• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

തളരില്ല, തകരില്ല നാം; കര്‍മപഥത്തില്‍ മുന്നേറുക!

By on August 1, 2018
Editorial

 

‘നായ്ക്കള്‍ കുരയ്ക്കട്ടെ; സാര്‍ഥവാഹക സംഘങ്ങള്‍ മുന്നോട്ടു പോകുന്നു’. പ്രശസ്തമായ ഒരു അറബി പഴഞ്ചൊല്ലാണിത്. അറേബ്യന്‍ മരുഭൂമിയിലൂടെ കൂട്ടമായി നീങ്ങുന്ന തീര്‍ത്ഥാടകരുടെയും വ്യാപാരികളുടെയും ഒട്ടകക്കൂട്ടങ്ങളുണ്ട്. അവര്‍ അങ്ങനെ ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍, വിദൂരഗ്രാമങ്ങളിലെ നായ്ക്കള്‍ ഓരിയിടും; കുരയ്ക്കും. പക്ഷേ, ലക്ഷ്യം മനസ്സിലുറപ്പിച്ചു നീങ്ങുന്ന ഒട്ടകസംഘങ്ങള്‍ (കാരവന്‍സ്) നായ്ക്കുര കേട്ട് യാത്ര നിര്‍ത്തി വയ്ക്കാറില്ല; അവരങ്ങനെ നീങ്ങിക്കൊണ്ടിരിക്കും.
ഈ വാങ്മയ ചിത്രമെടുത്താണ് അറബി പഴമൊഴി രൂപം കൊണ്ടത്. പ്രതിബന്ധങ്ങളും വെല്ലുവിളികളും ഉയരുമ്പോഴും വിശ്വാസത്തിന്റെ ദീപശിഖയുമേന്തി, ചുറ്റുപാടുകളില്‍ വെളിച്ചം പ്രസരിപ്പിച്ചു മുന്നേറുന്ന ക്രൈസ്തവ സമൂഹത്തോട് ഈ അറബി പഴമൊഴിക്ക് ഏറെ പറയാനുണ്ട്.
സമീപകാലത്ത് മാതൃഭൂമി പത്രവും അതിന്റെ ചാനലും ഏഷ്യാനെറ്റ്, മനോരമ, റിപ്പോര്‍ട്ടര്‍ ചാനലുകളും ക്രൈസ്തവ സമൂഹത്തെ ഒന്നടങ്കം കരിവാരിത്തേയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത് കേരളം കണ്ടു. ചില വ്യക്തികളെപ്പറ്റി ഉയര്‍ന്ന ആരോപണങ്ങള്‍ – ഇനിയും തെളിയിക്കപ്പെടാനുള്ള ആരോപണങ്ങള്‍ – അവയുടെ അടിസ്ഥാനത്തിലാണ് ഇവരൊക്കെ ക്രൈസ്തവരെ, പ്രത്യേകിച്ചു കത്തോലിക്കാ വിശ്വാസികളെ വിചാരണ ചെയ്തതും അവഹേളിച്ചതും സമൂഹത്തെ മുഴുവന്‍ പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്താന്‍ ശ്രമിച്ചതും.
ആരോപണങ്ങള്‍ ഉയരുമ്പോള്‍ തന്നെ കുറ്റാരോപിതരെ കുറ്റവാളികളും പ്രതികളും ആക്കി വിചാരണ ചെയ്യുന്ന ഇവരുടെ ഫാസിസ്റ്റ് മാധ്യമ ശൈലി പ്രബുദ്ധരായ കേരളീയ സമൂഹം ഒരുകാലത്തും അംഗീകരിച്ചിട്ടില്ല. ഇങ്ങനെയുള്ള സമാന്തര കോടതികളും ജഡ്ജിമാരുമാകാന്‍ ഇവര്‍ക്കെന്ത് അധികാരം? മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ വ്യക്തികളെയും സമൂഹങ്ങളെയും തേജോവധം ചെയ്യാനും കരിവാരിത്തേയ്ക്കാനും അവരുടെ അവകാശങ്ങളെ പിച്ചിച്ചീന്താനും അവര്‍ക്ക് ആര് അധികാരം കൊടുത്തു?
വമ്പന്‍ വ്യവസായ താല്‍പര്യങ്ങളും കോര്‍പറേറ്റ് പിന്തുണയും വര്‍ഗീയ അജണ്ടയും മറച്ചുവച്ച് സമൂഹത്തിന്റെ ധാര്‍മിക, നൈതിക മൂല്യങ്ങളുടെ കാവലാളുകളായി നടിക്കുന്ന ഇവരുടെ തനിനിറം കേരളം കണ്ടിട്ടുള്ളതാണ്. സ്വന്തം സ്ഥാപനത്തില്‍ സ്ത്രീപീഡനം നടത്തിയവരെ സംരക്ഷിച്ചവരും ഭൂമി ഇടപാട് നടത്തി കുടുങ്ങിയവരും ആദായനികുതി വെട്ടിപ്പ് നടത്തി അറസ്റ്റിലായവരും കൃഷിഭൂമി നികത്തി കെട്ടിടം പണിതവരും ഉള്‍പ്പെട്ട മാന്യന്മാരാണ് സമൂഹത്തിന്റെ നീതിയുടെ കാവല്‍മാലാഖമാരായി അവതരിക്കുന്നത്!
കോടതികള്‍പോലും ഇക്കൂട്ടരുടെ കടിഞ്ഞാണില്ലാത്ത മാധ്യമ പ്രവര്‍ത്തനമെന്ന ഗുണ്ടായിസത്തെ എതിര്‍ത്തിട്ടുണ്ട്. വിചാരണയിലിരിക്കുന്ന കേസുകളെ സ്വാധീനിക്കാന്‍ വേണ്ടി, പൊലിസ് സംവിധാനത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍വേണ്ടി ഇവര്‍ നടത്തുന്ന ചര്‍ച്ചകളും സൃഷ്ടിച്ചു വിടുന്ന ‘വെളിപ്പെടുത്തലുകളും’ കോടതികള്‍ ചാട്ടവാറടി കൊടുത്ത് നിയന്ത്രിച്ചിട്ടും, പഠിച്ച ശീലം തുടരുകയാണിപ്പോഴും. ഈ വിഭാഗം മാധ്യമത്തൊഴിലാളികളെ ഇപ്പോള്‍ കോടതികള്‍ പടിക്കുപുറത്ത് നിര്‍ത്തിയിരിക്കുകയാണ്; ഹൈക്കോടതിയില്‍ പ്രവേശനം ഇല്ലെന്നുമാത്രമല്ല, അവിടെയുള്ള മീഡിയ റൂം അടച്ചു പൂട്ടി ഇവരെ പുറത്താക്കുകയും ചെയ്തു.
മാതൃഭൂമിയുള്‍പ്പെടെയുള്ള മഞ്ഞ മാധ്യമങ്ങളുടെ ‘ഹിഡന്‍ അജന്‍ഡ’ ക്രൈസ്തവ സമൂഹം തിരിച്ചറിയുന്നുണ്ട്. ക്രൈസ്തവരെ തകര്‍ക്കുക. ക്രൈസ്തവ സഭാ വിഭാഗങ്ങളെ ഭിന്നിപ്പിക്കുക. വൈദികരേയും വിശ്വാസികളേയും തമ്മില്‍ തല്ലിക്കുക. ക്രൈസ്തവ പൗരോഹിത്യം, സമര്‍പ്പിത ജീവിതം, ക്രൈസ്തവ വിശ്വാസമൂല്യങ്ങള്‍ എന്നിവയെ അധിക്ഷേപിച്ചു അതൊക്കെ കെട്ടുകഥകളാണെന്ന് പ്രചരിപ്പിക്കുക. അങ്ങനെ വിശ്വാസം തകര്‍ത്ത്, കൂട്ടായ്മ തകര്‍ത്ത്, ക്രൈസ്തവ സമൂഹത്തെ നിര്‍വീര്യരാക്കുക. അവരുടെ വിദ്യാഭ്യാസ, ആതുരശുശ്രൂഷ, ജീവകാരുണ്യ സ്ഥാപനങ്ങളെ ഇല്ലാതാക്കി വമ്പന്‍ വ്യവസായികള്‍ക്ക് കേരളം തീറെഴുതികൊടുക്കുക. ഈ ‘ഗ്രാന്റ് അജന്‍ഡ’ ഇവരുടെ മാധ്യമ സേവനത്തിനു പിന്നിലുണ്ടെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടാ.
കുറ്റം ചെയ്തവരെ സംരക്ഷിക്കില്ലെന്നും നിയമനടപടികളില്‍ ഇടപെടില്ലെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും സഭാ നേതൃത്വം ആയിരം തവണ പറഞ്ഞിട്ടും അതൊക്കെ തമസ്‌ക്കരിച്ച് ‘സഭ കേസില്‍ ഇടപെടുന്നു’ എന്ന കഴുതക്കരച്ചില്‍ നടത്തുന്ന മഞ്ഞ മാധ്യമങ്ങളെ എന്തിനോടാണ് ഉപമിക്കുക!
ഒരു കാര്യം ഞങ്ങള്‍ വ്യക്തമാക്കട്ടെ : രണ്ടായിരം വര്‍ഷങ്ങളായി ക്രൈസ്തവ സമൂഹം നേരിട്ടിട്ടുള്ള രാഷ്ട്രീയ, വംശീയ, വര്‍ഗീയ പീഡനങ്ങളില്‍ തളരുകയോ തകരുകയോ ചെയ്യാതെയാണ് ക്രൈസ്തവ സഭ ഇവിടെവരെയെത്തിയത്. നിങ്ങള്‍ക്ക് ആര്‍ക്കും സങ്കല്‍പ്പിക്കാനാവാത്ത വിധത്തിലുള്ള വിശ്വാസത്തിന്റെ ആന്തരിക കരുത്താണ് ഞങ്ങളുടെ ജീവിതങ്ങള്‍ക്ക് വഴികാട്ടി. അതാണ് ക്രിസ്തുവിന്റെ സഭയില്‍, പ്രത്യേകിച്ച് കത്തോലിക്കാ സഭയില്‍, മെത്രാന്മാരും വൈദികരും സന്യസ്തരും വിശ്വാസി ലക്ഷങ്ങളും തമ്മിലുള്ള ആത്മീയ ബന്ധത്തിന്റെ രസതന്ത്രം. ദൈവികവും മാനവികവുമായ മാനങ്ങളുള്ള സഭയില്‍ മനുഷ്യാവസ്ഥയുടെ സകല പരിമിതികളും പിഴവുകളും ഉണ്ടാകുമെന്നും അവയൊക്കെ ആത്മീയശക്തികൊണ്ട് പരിഹരിച്ചു മുന്നോട്ട് പോകുമെന്നും നൂറ്റാണ്ടുകളുടെ പൈതൃകവും പാരമ്പര്യവും പൂര്‍വ പിതാമഹന്മാരുടെ അനുഭവങ്ങളും ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.
കേരളത്തില്‍ കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളായി സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ ക്രൈസ്തവ സമൂഹം നിര്‍വഹിച്ചിട്ടുള്ള നിസ്തുലമായ സേവനങ്ങള്‍, മാതൃഭൂമിക്കോ ഏഷ്യാനെറ്റിനോ അവരെപ്പോലെയുള്ളവര്‍ക്കോ മനസ്സിലാവില്ല; വര്‍ഗീയാന്ധതയുടെ മഞ്ഞക്കണ്ണട ധരിച്ചിരിക്കുമ്പോള്‍ പ്രത്യേകിച്ചും.
അതുകൊണ്ട് നിങ്ങളുടെ ആക്രമണം തുടരുക; അപ്പോഴൊക്കെ ഞങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയേയുള്ളൂ; ഞങ്ങളുടെ കെട്ടുറപ്പ് കൂടുതല്‍ ദൃഢപ്പെടുകയേയുള്ളൂ; വിശ്വാസം കൂടുതല്‍ ജ്വലിക്കുകയേയുള്ളൂ.
നന്മയുടെയും കാരുണ്യത്തിന്റെയും തീര്‍ത്ഥാടനം ഉറച്ച ചുവടുവയ്പ്പുകളോടെ ക്രൈ സ്തവസമൂഹം തുടരുക തന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>