അലെക്‌സി, കുഞ്ഞേ, നിന്നെയും അവര്‍ വെറുതെ വിട്ടില്ലല്ലോ…!

By on October 4, 2018
nicholas

 

റഷ്യയില്‍ 1917 ല്‍ ലെനിന്റെ നേതൃത്വത്തില്‍ നടന്ന ഒക്‌ടോബര്‍ വിപ്ലവത്തിന്റെ ചരിത്രത്തിലെ ക്രൂരതയുടെ ഒരു നൊമ്പരക്കഥ…

ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി ലോകത്ത് വിവിധ രാജ്യങ്ങളില്‍ നിരവധി വിപ്ലവങ്ങള്‍ അങ്ങേറിയിട്ടുണ്ട്. എന്നാല്‍ അവയിലൊക്കെ നീതി നിഷേധിക്കപ്പെട്ട്, പൗരാവകാശങ്ങള്‍ ഹിംസിക്കപ്പെട്ട് മരിച്ചു വീണു വിസ്മൃതിയിലായ നിരപരാധികളും ഏറെ. ചരിത്രത്തിലെ വലിയ വിരോധാഭാസങ്ങളിലൊന്നാണിത്. ഒക്‌ടോബര്‍ വിപ്ലവമെന്നും ബോള്‍ഷെവിക് വിപ്ലവമെന്നും അറിയപ്പെടുന്ന റഷ്യന്‍ വിപ്ലവും ഇതിന് അപവാദമല്ല.
അത്തരമൊരു വിരോധാഭാസത്തിന്റെ രക്തക്കറ പടര്‍ന്നതാണ് റഷ്യയിലെ അവസാനത്തെ സാര്‍ ചക്രവര്‍ത്തിയായിരുന്ന നിക്കോളാസ് രണ്ടാമന്റെ കൂടുംബ ചിത്രം. സ്ഥാനചിഹ്നങ്ങളണിഞ്ഞ് നടുവില്‍ ചക്രവര്‍ത്തി, തൊട്ടുപിന്നില്‍ ചക്രവര്‍ത്തിനി അലക്‌സാന്ദ്ര, ചുറ്റിലും തൂവെള്ള വസ്ത്രങ്ങളണിഞ്ഞ് നാല് പെണ്‍മക്കള്‍. കുഞ്ഞേച്ചിയെ ചുറ്റിപ്പിടിച്ച് അവളുടെ ഇടതു കരവലയത്തിലൊതുങ്ങി എട്ടുവയസ്സുകാരനായ രാജകുമാരന്‍ അലെക്‌സി.
ജൂലൈ 16, 1918. തണുത്തുറഞ്ഞ രാത്രി. റഷ്യന്‍ വിപ്ലവം പൊട്ടിപ്പുറപ്പെട്ട 1917 മാര്‍ച്ചില്‍ സ്ഥാനത്യാഗം ചെയ്ത ചക്രവര്‍ത്തിയും കുടുംബവും നാടുകടത്തപ്പെട്ട് കൊടും മഞ്ഞ് പുതച്ച സൈബീരിയയിലെ യെക്കാടെറിന്‍ബര്‍ഗിലെ ഒരു വീട്ടില്‍ തടങ്കലിലാണപ്പോള്‍.
ലെനിന്റെ നേതൃത്വത്തിലുള്ള തീവ്ര സോഷ്യലിസ്റ്റുകളായ ബോള്‍ഷെവിക്കുകളാണ് റഷ്യയുടെ ഭരണത്തില്‍. കമ്യൂണിസ്റ്റ് ഉരുക്കുമുഷ്ടിയുടെ ആദ്യദിനങ്ങള്‍. എന്നാല്‍ 1918 ജൂണില്‍ ബോള്‍ഷെവിക്കുകള്‍ക്കെതിരെ അപ്രതീക്ഷിതമായി ആഭ്യന്തര വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. കമ്യൂണിസ്റ്റ് തീവ്രവാദത്തിന് എതിരെ നിന്നവരാണ് വിപ്ലവം നയിച്ചത്. ചക്രവര്‍ത്തിയെയും കുടുംബത്തെയും തടവിലാക്കിയിരുന്ന യെക്കാടെറിന്‍ബര്‍ഗിലേക്ക് വിമത സൈനികര്‍ നീങ്ങി. ചക്രവര്‍ത്തിയെ മോചിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് വ്യക്തമായതോടെ, ലെനിന്റെ നേതൃത്വത്തിലുള്ള വിപ്ലവ ഭരണകൂടം ആ കുടുബത്തെ നിര്‍ദ്ദയം വധിക്കുകയായിരുന്നു.
1918 ജൂലൈ 16. ചക്രവര്‍ത്തിയെയും കുടുംബത്തെയും കുടുംബ ചിത്രമെടുക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് നിരത്തി നിര്‍ത്തി അന്നു പുലര്‍ച്ചെ തോക്കിനിരയാക്കി. ഇവരോടൊപ്പം നാല് പരിചാരകരും വധിക്കപ്പെട്ടു. രക്തം കട്ടപിടിക്കാത്ത അവസ്ഥയുള്ള ‘ഹീമോഫീലിയ’ രോഗബാധിതനായ രാജകുമാരന്‍ അലെക്‌സിയേയും വിപ്ലവ സേന വെറുതെ വിട്ടില്ല. നിഷ്‌കളങ്ക ബാല്യത്തിലും അങ്ങനെ രക്തം പടര്‍ന്നു.
പരാജയം സമ്മതിച്ചു ഭരണത്തില്‍ നിന്നു സ്വയം ഒഴിവായി വിദൂര ദിക്കില്‍ കഴിഞ്ഞിട്ടും ബോള്‍ഷെവിക് ക്രൂരതയുടെ രക്തസാക്ഷികളാവുകയായിരുന്നു നിസ്സഹായരായ ആ മനുഷ്യ ജീവികള്‍.
റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍പ്പെട്ട നിക്കോളാസിന്റെയും കുടുംബത്തിന്റെയും കൂട്ടക്കുരുതി, ആ സഭയില്‍ രക്തസാക്ഷിത്വമായാണ് ഇപ്പോള്‍ ആചരിക്കുന്നത്. കൂട്ടക്കുരുതിയുടെ നൂറാം വാര്‍ഷികമായിരുന്നു 2018 ജൂലൈ 16. റഷ്യന്‍ ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കിസ് കിറിലിന്റെ നേതൃത്വത്തില്‍ റഷ്യയിലെ വിവിധ ദൈവാലയങ്ങളില്‍ അന്നു പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടന്നു; കൂട്ടക്കുരുതി നടന്ന സ്ഥലത്ത് പണിത ‘രക്തത്തിന്റെ പള്ളി’യിലുള്‍പ്പെടെ.
- ജെ.ടി.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>