സന്യാസജീവിതം തെരുവില്‍ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കുള്ള ട്രേഡ് യൂണിയന്‍ സംഘടന അല്ല; ഇഷ്ടമില്ലെങ്കില്‍ ഇറങ്ങിപ്പോകണം.

By on October 4, 2018
letter

സിസ്റ്റര്‍ അനുപമയും സുഹൃത്തുക്കളും ചേര്‍ന്ന് രണ്ടാഴ്ച എറണാകുളത്ത് നടത്തിയ തെരുവു സമരം ശ്രദ്ധിച്ചുകൊണ്ടിരുന്ന വ്യക്തിയാണ് ഞാന്‍. കത്തോലിക്കാ സഭയേയും മാര്‍പ്പാപ്പയേയും മെത്രാന്മാരെയും വൈദികരേയും പൗരോഹിത്യത്തെയും ചാരിത്ര്യത്തെയും പറ്റി നിങ്ങളെ മരപ്പാവകളാക്കി ആ പന്തലില്‍ നൂറു കണക്കിന് അസഭ്യ പ്രസംഗങ്ങള്‍ നടന്നതും ശ്രദ്ധിച്ചു. ബിഷപ് ഫ്രാങ്കോ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം എന്നു തന്നെ ആവശ്യപ്പെടുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ അദ്ദേഹത്തെ പൊലിസ് അന്വേഷണം പോലും വേണ്ടാതെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്ന സര്‍വ വിഭാഗം സഭാ വിരോധികളുടെയും കെണിയിലായിരുന്നു നിങ്ങള്‍. സഭയെപ്പറ്റി നടത്തിയ അസഭ്യവര്‍ഷങ്ങള്‍ കേട്ടിട്ടും നിങ്ങളുടെ തൊലിയുരിഞ്ഞുപോയില്ലേ, സിസ്റ്റര്‍? എവിടെപ്പോയി നിങ്ങളുടെ സന്യാസ വ്രതങ്ങളൊക്കെ? ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം? താങ്കള്‍ കരഞ്ഞുകൊണ്ട് സിനിമാ സ്റ്റൈലില്‍ നന്ദി പറയുന്നതും കണ്ടു: ലോകത്തുള്ള എല്ലാ കന്യാസ്ത്രീകള്‍ക്കും വേണ്ടിയാണ് ഞങ്ങള്‍ സമരം ചെയ്തത്! ഇനി ഇങ്ങനെ ഒരു സ്ത്രീക്കും സംഭവിക്കരുത്. അതു കേട്ടപ്പോള്‍ തോന്നി : സിസ്റ്ററേ, ലോകത്തില്‍ രണ്ടു ലക്ഷത്തിലേറെ കന്യാസ്ത്രീകളുണ്ട്. കേരളത്തില്‍ മാത്രം 35,000 ത്തിലേറെ. ഇവരില്‍ ചെറിയ ഒരു ന്യൂനപക്ഷം അസംതൃപ്തരായി കഴിയുന്നുണ്ടാവും. ബഹുഭൂരിപക്ഷവും യഥാര്‍ഥ സമര്‍പ്പിത ജീവിതം നയിക്കുന്നവരാണ്. വ്രതലംഘനങ്ങള്‍ നടത്തി ഒടുവില്‍ ഉടുപ്പൂരിപ്പോന്ന് സഭയെ തെറിപറയുന്ന ജെസ്മിയെന്ന സ്ത്രീയെപ്പോലെയുള്ളവരല്ല ഇവരൊക്കെ. അവരല്ല, സമര്‍പ്പിതരുടെ റോള്‍ മോഡലുകള്‍.

പിന്നെ, എന്തിനാണ് സിസ്റ്ററേ നിങ്ങള്‍ ഇത്ര വിമ്മിഷ്ടപ്പെട്ട്, തിങ്ങിവിങ്ങി കടിച്ചുപിടിച്ച് സന്യാസത്തില്‍ കഴിയുന്നത്? എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ളതല്ല അത്. ദൈവത്തിന്റെ അനുഗ്രഹം വേണം. പറ്റില്ലെങ്കില്‍ ഇറങ്ങിപ്പോകണം. സഭയ്ക്കും വിശ്വാസി സമൂഹത്തിനും അങ്ങനെയുള്ളവര്‍ ബാധ്യതയാണ്. അങ്ങനെയുള്ളവരെ ഞങ്ങള്‍ക്കു വേണ്ട. സന്യാസ ജീവിതം തെരുവില്‍ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കുള്ള ട്രേഡ്‌യൂണിയന്‍ സംഘടനയല്ല, മനസ്സിലാക്കുക, ബുദ്ധിയുള്ള വിശ്വാസികള്‍ ഇവിടെയുണ്ട്.
- അലോഷ്യസ് ഡി.
തൃശൂര്‍

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>