വാര്‍ത്തയിലെ വ്യക്തി

By on October 4, 2018
father

വെടിയുണ്ടയ്ക്ക്

മുന്നില്‍ പുഞ്ചിരിയോടെ

1993 സെപ്റ്റംബര്‍ 15 ഇറ്റലിയുടെ ഭാഗമായ സിസിലിയെന്ന കൊച്ചുദ്വീപ്. ചെറുനഗരമായ ബ്രങ്കാസിയോയിലെ തന്റെ താമസ സ്ഥലത്തു നില്‍ക്കുകയായിരുന്നു കത്തോലിക്കാ വൈദികനായ ഫാ. ജീസപ്പെ പുഗലിസി. അന്ന് അദ്ദേഹത്തിന്റെ 56-ാം ജന്മദിനം. പെട്ടെന്ന് ഒരു വാഹനം വന്നു നിന്നു. അതില്‍ നിന്നിറങ്ങിവന്ന ഒരാള്‍ അദ്ദേഹത്തിന്റെ നേരെ നിറയൊഴിച്ചു. അതിനു തൊട്ടു മുമ്പ് പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം ഘാതകരോട് പറഞ്ഞു. ‘ഞാന്‍ നിങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. വെടിയേറ്റ് വീണപ്പോഴും അദ്ദേഹത്തിന്റെ ചുണ്ടില്‍ പ്രാര്‍ഥനയായിരുന്നു. ‘ജീസ്സസ്, ജീസ്സസ്.
സിസിലിയില്‍ പ്രബലമായിക്കൊണ്ടിരുന്ന ലഹരി മരുന്നു സംഘങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത ധീരനായ വൈദികനാണ് ഫാ. ജീസപ്പെ. യുവാക്കള്‍ ലഹരിമരുന്നിന്റെ നീരാളിപ്പിടുത്തത്തിലേക്ക് അമരുന്നതിനെതിരെ അദ്ദേഹം നിരന്തരം മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു. ഇതാണ് അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാന്‍ ലഹരി മരുന്ന് മാഫിയയെ പ്രേരിപ്പിച്ചത്.
ഫാ. ജീസപ്പെയെ വധിച്ച ലഹരിസംഘത്തിന് ചില കത്തോലിക്കാ നേതാക്കളുമായി ബന്ധമുണ്ടായിരുന്നുവെന്നതാണ് മറ്റൊരു ദുഃഖകരമായ സത്യം. ‘മാഫിയോസി’ എന്നറിയപ്പെടുന്ന ഇത്തരം ലഹരിക്കടത്തു സംഘങ്ങള്‍ ഇറ്റലിയിലേയും സിസിലിയിലേയും പല കത്തോലിക്കാ ഇടവകകളിലും സജീവമാണ്. ഈ സംഘങ്ങളെ തീറ്റിപ്പോറ്റുന്നതും പല ‘നല്ല’ ക്രൈസ്തവരാണത്രെ. ലഹരികടത്തുകാരില്‍ പലരും പല ഇടവകകള്‍ക്കും ധനസഹായം നല്‍കുന്നവരാണെന്നും പറയപ്പെടുന്നു. പകല്‍മാന്യന്മാരായ ലഹരി രാജാക്കളുടെ ഇരട്ട മുഖം.
സെപ്റ്റംബര്‍ 15 ന് സിസിലിയില്‍ ഫാ. ജീസപ്പെ വധിക്കപ്പെട്ട സ്ഥലത്തിനടുത്തുള്ള പലേര്‍മോയില്‍ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനത്തിനെത്തിയപ്പോള്‍, കത്തോലിക്കാ വിശ്വാസികള്‍ ലഹരി സംഘങ്ങളുമായി നിലനിര്‍ത്തുന്ന അവിശുദ്ധ കൂട്ടുകെട്ടിനെ വിമര്‍ശിച്ചു. പലേര്‍മോയില്‍ ഫാ. ജീസപ്പെ വെടിയേറ്റു മരിച്ച സ്ഥലത്ത് പാപ്പ ദിവ്യബലിയര്‍പ്പിച്ചു, ആയിരങ്ങള്‍ പങ്കെടുത്തു.
പലേര്‍മോ പട്ടണത്തിനടുത്തുള്ള ബ്രങ്കാസിയോ കത്തോലിക്കാ പള്ളിയുടെ വികാരിയായിരുന്ന ഫാ. ജീസപ്പെ 1937 സെപ്റ്റംബര്‍ 15 നാണ് ജനിച്ചത്. ബനഡിക്റ്റ് 16-ാമന്‍ പാപ്പ അദ്ദേഹത്തെ 2013 മെയ് 25 ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ 21 നാണ് സാര്‍വത്രികസഭയില്‍ അദ്ദേഹത്തിന്റെ തിരുനാള്‍.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>