കിടക്കുന്നവരുടെ ലോകം ചെറിയൊരു വട്ടമാണ്. വര്‍ഗീയതയുടെ, സങ്കുചിതത്വത്തിന്റെ, കപട പാണ്ഡിത്യത്തിന്റെ കണ്ണടമാറ്റി പൊട്ടക്കിണറുകളില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ കാണാം ക്രൈസ്തവ സമൂഹം വിദ്യാഭ്യാസ, ആതുര ശുശ്രൂഷ, ജീവകാരുണ്യ, മാധ്യമ രംഗങ്ങളില്‍ ഈ നാടിനു ചെയ്തിട്ടുള്ള യുഗപരിവര്‍ത്തന സംഭാവനകള്‍.
‘മലയാളം’ വാരിക ഇനിയെങ്കിലും ഇത്തരം ബോധപൂര്‍വമുള്ള ‘സാംസ്‌ക്കാരിക’ ചെളിവാരിയെറിയല്‍ നടത്തരുത്; വിവരമുള്ള മലയാളികള്‍ ചിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>